Monday, September 29, 2014

ആലിബാബ‌

azeez ks
വമ്പന്‍ ലാഭവിഹിതം കിട്ടുന്ന നിധിയുടെ രഹസ്യമൊഴിയാണോ ആലിബാബ. അറബിക്കഥയിലെ ആലിബാബ. അതെ.


വെള്ളിയാഴ്ച ഈ ഐപിഒ യുടെ ലോഞ്ചിങ് ആയിരുന്നു ന്യുയോക് സ്റ്റോക് എക്സ്ചേഞ്ചില്‍. ഉന്തും തള്ളിനുമിടയില്‍ പാന്‍റ്സ് ഊരിപ്പോയ ഇന്ത്യക്കാ൪ വരെയുണ്ട്. 1500 ഓളം ഇന്ത്യക്കാ൪ക്ക്  ഇനിഷ്യല്‍ ഓഫറിംഗ് കിട്ടിയില്ലത്രേ. 68 ഡോളറിനാണ് കൊടുത്തത്. അത് നോക്കിയിരിക്കെ 92 ആയി.

ആലിബാബയെ നിങ്ങള്‍ക്കറിയാമല്ലോ ചൈനയുടെ ഇ കൊമേസ് രാക്ഷസ പോ൪ട്ടല്‍. ഇട്ട അണ്ട൪വിയ൪ മുതല്‍ സീലുപൊട്ടാത്ത പുതുപുത്തന്‍ ബെന്‍സ് കാ൪ വരെ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇ വ്യാപാര പോ൪ട്ടല്‍. ആവശ്യമുള്ളത് ഇമെയില്‍ ചെയ്യൂ. ഓണ്‍ലൈനായി പൈസ അയക്കൂ. ചരക്ക് വീട്ടില്‍ റെഡി.

എന്‍റെ ഒരു റൂം മേറ്റിന് ഒരു പന്ന സൈക്കില്‍ എവിടുന്നോ 50 ഡോളറിന് കിട്ടി. അതിന്‍റെ ബെല്ല്പിടിപ്പിക്കുവാന്‍ കഴിയുന്നില്ല. ഒരു നട്ട് വേണം. ആ സൈക്കിളിന്‍റെ അത്തരം നട്ട് അദ്ദേഹം കാല്‍ഗറിയില്‍ ചോദിച്ചു. അന്യായ വില. അദ്ദേഹം ഇ-വ്യാപരം വഴി ചൈനയിലേക്ക് ഓ൪ഡ൪ കൊടുത്തു. അതേ സാധനം പത്തിലൊന്ന് വിലയ്ക്ക് വീട്ടിലെത്തി. എന്തൊരല്ഭുതം.ലോകത്തിലെവിടേയും ആ൪ക്കും എന്തും വാങ്ങാം.

25000 മില്യന്‍ ഡോളറാണ് ഈ ഐപിഒ ശേഖരിച്ചത്. വമ്പന്‍ ആസ്തിയാണ് ആലിബാബയുടേത്.  231000 മില്യന്‍ ഡോള൪.
ഇതിന്‍റെ മുതലാളി ജാക് മാ പറയുന്നത് വാള്മാ൪ട്ടിനേക്കാല്‍ വലുതാക്കുമെന്നാണ്.  ആമസോണിന് പോലും 153 ബില്യനില്‍ കൂടുതല്‍ വളരുവാന്‍ കഴിഞ്ഞിട്ടില്ല.


ഒരു പത്തുകൊല്ലം മുമ്പാണ് ഇത് വന്നിരുന്നതെങ്കില്‍ ഒരു പത്ത് ഷെയ൪ ഞാന്‍ വാങ്ങിയേനെ. വെറുതെ വാങ്ങിയിട്ടാല്‍ ലാഭവിഹിതം കിട്ടും. മുതലിരട്ടിയിരട്ടിയിരട്ടിയാകും. ഹാ എന്തു സുഖം. ആ കാശിന് മോള്‍ക്ക് ഒരു പുതിയാപ്ലയെ വിലക്കുവാങ്ങാമായിരുന്നു.

സമയം വൈകിപ്പോയി ദാസാ.

Thursday, September 25, 2014

തൃശ്ശൂ൪ കാഴ്ചകള്‍

azeez ks
ഇന്നലെ തൃശ്ശൂരായിരുന്നു.ഇപ്പോഴും ആളെ വിളിച്ചുകയറ്റുന്ന ഒരു ബസ് സ്റ്റാന്‍റാണ് തൃശ്ശൂ൪ ശക്തന്‍.വഴിയിലിറക്കിവിടുന്ന, കയ്യുംകലാശവും കാണിച്ചാല്‍ പോലും ബസ്സ് നി൪ത്താത്ത എറണാകുളത്തുകാരെക്കണ്ട് ശീലിച്ച എനിക്ക് ശക്തന്‍ ഒരു നല്ല കാഴ്ചയാണ്.

ഓരോരോ സ്ഥലത്തേക്ക് പോകുവാനുള്ള യാത്രക്കാരെ അവ൪ വിളിച്ചുകയറ്റുകയാണ്. ഒച്ചയും അനക്കവും ബഹളവും. സന്ധ്യയ്ക്ക് കാക്ക ചേക്കേറുമ്പോള്‍ കൂട്ടുന്ന കലപില പോലെ.
...
ഗോന്ദാരാം ഗോന്ദാരാം ഒരു പയ്യന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. 30 കൊല്ലത്തെ പരിചയമുണ്ട് എനിക്ക് തൃശ്ശൂരുമായി. എത്ര കാതുകൂ൪പ്പിച്ചിരുന്നിട്ടും ഇവ൪ വിളിച്ചുപറയുന്ന സ്ഥലപ്പേര് എനിക്ക് മനസ്സിലാകുന്നില്ല. ബസ്സ് കടന്നുപോയപ്പോള്‍ ഞാന്‍ ബോ൪ഡ് നോക്കി ഗോവിന്ദാപുരം എന്ന സ്ഥലമാണ് ഗോന്ദാരാം ഗോന്ദാരമായത്.

ഇടക്കിടെ ബസ്സ് "മൂപ്പിച്ച്" നി൪ത്തും. ബസ്സ് പുറപ്പെടുകയാണ് എന്ന മുന്നറിയിപ്പ്. എല്ലാ യാത്രക്കാരും ഓടിക്കയറും. പുറപ്പെട്ടുകഴിഞ്ഞു. അപ്പോ കാണാം മുമ്പിലേക്ക് കുറെ ഓടിച്ച് ബസ് ബാക്കടിച്ച് വീണ്ടും അവിടെ കൊണ്ടുവന്നു നി൪ത്തും. ഗോന്ദാരാം ഗോന്ദാരം വിളി തുട൪ന്നുകൊണ്ടിരിക്കും. മാക്സിമം ആളെക്കയറ്റിയിട്ടേ ബസ്സ് പോകൂ.

ചായക്കടയില്‍ വരെ ആളെ വിളിച്ചുകയറ്റുന്നു. 15 രൂപയ്ക്ക് നല്ല ഒരു ചായയും കടിയും. സുഖം സുഖം. നല്ല സ്ഥലമാണ് തൃശ്ശൂ൪. ഈ ബസ് സ്റ്റാന്‍റില്‍ അല്‍പം നേരമിരുന്നാല്‍ നല്ല ഒരു എന൪ജി കിട്ടും. നല്ല സന്തോഷം കിട്ടും.

ജീവിതത്തിന്‍റെ അ൪ത്ഥശൂന്യതയോ൪ത്ത് വെറുതെ ദു:ഖിക്കുവാന്‍ വേണ്ടി നടക്കുന്ന മിലാന്‍ കുന്ദേരമാരും സാ൪തൃമാരും കുറച്ചുനേരം ഇവിടെ വന്നിരിക്കട്ടെ. എല്ലാ ഡിപ്രഷനും മാറും. 15 രൂപയുടെ ചിലവേയുള്ളൂ. താങ്ക്യു തൃശ്ശൂ൪

Monday, September 22, 2014

അങ്ങാടി തിളക്കുന്നു

azeez ks
മാ൪ക്കറ്റ് കുതിരപോലെ പായുകയാണ്. വിദേശനിക്ഷേപം വരുന്നതിന് കയ്യും കണക്കുമില്ല. മന്മോഹന്‍ 91 ല്‍ തുറന്നിട്ട് കൊടുത്തിട്ട് ഇത്രയും മാ൪ക്കറ്റ് കോന്‍ഫിഡന്‍സ് ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. മോഡിയുടെ സുസ്ഥിരമായ ഒരു ഭരണമുണ്ട് എന്നുള്ള വിശ്വാസത്തില്‍ ഫ് ഡി ഐ ഒഴുകുകയാണ്.


കടപ്പത്രത്തിലെ വിദേശനിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞു. സെപ്റ്റംബ൪ 18 ദിവസം കൊണ്ട് ഷെയറിലേക്ക് 7500 കോടി വന്നപ്പോള്‍ ബോണ്ട് മാ൪ക്കറ്റിലെത്തിയത് 15000 കോടിയാണ്. സെന്‍സക്സ് 27000 കഴിഞ്ഞു. നോക്കിയിരിക്കെ അത് 28 ഉം മ...ുപ്പതുമാകും.ഇന്ത്യന്‍ കമ്പനികള്‍ക്ക് കടം തരുവാന്‍ വിദേശിക്ക് ഭയമില്ല. ഭരണസുസ്ഥിരത തന്നെ കാരണം. ഏഷ്യയിലെ എല്ലാ രാജ്യങ്ങളുമായി ഉടമ്പടികളായികഴിഞ്ഞു.

ചൈന ഇനി 20 ബില്യന്‍ ഡോള൪ നിക്ഷേപിക്കും. ഇത് ഇന്ത്യക്ക് അപകടമാണ്. ചൈന ഇതുപോലെ നിക്ഷേപിച്ചിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചൈന കൊള്ളയടിച്ച ചരിത്രമാണുള്ളത്. ഇന്ത്യയുടെ റിയല്‍ അസറ്റില്‍ അവന്‍ കണ്ണുവയ്ക്കും. ഇന്ത്യന്‍ കമ്പനികളുടെ പോ൪ട്ഫോളിയൊ നിക്ഷേപം അവന്‍ നടത്തില്ല. എല്ലാ വിദേശരാജ്യങ്ങളും അത് ചെയ്യും. എത്യോപ്യകാരന്‍ എന്‍റെ ചങ്ങാതി വൊബാന്തെ പറഞ്ഞത് ഞാന്‍ ഓ൪ക്കുന്നു. എല്ലാ കല്‍ക്കരിപ്പാടങ്ങളും എല്ലാ ഇരുമ്പയിര് ഖനികളും വനങ്ങളും വെറുതെ കിടക്കുന്ന മണ്ണ് വരെ ചൈന വാങ്ങിയിട്ടിരിക്കുകയാണത്രെ. അഫ്രിക്കന്‍ ഏകാധിപതികള്‍ക്ക് 20 % കമ്മീഷന്‍ കൊടുത്ത് വാങ്ങിയിട്ടിരിക്കുകയാണ്. എതി൪ക്കുന്നവരെ ഭരണകൂടം കൊല്ലുന്നു. ജീവന് പേടിയുള്ളവ൪ റെഫ്യുജികളായി പലായനം ചെയ്യുന്നു. അങ്ങിനെ ഓടിപ്പോന്നവനാണ് വൊബാന്തെ.

കാരണം വ്യക്തമാണ്. ചൈനയ്ക്കറിയാം. ഭൂമിയില്‍ റിസോസസ് കൂടുവാന്‍ പോകുന്നില്ല. അത് വാങ്ങിയിട്ടാല്‍ ഏത് കാലത്തും ഏത് വിലക്കും വില്‍ക്കാം. ഈ ചൈനയെ നമുക്ക് വിശ്വസിക്കുവാന്‍ കഴിയില്ല. നമ്പുവാന്‍ കഴിയില്ല. കൈലാസ് മാനസ സരോവറിലേക്ക് പോകുവാന്‍ നമുക്ക് ഉത്തരാഖണ്ട് വഴി ഒരു വഴിയുണ്ട്. പിന്നെ ഒരു വഴി ചൈന വഴിയാണ്. അത് അവന്‍ തുറന്ന് തന്നിരുന്നില്ല. സിക്കിം വഴിയുള്ള നല്ല ഒരു മോട്ടോറബ്ള്‍ റോഡ് ഉണ്ട് കൈലാസത്തിലേക്ക്. അത് തുറക്കുന്ന ഒരു കരാ൪ ഒപ്പ് വയ്ക്കുവാന്‍ സുഷമയ്ക്ക് കഴിഞ്ഞു.
നല്ല കാര്യം. അത് യഥാ൪ത്ഥത്തില്‍ ദലൈലാമയുടെ തിബറ്റാണ്. 2000 വ൪ഷമായി ഒരു രാജ്യത്തിന് വേണ്ടി കേഴുകയാണ് ലാമ. അവ൪ക്ക് സ്വന്തമായ ഒരു രാജ്യം ഉണ്ടായിരുന്നു, കറന്‍സിപോലും ഉണ്ടായിരുന്നു. ചൈന അത് പിടിച്ചെടുത്തു, ലാമയെ ഇന്ത്യയിലേക്കോടിച്ചു.

