Saturday, November 29, 2014

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്.

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്.
azeez ks
പരിശുദ്ധ ഖു൪ആനിലെ ചാപ്റ്റ൪ 17 ലെ മനോഹരമായ വരികളില്‍ ഒന്നാണിത്. മനുഷ്യനെ വളരെ ധാ൪മ്മികമായി ഉയ൪ത്തിയ ധാരാളം ഉപദേശങ്ങള്‍ അല്ലാഹു ഇതിലൂടെ നമുക്ക് തരുന്നു. ഈ ലോകത്തിലെ കോടാനുകോടി മുസ്ലിംകള്‍ ഹോളിഖുറാനിലെ ഈ ഉപദേശങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതം ക്രമപ്പെടുത്തി എന്നത് ഖു൪ആന്‍ സാധിച്ച വലിയ ഒരു വിപ്ലവമായി ഞാന്‍ കരുതുന്നു.

ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് നീ നിന്‍റെ സന്താനങ്ങളെ കൊല്ലരുത്.അത് മഹാപാപമാണ്. അല്ലാഹുവാണ് അവ൪ക്ക് ഭക്ഷണം നല്‍കുന്നത്. ഈ ഒരൊറ്റ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭ്രൂണഹത്യയില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത്.

നീ വ്യഭിചരിക്കരുത്. അത് അധാ൪മ്മികവും തിന്മയുമാകുന്നു. വ്യഭിചാരത്തില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത് പോലീസിനെ ഭയന്നോ എയ്ഡ്സിനെ ഭയന്നോ അല്ല, അല്ലാഹുവിന്‍റെ ഈ ശാസന അനുസരിച്ചാണ്.

ഒരു മനുഷ്യനേയും വധിക്കരുത്. അല്ലാഹു വിലക്കിയ ഒരു ആത്മാവിനേയും വധിക്കരുത്. ഇസ്ലാം ടെററിസ്റ്റുകളുടെ മതമാണെന്ന് പ്രചരിപ്പിക്കുന്നവ൪ക്ക് ഖു൪ആന്‍ തന്നെ നല്‍കുന്ന മറുപടിയാണിത്.

അനാഥകളുടെ സ്വത്ത് നീ അപഹരിക്കരുത്. അവ൪ പ്രായപൂ൪ത്തിയാകുന്നതുവരെ നീ അത് കൈകാര്യം ചെയ്യുക. പ്രായപൂ൪ത്തിയായാല്‍ അത് അവ൪ക്ക് തിരിച്ചുനല്‍കുക.

അളവിലും തൂക്കത്തിലും ഒരികലും നീ കുറക്കരുത്. നല്ല ത്രാസ് ഉപയോഗിക്കുക.

കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കരുത്.നിന്‍റെ കാഴ്ചയേയും അറിവിനേയും ഹൃദയത്തേയും അല്ലാഹു വിചാരണ ചെയ്യും...

തുടങ്ങിയ ഒട്ടനവധി വചനങ്ങള്‍ ഈ അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നു.

ഒരിക്കലും കടം വീട്ടാതിരിക്കുക എന്നതാണ് പുതിയ കാലത്തിന്‍റെ സാമ്പത്തിക നയം

azeez ks
ഉള്ളതുവച്ച് ജീവിക്കുവാന്‍ പഠിക്കണം. എന്‍റെ ബാപ്പ ( ബാപ്പയെക്കുറിച്ച് ആദ്യമായിട്ടാണ് ഞാനെഴുതുന്നതെന്നു തോന്നുന്നു) ഞങ്ങള്‍ മക്കളോടു എപ്പോഴും പറയുമായിരുന്നു. കോളേജില്‍ നിന്നുവന്ന് ആകെയുള്ള ഒരേയൊരു ഷ൪ട്ട് ദിവസവും കുത്തിത്തിരുമ്മിയിട്ടാണ് അടുത്ത ദിവസം ക്ലാസില്‍ പൊയ്ക്കൊണ്ടിരുന്നത്. വീട്ടില്‍ സ്വത്തില്ലാഞ്ഞിട്ടല്ല. ഭൂമിയും തെങ്ങും കവുങ്ങും ബാപ്പയ്ക്കുണ്ടായിരുന്നു.... കെട്ടുതെങ്ങ് പണയപ്പെടുത്തി അദ്ദേഹം പണം വാങ്ങില്ല. തേങ്ങ വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റും.

കടം വാങ്ങിക്കല്യാണം കഴിക്കരുത്. സ്ഥിരമായ ഒരു വരുമാനമില്ലെങ്കില്‍ ചിലവു വിട൪ത്തരുത്. മാങ്ങയുടെ വിത്തിന്‍റെ കശപ്പുമാറ്റി അരച്ചപ്പം തിന്നിരുന്ന കാലമായിരുന്നു അത്. മുറ്റത്തെ വെള്ളം കണ്ട് അണ്ടി കട്ടൂറാന്‍ വയ്ക്കരുത്. ബാപ്പയുടെ ഉപദേശങ്ങളായിരുന്നു ഇതൊക്കെ.

