Monday, November 10, 2014

ആട്

ഒരു അയ്യപ്പന്‍ കവിത‌
azeez ks
( കണ്ണില്‍ കരുണയും നനവുമുള്ള മിശിഹായായും ആ൪ദ്രതയുള്ള സ്നേഹമായും ഇടക്കിടെ എന്‍റെ ഓ൪മ്മകളിലൂടെ കടന്നുപോകുന്ന ബിനോയ് കെ ജോസഫിന് സമ൪പ്പണം.)
കാവ്യസന്ധ്യ കാല്‍ഗറി രൂപപ്പെടുവാനുണ്ടായ ഒരു കാരണം എ അയ്യപ്പന്‍റെ മരണമായിരുന്നുവല്ലോ. അയ്യപ്പനോ൪മ്മകള്‍ അയവിറക്കിയാണ് ബിനോയ് കവിത ചൊല്ലാറ് തന്നെ. വാരികളില്‍ വന്നിട്ടില്ലാത്ത ഒരു അയ്യപ്പന്‍ കവിത ഞാനിവിടെ കുറിക്കുന്നു
ആട്
A Ayyappan
എന്‍റെ ആടിന്
ഐരാവതമെന്ന പേ൪
എന്‍റെ അജത്തിനും
സ്വ൪ഗ്ഗത്തിലെ ഗജത്തിനും
ധവളവ൪ണ്ണം
എന്‍റെ ആടിന്
വെള്ളത്തോലുടുപ്പ്
വ൪ണ്ണത്തിന്
അജഗജാന്തരമെന്ന ചൊല്ലില്‍
ഇടമില്ല‌
മക്കളില്ലാത്തവന്‍ ഞാന്‍
ആടെനിക്കു മകന്‍
പച്ചക്കാടുകളും
ഒറ്റയാനായ ഞാനുമാണ്
അവന്
ആശ്രയങ്ങള്‍‍
ഗ്രാമം വിട്ട് പോകേണ്ടിവന്നപ്പോള്‍
ആടിനെ
അയല്‍ക്കാരന്‍ കുഞ്ഞാലിക്കു കൊടുത്തു
ഏറെനാള്‍ കഴിഞ്ഞ് കൂരയിലെത്തി
കുഞ്ഞാലിയുടെ മകന്‍ അബ്ബു
ഗള്‍ഫില്‍ നിന്നും വന്നിരിക്കുന്നു
അബ്ദു എനിക്കൊരു സ്വ൪ണ്ണപ്പേന തന്നു
ഞാന്‍ ആടിനെ തലോടി
കിടക്കയിലേക്ക് പോയി
വെളുപ്പിന് അബ്ദു വന്നു
കൈയിലെ കിണ്ണം തന്നു
ഞാന്‍ സ്നേഹത്താല്‍ സസ്യഭുക്ക്
അബ്ദു നി൪ബന്ധിച്ചു
കുറച്ചെടുത്തു
അബ്ദുവും കൂടി
എന്‍റെ ചോരയുടെ രുചി
എന്‍റെ മാംസത്തിന്‍റെ ഗന്ധം
അശരീരിയില്‍
പരിചിതമായ കരച്ചില്‍
അബ്ദുവിനോടു ചോദിച്ചു
ഐരാവതമെവിടെ
അബ്ദു ഇറച്ചിച്ചിരിയോടെ പറഞ്ഞു
അതാണിപ്പോള്‍ തിന്നുതീ൪ത്തത്
-------
ഇന്ന് , എന്നത്തേയും പോലെ ,എറണാകുളത്ത് നിന്നു.
സമയം കൊല്ലുവാന്‍ എറണാകുളത്ത് ഞാന്‍ പറ്റിനില്‍ക്കുന്ന ഒരു സ്ഥലമുണ്ട്. ഒയാസിസ് ലോഡ്ജിനടുത്ത്.
ഇതിലെ ഒരു കുടുസ്സായ മുറിയില്‍ വാടകയില്ലാതെ കുറെ നാള്‍ അയ്യപ്പന്‍ താമസിച്ചിരുന്നു. . ഒരു സെക്യുരിറ്റിക്കാരനെ നിയമിക്കുവാന്‍ കഴിവില്ലാത്ത ലോഡ്ജുകാരന്‍ വെള്ളം പിടിച്ചുവയ്ക്കുവാനും കത്തികിടക്കുന്ന ലൈറ്റ് കിടത്തുവാനും കണ്ട ഒരാളായിരുന്നു അയ്യപ്പന്‍.
അയ്യപ്പന്‍റെ ക്വാളിഫിക്കേഷന്‍ രാത്രി ഉറക്കമില്ലാത്ത ആള്‍ എന്നത്. എങ്കിലും വെള്ളമുണ്ടായിരുന്നില്ല എന്ന താമസക്കാരുടെ ചീത്ത മുതലാളി വഴി അയ്യപ്പനു കിട്ടിയിട്ടുണ്ട്. കുടുസ്സായ മുറി. കാഡ് ബോഡാണ് മെത്ത. ആ കാ൪ഡ് ബോഡില്‍ തന്നെയാണ് തീപ്പെട്ടി ഉരച്ച് ആ ചെറിയ വെട്ടത്തില്‍ തലയിലേക്കിരച്ചുവന്നിരുന്ന തീഷ്ണമായ വരികള്‍കുറിച്ചുവയ്ക്കുന്നതും.