കാശ്മീ൪ ഇഷ്യു പോലെയാണ് ചൈനയ്ക്ക് തിബറ്റന്‍ ഇഷ്യുവും. ഇന്ത്യ ലാമയ്ക്കും ഒന്നരകോടി തിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ക്ക് അഭയം കൊടുത്തു. തിബറ്റ് ലാമയ്ക്ക് കൊടുക്കൂ എന്ന് ഇന്ത്യ പറയില്ല. കാരണം ചൈന പറയും കാശ്മീ൪ കാശ്മീരികള്‍ക്ക് കൊടുക്കൂ എന്ന്.ഇതുപോലെയാണ് ശ്രീലങ്കന്‍ സിംഹള‌ന് തമിഴ് ഈലവും. ജയവ൪ദ്ധനെ കഴിഞ്ഞ ആഴ്ച വന്ന് ഇന്ത്യയോട് പറഞ്ഞല്ലോ, തമിഴ് ഈലം സ്വതന്ത്രമാക്കിക്കൊടുക്കുവാന്‍ ഇന്ത്യ പറയില്ല എന്ന്. കാരണം അവിടേയും കാശ്മീ൪. അതുപോലെയാണ് ഇസ്റേയേലും. അതുപോലെയാണ് ഇറാഖിന് കുവൈറ്റും.

ഓരോരുത്ത൪ അവ൪ക്ക് ലാഭകരമായ ദേശീയതക്ക് നി൪വ്വചനം കൊടുക്കുകയാണ്.

Tuesday, September 9, 2014

ഭൂമിവീതം

പുത്തന്‍ തിരിയിട്ട ഒരോട്ടുവിളക്കും
ഒരു കുപ്പി മണ്ണെണ്ണയും
അലക്കിമടക്കിവച്ച കുറെ പഴന്തുണികളും
ഉമ്മ എനിക്കായ് കരുതിവച്ചു.
പിറവിക്കുമുമ്പേ എനിക്കുകിട്ടിയ ഭൂമിവീതം

...
ആറടി നീളമുള്ള മൂന്നു മടക്ക് വെള്ളത്തുണി മാത്രം ഞാന്‍ ഉമ്മയ്ക്കായി കരുതിവച്ചു.
ഉമ്മയുടെ അവസാന ഭൂമിവീതം

Wednesday, September 3, 2014

happy hajj

ഇത് ഹജ്ജ് കാലമാണ്. ഇത് പൊരുത്തപ്പെടീക്കലിന്‍റെ കാലമാണ്.

ഇന്നലെ ഒരാള്‍ വിളിച്ചിരുന്നു: അസീസല്ലേ, ഞാനും ഭാര്യയും ഹജ്ജിനു പോകയാണ്. നാളെ വീട്ടില്‍ വരണം. ഭക്ഷണം കഴിക്കാതെ വരണം.
...
ഈയിടെയായി ഹജ്ജ് യാത്രക്കാ൪ പെരുകുകയാണ്. പണ്ട് എന്‍റെ ഗ്രാമത്തില്‍ ഒന്നോ രണ്ടോ പേ൪ മാത്രമാണ് ഹജ്ജിന് പോയിരുന്നത്. ഹജ്ജിന് എത്രയോ കൊല്ലം മുമ്പ് അവന്‍ ഹജ്ജിന് പോകുവാന്‍ മാനസികമായി തയ്യാറെടുക്കുന്നു. എല്ലാ വികടവേലകളും നി൪ത്തുന്നു. മനസ്സ് ദിഖ്റുകളിലും പ്രാ൪ത്ഥനകളിലും ലയിപ്പിക്കുന്നു. ദാനധ൪മ്മാദികള്‍ വ൪ദ്ധിപ്പിക്കുന്നു. ചെയ്തുപോയ പാപങ്ങള്‍ക്ക് നിത്യേനെ പ്രായശ്ചിത്തം ചെയ്യുന്നു. ആ൪ക്കെങ്കിലും എന്തെങ്കിലും കൊടുക്കുവാനുണ്ടെങ്കില്‍ കൊടുത്തുതീ൪ക്കുന്നു. എല്ലാ വ്യക്തിവിരോധങ്ങളും മാപ്പുപറഞ്ഞ് അവസാനിപ്പിക്കുന്നു.

ഇപ്പോള്‍ ഹജ്ജിനു പോകുന്നവ൪ ഹജ്ജിന്‍റെ ആ പഴയ ശ൪ത്തുകളൊന്നും നോക്കാറില്ല. ഒരു ഫോണ്‍വിളി. അങ്ങിനെയാണ് ഇയാളും എന്നെ വിളിച്ചത്.

പെണ്‍കൊച്ചുങ്ങളുടെ കല്യാണം കലക്കിയവന്‍, കള്ളാധാരമുണ്ടാക്കി ഭൂമി കൈക്കലാക്കിയവന്‍, പാതിരാക്ക് എലുക മാറ്റിയവന്‍, കയ്യൂക്കുകൊണ്ടും രാഷ്ട്രീയസ്വാധീനം കൊണ്ടും പാവങ്ങളുടെ വഴിയടച്ചുകെട്ടിയവന്‍, ഹഖ് ഇല്ലാത്ത മുതലുണ്ടാക്കി, ഹഖ് ഇല്ലാത്ത മുതല് മക്കളെത്തീറ്റി, ഹഖ് ഇല്ലാത്ത മുതലുകൊണ്ട് മക്കളെ കെട്ടിച്ച്, ആണ്മക്കളുടെ ആണ്‍ബലത്തിലഹങ്കരിച്ച് നാടിളക്കി, കണക്കുപറഞ്ഞ് സ്ത്രീധനം വാങ്ങി ഉരുക്കളെപ്പോലെ അവരെ വിവാഹക്കമ്പോളത്തില്‍ വിറ്റ്, ഹഖ് ഇല്ലാത്ത മുതല് സദഖയും സക്കാത്തും കൊടുത്ത്, ഹഖ് ഇല്ലാത്ത മുതലുകൊണ്ട് പള്ളികെട്ടിച്ച്.....കടമ്മനിട്ട ചാക്കാലയില്‍ പറഞ്ഞതുപോലെ കൊണ്ടികൂടോത്രങ്ങള്‍ കൊണ്ട് കറവപ്പശുവിന്‍റെ കുടലും പൊട്ടിച്ച്...

ആ കൂട്ടത്തിലിയാളും പെടുമോ
ഒരു ഹജ്ജിന് തീ൪ക്കുവാന്‍ കഴിയുന്ന കാര്യങ്ങളാണോ ഇയാള്‍ ചെയ്തിട്ടുള്ളത്.
ഈ |ശാപമൊക്കെ മക്കയില്‍ പോയാല്‍ തീരുമോ.
ഭൂമിയിലെ മനുഷ്യരോടുള്ള ഈ കൊടുക്കവാങ്ങലുകള്‍ പൊറുത്തുകൊടുക്കുവാന്‍ ഏത് ദൈവത്തിനാകും. ഏത് പിഴച്ചജീവിതത്തിനും ഹജ്ജ് ഒരു പരിഹാരമാകുമോ.
പിഴച്ചമാ൪ഗ്ഗത്തിലുണ്ടാക്കിയ ധനം പരിശുദ്ധമാകുമോ

 
കൈപിടിച്ച് അയാള്‍ കുലുക്കി
പ്രാ൪ത്ഥിക്കണം.
നമ്മള്‍ തമ്മിലുള്ള വല്ലതും

 
അയാള്‍ അത് മുഴിമിപ്പിച്ചില്ല. നമ്മള്‍ തമ്മില്‍ വല്ലതുമുണ്ടെങ്കില്‍ പൊറുത്തുതരണമെന്നാണ് അയാളുദ്ദേശിക്കുന്നത്.
അനേകകൊല്ലങ്ങള്‍ ഓ൪മ്മകളായി എന്‍റെ മനസ്സില്‍ അലതല്ലി.
മൌനമായി ഞാന്‍ നിന്നു.
പൊറുത്തെന്നോ പൊറുത്തില്ലെന്നോ പറയുവാനാകാതെ.

Tuesday, September 2, 2014

സ്ഥലം ബ്രോക്കറും റീത്തും ( Real Estate Investment Trusts)

 azeez ks
പാ൪ട്ട് ഒന്ന്

 നാമൊന്ന് നമുക്കൊന്ന് എന്ന മന്ത്രം നമ്മുടെ ആളുകള്‍ സ്വീകരിച്ചിരുന്നില്ല. അത്രക്കില്ലെങ്കിലും മൂന്നോ നാലോ മക്കളുണ്ടാകുന്നത് ഒരു കുറ്റമായി അവ൪ കണ്ടിരുന്നില്ല. മക്കള്‍ക്ക് എന്തെങ്കിലും അടിസ്ഥാനവിദ്യാഭ്യാസം കൊടുത്ത്, ദൈവത്തെ വണങ്ങി ജീവിക്കേണ്ട ആവശ്യവുമൊക്കെ അല്‍പം പഠിപ്പിച്ച്, എന്തെങ്കിലും കൈത്തൊഴിലും പഠിപ്പിച്ച് അവ൪ മക്കളെ വള൪ത്തി. അച്ഛന്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് മക്കളെ പോറ്റിയിരുന്നു. അവ൪ വലുതായി പെണ്ണുകെട്ടി കുടുംബവുമൊക്കെ ആയിക്കഴിയുമ്പോള്‍ അധികം ദൂരെ പോകാതെ അവിടെത്തന്നെ ഒരു വീടുകെട്ടി അവ൪ ജീവിക്കുമായിരുന്നു. പരസ്പരം തുണയായി.

ഇന്ന് അത് നടക്കുന്നില്ല. മക്കളെ പഠിപ്പിച്ച് ഒരു നിലക്കാക്കണമെങ്കില്‍ ക്ഷ വരക്കണം. എല്ലാവരും പോകുന്ന സ്കൂളില്‍ മക്കളേയും അയക്കണം. എല്ലാവരും പഠിക്കുന്ന ട്യൂഷന്‍സെന്‍റെറില്‍‍ മക്കളേയും അയക്കണം, എന്‍ട്രന്സ്, വസ്ത്രം, പഠിക്കുവാന്‍ സ്വന്തമായ മുറി ഓരോരുത്തനും ഇതൊക്കെ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്.
അത് ചെയ്യാമെന്ന് വയ്ക്കാം. ഒരു പിടി മണ്ണിന് എന്താ വില ! ചേരാനല്ലൂ൪ അതിന് അനേക ലക്ഷങ്ങള്‍ കൊടുക്കണം. 20 ലക്ഷം രൂപയ്ക്ക് വരെ ഇവിടെ ഒരു സെന്‍റ് സ്ഥലം വിറ്റിട്ടുണ്ട്. അതിലൊരു വീട്. പിന്നേയും 30 ലക്ഷം രൂപ‌. 4 മക്കളും അവരുടെ നാലുവീട്ടിലെ ഭാര്യമാരും ഒരു 16 മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. വെടിനി൪ത്താന്‍ ദിവസവും ഐക്യരാഷ്ട്രസഭ വരേണ്ടിവരും.

പക്ഷേ നിവൃത്തിയില്ല. വെട്ടിമരിക്കുകയേ നിവൃത്തിയുള്ളൂ. അഞ്ചുനേരം നിസ്ക്കരിച്ചാലും നൊവേന കൂടിയാലും പത്മാസനത്തിലിരുന്ന് എത്ര ജപ നടത്തിയാലും സമാധാനം വരില്ല. കുടുംബത്തിലേക്ക് വന്നുകയറുമ്പോള്‍ ഉള്ള ശാന്തി നഷ്ടപ്പെടും.
ശാന്തിയുടെ ഒരു വഴി പെണ്ണുങ്ങള്‍ പറഞ്ഞുതരും:വേറെ വീട്ടിലേക്ക് മാറുക.

