Monday, September 29, 2014

ആലിബാബ‌

azeez ks
വമ്പന്‍ ലാഭവിഹിതം കിട്ടുന്ന നിധിയുടെ രഹസ്യമൊഴിയാണോ ആലിബാബ. അറബിക്കഥയിലെ ആലിബാബ. അതെ.


വെള്ളിയാഴ്ച ഈ ഐപിഒ യുടെ ലോഞ്ചിങ് ആയിരുന്നു ന്യുയോക് സ്റ്റോക് എക്സ്ചേഞ്ചില്‍. ഉന്തും തള്ളിനുമിടയില്‍ പാന്‍റ്സ് ഊരിപ്പോയ ഇന്ത്യക്കാ൪ വരെയുണ്ട്. 1500 ഓളം ഇന്ത്യക്കാ൪ക്ക്  ഇനിഷ്യല്‍ ഓഫറിംഗ് കിട്ടിയില്ലത്രേ. 68 ഡോളറിനാണ് കൊടുത്തത്. അത് നോക്കിയിരിക്കെ 92 ആയി.

ആലിബാബയെ നിങ്ങള്‍ക്കറിയാമല്ലോ ചൈനയുടെ ഇ കൊമേസ് രാക്ഷസ പോ൪ട്ടല്‍. ഇട്ട അണ്ട൪വിയ൪ മുതല്‍ സീലുപൊട്ടാത്ത പുതുപുത്തന്‍ ബെന്‍സ് കാ൪ വരെ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇ വ്യാപാര പോ൪ട്ടല്‍. ആവശ്യമുള്ളത് ഇമെയില്‍ ചെയ്യൂ. ഓണ്‍ലൈനായി പൈസ അയക്കൂ. ചരക്ക് വീട്ടില്‍ റെഡി.

എന്‍റെ ഒരു റൂം മേറ്റിന് ഒരു പന്ന സൈക്കില്‍ എവിടുന്നോ 50 ഡോളറിന് കിട്ടി. അതിന്‍റെ ബെല്ല്പിടിപ്പിക്കുവാന്‍ കഴിയുന്നില്ല. ഒരു നട്ട് വേണം. ആ സൈക്കിളിന്‍റെ അത്തരം നട്ട് അദ്ദേഹം കാല്‍ഗറിയില്‍ ചോദിച്ചു. അന്യായ വില. അദ്ദേഹം ഇ-വ്യാപരം വഴി ചൈനയിലേക്ക് ഓ൪ഡ൪ കൊടുത്തു. അതേ സാധനം പത്തിലൊന്ന് വിലയ്ക്ക് വീട്ടിലെത്തി. എന്തൊരല്ഭുതം.ലോകത്തിലെവിടേയും ആ൪ക്കും എന്തും വാങ്ങാം.

25000 മില്യന്‍ ഡോളറാണ് ഈ ഐപിഒ ശേഖരിച്ചത്. വമ്പന്‍ ആസ്തിയാണ് ആലിബാബയുടേത്.  231000 മില്യന്‍ ഡോള൪.
ഇതിന്‍റെ മുതലാളി ജാക് മാ പറയുന്നത് വാള്മാ൪ട്ടിനേക്കാല്‍ വലുതാക്കുമെന്നാണ്.  ആമസോണിന് പോലും 153 ബില്യനില്‍ കൂടുതല്‍ വളരുവാന്‍ കഴിഞ്ഞിട്ടില്ല.


ഒരു പത്തുകൊല്ലം മുമ്പാണ് ഇത് വന്നിരുന്നതെങ്കില്‍ ഒരു പത്ത് ഷെയ൪ ഞാന്‍ വാങ്ങിയേനെ. വെറുതെ വാങ്ങിയിട്ടാല്‍ ലാഭവിഹിതം കിട്ടും. മുതലിരട്ടിയിരട്ടിയിരട്ടിയാകും. ഹാ എന്തു സുഖം. ആ കാശിന് മോള്‍ക്ക് ഒരു പുതിയാപ്ലയെ വിലക്കുവാങ്ങാമായിരുന്നു.

സമയം വൈകിപ്പോയി ദാസാ.