കടക്കാരന്‍ തടവുകാരനെപ്പോലെയാണ്; കടക്കാരന് നുണ പറയേണ്ടിവരും, അന്യായം പ്രവ൪ത്തിക്കേണ്ടിവരും, പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദ്ധ‌രിച്ച് അദ്ദേഹം പറയുമായിരുന്നു. രണ്ടേരണ്ടു ദിനാ൪ കടക്കാരനായിരുന്ന ഒരു വ്യക്തിയുടെ മയ്യിത്ത് നമസ്കാരം നമസ്കരിക്കാതെ പ്രവാചകന്‍ വിട്ടുനിന്നതും പിന്നീട് അബൂഖത്താദ എന്ന സഹാബി ആ കടം വീട്ടിയപ്പോള്‍ മയ്യിത്തിന്‍റെ പാപമോചനത്തിനുവേണ്ടി പ്രാ൪ത്ഥിച്ചതും എന്‍റെ ബാപ്പ ഞങ്ങളോടു പറയുമായിരുന്നു.

ബാപ്പ എത്ര പഴഞ്ചനായിരുന്നുവെന്നാണ് ഞാനോ൪ക്കുന്നത്. ആ ബാപ്പയുടെ മകന് പേഴ്സ് നിറയെ ക്രെഡിറ്റ് കാ൪ഡുകള്‍. ഒരു ശരാശരി കനേഡിയന്‍റെ, വീടു കടമില്ലാതെ,
കടമിതാണെന്ന് (
29635 ഡോള൪ )   TransUnion പുതിയ ത്രൈമാസിക പറയുന്നു.

ഒരിക്കലും കടം വീട്ടാതിരിക്കുക എന്നതാണ് പുതിയ കാലത്തിന്‍റെ സാമ്പത്തിക നയം. തീ൪ച്ചയായും കടത്തില്‍ മരിക്കുക എന്നത് വളരെ നല്ല കാര്യമായി ഞങ്ങള്‍ കരുതുന്നു. 67 ശതമാനം കനേഡിയന്മാ൪ക്കും താന്‍ മരിച്ചാല്‍ തന്‍റെ കടത്തിന് എന്തു സംഭവിക്കുമെന്നറിയില്ല. കടത്തില്‍ മരിക്കുന്നതില്‍ ദു:ഖമുണ്ടോ?, അവ൪ പറയും, എന്തിന് മരണപ്പെട്ടവ൪ക്ക് ദു:ഖമുണ്ടോ?

ജീവിതകാലം മുഴുവനും അവന്‍ അശാന്തിയില്‍ ജീവിച്ചുമരിക്കുന്നു. കടക്കെണിയിലാണ് എന്നാല്‍ മരണപ്പെട്ടിരിക്കുന്നുവെന്നാണ്. നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന യഥാ൪ത്ഥവരുമാനം നമുക്കുണ്ടാകില്ല. ഒരിടത്തുനിന്ന് ആയിരം വാങ്ങി മറ്റൊരിടത്ത് തിരിച്ചടച്ച്, മറ്റൊരിടത്തുനിന്ന് 1500 വാങ്ങി മൂന്നാമതൊരിടത്ത് തിരിച്ചടച്ച് ജീവിതം ഒരു ട്രപ്പീസ് കളിയായി മാറുന്നു.

പെട്ടെന്ന് ജോലി തെറിച്ചുപോയാല്‍, രോഗം വന്നാല്‍, വരവ് നിലച്ചാല്‍ കടം തിരിച്ചടക്കുവാന്‍ കഴിയാതാകുന്നു.അത് സ്പൈറല്‍ ആയി മാറുന്നു. കലഹങ്ങളായി. പോലീസ്സ്റ്റേഷന്‍, ജയില്‍, മാനസികരോഗം വിവാഹമോചനം ,കുട്ടികളുടെ ഗവണ്മെണ്ട് ഷെല്‍ട്ട൪...

എങ്ങിനെ ഇത്ര കടക്കാരനായി മാറി എന്ന് എല്ലാ കടക്കാരനും കടക്കെണിയില്‍ പെട്ടുകഴിയുമ്പോള്‍ ചോദിക്കുന്ന ചോദ്യമാണ്.മാളിലൂടെ നടക്കാനേ വയ്യ. പഞ്ചാരപ്പെണ്‍കുട്ടികള്‍ കൈകാട്ടി വിളിക്കുന്നു. ക്രെഡിറ്റ്കാ൪ഡിനുള്ള കടം പൂരിപ്പിക്കുവാന്‍.

"എനിക്ക് 50000 ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് ഉണ്ടല്ലോ."

"അതിനെന്താ, ഒരു ലിമിറ്റ് ഇരിക്കട്ടെ. എടുക്കേണ്ട. ആവശ്യമാണെങ്കില്‍ എടുത്താല്‍ മതി. ഒരു ഫീസുമില്ല. ഒരു ചിലവുമില്ല. ക്രെഡിറ്റ് കൂടുതല്‍ ഉള്ളവനാണ് ഇവിടെ വില."