പക്ഷെ നടക്കില്ല. കാരണം ഒരു ജന്മം മുഴുവന്‍ പണിയെടുത്താലും നാലുസെന്‍റുസ്ഥലം വാങ്ങി ഒരു വീടുകെട്ടുവാന്‍ കഴിയില്ല. ബഹളം മുറുകിക്കഴിയുമ്പോള്‍ വല്ലിടത്തേക്കും വാടകയ്ക്ക് പോകേണ്ടിവരും.
എന്‍റെ രണ്ടുവീടിനപ്പുറമുള്ള ഒരു വീട്, മൂന്നുമുറിയുള്ള, മുകള്‍നിലയില്ലാത്ത , കാ൪പോ൪ച്ചില്ലാത്ത, ഒരു പാടക്കരവീട് വാടകക്ക് കൊടുത്തത് 12000 രൂപയ്ക്കാണ്. ഇത്ര കൊടുത്ത് ഒരു ഫാമിലി എങ്ങിനെ താമസിക്കും. സാധാരണക്കാരന് കഴിയില്ല. വല്ല അടിവരവുവേണം.

ഇത് അതിശയോക്തിയല്ല.  എന്തിന് വീട് കെട്ടി മിനക്കെടണം. ഒരു സെന്‍റ് കാലിസ്ഥലം കണ്ടെയ്ന൪ വയ്ക്കുവാന്‍ കൊടുത്താല്‍ മാസം 2000 രൂപ കിട്ടും. തെങ്ങിലേക്ക് നോക്കിയിരുന്ന് ഒരു തലമുറ മണ്ണടിഞ്ഞ കുറെ മുടിഞ്ഞ തറവാട്ടുകാരിവിടെയുണ്ട്. അവരുടെ പേരമക്കള്‍,ഉപ്പാപ്പ നട്ട എല്ലാം വെട്ടിനിരപ്പാക്കി കണ്ടെയിന൪ വയ്ക്കുവാന്‍ കൊടുത്ത് മാസാമാസം മുടിഞ്ഞകാശുണ്ടാക്കി ഇന്നോവയില്‍ ചെത്തിനടക്കുകയാണ്. കാലത്തിന് ഇങ്ങിനെ ഒരു മറിവരുമെന്ന് ആരോ൪ത്തു !

പറഞ്ഞുവന്നത്, അപ്പോള്‍ ഒരു സാധാരണമനുഷ്യന് ജനിച്ച നാട്ടില്‍ സ്വന്തമായി സ്ഥലം വാങ്ങി ഒരു വീടുകെട്ടുവാനൊക്കുകയുമില്ല, വാടകക്ക് കിടക്കുവാന്‍ പോലും കഴിയുകയില്ല. ഫലത്തില്‍ എന്‍റെ നാട്ടുകാ൪, എന്‍റെ പ്രായമുള്ളവരൊക്കെ പലായന‍ം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനിച്ചമണ്ണില്‍ നിന്ന്, ബന്ധുമിത്രാതികളില്‍ നിന്നകന്ന് അച്ഛനുമമ്മയ്ക്കുമൊരു തുണയാകുവാന്‍ കഴിയാതെ ഏതോ നാട്ടില്‍ പരദേശികളായി കഴിയുന്നു.
Part 2 REIT

Thursday, August 28, 2014

താടിയും സദാചാരവുമുള്ള മന്മോഹനനെ മുമ്പില്‍ നി൪ത്തി കള്ളക്കോണ്‍ഗ്രസ്സുകാ൪ കുറെ വിഴുങ്ങി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഴിമതിയേക്കാള്‍ ഭയാനകമാണ് ഇന്ത്യയിലെ അഴിമതി.

ഖദ൪ നിറയെ കരിയാണ്. കരിപുരണ്ട ഖദ൪. ഏറ്റവും പുതിയതായി കല്‍ക്കരിക്കരി. 206 പാടങ്ങളാണ് അഴിമതി നടത്തി വിറ്റത്. 1.86 ലക്ഷം കോടി കുംഭകോണം. .

1991 ലാണ് സ൪ദാ൪ ഉദാരവല്‍ക്കരണമെന്ന വിറ്റുതുലക്കല്‍‍ തുടങ്ങിയത്. മന്മോഹന്‍ സിംഗിന്‍റെ തൊപ്പിയിലെ തൂവലായിരുന്നുവത്രേ അത്.
...
1993 മുതല്‍ 2012 വരെയുള്ള എല്ലാ പാടവില്‍പ്പനയും അഴിമതിയും അന്യായവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി ഇന്നലെ പറഞ്ഞു. 2000 രൂപ ഒരു ടണ്ണിന് വിലയുള്ളപ്പോള്‍ സ൪ക്കാരിന് കിട്ടുന്നത് അമ്പത് രൂപ . ടണ്ണിന്.
റിലയന്‍സ്, എസാ൪, ടാറ്റസ്റ്റീല്‍, ഹിന്‍ഡാല്‍ ഇവനൊക്കെ നെറ്റ് പ്രോഫിറ്റ് ഇരട്ടിക്കിരട്ടിയാക്കുവാന്‍ ഭാരാതാംബയുടെ ചോരകുടിക്കുകയായിരുന്നു.
ഇത് ദേശവിരുദ്ധതയല്ലത്രേ; ജനഗണമനപാടുമ്പോള്‍ ആരെങ്കിലും എഴുന്നേല്‍ക്കുവാന്‍ വിട്ടുപോയാല്‍ അതാണ് ദേശവിരുദ്ധത.

ഭൂമിഗുണ്ടകളെവിടെ?

azeez ks
ഒന്നുരണ്ടു കൊല്ലങ്ങള്‍ക്കുമുമ്പ് സമ്മേളനനഗരി പോലെ തിരക്കുള്ള ഒരു സ്ഥലമായിരുന്നു ആധാരം റജിസ്ട്രാറാഫീസ്. റിയല്‍ എസ്റ്റേറ്റ് ഗുണ്ടകള്‍ രാവിലെ മുതല്‍ കോമ്പണ്ട് കയ്യടക്കിയിരിക്കും. പിന്നെ തുരുതുരാ ഫോണ്‍വിളികള്‍. റജിസ്ട്രാ൪ മുതല്‍ ചുണ്ടൊപ്പിടീക്കുന്ന പ്യൂണ്‍ വരെ തീയില്‍ നടക്കുന്നതുപോലെ. എന്തായിരുന്നു അവന്‍റെയൊക്കെ കാലം.


സ്ഥലക്കച്ചവടം സ്ഥലമുടമയും വാങ്ങുന്നവനും ബ്രോക്കറും തമ്മിലാണല്ലോ. ഇവിടെ യഥാ൪ത്ഥ സ്ഥലമുടമയെ വാങ്ങുന്നവന്‍ കാണുന്നത് തീറ് നടക്കുന്ന ദിവസം മ...ാത്രമാണ്. ആറും ഏഴും മറി മറിഞ്ഞാണ് കച്ചവടം. കള്ളനായീന്‍റ്മക്കള്‍ കുറെ കമിഴ്ത്തി.

ഇപ്പോള്‍ ദാ കിടക്കുന്നു. ഒരു തീറു പോലും നടക്കുന്നില്ല. ഇന്ന് റജിസ്ട്രാഫീസില്‍ ഞാന്‍ പോയിരുന്നു. ഒരീച്ചപോലുമില്ല. ഒരു തൊണ്ണൂറ് കഴിഞ്ഞ ഒരു ബാപ്പയെ മക്കള്‍ താങ്ങി എടുത്തുകൊണ്ടുവന്നിരുത്തിയിട്ടുണ്ട്. റജിസ്ട്രാ൪ എന്തോ ചോദിച്ചു. മൂന്നാം വട്ടമാണ് അയാളത് കേട്ടത്. തലയാട്ടുക മാത്രം ചെയ്തു. പിന്നെ വിരല്‍പിയൂണ്‍ വിരല്‍ മുക്കി അമ൪ത്തിവിട്ടു.

ഒരു കുടികിട സ൪ട്ടിഫിക്കറ്റിന് ചെന്നാല്‍ മൂന്നാം ദിവസമാണ് അപേക്ഷ സമ൪പ്പിക്കുവാന്‍ കഴിയുന്നത് തന്നെ. ഒരു മാസമായിരുന്നു കാലാവധി. ഇപ്പോള്‍ എത്ര അന്തസ്സ്. ചെല്ലുമ്പോള്‍ തന്നെ അപേക്ഷ സ്വീകരിക്കുന്നു. പരക്കെത്തിരച്ചിലിന്‍റെ കാലം പോലെ തിരച്ചില്‍ഫീസ് കെട്ടുന്നു, അതിന് രശീത് തരുന്നു,അടുത്ത ദിവസം വന്നോളൂ എന്നു പറയുന്നു. എന്തൊരു മറിമായം. ഇത് പഴയ ആധാരം ആപ്പീസ് തന്നെയോ? നമോവാകം.

നിയമത്തിന് ശക്തിയുണ്ട്. ഐഡിപ്രൂഫും മറ്റ് ഡോക്മെന്‍റുകളുമൊക്കെ നി൪ബന്ധമായി. അഞ്ചുലക്ഷം രൂപ സെന്‍റിന് വിലയുള്ള ഭൂമി ആധാരം നടക്കുമ്പോള്‍ അയ്യായിരം രൂപയായിരുന്നു. സ്റ്റാമ്പ് ഹലാല പതിവുപോലെ നടക്കാതായി. കള്ളപ്പണമൊതുങ്ങി. ബിനാമികളെക്കൊണ്ട് രാഷ്ട്രീയക്കള്ളന്മാ൪ക്ക് പഴയതുപോലെ കളിക്കുവാന്‍ വയ്യാതായി.
നിയമത്തിന് ശക്തിയുണ്ട്.

Wednesday, August 20, 2014

എബൊള ക൪മ്മയായിരിക്കുമോ?

azeez ks
എബൊള വൈറസ് ബാധിച്ച ഗിനിയ, സീറ ലോണ്‍, ലൈബീരിയ, നൈജീരിയ എന്നീ പടിഞ്ഞാറന്‍ ആഫ്രിക്കയുടെ അവസ്ഥ ഭയാനകമാണ്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം തെരുവിലുപേക്ഷിച്ച് ജനങ്ങള്‍ തെരുവുപേക്ഷിച്ച് ഓടിമറയുകയാണ്. അത്തരമൊരുരോഗി വീട്ടിലുണ്ടെന്നറിഞ്ഞാല്‍ ആളുകള്‍ സംഘങ്ങളായി വന്ന് വീട് തക൪ക്കുന്നു, കൊല്ലുന്നു. അതുകൊണ്ട് രോഗമുള്ളവരെ ബന്ധുക്കള്‍ ഒളിവില്‍ പാ൪പ്പിക്കുകയാണ്.

അവ൪ ചെയ്യുന്നത് തെറ്റെന്ന് പറയുവാന്‍ വയ്യ. കാരണം എബൊള എന്നാല്‍ മരണമാണ്. മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അന്താരാഷ്ട്ര ആരോഗ്യപ്രവ൪ത്തകള്‍ ശൂന്യാകാശത്തിറങ്ങുന്ന തയ്യാറെടുപ്പുപോലെയാണ് അവിടെ സേവനം നടത്തുന്നത്.സംരക്ഷിതകവചമുപയോഗിച്ച്. രോഗമുള്ളവരെ രക്ഷിക്കുവാന്‍ കഴിയില്ല, അതുകൊണ്ട് അവരുടെ രക്തമെടുത്ത് മറ്റുള്ളവരിലേക്ക് പക൪ത്തി പ്രതിരോധം, ഇമ്മ്യുണിറ്റി ഉണ്ടാക്കുവാന്‍ സാദ്ധ്യമാകുമോ എന്നു മാത്രമാണ് ഇപ്പോള്‍ അവ൪ നോക്കുന്നത്. ഭയാനകം.

SARS ഉം H1N1 ഉം കൊലയാളിരോഗങ്ങളായിരുന്നു.. 2002 ല്‍ പൊട്ടിപ്പുറപ്പെട്ട സാ൪സ് അന്ന് 800 പേരെ കൊന്നു. H1N1 170 രാജ്യങ്ങളിലായി 18000 പേരെ എടുത്തു.
ബാങ്കില്‍ ജോലിചെയ്തിരുന്ന ശ്രീനിവാസന്‍റെ ഒരു സുഹൃത്തിന്‍റെ അച്ഛന്‍ ഒരു ശുദ്ധ തമിഴ് ബ്രാഹ്മണന്‍ ആയിടക്കാണ്  IT യില്‍ ജോലി ചെയ്യുന്ന മകനെ കാണുവാന്‍ അമേരിക്കയിലേക്ക് പോയത്. ഒറ്റയ്ക്കാണ് അദ്ദേഹം മകന്‍റെ അടുക്കലേക്ക് പോയത്. ഒറ്റയ്ക്ക് ആദ്യമായി 24 മണിക്കൂ൪ ആകാശയാത്ര ചെയ്തതില്‍ അദ്ദേഹത്തിനു ക്ഷീണമുണ്ടായി. എയ൪പോ൪ട്ടിലിറങ്ങുന്ന എല്ലാവരേയും quarantine ചെയ്യുമായിരുന്നു.  പാവം ആ സ്വാമിയെ ഇരുട്ടുമുറിയിലിട്ടു. അയാള്‍ അവിടെക്കിടന്നു പേടിച്ചു മരിച്ചുപോയി. പിന്നീട് മരണകാരണം പക്ഷിപ്പനിയല്ല എന്ന് സ്ഥിരീകരിക്കുകയാണുണ്ടായത്.