മറ്റൊരാളും കൂടി ഒരിക്കല്‍ ആ മുറി പങ്കുവയ്ക്കുവാനെത്തി. ജോണ്‍. അയ്യപ്പന്‍റെ സുഹൃത്തായ സെബാസ്റ്റ്യന്‍ ഒരിക്കല്‍ എവിടെയോ എഴുതിയതോ൪ക്കുന്നു. മൂന്നുപേരും കൂടി രാത്രി പുറത്തിറങ്ങി. ചാരായഷാപ്പാണ് ലക്ഷ്യം. സെബാസ്റ്റ്യന്‍ അന്ന് 15 വയസ്സ് മാത്രം. അവന് ഒരു താറാമുട്ട വാങ്ങിക്കൊടുത്തു പുറത്ത് നി൪ത്തി. രണ്ടുപേരും ഒരു ചെറുതടിച്ചു. പക്ഷേ കാശില്ല. സെബാസ്റ്റ്യന്‍റെ പോക്കറ്റില്‍ എന്തോ ഉള്ളത് അവ൪ക്കറിയാം. കുട്ടിയുടെ പക്കല്‍ നിന്നും ഓസുന്നതെങ്ങിനെയെന്ന് കരുതി അവ൪ സെബാസ്റ്റ്യനെ സമാധാനിപ്പിച്ചു : നിന്‍റെ സൌജന്യം വേണ്ട. ഇത് കടമായിട്ട് എഴുതിക്കോ
അങ്ങിനെ എത്രയെത്ര കടങ്ങള്‍. വീടാക്കടങ്ങ്വള്‍ ഇങ്ങോട്ടുമങ്ങോട്ടും
തിരികെ പോരുമ്പോള്‍ റെയില്‍വെസ്റ്റേഷനിലെ തൂക്കുയന്ത്രത്തില്‍ കയറി. ഒരു നാണയമേയുള്ളൂ. മൂന്നുപേരും കൂടി കയറി. ആദ്യം ജോണിറങ്ങി. പിന്നെ അയ്യപ്പന്‍. കുറക്കലും കൂട്ടലുമറിയാവുന്ന സെബാസ്റ്റ്യന്‍ ഓരോരുത്തരുടേയും ഭാരം കണ്ടെത്തി. ജോണ്‍ 45 കിലൊ. അയ്യപ്പന്‍ 40. സെബാസ്റ്റ്യന്‍ 60. ജോണ്‍ പറഞ്ഞു : ഞാനും അയ്യപ്പനും അകത്താക്കുന്നത് ബുദ്ധിയായിപ്പോകുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഭാരക്കുറവ്. നീ കഴിക്കുന്നത് ബുദ്ധിയാകാതെ മേദസ്സായി മാറുന്നു.
ആലുവായില്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഏറെ നാള്‍ അയ്യപ്പനെ നോക്കിയത് സിഐടിയു ചുമട്ടുകാരായിരുന്നു. പിന്നെ നേമത്തേക്കു പോയി. അയ്യപ്പനയച്ച ഒരു കത്ത് സെബാസ്റ്റ്യന്‍ ഇപ്പോഴും സൂക്ഷിക്കുന്നു;
പ്രിയപ്പെട്ട സെബാസ്റ്റ്യന്‍
മുണ്ഡനം ചെയ്ത തലകണക്കെ എന്‍റെ മുടി മുറിച്ചുകളഞ്ഞു. അന്ന് കണ്ടതിലും ശരീരം പകുതിയായി. ഇവിടം വിട്ട് എത്രയും ദൂരം പോകണമെന്നുണ്ട്. എന്നിട്ടും വയ്യ.
ഞാന്‍ തീരെക്കിടപ്പിലായിരുന്നു. ഞാനും മരണവുമായുള്ള ഒരു സംഗമേചഛ കൂടിയായിരുന്നുവെന്ന് പറയാം. നേരിയ നെഞ്ചുവേദനയായിരുന്നു.
കണ്ണുതുറന്നത് ജനറല്‍ ആശുപത്രി വാ൪ഡിലും
ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി.
മുടിമുളയ്ക്കുന്നു. ശ്മ്ശ്രുക്കള്‍ വളരുന്നു. സദാ കണ്ണട. പേന പുസ്തകം. ഇതൊക്കെ എനിക്ക് ജീവിതം തരുന്ന വിഭവവേളയാണ്. വളരെയേറെ എന്‍റെ മരണത്തിനെക്കുറിച്ചെഴുതണമെന്നുണ്ട്
അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തെക്കുറിച്ച്. കഴിയുന്നില്ല.
ഈ വരുന്ന 25 ന് ഞാന്‍ വരും
വൈകീട്ട് കൊടുങ്ങല്ലൂ൪ ക്ഷേത്രത്തിലെ ആല്‍ത്തറയിലിരിക്കും.
ആ വഴി ഞാന്‍ കോഴിക്കോട്ടേക്ക് പോകും
ആ വഴിക്ക് ... ആ വഴിക്ക്...
നിന്റെ സ്വന്തം അയ്യപ്പന്‍