പിന്നെ എന്തിനെടുക്കാതിരിക്കും. അതും വാങ്ങി. ബാങ്കുകള്‍, ക്രെഡിറ്റ് കാ൪ഡ് കമ്പനികള്‍, ലീസിങ് കമ്പനികള്‍, സ്വകാര്യ വായ്പക്കാ൪ എല്ലാം കടക്കമ്പോളം ( ഡെറ്റ് മാ൪ക്കറ്റ്, കടകളും കമ്പോളവുമല്ല) മത്സരിച്ചു കീഴടക്കുകയാണ്. ആയിരം ഡോള൪ വാങ്ങിയാല്‍ 30 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. 120 കൊല്ലത്തേക്ക് തിരിച്ചടവുകാലാവധി തരുന്ന കമ്പനികളുണ്ട്. 2 % അടച്ചാല്‍ മതി.

ആനന്ദത്തിന്‍റെ ഉറവിടം വസ്തുക്കളാണ് എന്നു നാം വിശ്വസിക്കുന്നു. ഒന്നുവാങ്ങുമ്പോള്‍ അടുത്തത്. പുതിയ വസ്തുക്കള്‍, പുതിയ സന്തോഷം. പിന്നേയും പുതിയ വസ്തുക്കള്‍, പുതിയ സന്തോഷം...സന്തോഷം തരുമെന്നു വിശ്വസിക്കുന്ന കുറെ ചവറുകള്‍ നാം വാങ്ങിക്കൂട്ടുന്നു. ഇതെല്ലാം കഴിയുമ്പോഴും ദു:ഖം ബാക്കി. എല്ലാം നിങ്ങള്‍ക്ക് പ്രാണവായുപോലെ ഒഴിവാക്കുവാന്‍ വയ്യാത്ത വസ്തുക്കളായി തോന്നുന്നു.കുറെ കമ്പൂട്ടറുകള്‍ , വിലകൂടിയ സ്റ്റീരിയൊ, പ്ലാസ്മ ടിവി, കാറുകള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, ഇട്ടിരിക്കുന്ന ഷൂസ്, കഴിക്കുന്ന ഭക്ഷണം, ബാ൪, നൈറ്റ്ക്ലബ്ബ്, എന്തിന് കാമാത്തിപ്പുരയില്‍ വരെ ക്രെഡിറ്റ് കാ൪ഡ് കൊടുത്തു നാം കാര്യം സാധിക്കുന്നു.

എങ്ങിനെ നാം കടക്കാരനാകാതിരിക്കും?
(രാത്രി 12 15 ആയി മതി . അടുത്ത ദിവസം തോന്നിയാല്‍ എഴുതാം
അതുവരെ നന്ദി നമസ്കാരം.)

Monday, November 24, 2014

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്
അസീസ് കെ എസ്

എല്ലാ ഹൈടെക് ആശുപത്രികളിലും മരണം കാത്തുകിടക്കുന്ന ഹോസ്പിസുകളിലും മരണം സംഭവിക്കുന്നത് വൈകീട്ട് അഞ്ചിനും ആറിനുമിടക്കാണെന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതെങ്ങിനെ സംഭവിക്കുന്നു? ജീവന്‍റെ സുപുലിംഗം അണഞ്ഞുപോകുന്നത് എല്ലാവരിലും ഈ സമയത്താകുന്നതെങ്ങിനെ?

കാരണം അതല്ല. പലരോഗികളും അവസാന സമയത്ത് ഓക്സിജന്‍ മാസ്കിലായിരിക്കും.ലൈഫ് സപ...
്പോ൪ട്ടില്‍ പലദിവസങ്ങള്‍ അവ൪ കഴിഞ്ഞുകൂടുന്നു.ഈ ലൈഫ് സപ്പോ൪ട്ട് ചിലവേറിയ ഏ൪പ്പാടാണ്.സ്വന്തമായ ഇന്‍ഷ്വറന്‍സ് ഉള്ളവരാണെങ്കില്‍ പ്രശ്നമില്ല.അതില്ലാത്തവരെ അധികം നാളുകള്‍ കിടത്തുന്നതെങ്ങിനെ, പ്രത്യേകിച്ച് അങ്ങിനെ കിടത്തിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡോക്റ്റ൪മാ൪ പറയുമ്പോള്‍?ഫാമിലി അംഗങ്ങള്‍ ജോലി കഴിഞ്ഞ്, തിരക്കുകഴിഞ്ഞ്, ആശുപത്രിയില്‍ വരുന്നത് സാധാരണ വൈകീട്ടാണ്.ഡോക്റ്റേസുമായി അവ൪ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ച൪ച്ചചെയ്യുന്നത് അപ്പോഴാണ്.ആ തീരുമാനത്തിന്‍റെ ഫലമാണ് ട്യൂബ് ഊരല്‍ നടക്കുന്നത്.

മരണം വൈകീട്ടാകുമ്പോള്‍ പ്ലാന്‍ ചെയ്യുവാന്‍ എളുപ്പമാണ്.ചില൪ ശനിയാഴചവരെ നീട്ടിക്കൊണ്ടുപോകാറുണ്ട്.ഈവന്‍റ് മാനേജേസിന്‍റെ ഒഴിവ്, ശവമടക്കുകേന്ദ്രത്തിന്‍റെ ഒഴിവ്, ശീതീകരണിയുടെ ഗ്യാപ് ഇവയൊക്കെ മരണം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമാകാറുണ്ട്.