അങ്ങിനെ ഒരു പാട് ദുരന്തങ്ങളുണ്ടായി. പനി വന്നാല്‍, നെഞ്ചുവേദനയുണ്ടായാല്‍ ആരും  ഒന്ന് ഭയപ്പെടും. എബൊളയുടെ ലക്ഷണമാണിത്. അവരെ quarantine ചെയ്യും. രോഗിയുടെ ശരീരദ്രാവകത്തിന്‍ (ഉമിനീ൪, വിയ൪പ്പ്, മൂത്രം, രക്തം ) ഇവയിലൊക്ക വൈറസുകളുണ്ടാകും. മരുന്നില്ലാത്തതുകൊണ്ട് ശ്രൂശ്രൂഷിക്കുന്നവരും ഡോക്റ്റ൪മാരും ഈ രോഗത്തിന് വിധേയരായെന്നുവരും. 
പണ്ട് വസൂരിയായിരുന്നു ഇതുപോലെ ഭയപ്പെട്ടിരുന്ന ഒരു രോഗം. ഗ്രാമങ്ങള്‍ ഒഴിഞ്ഞുപോയി. പല ഗ്രാമങ്ങളില്‍ നിന്നും ജനങ്ങല്‍ ഈ കാരാണത്താല്‍ പലായനം ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അഭയാ൪ത്ഥിപ്രവാഹം തുടങ്ങുന്നതു തന്നെ പ്രകൃതിക്ഷോഭങ്ങള്‍ ബാധിച്ചവരും മാറാരോഗങ്ങളില്‍ നിന്ന് രക്ഷകിട്ടുവാന്‍ ഓടിപ്പോന്നവരുമായിരുന്നു. ആനന്ദിന്‍റെ നോവലിലും ഒരിടത്തിത് പറയുന്നുണ്ട്.

എന്താണിതിന്‍റെ കാരണം എന്നറിയില്ല.

ആഫ്രിക്കയിലെ കത്തോലിക്ക പള്ളി (Liberia Council of Churches LCC  ) പറയുന്നത് ദൈവം ഗെ ആയ ആ ജനങ്ങളെ ( ഹോമൊ സെക്ഷ്വല്‍സ് ) എബൊള അയച്ച് ശിക്ഷിക്കുകയാണ് എന്നാണ്. ശരിയാണാവോ. അറിയില്ല. ഗെ കളെ ശിക്ഷിക്കുമെന്ന് പള്ളി പറയുവാന്‍ കാരണം ബൈബിളിലെ ലോത് എന്ന പ്രവാചകന്‍റെ കഥ പറഞ്ഞുകൊണ്ടാണ്. (ഇത് വിശദമായി ഒരു പോസ്റ്റായി ഞാന്‍ ഇവിടെ ചേ൪ത്തിരുന്നു ) എല്ലാം ഗെ കളേയും ദൈവം ശിക്ഷിച്ചിരുന്നുവെങ്കില്‍ ഏറ്റവും ആദ്യം ദൈവം ശിക്ഷിക്കേണ്ടത് അമേരിക്കയെ ആയിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗെ ഉള്ളത് അമേരിക്കയിലാണ്. ആഫ്രിക്കയില്‍ സ്ത്രീ ഗെ ഉള്ളതായി കേട്ടിട്ടില്ല. അമേരിക്കയില്‍ അതുമുണ്ട്. അവരുടെ വിവാഹം ഒബാമ നിയമമാക്കി. മാത്രമല്ല, പള്ളിയുടെ ഒരു വിഭാഗം പുരോഹിതന്മാ൪ ഈ ഗെ വിവാഹത്തെ ആശീ൪വദിക്കുന്നു, ഏത് വിവാഹവും പോലെ.  ഒരു പക്ഷേ അമേരിക്ക ദൈവത്തിന്‍റെ ലിസ്റ്റില്‍ ഉണ്ടാകാം. ഇവാഞ്ചലിസ്റ്റ് കൃസ്ത്യാനികള്‍ ഇസ്ലാമിക ഭീകര൪ WTC തക൪ത്തതുപോലും ദൈവം അമേരിക്കക്ക് കൊടുത്ത ശിക്ഷയാണെന്നും അതുകൊണ്ട് ജനങ്ങള്‍ ക൪ത്താവില്‍ സ്നാനപ്പെടണം എന്ന് പറഞ്ഞിരുന്നു.

ഈ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഗെ വളരെ കൂടുതലാണ്. കഴിഞ്ഞ കൊല്ലം ഭൂകമ്പത്താല്‍ നശിഞ്ഞ ഹെയ്തി എന്ന ആഫ്രിക്കന്‍ രാജ്യത്തിലെ ഭൂരിഭാഗം പുരുഷന്മാരും ഹോമൊ സെക്ഷ്വല്‍സ് ആയിരുന്നു.

പക്ഷേ പള്ളി പറയാത്ത മറ്റൊരു കാര്യമുണ്ട്. അത് ഹിന്ദുമതത്തിലെ തിയറി ഓഫ് ക൪മ്മയാണ്. ക൪മ്മ സത്യമാണ്. ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വൃത്തികെട്ട, ക്രൂരമായ ഒരു ചരിത്രമുണ്ട്.  വളരെ ദുഷ്ടന്മാരാണ് ആ ജനത. അടിമകളെ ചങ്ങലക്കിട്ട് കപ്പലില്‍ കയറ്റിക്കൊണ്ടുപോയത് യൂറോപ്യന്മാരായ വെളുത്തവരായിരുന്നു. അടിമവേല ചെയ്യിപ്പിച്ച് യൂറോപ്പും പിന്നീട് അമേരിക്കയും പടുത്തുയ൪ത്തി. ഇതിന്‍റെ പേരില്‍ നാം വെള്ളക്കാരെ കുറ്റപ്പെടുത്താറുണ്ട്. ശരിയാണുതാനും.
പക്ഷേ ഈ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ അടിമവ്യാപാരികള്‍ കറുത്ത ആഫ്രിക്കക്കാരായിരുന്നു. അവ൪ കറുത്തവരുടെ കുടികളില്‍ കയറിയിറങ്ങി ചെറുപ്പക്കാരേയും ആരോഗ്യമുള്ള പെണ്ണുങ്ങളേയും കെണിവച്ചുപിടിച്ചു. അവ൪ അവരെ ഒരു സ്ഥലത്ത് വളഞ്ഞുവച്ചു. താറാവുകളെ എന്നതുപോലെ പിന്നീട് കപ്പല്‍ വരുമ്പോള്‍ അടിമകളെ അവ൪ വിറ്റു. അടിമവ്യാപാരമായിരുന്നു പടിഞ്ഞാറന്‍ ആഫ്രിക്ക ചെയ്തിരുന്ന ഒരു വലിയ വ്യാപാരം. 1000 കൊല്ലത്തോളം ഈ അടിമവ്യാപാരം അവിടെ നടന്നു. നടത്തിയത് കറുത്ത ആഫ്രിക്കക്കാ൪. യൂറോപ്യന്മാ൪ക്ക് അടിമകളെ വില്‍ക്കുന്നതിനു മുമ്പ് ഈ കറുത്ത ആഫ്രിക്കക്കാ൪ അറബികള്‍ക്കും അടിമകളെ വിറ്റിരുന്നു. വളരെ ദുഷ്ടന്മാരായിരുന്നു അവ൪. ഒരിക്കല്‍പോലും അവ൪ അത് തെറ്റായിരുന്നുവെന്ന് ഖേദിച്ചിട്ടില്ല.

കാനഡയിലായിരുന്നപ്പോള്‍ ബ്ലഡ് ഡയമണ്ട് എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ഇന്ന് എബൊള പുറപ്പെട്ടിട്ടുള്ള സീറാലിയോണ്‍ എന്ന ഒരു രാജ്യത്തിന്‍റെ കഥയാണ് അതില്‍. ഡയമണ്ട് കണ്ടുപിടിച്ചതിനുശേഷം ആ രാജ്യത്ത് ജീവിച്ചിരുന്ന ദശലക്ഷക്കണക്കിന് കറുത്ത‌ മനുഷ്യരെ അവയവങ്ങള്‍ വെട്ടിയും ഭയപ്പെടുത്തിയും കൊന്നും ആ നാട്ടില്‍ നിന്ന് തുരത്തിയോടിച്ചു. കൊല്ലുക അവ൪ക്ക് ഒരു പ്രയാസമുള്ള കാര്യമായിരുന്നില്ല. വജ്രമുതലാളിമാ൪, വജ്ര സാമ്രാജ്യത്വ കുത്തകള്‍ ആ നാട്ടിലെ ഡയമണ്ടിന്‍റെ ഉടമകളായി. കറുമ്പന്മാരായ കൊലയാളികളാണ് കൂലിക്ക് അവരുടെ സഹോദരങ്ങളെ കൊന്നുകൊടുത്തത്.

തിയറി ഓഫ് ക൪മ്മ ശരിയാണെങ്കില്‍ ഇതിനൊക്കെ തിരിച്ചടി ഇല്ലാതിരിക്കുമോ

ഒരുത്തന്‍ അണുകിടത്തൂക്കം നന്മചെയ്താലും തിന്മചെയ്താലും അതിന്‍റെ ഫലം അനുഭവിക്കുമെന്ന് പരിശുദ്ധ ഖു൪ആന്‍ പറയുന്നുണ്ട്.

എബൊള ക൪മ്മയായിരിക്കുമോ
 

Tuesday, August 19, 2014

സുന്നത്തുകല്യാണമൊക്കെ എഴുതിയാല്‍ സാഹിത്യമാകുമോ
ബഷീറിനെക്കുറിച്ച് ഈ ആക്ഷേപം നിലനിന്നിരുന്നു.

തമ്പുരാട്ടികളുടെ കെട്ടുകല്യാണം സാഹിത്യമാകാമെങ്കില്‍ സുന്നത്തുകല്യാണവും സാഹിത്യമാകാം. ഈ മറുപടിയും അന്നേ ഉണ്ടായിരുന്നു
മലയാളത്തിലെ ഏറ്റവും നല്ല ഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നത് നായ൪ മലയാളമായിരുന്നു. എന്നാല്‍ ഈ നായ൪മലയാളം ആരും നിത്യജീവിതത്തില്‍ ഉപയോഗിച്ചതുമല്ലതാനും. നിത്യജീവിതത്തില്‍ നിന്നും അട൪ത്തിമാറ്റപ്പെട്ട ഒരു ഭാഷ എങ്ങിനെ നല്ല ഭാഷയായി. നമ്പൂരിമലയാളമോ മാപ്പിളമലയാളമോ മലയാളമായില്ല.
ചെകുത്താന്‍റെ ഭാഷയായ ഇംഗ്ലീശ് നമ്മക്ക് പിടിക്കൂല്ല, അത് നമ്മ പഠിക്കൂല്ല,  പക്ഷേ വാഴപ്പഴം പുഴുതിന്നു എന്നുപറയുവാന്‍ അഞ്ചുവട്ടം നാക്കുവടിക്കണം. ഇതാരെക്കൊണ്ടു പറ്റും
അതുകൊണ്ട് ഞങ്ങള്‍ നായ൪മലയാള‌സ്കൂളുകളില്‍ പോകാതായി.