എന്തുകേട്ടാലും മരവിപ്പ് നഷ്ടപ്പെട്ട നമ്മള്‍ക്ക് ഇതും ഒരു തമാശയാകുന്നുവോ?

ഞാന്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനെക്കാണുവാന്‍ അയാളുടെ അവസാന നാളുകളില്‍ അയാളുടെ വീടു സന്ദ൪ശിക്കുകയുണ്ടായി. പലപ്പോഴും ചെല്ലുമ്പോള്‍ ജോഗിംഗും ഓട്ടവുമൊക്കെ കഴിഞ്ഞ് ഉഷാറായി വന്നുനില്‍ക്കുന്ന ആ വ്യക്തിയുടെ അവസാനരംഗം അന്ന് എന്നെ ഏറെ ദു:ഖിപ്പിച്ചു.മലയാളിയാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാനഡയില്‍ കുടിയേറിയ ഒരു നല്ല മനുഷ്യന്‍. കാനഡയില്‍ ആരുമില്ലാതെ ലോസ്റ്റ് ആയിപ്പോയ എന്നെ കാനഡയില്‍ ആദ്യമായി സന്ദ൪ശിച്ചതും ബാങ്ക് അക്കൌണ്ട് തുടങ്ങുവാന്‍ സഹായിച്ചതും കോളകുടിച്ച് മൂന്നുനാളു കഴിച്ചുകൂട്ടിയ എന്നെ വീട്ടില്‍ കൊണ്ടുപോയി മലബാ൪ പത്തിരിയും കറിയും നല്‍‍കി ആശ്വസിപ്പിച്ചതും അദ്ദേഹമായിരുന്നു. ആദ്യ ഇമ്മിഗ്രന്‍റായെത്തിയ എന്നെ മലയാളികള്‍ താമസിക്കുന്നിടത്തേക്ക് കൊണ്ടുവന്ന് കൂട്ടം പിരിഞ്ഞുപോയ ദു:ഖം‍ എന്നില്‍ നിന്നകറ്റിയതും അദ്ദേഹമായിരുന്നു. ചാവക്കാടുകാരന്‍ മുഹമ്മദ് മ൪ച്ചന്‍റ് എന്ന ഒരു നല്ല മനുഷ്യന്‍.

മരണത്തെത്തടുക്കുന്ന പലജാതി യന്ത്രങ്ങള്‍കൊണ്ട് അദ്ദേഹത്തിന്‍റെ മുറി നിറഞ്ഞിരുന്നു.ആ യന്ത്രങ്ങളുടെ നടുക്ക് ഏകാന്തനായി ആ മനുഷ്യന്‍ കിടക്കുന്നു.കാണുകയാണോ കാണാതിരിക്കുകയാണോ എന്നറിയുവാന്‍ കഴിയാത്ത കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്നു.
പുതിയ ഇമ്മിഗ്രന്‍റായ എനിക്ക് ആ കാഴ്ച താങ്ങാനാകുന്നതിനപ്പുറമായിരുന്നു.

മരണത്തിന്‍റെ ടെക്നോളജി എന്നെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞു.
ഹൈടെക് ആശുപത്രിയിലെ ഐസിയുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കണ്ടത് ഒന്നുമല്ലെന്ന് Intensive Care: A Doctor's Journal എന്ന പുസ്തകത്തില്‍ ജോണ്‍ മുറെ എഴുതുന്നു.ഓരോ ഐസിയുവും ബാഹ്യാകാശപേടകത്തെ ഓ൪മ്മിപ്പിക്കുന്നു.സൂപ്പ൪ ഹൈടെക് സെറ്റിംഗ്സ്.ഭൂമിയുടെ മരണമുറിയില്‍ നിന്നും ആകാശത്തിലെ ദൈവഭവനത്തിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറായി നില്‍ക്കുന്ന സ്പേസ് വാഹനങ്ങളെപ്പോലെ.വേദനമാറ്റുന്ന യന്ത്രങ്ങള്‍, ശരീരസെന്‍സേഷന്‍ ഇല്ലാതാക്കുന്ന യന്ത്രങ്ങള്‍. ജീവന്‍നിലനി൪ത്തുന്ന യന്ത്രങ്ങള്‍ കൊണ്ട് ആദ്യം തുടങ്ങുന്നു.അത് ഒടുവില്‍ മരണവേദനയില്ലാതാക്കുന്ന യന്ത്രത്തിലവസാനിപ്പിക്കുന്നു.

ഡോക്റ്റ൪മാരും ടെക്നീഷ്യന്മാരും ശുശ്രൂഷിക്കുകയല്ല, മരണസംവിധാനം കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റ൪മാരായി മാറുന്നു.രോഗം മാറി വീട്ടിലേക്കുപോകുവാന്‍ ഇവിടെ ആരും വരാറില്ല. മരണത്തിലവസാനിക്കുന്ന രോഗങ്ങള്‍. അവയ്ക്കുവേണ്ടി സജ്ജരാക്കുന്ന സംവിധാനങ്ങള്‍.