Monday, August 18, 2014

chandi sarkar raaji vaykkuka

എത്ര കോടതിവിധി വന്നാലും ഉമ്മന്‍റെ ഈ നാറിയ സ൪ക്കാ൪ പിന്നെയും കടിച്ചുനില്‍ക്കും. സ്വയം ബലിമൃഗമായി സകല ഉത്തരവാദിത്വവും ഏറ്റെടുത്ത് സ്വയം സെന്‍സേഷനുണ്ടാക്കി അനുകമ്പതരംഗമുണ്ടാക്കുകയാണ് ചാണ്ടി ഇപ്പോഴും. നാളെ ചരിത്രകാരന്മാ൪ക്കെഴുതാമല്ലോ, ഉമ്മന്‍ചാണ്ടിക്ക് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം എല്ലാത്തിന്‍റേയും ഉത്തരവാദിത്വം ഏറ്റെടുത്ത ധീരനായിരുന്നുവെന്ന്. ലീഗും മാണിയും കത്തുന്നപുരയില്‍ നിന്ന് കൈക്കോലൂരുകയാണ്.  ഓട്ടക്കലമാക്കി കേരളം തിരിച്ചുനല്‍കുവാന്‍ യുഎഡിഫ് കാത്തിരിക്കുന്നു.

ഭൂമികുംഭകോണ‍ം, സോളാ൪കുംഭകോണം,വിദ്യാഭ്യാസകുംഭകോണം, ബാ൪കുംഭകോണം,  മന്ത്രിമാരുടെ വ്യഭിചാരം, എംഎല്‍എ ഹോസ്റ്റലുകള്‍ വ്യഭിചാരശാലയാക്കുന്നത്,പെണ്‍വാണിഭം, എംഎല്‍എമാരെ വിലക്കുവാങ്ങി എണ്ണം തികയ്ക്കുന്ന വാണിഭ‌ജനാധിപത്യം, കസ്തൂരിരംഗന്‍, മൂന്നാ൪... എല്ലാം ചാണ്ടിസ൪ക്കാരിന് ആസനത്തില്‍ ചൂടാവുന്ന പൊന്‍തൂവലുകള്‍. ഇനി ഈ സ൪ക്കാറിനെ ചവിട്ടിപ്പുറത്താക്കുവാന്‍ കോടതിവിധി വേണ്ടിവരുമോ?

Monday, August 11, 2014

ലുലുമെട്രൊആസ്റ്റ൪ വാലുകള്‍

azeez ks
എറണാകുളത്തുകാരനായ ഞാന്‍ എന്‍റെ വിലയറിയാതെ പോയി. കഷ്ടം.
ലുലുമാള്‍ ഇടപ്പള്ളിയിലാണ്. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റ൪ വരും. അഞ്ചില്ല , നാലര കിലോ മീറ്ററെയുള്ളൂവെന്ന് ഭാര്യ ഗൂഗിള്‍തെളിവു സഹിതം പറഞ്ഞു. ആറു മിനിറ്റ് ദൂരം മാത്രം. ഇന്ത്യയിലെ രണ്ടാമത്തെ മഹത്തായ ഷോപ്പിംഗ് അനുഭവം എന്‍റെ നാലര കിലോ മീറ്റ൪ മാത്രം ദൂരെ ! ഹ.
വയനാട്, കണ്ണൂ൪, പാലക്കാട്, മലപ്പുറം , കാസ൪ഗോഡ് , കോഴിക്കോട്, ഇടുക്കി, പത്തനം തിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേയും അന്യസംസ്ഥാനങ്ങളിലേയും കുട്ടികള്‍ ലുലുടൂറിസത്തിനായി ഇവിടെ വരുന്നു.
അതിനടുത്ത് എന്‍റെ വീട്. എത്ര ഭാഗ്യവാന്‍.
എന്‍റെ പഞ്ചായത്തിലാണ് 500 ബെഡുള്ള, 9 ആശുപത്രികളുടെ സമുച്ചയമായ ആസ്റ്റ൪ മെഡിസിറ്റി. റോബട്ട് ഓപ്പറേഷന്‍ നടത്തിയ  ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി. റൊബട്ടുകള്‍ വിദേശത്ത് ഒരിടത്തും ഓപ്പറേറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ ലോകത്തിലെ ആദ്യത്തെ ആശുപത്രി. അത് എന്‍റെ വീടിനടുത്ത്.
യുഡിഫ് ലെ നേതാക്കന്മാരുടെ ബിനാമിയാണ് ഈ ആശുപത്രി എന്ന് കേള്‍ക്കുന്നു. 96 ഏക്ക൪ പൊക്കാളിപ്പാടമാണ് ഈ ദല്ലാളന്മാ൪ നികത്തിയെടുത്തത്. ഉമ്മന്‍ ചാണ്ടി എയിംസ് എന്ന കേന്ദ്ര ആശുപത്രിക്കുവേണ്ടി ഒരു അപേക്ഷ പോലും വയ്ക്കാതിരുന്നത് ഈ ബിനാമിക്കുട്ടനെ കണ്ടുകൊണ്ടാണെന്ന് പറയപ്പെടുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളോഹരി ആശുപത്രി ( ആശുപത്രി പെ൪ ഹെഡ് ) എറണാകുളത്താണ്. വികസനത്തിന്‍റെ  അളവുകോല്‍ ഇങ്ങിനെയാണല്ലോ. ആളോഹരി ക‌മ്പിപ്പാത, ആളോഹരി മരുന്നുപയോഗം, ആളോഹരി പേപ്പ൪ ഉപയോഗം, ആളോഹരി മീറ്റ് ഉപയോഗം, ആളോഹരി മുട്ട ഉപയോഗം, ആളോഹരി ഇന്‍റ്൪നെറ്റ് ഉപയോഗം എന്നൊക്കെ പറയുന്നതുപോലെ.
ആസ്റ്ററില്‍ നിന്ന് ഒരു കിലോ മീറ്റ൪ ദൂരെ അമൃത ആശുപത്രിയുണ്ട്. ഏറ്റവും ചിലവു കുറഞ്ഞരീതിയില്‍ നല്ല മെഡിക്കല്‍ സൌകര്യമുള്ള ധാരാളം പള്ളിആശുപത്രികളിവിടെയുണ്ട്. മാനം മുട്ടെ നില്‍ക്കുന്ന മെഡിക്കല്‍ ട്രസ്റ്റുണ്ട്. വിമാനമിറക്കാവുന്ന ലേക് ഷോറുണ്ട്. എന്തിന്, വെള്ളാപ്പിള്ളിവരെ വമ്പന്‍ ആശുപത്രി പാലാരിവട്ടത്ത് പണിതിട്ടുണ്ട്. പിന്നെ എന്തിനാണ് ഇനി ഒരു റോബട് ആശുപത്രി എന്നു ഞാന്‍ ഓ൪ത്തിട്ടുണ്ട്. പക്ഷെ അത് തെറ്റ്. ഒരു ആശുപത്രിയുടെ കൊമെഴ്സ്യല്‍ സാദ്ധ്യത മനസ്സിലാക്കാന്‍ കഴിയാതെ പോയ എനിക്ക് തെറ്റുപറ്റി. മുറി എവിടെ? രോഗികളുടെ പരിചാരക൪ക്ക് കിടക്കാന്‍ മുറി എവിടെ? അവിടെയാണ് സാദ്ധ്യത. കിടപ്പറ‌ പകുത്ത് വരെ ആളുകള്‍ നല്‍കുന്നത്രെ. ഒറ്റമുറിക്ക് മാസം ചുരുങ്ങിയത് 7000 രൂപ കിട്ടും. പനമ്പിള്ളി നഗറില്‍ പോലും ഇല്ല ഈ വാടക.
നിങ്ങളെ ഞാന്‍ എറണാകുളത്തേക്ക് ക്ഷണിക്കുന്നു.
ലുലുവിന്‍റെ ഷോപ്പിംഗ് എക്സ്പീരിയന്‍സിലേക്ക്
ആസ്റ്ററിലെ രോഗാനുഭവത്തിലേക്ക്
ഇന്ത്യയിലെ ഏറ്റവുംനല്ല സാരിയനുഭവത്തിലേക്ക്, കലാനികേതനിലേക്ക്.
The Biggest Women's Shopping Mall എന്നാണ് കലാനികേതനിലെ പരസ്യം തന്നെ. ശരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീകളുടെ ഷോപ്പിംഗ് മാളാണിത്. വെറുതെ ഒന്ന് കയറിയിറങ്ങിയപ്പോള്‍ അത് Women's Biggest Shopping Mall എന്നായിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോയി.

മെട്രോ വന്നാല്‍ ( അത് 1000 ദിവസം കൊണ്ട് പൂ൪ത്തിയാക്കുമെന്ന് ശ്രീധരീയം.പക്ഷേ എം സാന്‍റ് എന്ന കരിങ്കല്‍ മണല്‍ കിട്ടാനില്ല. ഹരിത ട്രിബൂണലിന്‍റെ വിധി. കുഴിയടക്കാന്‍ പോലും മെറ്റല്‍ കിട്ടുന്നില്ല എന്ന് ഇബ്രാഹിംകുഞ്ഞ് ) എന്തായിരിക്കും ഞങ്ങളുടെ ഒരു വില.
വരൂ സ്വാഗതം.
താങ്ക്യു ലുലു
താങ്ക്യു ആസ്റ്റ൪
താങ്ക്യു മെട്രൊ

ഞങ്ങള്‍ എറണാകുളത്തുകാ൪ക്ക് പണ്ടേ ഒരു ചീത്തപ്പേരുണ്ടായിരുന്നു, വിശ്വസിക്കുവാന്‍ കൊള്ളാത്തവരാണെന്ന്, അടുക്കുവാന്‍ കൊള്ളാത്തവരാണെന്ന്.
താങ്ക്യു, ആ ചീത്തപ്പേര് നിങ്ങള്‍ മാറ്റിത്തന്നു.

വി കെ എന്‍ എന്ന നായ൪ സ്വയം കളിയാക്കി പണ്ട് പറഞ്ഞിട്ടുണ്ട് :
വളരെ ക്ലേശിച്ചിട്ടാണ് ആ ചില്ലക്ഷരം ഞങ്ങള്‍ക്ക് കിട്ടിയതെന്ന്.
എറണാകുളത്തുകാരുടെ സുകൃതം കൊണ്ടാണ് ഈ ലുലുമെട്രോആസ്റ്റ൪ വാലുണ്ടായത്.
താങ്ക്യു.

Broadway VS Palestine


azeezks
ബ്രോഡ് വെ എറണാകുളം ഇന്ന് വെടിപ്പായിക്കിടക്കുന്നു ( 11-08-2014). വെട്ടി ക്ഷൌരം ചെയ്തിറക്കിയ വലിയ താടിപോലെ. റോഡ് ക്ലീന്‍‍. പാ൪ക്ക് ചെയ്യുവാന്‍ പാടില്ല എന്ന ഓ൪ഡ൪ ഇന്നുമുതല്‍ നടപ്പാക്കിയിരിക്കുന്നു. വെ ശരിക്കും ബ്രോഡ് ആയി. 

തെരുവ് കച്ചവടക്കാ‍൪ ഒരു ലൊടുക്കുവണ്ടിയില്‍ ചരക്കുമായി രാവിലെ വരും . വണ്ടി പാ൪ക്ക് ചെയ്യും. ചരക്ക് നിരത്തും .വൈകീട്ട് വില്‍പ്പന കഴിഞ്ഞ് വണ്ടിയില്‍ തിരിച്ച് കയറ്റി സ്ഥലം വിടുന്നു. ബ്രോഡ് വെയില്‍ വാടകയും ടാക്സ്രുമൊക്കെ കൊടുത്ത് കട നടത്തുന്നവന് കച്ചവടമില്ല. ആ കടയിലേക്ക് ചെല്ലുവാന്‍ നി൪വ്വാഹമില്ല.

തെരുവു കച്ചവടക്കാരൊക്കെ കുടിയേറ്റക്കാരാണ്. ഒന്നും മലയാളിയല്ല. മലയാളികളുള്ളത് വേറെ ജില്ലക്കാരാണ്. കേരളത്തില്‍ ഒരു മലയാളി മറാട്ടി ശിവസേന വേണ്ടിവരും നമ്മുടെ മക്കള്‍ക്ക് ജീവിക്കുവാന്‍.

കുടിയേറ്റക്കാ൪ ആദ്യം വളരെ മര്യാദക്കാരും അനുകരണീയരുമായിരിക്കും. ഒരു വിരിപ്പ് വിരിക്കുവാന്‍ ഇടം തേടും. പിന്നെ അടുത്ത വിരിപ്പ് വിരിച്ച് ഒരു ബ്രാഞ്ചു തുടങ്ങും. അതിലൊരു ബീഹാറിയെ നി൪ത്തും. അത്തരം പല സ്റ്റാളുകളുള്ള, ഗുണ്ടാബലമുള്ള തെരുവ് മുതലാളിമാരുണ്ട്. ഒന്ന് എസ്റ്റാബ്ലിഷ് ചെയ്തുകഴിയുമ്പോള്‍ അവന്‍ കുടലുപറിക്കും.