യന്ത്രങ്ങളുടെ ചെറിയ ചെറിയ ശബ്ദങ്ങള്‍.പച്ചനിറത്തില്‍ കത്തി എല്ലാം ഒകെ എന്ന് അറിയിക്കുന്ന യന്ത്രങ്ങള്‍.ഇടക്ക് ചുവപ്പ് കയറിവരുമ്പോള്‍ കണ്‍റോള്‍ റൂമില്‍ നിന്നുതന്നെ നിരീക്ഷണം നടത്തി വേഗം അത് പച്ചയാക്കുവാന്‍ കഴിയുമെങ്കില്‍ പച്ചയാക്കുന്ന സംവിധാനങ്ങള്‍.

ഓക്സിജന്‍ മാസ്കിലൂടെ തുറിച്ചിരിക്കുന്ന മുഖം.ലിംഗം, പ്രായം അജ്ഞാതം.മമ്മി പോലുള്ള ചലനമറ്റ രോഗികള്‍. പാതിമനുഷ്യ൪,പാതിയന്ത്രം.തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍.മൂക്കിലൂടേയും വായിലൂടേയും നെഞ്ചിലൂടേയും പുറത്തേക്കുവരുന്ന വയറുകള്‍ ഭിത്തിയിലെ ടെലിവിഷന്‍ മോണിറ്ററിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.ഹൃദയം ഇപ്പോഴും മിടിക്കുന്നുവെന്നറിയിക്കുന്ന, രക്തം ചലിക്കുന്നുവെന്നറിയിക്കുന്ന ഫ്ലാഷ് ലൈറ്റുകള്‍.

ഈ ലൈറ്റുകളല്ലാതെ ജീവന്‍റെ മറ്റൊരടയാളവുമില്ല.

എല്ലാം കഴിഞ്ഞ് എല്ലാവരുടേയും ഒഴിവുനോക്കി മരണമെന്ന അവസ്ഥപ്രാപിച്ച് അയാള്‍ ഭൂമിയിലെ യാത്രയവസാനിപ്പിക്കുന്നു.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്, കേട്ടോ.
കൌമുദിയുടെ നമ്പൂരിക്കൊട്ട്
azeez ks
കേരള കൌമുദിക്കാ൪ നമ്പൂരിമാരെ തല്ലാന്‍വേണ്ടിയാണ് ശബരിമല ശാന്തിയെക്കുറിച്ച് എഴുതിയിരിക്കുന്നത്. മേല്‍ശാന്തി എന്നാല്‍ കോടിക്കണക്കിന് വരുമാനമാണ്. നമ്പൂരിമാ൪ക്ക് മാത്രമാണ് അതിന് അ൪ഹത. ഇതെന്ത് ന്യായം, കൌമുദി ഖേദിക്കുന്നു. ആര് കേട്ടാലും ഒന്ന് ചൊടിച്ചുപോകും.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ വളരെ കുറഞ്ഞ ശമ്പളത്തിന് ശാന്തിപ്പണി ചെയ്യുന്നവരാണ് നമ്പൂരിമാ൪. ജാതിആചാരത്തിന്‍റെ ഭാഗമായിട്ടാണ് ശബരിമലയുടെ മേല്‍ശാന്തിയായി അവ൪ വരുന്നത്. എല്ലാ നമ്പൂരിമാ൪ക്കും അത് പറ്റുകയും ഇല്ല. കണ്ഠരര് വിഭാഗക്കാരാണ് അവ൪.
അതിലെന്താണ് തെറ്റ്. കോടിക്കണക്കിന് വരുമാനമുണ്ടാക്കാനാണോ ഈ നമ്പൂരിമാ൪ വരുന്നത്. ബാറ് നടത്തുവാന്‍ നമ്പൂരിക്ക് കഴിയില്ലല്ലോ. ബാറ് നടത്തുന്നവനും സ്വ൪ണ്ണം കച്ചവടം ചെയ്യുന്നവനുമൊക്കെ എത്രയോ ഉണ്ടാക്കുന്നു.
ആചാരപ്രകാരമാണ് ശാന്തിമാരെ നിയമിക്കുന്നത്. ഈഴവനേയോ ദളിതനേയോ സ്ത്രീനമ്പൂരിശാന്തിക്കാരിയേയോ അവിടെ നിയമിക്കണമെന്ന് പറയുന്നത് ആചാരം അറിയാത്തത് കൊണ്ടാണ്. ദളിതരും ശ്രീനാരായണീയരും അവരുടെ ക്ഷേത്രങ്ങള്‍ പണിയട്ടെ. അവരുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കട്ടെ. ദളിതരെ തന്നെ ശാന്തിക്കാരാക്കട്ടെ. അതാണ് ചെയ്യേണ്ടത്.
ശബരിമലയില്‍ ഒരു ദളിത് ശാന്തിക്കാരന്‍ വന്നാല്‍ ദളിതുകള്‍ തന്നെ അവിടെ കെട്ടുനിറച്ച് മലചവിട്ടുമോ? അത് ദളിതനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല, ആചാരത്തിനെതിരായതുകൊണ്ടാണ്. അമ്പലവും ദൈവവുമൊക്കെ ഒരു വിശ്വാസ സ്ഥാപനങ്ങളാണല്ലോ, അത് ജനാധിപത്യവോട്ടിന് വിധേയമാകേണ്ടതല്ല.
ആരെങ്കിലും കെട്ടുനിറച്ച് മലക്ക് പോകുന്നെങ്കില്‍ അവിടെ കുത്തിത്തിരുപ്പുണ്ടാക്കുവാന്‍ കുറെ ഫേസ്ബുക്കുകാരും. ഇവന്മാരൊക്കെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ബലിക൪മ്മത്തിന് ഒരു ദളിതനെ വിളിക്കുമോ? എന്തേ വിളിക്കുന്നില്ല. മന്ത്രം പഠിപ്പിച്ച് അത് ദലിതനെക്കൊണ്ട് ചൊല്ലിച്ചാല്‍ പോരെ. എന്തിനാണ് ഇളയതിനെ വിളിക്കുന്നത്. എന്നിട്ട് ഇളയതിന് എത്രയാ കാശ് എന്ന് പറയുന്നതെന്തിനാണ്.
മസ്ജിദ്- ക്ഷേത്ര ജോലിക്കാ൪ക്കൊക്കെ ശമ്പളം കുറവാണ്. കഴിഞ്ഞ ദിവസം ഒരു പള്ളിയില്‍ നിസ്കരിക്കുവാന്‍ ചെന്നപ്പോള്‍ പ്രമാണിമാരായ കമ്മിറ്റിക്കാ൪ മുസ്ല്യാരെ ചീത്ത പറയുന്നു. അയാള്‍ക്ക് ഒരു ദിവസമാണ് ലീവ്. രണ്ടുദിവസമായിട്ടും കാണുന്നില്ലത്രേ. 1984 ല്‍ പള്ളിയില്‍ വന്ന ഉസ്താദാണ്. ലക്ഷക്കണക്കിന് ഉറുപ്പിക വരവുള്ളവരാണ് കമ്മിറ്റിക്കാ൪ പ്രമാണിമാ൪. മുപ്പത് വ൪ഷം സേവനം ചെയ്ത ഉസ്താദിന് അവ൪ കൊടുക്കുന്ന ശമ്പളം ഇപ്പോള്‍ 7000 രൂപയാണ്. പിന്നെ ചോറും കൊടുക്കുമത്രേ.
മലബാറുകാരനായ ആ ഉസ്താദിന് ഭാര്യയും മക്കളുമുണ്ട്. മക്കളെ പഠിപ്പിക്കണം. ഭാര്യയ്ക്ക് വസ്ത്രം വാങ്ങിക്കൊടുക്കണം, ഒരു വീടുവേണം, ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വീട്ടില്‍ പോയി മക്കളുടെ കാര്യങ്ങള്‍ നോക്കണം. ആകെ തുക 7000. വല്ല ദീനം പിടിച്ചാല്‍ പറയുകയും വേണ്ട. ഇപ്പോള്‍ തന്നെ ആ ഉസ്താദ് നാട്ടില്‍ പോയത് നട്ടെല്ലിന് വേദനയായിട്ട് സ്കാന്‍ ചെയ്യുവാനാണ്. പാവം ഉസ്താദ്.
മൊല്ലാക്കക്ക് കൊടുക്കുന്നത് 2000- 3000 രൂപയാണ് മാസം. പള്ളി മിംബറില്‍ കയറിനിന്ന് പ്രസംഗിച്ച് മഹല്ലുവിശ്വാസികളെ നന്നാക്കിയെടുക്കുന്ന ജോലിയാണ് ഈ ഉസ്താദിന്. കണക്കുപറഞ്ഞാണ് കാക്കമാ൪ മകന്‍റെ വിവാഹത്തിന് സ്വ൪ണ്ണം വാങ്ങുന്നത്. ഹറാമായ കാശ് കൊണ്ടാണ് കാക്കമാ൪ ഹജ്ജിന് പോകുന്നത്. തിന്നുന്നത് . കൊടുക്കുന്നത്. അതിനെയൊക്കെ ഈ ഉസ്താദ് ചോദ്യം ചെയ്താല്‍ പണി തെറിച്ചതുതന്നെ. പാവങ്ങളായ മുസ്ലിംകള്‍ക്ക് പള്ളിയില്‍ പോലും ന്യായം കിട്ടുമോ. ആര് പറയും അവ൪ക്കുവേണ്ടി. അല്ലാഹ് കഷ്ടം തന്നെ .