ലോകത്തിലെവിടേയും സ്ഥിതി ഇതാണ്. അറബ് നാട്ടിലേയും ആഫ്രിക്കയിലേയും അഭയാ൪ത്ഥികള്‍ക്ക് അഭയം കൊടുത്തതിന് ഇറ്റലി ഇന്നും ഖേദിക്കുകയാണ്. ഇറ്റലിക്കാരുടെ എല്ലാ സ്പെയിസുകളും വന്നുകേറിയന്മാ൪ കൈക്കലാക്കി. നിയമം നടപ്പാക്കാന്‍ കഴിയാതായി. എല്ലാ കുടിയൊഴിപ്പിക്കലിനും മതത്ത്ന്‍റെ നിറം കൊടുത്തു.

ഓരോ കുടിയൊഴിപ്പിക്കലും മതത്തിനു നേ൪ക്കുള്ള അക്രമമായി. സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ അടിമകളായി ജീവിച്ചവ൪. ഒരു അധികാരവുമില്ലാതിരുന്നവ൪ പടിഞ്ഞാറന്‍ ഡെമോക്രസിയില്‍ എത്തുമ്പോള്‍ എല്ലാ സ്വാതന്ത്ര്യവും ചോദിച്ചുവാങ്ങുന്നു. അവ൪ പീഢിതരായി.മൊറൊകൊ, ടുണിഷ്യ, അല്‍ജീരിയ തുടങ്ങിയെ മഗ് രിബില് നിന്നും അറബ് ചക്രവ൪ത്തിമാരുടെ പീഢനം സഹിക്കവയ്യാതെ ഓടിപ്പോയി കുടിയേറ്റക്കാരായവ൪ ധാരാളമുണ്ട് യൂറോപ്പില്‍ .

സെ൪ബിയ‌യിലേക്ക് വന്നവരാണ് അല്‍ബേനിയക്കാ൪. ആ അല്‍ബേനിയക്കാ൪ പിന്നീട് ബോസ്നിയ എന്ന രാജ്യം ചോദിച്ചുതുടങ്ങി. 1991 ലെ ബോസ്നിയ കലാപവും 89 ദിവസം യു എന്‍ തുട൪ച്ചയായി ബോംബിട്ടതും സെ൪ബിയയില്‍ നിന്ന് ബോസ്നിയ അട൪ത്തിക്കൊടുത്തതും അതുവഴി റഷ്യയെ ഒരു പാഠം പഠിപ്പിച്ചതും ചരിത്രമായി.

ആ അമേരിക്കയും യുഎന്നും ബംഗാസിയിലെ വിമത൪ക്ക് ബോംബ് കൊടുത്ത് ഗദ്ദാഫിയെ പുറത്താക്കി.കൊന്നു.ആ ബംഗാസിക്കാ൪ തീവ്രവാദികളായിരുന്നു. ദശലക്ഷക്കണക്കിന് കു൪ദുകളെ ( അവ൪ മുസ്ലിംകളാണ് ) സദ്ദാമിന്‍റെ പാ൪ട്ടി കൊന്നതും രാസായുധപ്രയോഗം നടത്തിയതും അമേരിക്ക സദ്ദാമുമായുള്ള ഹണിമൂന്‍ കാലത്തായിരുന്നു. കെമിക്കല്‍ അലി അമേരിക്കയുടെ സൃഷ്ടിയായിരുന്നു. അന്ന് സദ്ദാമിന് കുഴപ്പമില്ല. കു൪ദുകളെ യു എന്‍ തിരിഞ്ഞുനോക്കിയില്ല. കു൪ദ് സ്വാതന്ത്ര്യപ്രവ൪ത്തക൪ അന്ന് ഭീകരായിരുന്നു അമേരിക്കക്ക്.

അന്ന് സദ്ദാമിന്‍റെ കീഴില്‍ യസീദികളായ കൃസ്ത്യാനികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഇന്ന് ആയിരത്തോളം യ്സീദികള്‍ക്ക് വേണ്ടി അമേരിക്ക ബോംബിടുന്നു.

2000 ത്തോളം പലസ്തീനികളെ ഇസ്റായേല്‍ ബോംബിട്ട് കൊന്നിട്ട് പലസ്തീനികളുടെ രക്ഷക്ക് അമേരിക്ക ബോംബിട്ടില്ല.
നെറികെട്ട ന്യായം.
സൊമാലിയയില്‍ നിന്ന് വന്നവ൪ വടക്ക് അമേരിക്കയിലുണ്ട്. അവരും എല്ലാ നിയമാവകാശങ്ങളുമനുഭവിച്ച് അവിടെ ജീവിക്കുന്നു. അഭയം തന്ന രാജ്യം പിറന്ന നാടിനേക്കാള്‍ പ്രധാനമാണ്. കുതിരക്കാരന്‍ അമ്മ ക൪ണ്ണന് കുന്തിയേക്കാള്ല്‍‍പ്രധാനമായിരുന്നുവല്ലോ. ആ രാജ്യത്ത് എല്ലാ നിയമവും അനുസരിച്ച് അഭയാ൪ത്ഥികള്‍ ജീവിക്കണം. അവിടെ ഒരു നിലയായിക്കഴിയുമ്പോള്‍ ശരീഅത് സ്ഥാപിക്കുവാന്‍ നടക്കരുത്. യൂറോപ്പിലെ നിയമം ഇസ്ലാം വിരുദ്ധമാണെന്ന് പറയരുത്.

പലസ്തീനികളുടെ മണ്ണ് കൈക്കലാക്കി അഭയാ൪ത്ഥികളായും കൊള്ളക്കാരുമായും വന്ന ഇസ്റായേലികള്‍ ഇന്ന് പലസ്തീനികള്‍ക്കെതിരെ ബോംബ് വ൪ഷിക്കുന്നു. ഇന്ത്യക്ക് ഒന്ന് അപലപിക്കുവാന്‍ പോലും കഴിയാതെ നാണം കെട്ട് ഇന്ത്യ കഴിയുന്നു.

Saturday, August 9, 2014

A letter in the Hindu dt today Aug 7 On the Burqa
Abdul Azeez , Kochi ( This is me )

Burqa is not a compulsary Islamic dictate for women. It is not a law anywhere in the 51 Islamic countries barring Saudi Arabia and Afghanistan. We haven't seen Muslim women clad in Burqa even in Malabar. It is a Saudi import, a product of globalized Islam. Last week we saw Arab women lamenting at the loss of thei...r kids in Palestine .Nowhere do we see them veiled. Are those Arab women doing a haram( a forbidden thing ) ? No.

Muslim girls need to go to school. They need to work and support themselves and the family. They have to live gently even if the men execute their Islamic right of Triple Talaq. They want to learn from other communities and grow socially and educationally. They are not the slaves of men, are not to bear their kids and calm them with sex. Muslim woman, like any other women in the world, is a social being, not a clothed-substance. They are not a commodity purchased by Muslim men.

They may choose to sit home veiled. They can travel outside veiled. But when they sit in an office serving the public or when they come out for executing their voting rights , their identity is a social identity. When the law asks their identity, they can't hide it in the name of Islam. Sarcosy of France only asked this. France is not against Muslim women covering their body, or wearing hijab.

Madhavi Menon only strenghtens the fundamentalists and Islamic Saudis and Wahabis by her comparing burqa-sociability with " not speaking clearly, not speaking at all...'.

What a harm Menon.



Abdul Azeez

public sector banks

Public Sector Banks
azeez ks
പൊതുമേഖല ബാങ്കുകളുടെ ചെയ൪മാന്മാ൪ രാഷ്ട്രീയക്കാരുടെ നോമിനികളാണ്. നല്ല വില കൊടുത്തിട്ടാണ് പലരും ഈ സ്ഥാനം വാങ്ങുന്നത്.രാഷ്ട്രീയക്കാ൪ അവരെ ശരിക്ക് മുതലാക്കും.രാഷ്ട്രീയക്കാ൪ ഇഷ്ടപ്പെട്ടവ൪ക്ക് ലോണ്‍
കൊടുക്കുവാന്‍ നി൪ബന്ധിക്കും. കൊമ്പന്മാരുടെ പക്കല്‍ നിന്നും കമ്മീഷന്‍ പറ്റുന്നത് രാഷ്ട്രീയക്കാരാണ്. അതിന് വില കൊടുക്കേണ്ടിവരുന്നത് ഈ രാഷ്ട്രീയനോമിനികളായ ചെയ൪മാന്മാരാണ്.

ഏതാനും മ...ാസങ്ങളേ ഇവ൪ക്ക് സാധാരണയായി കിട്ടാറുള്ളൂ.സ്വകാര്യബാങ്ക് ചെയ൪മാന്മാ൪ക്ക് മൂന്നു കോടി രൂപയാണ് പ്രതിവ൪ഷം ശമ്പളം. പൊതുമേഖലക്കാ൪ക്ക് അത് വെറും 20 ലക്ഷം മാത്രമാണ്. അതുകൊണ്ട് പല ചെയ൪മാന്മാരും ഉള്ള കാലം കൊണ്ട് മുക്കാവുന്നത് മുക്കും.

സിണ്ടിക്കേറ്റ് ബാങ്ക് ചെയ൪മാന്‍ ഒരു ഒറ്റപ്പെട്ട കേസ് അല്ല. ആപ്പിള്‍കുട്ടയിലെ ഒരു ചീഞ്ഞ ആപ്പിളല്ല അയാള്‍. ചീഞ്ഞത് ഇനിയുമുണ്ട്.ഞാന്‍ ജോലി ചെയ്തിരുന്ന ബാങ്കിലെ ചെയ൪മാന്‍ ജയലളിതയുടെ ശിങ്കിടിയായിരുന്നു. കോടിക്കണക്കിന് രൂപ ബാങ്കില്‍ നിന്ന് അയാള്‍ വഴിവിട്ട്, സെക്യുരിറ്റിയില്ലാതെ ലോണ്‍കൊടുത്തു. ബാങ്ക് തൂത്തുവാരി. ഈയിടെ ആ കേസില്‍ സിബിഐ അഞ്ചുപേരെ ശിക്ഷിച്ചു.

50 ലക്ഷമാണ് സിണ്ടിക്കേറ്റ് ബാങ്ക് ചെയ൪മാന്‍ കോഴയായി കൈപ്പറ്റിയത്. ഹൈ ലിവറേജുള്ള സ്റ്റീല്‍ കമ്പനിക്ക് വാരിവലിച്ച് ലോണ്‍ കൊടുത്തു. അവരുടെ കിട്ടാക്കടം റിപ്പോ൪ട്ട് ചെയ്തില്ല.

പൊതുമേഖല ബാങ്കുകളില്‍ ബാഡ് ഡെറ്റ്സ് എന്ന കിട്ടാക്കടം പെരുകുകയാണ്. പലതിന്‍റേയും കാരണം വേണ്ടത്ര ഫോളൊ അപ് ഇല്ലാത്തതാണ്.ഇനി അത് തുടരുവാന്‍ കഴിയില്ല.കിട്ടാക്കടങ്ങള്‍ എ ആ൪ സിക്ക് മാറ്റുന്ന പണി അത്ര എളുപ്പമല്ല. 15 ശതമാനം കാശ് എങ്കിലും കൊടുക്കണമെന്നാണ് റിസ൪വ് ബാങ്ക് ഇന്ന് പറഞ്ഞത് . അതിനെവിടെ കാപ്പിറ്റല്‍. FDI നിക്ഷേപം വരണം. FDI നിക്ഷേപം കാട്ടിലെ മരമല്ല. അതിന് ചോദ്യം ഉണ്ടാകും.

മാത്രമല്ല ബേസില്‍ 3 അനുസരിച്ച് അടുത്ത 2016 ആകുമ്പോഴേക്കും പൊതുമേഖലാബാങ്കുകള്‍ 2.4 ലക്ഷം കോടി കാപ്പിറ്റലുണ്ടാക്കണം.
നടന്നതുതന്നെ.
മക്കള്‍ക്ക് ഒരു പുയ്മാപ്ലയെക്കിട്ടുവാന്‍ അച്ഛനമ്മമാ൪ കഴിയുന്നതൊക്കെ ചെയ്യുമെന്നറിയാവുന്ന ഡോട് കോം വിവാഹദല്ലാളന്മാ൪ പലതരത്തില്‍ കാശുണ്ടാക്കുന്നുണ്ട്. ഒരു രീതി ഇതാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ ( ആഗ 3) മനോരമയില്‍ വന്ന വിവാഹപരസ്യം ഇങ്ങിനെ. 26 വയസ്സുള്ള ബി എസ്സി പാസ്സായ മുസ്ലിം യുവാവ് 5' 10'' എറണാകുളം ജില്ല. കാനഡയില്‍ ജോലി. കൊണ്ടുപോകും. ഫോണ്‍ നമ്പ൪ കൊടുത്തിട്ടുണ്ട്.

ഏത് ബാപ്പയെപ്പോലെ ഞാനും വിളിച്ചു.... കുത്തിയിരുന്നു വിളിയോടു വിളി. രണ്ടാം നാള്‍ കിട്ടി. നൂറുകണക്കിന് ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് ആണെങ്കില്‍ ഈ വിളി കിട്ടില്ല. കാനഡയല്ലേ; കൂട്ടവിളി. ക്ലിക്കായാല്‍ രക്ഷപെട്ടല്ലോ. ഒരു പെണ്‍കുട്ടി അപ്പുറം. തിരുവനന്തപുരം ഒരു ഏജന്‍സിയില്‍ നിന്നാണ്. നമ്മുടെ സകല വിവരങ്ങളും ശേഖരിച്ചു. പാ൪ട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ വിളിക്കുമെന്ന് പറഞ്ഞ് ടപാന്ന് ഫോണ്‍ വച്ചു.

പറഞ്ഞതുപോലെ മൂന്നാം നാള്‍ വിളിച്ചു. സ൪ പാ൪ട്ടിക്ക് ഈ profile പ്രൊഫൈലില്‍ താത്പര്യമുണ്ട്. മാത്രമല്ല, 9 മറ്റു പാ‍൪ട്ടികള്‍ക്കും താത്പര്യമുണ്ട്.

അല്ഹംദുലില്ല. ഞാന്‍ സന്തോഷിച്ചു.

ശരി മോളെ, എങ്കില്‍ എന്‍റെ നമ്പ൪ പാ൪ട്ടിക്ക് കൊടുക്കൂ, അല്ലെങ്കില്‍ അവരുടെ നമ്പ൪ എനിക്ക് തരൂ. അപ്പോഴാണ് ഡീല്‍ deal തുടങ്ങിയത്. സ൪ അതിന് സാ൪ ഇത്ര രൂപ ഞങ്ങള്‍ക്ക് അയച്ചുതരണം. അത് കിട്ടിയാല്‍ പാ൪ട്ടിയുടെ ഡീറ്റെയില്‍സ് തരാം. എന്നോട് പറഞ്ഞപോലെ ഈ കുട്ടി നൂറ് കണക്കിന് വിളിക്കാരോട് ഇതു തന്നെ പറയുന്നു.

ഒരു 25 ഇരകളെ കിട്ടിയാല്‍ 2000 രുപ ഗുണനം 25 സമം 50000 രൂപ. ഈ ഒറ്റ കാനഡ പരസ്യത്തില്‍ നിന്ന്. ഓഫീസും വേണ്ട, കെട്ടിടവും വേണ്ട, ഒന്നും വേണ്ട.

ഈ കാനഡ പയ്യന്‍ ഉള്ളതായിരിക്കാം. അത് നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ അവന്‍റെ നിക്കാഹ് കഴിഞ്ഞിട്ടുമുണ്ടാകും.

ഒരു നല്ല സാധനത്തിനെ വച്ച് ചില൪ കാശ് ഉണ്ടാക്കുന്നതുപോലെ, നല്ല നാടന്‍ പൂവന്‍ താറാവ് എത്തിക്കഴിയുമ്പോള്‍ ഷാപ്പുകാ൪ ആളെ കൂട്ടുന്നതുപോലെ. വധുവിനെ കാനഡയില്‍ കൊണ്ടുപോകും എന്ന അ൪ത്ഥത്തിലാണ് എഴുതിയിരിക്കുന്നതെങ്കിലും " കൊണ്ടുപോകും " എന്ന വാക്കിന്‍റെ അ൪ത്ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.

Thursday, July 3, 2014

സൂഫി മെഡിറ്റേഷന്‍


 
അസ്സലാമു അലൈയ്ക്കും.


സൂഫി മെഡിറ്റേഷനില്‍ താല്‍പര്യമുള്ളവ൪ക്കുവേണ്ടി ഒരു മെഡിറ്റേഷന്‍ ക്ലാസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നു.

പരിശുദ്ധ ഖു൪ആനില്‍ വന്നിട്ടുള്ള അല്ലാഹുവിന്‍റെ മഹത്തായ 99 നാമങ്ങള്‍ ഹൃദിസ്ഥമാക്കി, ഹൃദയത്തില്‍ ഉള്‍കൊണ്ട് ചൊല്ലുന്നവ൪ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി ( സ) നമ്മോട് പറയുന്നു ( സഹീഹ് മുസ്ലിം, സഹീഹ് ബുഖാരി ).

അല്‍ഭുതകരമായ ഫലസിദ്ധിയുടെ കലവറയാണ് ഈ നാമങ്ങള്‍. ശരീരശുദ്ധിയോടും ഭക്തിയോടും കൂടി ഇത് പതിവായി ചൊല്ലുന്നവ൪ക്ക് തീ൪ച്ചയായും നല്ല ഫലം ലഭിക്കും.

പ്രപഞ്ചനിലനില്‍പ്പിന്‍റെ മഹാതത്വമാണ് ഈ ഓരോ ഇസ്മുകളിലും അടങ്ങിയിരിക്കുന്നത്. എല്ലാ തത്വങ്ങളുടേയും തത്വമാണ് ഈ നാമങ്ങള്‍.ഹൃദയം പ്രകാശപൂരിതമാകും. പാപങ്ങള്‍ അല്ലാഹു പൊറുക്കും. ജീവിതം എളുപ്പമാകും. പ്രയാസങ്ങള്‍ നീങ്ങിക്കിട്ടും. അല്ലാഹുവിന്‍റെ സഹായം ലഭ്യമാകും. മഹത്വമാ൪ജ്ജിക്കും.

തിന്മ, കുറ്റകൃത്യങ്ങള്‍, ഭൌതീക ആസക്തികള്‍, സമ്പത്തിനോടുള്ള അതിമോഹം, വ്യാമോഹം, സ്വാ൪ത്ഥത, കോപം ഇവയില്‍ നിന്ന് മോചിതരായി ഹൃദയം പരിശുദ്ധമാകുവാന്‍ ദിഖ്റുകള്‍ നമ്മെ സഹായിക്കുന്നു. എല്ലാ ജീവജാലങ്ങളോടും സ്നേഹമുണ്ടാകും.ആന്തരികജ്ഞാനം ലഭ്യമാകും. ശാന്തി ലഭിക്കും. സമാധാനമുണ്ടാകും. ഡിപ്രഷന്‍, മനോരോഗങ്ങള്‍, മാനസിക സമ്മ൪ദ്ദം എന്നിവ ഒടുങ്ങും. അല്ലാഹു നല്ല മാ൪ഗ്ഗങ്ങള്‍ വെളിവാക്കും. നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തി ലഭിക്കും.ഇന്‍ഷാ അല്ലാഹ്.

സൂഫി മെഡിറ്റേഷന്‍റെ ശാരീരികവും മാനസികവുമായ ഫലത്തെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ ദിഖ്റുകളും ഓരോ മന്ത്രം (Mantra) ആണ്. അല്ലാഹുവിന്‍റെ ഓരോ നാമങ്ങളും അത്യധികം ശക്തിയും ഊ൪ജ്ജവുമുള്ള ശബ്ദങ്ങളാണ്. എണ്ണം എത്തിക്കുന്നതിലല്ല കാര്യം. ഭക്തിയോടേയും വിശ്വാസത്തോടേയും അ൪പ്പണബോധത്തോടേയും ഈ ദിവ്യശബ്ദങ്ങള്‍ നാം താളത്തില്‍ ഉരുവിടുമ്പോള്‍ അത് ഹൃദയത്തിലേക്ക് പ്രവേശിക്കുകയും ഹൃദയം സാന്ത്വനമാകുകയും ചെയ്യുന്നു.

അല്ലാഹുവിലേക്കടുക്കുന്നത് ഹൃദയംകൊണ്ടാണ്. അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കുന്ന പാലമാണ് ദിഖ്റുകള്‍. ദിഖ്റുകള്‍ ഊ൪ജ്ജതരംഗങ്ങളാണ്, ശക്തിയാണ്. ഹൃദയത്തിലേക്കിറങ്ങാതെ അധരം കൊണ്ട് ചൊല്ലുന്ന യാന്ത്രികഭക്ത൪ക്ക് അതിന്‍റെ ഗുണം കിട്ടിക്കൊള്ളണമെന്നില്ല. അവ൪ക്ക് ദിഖ്റുകളുടെ ആനന്ദരസം ആസ്വദിക്കുവാന്‍ കഴിയില്ല.ദിഖ്റുകള്‍ ഹൃദയത്തിന് കുളിരാണ്.

ഓരോ ദിഖ്റുകളും ആവ൪ത്തിച്ചാവ൪ത്തിച്ച് ചൊല്ലുമ്പോള്‍ അത് പോസിറ്റീവ് എന൪ജി ഉല്‍പ്പാദിപ്പിക്കുന്നു. ഓരോ മനുഷ്യ൪ക്കും ഒരു പ്രഭയുണ്ട്, അത് കൂടുതല്‍ തേജോമയമാകുന്നു. ദിഖ്റുകള്‍ തുട൪ച്ചയായി ചൊല്ലുന്ന ഒരു വ്യക്തിയുടെ നാഡി ഞരമ്പുകളും ശരീരവും ശുദ്ധിയാകുന്നു. ശരീരത്തിലെ ആന്തരിക എന൪ജിചാനലുകളുടെ തടസ്സങ്ങള്‍ മാറുന്നതുവഴി എന൪ജി സുഗമമായി പ്രവഹിക്കുന്നു.

ശ്രദ്ധ (concentration ) കിട്ടുന്നില്ല. ശ്രദ്ധ വഴുതിപ്പോകുന്നു. നമസ്കാരത്തില്‍ പോലും നൂറുനൂറു കാര്യങ്ങള്‍ തലയിലേക്കിരച്ചുകയറുന്നു. മനസ്സിനെ നിയന്ത്രിച്ചു നി൪ത്തുവാന്‍ കഴിയുന്നില്ല. ഇവ പലരും പറയുന്ന കാര്യങ്ങളാണ്. Attention Deficit Syndrome എന്നത് ഇന്ന് ലോകത്തില്‍ ഒരു മഹാരോഗമായി വള൪ന്നുകൊണ്ടിരിക്കുന്നു. ഒരു അദ്ധ്യാപകന്‍ ഒരു കുട്ടിയെ പഠിപ്പിക്കുമ്പോള്‍, കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, അദ്ധ്യാപകന്‍ പറയുന്നത് ശ്രദ്ധിക്കുവാന്‍ കുട്ടിക്ക് കഴിയുന്നില്ല. മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍, ഈ നിമിഷത്തില്‍ ( Present Moment ) ജീവിക്കുവാന്‍ നമുക്ക് കഴിയാതാകുന്നു. കഴിഞ്ഞുപോയ കാര്യങ്ങളും വരാനിരിക്കുന്ന ചിന്തകളും നമ്മുടെ ഈ നിമിഷത്തെ കൊല്ലുന്നു.

നമസ്കാരത്തിലും ഇത് സംഭവിക്കുന്നു. മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ എന്ന് അല്ലാഹു നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ( പരിശുദ്ധ ഖു൪ആന്‍ സൂറത്ത് 107 അല്‍ മാഊന്‍ ). അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണവന്‍. പാവപ്പെട്ടവന് ഭക്ഷണം നല്‍കുവാന്‍ പ്രോത്സാഹിപ്പിക്കാത്തവനാണവന്‍.പരോപകാര വസ്തുക്കള്‍ പോലും മുടക്കുന്നവനാണവന്‍. അതില്‍ തന്നെ അല്ലാഹു പറയുന്നു: എന്നാല്‍ നമസ്കാരക്കാ൪ക്ക് നാശം. അവ൪ തങ്ങളുടെ നമസ്കാരത്തില്‍ അശ്രദ്ധരാണ്, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി പ്രവ൪ത്തിക്കുന്നവരാണ്. നമസ്കാരത്തില്‍ ശ്രദ്ധയില്ല എങ്കില്‍ ഈ ചോദ്യം നമുക്കും ബാധകമാണ്. എന്തുകൊണ്ടാണ് നമസ്കാരത്തില്‍ പോലും നമ്മുടെ ഹൃദയം അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് ഓടിയകലുന്നത്?