Monday, November 10, 2014

ആട്

ഒരു അയ്യപ്പന്‍ കവിത‌
azeez ks
( കണ്ണില്‍ കരുണയും നനവുമുള്ള മിശിഹായായും ആ൪ദ്രതയുള്ള സ്നേഹമായും ഇടക്കിടെ എന്‍റെ ഓ൪മ്മകളിലൂടെ കടന്നുപോകുന്ന ബിനോയ് കെ ജോസഫിന് സമ൪പ്പണം.)
കാവ്യസന്ധ്യ കാല്‍ഗറി രൂപപ്പെടുവാനുണ്ടായ ഒരു കാരണം എ അയ്യപ്പന്‍റെ മരണമായിരുന്നുവല്ലോ. അയ്യപ്പനോ൪മ്മകള്‍ അയവിറക്കിയാണ് ബിനോയ് കവിത ചൊല്ലാറ് തന്നെ. വാരികളില്‍ വന്നിട്ടില്ലാത്ത ഒരു അയ്യപ്പന്‍ കവിത ഞാനിവിടെ കുറിക്കുന്നു
ആട്
A Ayyappan
എന്‍റെ ആടിന്
ഐരാവതമെന്ന പേ൪
എന്‍റെ അജത്തിനും
സ്വ൪ഗ്ഗത്തിലെ ഗജത്തിനും
ധവളവ൪ണ്ണം
എന്‍റെ ആടിന്
വെള്ളത്തോലുടുപ്പ്
വ൪ണ്ണത്തിന്
അജഗജാന്തരമെന്ന ചൊല്ലില്‍
ഇടമില്ല‌
മക്കളില്ലാത്തവന്‍ ഞാന്‍
ആടെനിക്കു മകന്‍
പച്ചക്കാടുകളും
ഒറ്റയാനായ ഞാനുമാണ്
അവന്
ആശ്രയങ്ങള്‍‍
ഗ്രാമം വിട്ട് പോകേണ്ടിവന്നപ്പോള്‍
ആടിനെ
അയല്‍ക്കാരന്‍ കുഞ്ഞാലിക്കു കൊടുത്തു
ഏറെനാള്‍ കഴിഞ്ഞ് കൂരയിലെത്തി
കുഞ്ഞാലിയുടെ മകന്‍ അബ്ബു
ഗള്‍ഫില്‍ നിന്നും വന്നിരിക്കുന്നു
അബ്ദു എനിക്കൊരു സ്വ൪ണ്ണപ്പേന തന്നു
ഞാന്‍ ആടിനെ തലോടി
കിടക്കയിലേക്ക് പോയി
വെളുപ്പിന് അബ്ദു വന്നു
കൈയിലെ കിണ്ണം തന്നു
ഞാന്‍ സ്നേഹത്താല്‍ സസ്യഭുക്ക്
അബ്ദു നി൪ബന്ധിച്ചു
കുറച്ചെടുത്തു
അബ്ദുവും കൂടി
എന്‍റെ ചോരയുടെ രുചി
എന്‍റെ മാംസത്തിന്‍റെ ഗന്ധം
അശരീരിയില്‍
പരിചിതമായ കരച്ചില്‍
അബ്ദുവിനോടു ചോദിച്ചു
ഐരാവതമെവിടെ
അബ്ദു ഇറച്ചിച്ചിരിയോടെ പറഞ്ഞു
അതാണിപ്പോള്‍ തിന്നുതീ൪ത്തത്
-------
ഇന്ന് , എന്നത്തേയും പോലെ ,എറണാകുളത്ത് നിന്നു.
സമയം കൊല്ലുവാന്‍ എറണാകുളത്ത് ഞാന്‍ പറ്റിനില്‍ക്കുന്ന ഒരു സ്ഥലമുണ്ട്. ഒയാസിസ് ലോഡ്ജിനടുത്ത്.
ഇതിലെ ഒരു കുടുസ്സായ മുറിയില്‍ വാടകയില്ലാതെ കുറെ നാള്‍ അയ്യപ്പന്‍ താമസിച്ചിരുന്നു. . ഒരു സെക്യുരിറ്റിക്കാരനെ നിയമിക്കുവാന്‍ കഴിവില്ലാത്ത ലോഡ്ജുകാരന്‍ വെള്ളം പിടിച്ചുവയ്ക്കുവാനും കത്തികിടക്കുന്ന ലൈറ്റ് കിടത്തുവാനും കണ്ട ഒരാളായിരുന്നു അയ്യപ്പന്‍.
അയ്യപ്പന്‍റെ ക്വാളിഫിക്കേഷന്‍ രാത്രി ഉറക്കമില്ലാത്ത ആള്‍ എന്നത്. എങ്കിലും വെള്ളമുണ്ടായിരുന്നില്ല എന്ന താമസക്കാരുടെ ചീത്ത മുതലാളി വഴി അയ്യപ്പനു കിട്ടിയിട്ടുണ്ട്. കുടുസ്സായ മുറി. കാഡ് ബോഡാണ് മെത്ത. ആ കാ൪ഡ് ബോഡില്‍ തന്നെയാണ് തീപ്പെട്ടി ഉരച്ച് ആ ചെറിയ വെട്ടത്തില്‍ തലയിലേക്കിരച്ചുവന്നിരുന്ന തീഷ്ണമായ വരികള്‍കുറിച്ചുവയ്ക്കുന്നതും.
മറ്റൊരാളും കൂടി ഒരിക്കല്‍ ആ മുറി പങ്കുവയ്ക്കുവാനെത്തി. ജോണ്‍. അയ്യപ്പന്‍റെ സുഹൃത്തായ സെബാസ്റ്റ്യന്‍ ഒരിക്കല്‍ എവിടെയോ എഴുതിയതോ൪ക്കുന്നു. മൂന്നുപേരും കൂടി രാത്രി പുറത്തിറങ്ങി. ചാരായഷാപ്പാണ് ലക്ഷ്യം. സെബാസ്റ്റ്യന്‍ അന്ന് 15 വയസ്സ് മാത്രം. അവന് ഒരു താറാമുട്ട വാങ്ങിക്കൊടുത്തു പുറത്ത് നി൪ത്തി. രണ്ടുപേരും ഒരു ചെറുതടിച്ചു. പക്ഷേ കാശില്ല. സെബാസ്റ്റ്യന്‍റെ പോക്കറ്റില്‍ എന്തോ ഉള്ളത് അവ൪ക്കറിയാം. കുട്ടിയുടെ പക്കല്‍ നിന്നും ഓസുന്നതെങ്ങിനെയെന്ന് കരുതി അവ൪ സെബാസ്റ്റ്യനെ സമാധാനിപ്പിച്ചു : നിന്‍റെ സൌജന്യം വേണ്ട. ഇത് കടമായിട്ട് എഴുതിക്കോ
അങ്ങിനെ എത്രയെത്ര കടങ്ങള്‍. വീടാക്കടങ്ങ്വള്‍ ഇങ്ങോട്ടുമങ്ങോട്ടും
തിരികെ പോരുമ്പോള്‍ റെയില്‍വെസ്റ്റേഷനിലെ തൂക്കുയന്ത്രത്തില്‍ കയറി. ഒരു നാണയമേയുള്ളൂ. മൂന്നുപേരും കൂടി കയറി. ആദ്യം ജോണിറങ്ങി. പിന്നെ അയ്യപ്പന്‍. കുറക്കലും കൂട്ടലുമറിയാവുന്ന സെബാസ്റ്റ്യന്‍ ഓരോരുത്തരുടേയും ഭാരം കണ്ടെത്തി. ജോണ്‍ 45 കിലൊ. അയ്യപ്പന്‍ 40. സെബാസ്റ്റ്യന്‍ 60. ജോണ്‍ പറഞ്ഞു : ഞാനും അയ്യപ്പനും അകത്താക്കുന്നത് ബുദ്ധിയായിപ്പോകുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഭാരക്കുറവ്. നീ കഴിക്കുന്നത് ബുദ്ധിയാകാതെ മേദസ്സായി മാറുന്നു.
ആലുവായില്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഏറെ നാള്‍ അയ്യപ്പനെ നോക്കിയത് സിഐടിയു ചുമട്ടുകാരായിരുന്നു. പിന്നെ നേമത്തേക്കു പോയി. അയ്യപ്പനയച്ച ഒരു കത്ത് സെബാസ്റ്റ്യന്‍ ഇപ്പോഴും സൂക്ഷിക്കുന്നു;
പ്രിയപ്പെട്ട സെബാസ്റ്റ്യന്‍
മുണ്ഡനം ചെയ്ത തലകണക്കെ എന്‍റെ മുടി മുറിച്ചുകളഞ്ഞു. അന്ന് കണ്ടതിലും ശരീരം പകുതിയായി. ഇവിടം വിട്ട് എത്രയും ദൂരം പോകണമെന്നുണ്ട്. എന്നിട്ടും വയ്യ.
ഞാന്‍ തീരെക്കിടപ്പിലായിരുന്നു. ഞാനും മരണവുമായുള്ള ഒരു സംഗമേചഛ കൂടിയായിരുന്നുവെന്ന് പറയാം. നേരിയ നെഞ്ചുവേദനയായിരുന്നു.
കണ്ണുതുറന്നത് ജനറല്‍ ആശുപത്രി വാ൪ഡിലും
ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി.
മുടിമുളയ്ക്കുന്നു. ശ്മ്ശ്രുക്കള്‍ വളരുന്നു. സദാ കണ്ണട. പേന പുസ്തകം. ഇതൊക്കെ എനിക്ക് ജീവിതം തരുന്ന വിഭവവേളയാണ്. വളരെയേറെ എന്‍റെ മരണത്തിനെക്കുറിച്ചെഴുതണമെന്നുണ്ട്
അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തെക്കുറിച്ച്. കഴിയുന്നില്ല.
ഈ വരുന്ന 25 ന് ഞാന്‍ വരും
വൈകീട്ട് കൊടുങ്ങല്ലൂ൪ ക്ഷേത്രത്തിലെ ആല്‍ത്തറയിലിരിക്കും.
ആ വഴി ഞാന്‍ കോഴിക്കോട്ടേക്ക് പോകും
ആ വഴിക്ക് ... ആ വഴിക്ക്...
നിന്റെ സ്വന്തം അയ്യപ്പന്‍

Wednesday, November 5, 2014

ഒരു വെള്ളിയാഴ്ച‌ ചിന്ത‌

azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. 
വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.

12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.

സ്ഥലവും കാലവും വെറും മായകളെന്ന് ഭഗവാന്‍ പറയുന്നു. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍

ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.

വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. 
ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.