അസ്വസ്ഥമായ മനസ്സില്‍ നിന്നാണ് പല രോഗങ്ങളും മുളപൊട്ടുന്നത്. മനസ്സ് ശാന്തമാകുക എന്നതാണ് ഒരു പരിഹാരം. അതിനുള്ള വഴി അല്ലാഹുവിന്‍റെ മഹത്തായ ഗുണവിശേഷങ്ങളായ പരിശുദ്ധ നാമങ്ങള്‍, ദിഖ്റുകള്‍ ഹൃദയത്തില്‍ ഉറപ്പിക്കുക എന്നതാണ്. നമസ്കാരത്തിലെ ശ്രദ്ധ (concentration) വ൪ദ്ധിപ്പിക്കുവാന്‍ സൂഫി മെഡിറ്റേഷന്‍ വളരെയധികം പ്രയോജനപ്രദമാണ്. അല്ലാഹുവിന്‍റെ നാമങ്ങളും ദിഖ്റുകളും സൂഫികള്‍ ധാരാളമായി ഇതിനായി ഉപ‌യോഗിക്കുന്നു. അതുവഴി അതു ചൊല്ലുന്നയാള്‍ക്ക് പല പ്രയോജനങ്ങളും ലഭ്യമാകുന്നു.ആ വഴിക്കുള്ള ഒരു പ്രായോഗിക അന്വേഷണമാണ് ഇതിലെ ഉള്ളടക്കം.

ആഴ്ചയില്‍ രണ്ടു മണിക്കൂ൪ ഇതിന്നായി നമുക്ക് ഉപയോഗപ്പെടുത്താം.അല്ലാഹുവിന്‍റെ ഇസ്മുകള്‍ക്കാണ് ശക്തി. ആരു ചൊല്ലിയാലും പ്രയോജനം കിട്ടും.

അടിസ്ഥാന യോഗയും ( Yoga ) ശ്വസനക്രിയയുടെ ( Pranayama ) വ്യത്യസ്ഥമായ വശങ്ങളും നമുക്ക് പഠിക്കാം. രോഗരഹിതമായ ഒരു ജീവിതത്തിന് വേണ്ടി നമ്മളാലാകുന്നത് ചെയ്യാം. എന്തിനും ഏതിനും ആശുപത്രിയിലേക്കോടുന്നത് നമുക്ക് അല്‍പം കുറയ്ക്കാം. വിഷം കലരാത്ത ഭക്ഷണക്രമം നമുക്ക് കഴിയുന്നത്ര ശീലിക്കാം.വിഷമരുന്നുകളില്‍ നിന്ന് മോചനം സാദ്ധ്യമാണോ എന്നു നോക്കാം.

ഇതിന് നല്ല ഉദ്ദേശ്യം മാത്രമേയുള്ളൂ. ഇതിനു പിറകെ ഒരു വോട്ടുപിടുത്തമോ മറ്റു പ്രസ്ഥാന സ്വാ൪ത്ഥതകളോ ഇല്ല.


താത്പര്യമുള്ളവ൪ ദയവായി ബന്ധപ്പെടൂ.

സ്നേഹത്തോടെ,



അബ്ദുല്‍ അസീസ് കളപ്പുരയ്ക്കല്‍

ചേരാനല്ലൂ൪ ജുംഅത്തുപള്ളിക്ക് പടിഞ്ഞാറുവശം



Thursday, June 12, 2014

Wheat Grass Juice

രണ്ടു രോഗങ്ങള്‍ക്കിടക്കുള്ള ആക്റ്റിവിസമാണ് ജീവിതമെന്ന് പറയാറുണ്ട്. ഒരു രോഗം വന്നുപെട്ടുപോയാല്‍ അതെങ്ങിനെയെങ്കിലും ഒന്ന് മാറിക്കിട്ടുവാനാണ് അടുത്ത ശ്രമവും പ്രാ൪ത്ഥനയും. അലോപ്പതി ചികിത്സാരീതികള്‍ ഫലിക്കാത്ത മാരകമായ രോഗങ്ങള്‍ വന്നാല്‍ പിന്നെ ജീവിതമെന്നത് മരണത്തിലേക്കുള്ള സഞ്ചാരം മാത്രമാണ്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെറുതെ ഒന്നു കയറിയിറങ്ങി. ദൈവമേ, ഭയങ്കരമായ അവസ്ഥയാണ്. ഒരിക്കല്‍ നമ്മെപ്പോലെ ഓടിച്ചാടി നടന്നിരുന്നവ൪ കാന്‍സ൪ വാ൪ഡില്‍ മരണം വേഗമെത്തണേയെന്ന പ്രാ൪ത്ഥനയോടെ കഴിയുന്നു. എല്ലാ കണ്ണുകളിലും നിരാശ. ബന്ധുക്കളെല്ലാം പിരിഞ്ഞുപോകുന്നു. കട്ടിന്‍തലക്കല്‍ കുത്തിയിരിക്കുന്ന അമ്മ. വരാന്തയില്‍ സങ്കടപ്പെട്ടിരിക്കുന്ന മകന്‍. വിറച്ചുവിറച്ച് വല്ലപ്പോഴും വന്നുപോകുന്ന അച്ഛന്‍. വാങ്ങേണ്ട വേദനഗുളികക്കുള്ള ചീട്ടും കയ്യില്‍പിടിച്ച് ആരേയോ കാത്തിരിക്കുന്ന ഭാര്യ. ഈ അവസരം മുതലെടുത്ത് രോഗശാന്തിപ്രാ൪ത്ഥന നടത്തുന്നവ൪ വന്നും പോയുമിരിക്കുന്നു. ഒരണക്കുപോലും ഗതിയില്ലാത്ത എത്രയോ പാവങ്ങള്‍.
ഇങ്ങിനെയുള്ള അവസ്ഥകളില്‍, മറ്റു പ്രതീക്ഷകള്‍ ബാക്കിയില്ലാത്ത അവസ്ഥയിലെങ്കിലും പരീക്ഷിക്കാവുന്ന ഒരു പുസ്തകം എനിക്കു കിട്ടി. പ്രകൃതിചികിത്സാചാര്യന്‍ സി ആ൪ ആ൪ വ൪മ്മ മൂന്നു പതിറ്റാണ്ടു പ്രചരിപ്പിച്ചിരുന്ന ഒരു ചികിത്സാരീതി. കാന്‍സ൪ വന്നു പോയാല്‍ ഒരേയൊരു വഴി തീ തൊടാത്ത ഭക്ഷണം കഴിക്കുക മാത്രമാണ് വഴി. പഴങ്ങള്‍, ഇലകളുടെ നീരു, വേവിക്കാത്ത പച്ചക്കറികള്‍ ഇവ മാത്രം. പച്ചക്കറികളും പഴങ്ങളും രാസവളകീടനാശിനി വിമുക്തമാകണം. എങ്കില്‍ മാത്രമേ ഫലസിദ്ധിയുണ്ടാകൂ. അതിന് സ്വന്തം ഉമ്മറത്ത് അത് ഉത്പാദിപ്പിക്കണം. അല്ലെങ്കില്‍ വിശ്വസിക്കാവുന്നതായിരിക്കണം.

എന്‍റെ കയ്യിലുള്ള പുസ്തകം Wheat Grass Juice panacea on the earth by Dr Gala by NavNeet publicationsഎന്ന പുസ്തകമാണ്. ഗോതമ്പു മുളപ്പിച്ച ഏഴു ദിവസം പ്രായമായ ചെടിയുടെ മിറക്ക്ലസ് പവറിനെക്കുറിച്ചാണ് ഈ പുസ്തകം
മരുന്ന് കഴിച്ച് മടുത്തോ, എന്നിട്ടും രോഗം ബാക്കിയായോ, കൂടിയോ
രക്ഷപ്പെടില്ലെന്ന് തോന്നുന്നുവോ?

വീറ്റ് ഗ്രാസിലെ അത്ഭുതകരമായ നീരും ക്ലോറൊഫിലും പച്ചരക്തമെന്നാണ് അറിയപ്പെടുന്നത്. അത് കേടുബാധിച്ച എല്ലാ കാന്‍സ൪ സെല്ലുകളും പുറംതള്ളി പുതിയ കോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു.
21 ദിവസം നിങ്ങള്‍ ഇത് കഴിക്കൂ. മുകളിലെഴുതിയ ഭക്ഷണരീതിയും കൂടുതല്‍ ഓക്സിജന്‍ കിട്ടുന്നതിനായി പ്രാണായാമയും ഒരു മുറിയില്‍ തനിയെ ശാന്തമായിരുന്ന് ഒരു മണിക്കൂ൪ മെഡിറ്റേഷനും ചെയ്യൂ.

മരണാസന്നന് വേറെ എന്താണ് ജോലി!

 ചെയ്യൂ. 21 ദിവസം. അല്ലെങ്കില്‍ രണ്ട് 21 ദിവസം ( 42 ദിവസം ). ഫലം കിട്ടുമോ എന്നു നോക്കൂ.
ഹീലിം ക്രൈസിസ് എന്ന നിലക്ക് വയറ്റിളക്കമുണ്ടാകും. തലവേദനയുണ്ടാകും.

Monday, May 5, 2014

കറാമത്

കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍)
azeez ks

കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍) എന്നത് അല്ലാഹുവിന്‍റെ ഔലിയാക്കള്‍, സൂഫികള്‍, ആഗ്രഹിക്കുന്ന ഒന്നല്ല. എല്ലാ കറാമത്തുകളും തന്‍റെ ഇഷ്ടപ്രാണനായ അല്ലാഹുവില്‍ നിന്നകറ്റുന്ന ബിംബങ്ങളാണ് എന്ന് സൂഫികള്‍ വിശ്വസിക്കുന്നു.

ഔലിയാക്കളെ, സൂഫികളെ, എഴുന്നള്ളിക്കുന്നവരാണ് കറാമത്തുകള്‍ മാ൪ക്കറ്റുചെയ്യുന്നത്. അത് ഔലിയാക്കളുടെ കുറ്റമല്ല. അതിനു പകരമായി മോഡേണിസ്റ്...
റ് മുസ്ലിംകള്‍ ഔലിയാക്കളെ തന്നെ നിന്ദിക്കുന്നു. കറാമത്തുകളെ തന്നെ അവ൪ തിരസ്കരിക്കുന്നു. യുക്തിക്കുനിരക്കാത്ത, അങ്ങിനെയൊന്നില്ലത്രെ. മുഹ്യ്ദ്ദീന്‍ ശൈഖ്നിന്ദ ഈ മോഡേണിസ്റ്റുകളുടെ ഒരു ഇഷ്ടവിനോദമാണ്.

മഹാനായ സൂഫി അബു യസീദ് ബിസ്താമി ഒരു യാത്രയില്‍ ഒരു പുഴയുടെ തീരത്തെത്തി. ധാരാളം കറാമത്തുകള്‍ പ്രവ൪ത്തിച്ചിട്ടുള്ള സൂഫിയാണ് അദ്ദേഹം അനുയായികള്‍ക്ക്.
പുഴ കടക്കുവാന്‍ നി൪വ്വാഹമില്ലാതെ അദ്ദേഹം പുഴക്കരയില്‍ നിന്നു. എന്തുചെയ്യുമെന്നോ൪ത്തുനില്‍ക്കെ അദ്ദേഹത്തിന്‍റെ യാത്രക്കായി പലകപോലെ എന്തോ ഒന്ന് ജലത്തിനുമുകളില്‍ സജ്ജമായി. ശൈത്വാന്‍ ശൈത്വാന്‍ എന്നു പറഞ്ഞുകൊണ്ട് അതില്‍ പ്രവേശിക്കാതെ ആ ശൈഖ് പുഴയരികിലൂടെ നടന്ന് ഒരാളുടെ വഞ്ചിയില്‍ മറുകര കടന്നു.

ഭൌതീകമായ സാദ്ധ്യതകള്‍ നിലനില്‍ക്കെ കുറുക്കുവഴികള്‍ക്കുവേണ്ടി അത്ഭുതപ്രവ൪ത്തികള്‍ ചെയ്യുന്നവരല്ല സൂഫികളും ഔലിയാക്കളും. ഇടുകുടുക്കേചോറുംകറിയും എന്നത് ഔലിയാക്കളുടെ രീതിയല്ല.

അല്ലാഹുവിനു വേണ്ടി എല്ലാം ഉപേക്ഷിക്കുന്നവരാണ് അവ൪. ഒരു കറാമത് സ്വീകരിക്കുന്ന വ്യക്തി അതില്‍ ആകൃഷ്ടനായി മാറുന്നുവെന്നും ആ കറാമത് അവരെ അല്ലാഹുവില്‍ നിന്നും അകറ്റുന്നുവെന്നും സൂഫികള്‍ വിശ്വസിക്കുന്നു.

Monday, April 14, 2014