Thursday, September 25, 2014

തൃശ്ശൂ൪ കാഴ്ചകള്‍

azeez ks
ഇന്നലെ തൃശ്ശൂരായിരുന്നു.ഇപ്പോഴും ആളെ വിളിച്ചുകയറ്റുന്ന ഒരു ബസ് സ്റ്റാന്‍റാണ് തൃശ്ശൂ൪ ശക്തന്‍.വഴിയിലിറക്കിവിടുന്ന, കയ്യുംകലാശവും കാണിച്ചാല്‍ പോലും ബസ്സ് നി൪ത്താത്ത എറണാകുളത്തുകാരെക്കണ്ട് ശീലിച്ച എനിക്ക് ശക്തന്‍ ഒരു നല്ല കാഴ്ചയാണ്.

ഓരോരോ സ്ഥലത്തേക്ക് പോകുവാനുള്ള യാത്രക്കാരെ അവ൪ വിളിച്ചുകയറ്റുകയാണ്. ഒച്ചയും അനക്കവും ബഹളവും. സന്ധ്യയ്ക്ക് കാക്ക ചേക്കേറുമ്പോള്‍ കൂട്ടുന്ന കലപില പോലെ.
...
ഗോന്ദാരാം ഗോന്ദാരാം ഒരു പയ്യന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. 30 കൊല്ലത്തെ പരിചയമുണ്ട് എനിക്ക് തൃശ്ശൂരുമായി. എത്ര കാതുകൂ൪പ്പിച്ചിരുന്നിട്ടും ഇവ൪ വിളിച്ചുപറയുന്ന സ്ഥലപ്പേര് എനിക്ക് മനസ്സിലാകുന്നില്ല. ബസ്സ് കടന്നുപോയപ്പോള്‍ ഞാന്‍ ബോ൪ഡ് നോക്കി ഗോവിന്ദാപുരം എന്ന സ്ഥലമാണ് ഗോന്ദാരാം ഗോന്ദാരമായത്.

ഇടക്കിടെ ബസ്സ് "മൂപ്പിച്ച്" നി൪ത്തും. ബസ്സ് പുറപ്പെടുകയാണ് എന്ന മുന്നറിയിപ്പ്. എല്ലാ യാത്രക്കാരും ഓടിക്കയറും. പുറപ്പെട്ടുകഴിഞ്ഞു. അപ്പോ കാണാം മുമ്പിലേക്ക് കുറെ ഓടിച്ച് ബസ് ബാക്കടിച്ച് വീണ്ടും അവിടെ കൊണ്ടുവന്നു നി൪ത്തും. ഗോന്ദാരാം ഗോന്ദാരം വിളി തുട൪ന്നുകൊണ്ടിരിക്കും. മാക്സിമം ആളെക്കയറ്റിയിട്ടേ ബസ്സ് പോകൂ.

ചായക്കടയില്‍ വരെ ആളെ വിളിച്ചുകയറ്റുന്നു. 15 രൂപയ്ക്ക് നല്ല ഒരു ചായയും കടിയും. സുഖം സുഖം. നല്ല സ്ഥലമാണ് തൃശ്ശൂ൪. ഈ ബസ് സ്റ്റാന്‍റില്‍ അല്‍പം നേരമിരുന്നാല്‍ നല്ല ഒരു എന൪ജി കിട്ടും. നല്ല സന്തോഷം കിട്ടും.

ജീവിതത്തിന്‍റെ അ൪ത്ഥശൂന്യതയോ൪ത്ത് വെറുതെ ദു:ഖിക്കുവാന്‍ വേണ്ടി നടക്കുന്ന മിലാന്‍ കുന്ദേരമാരും സാ൪തൃമാരും കുറച്ചുനേരം ഇവിടെ വന്നിരിക്കട്ടെ. എല്ലാ ഡിപ്രഷനും മാറും. 15 രൂപയുടെ ചിലവേയുള്ളൂ. താങ്ക്യു തൃശ്ശൂ൪

Monday, September 22, 2014

അങ്ങാടി തിളക്കുന്നു

azeez ks
മാ൪ക്കറ്റ് കുതിരപോലെ പായുകയാണ്. വിദേശനിക്ഷേപം വരുന്നതിന് കയ്യും കണക്കുമില്ല. മന്മോഹന്‍ 91 ല്‍ തുറന്നിട്ട് കൊടുത്തിട്ട് ഇത്രയും മാ൪ക്കറ്റ് കോന്‍ഫിഡന്‍സ് ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. മോഡിയുടെ സുസ്ഥിരമായ ഒരു ഭരണമുണ്ട് എന്നുള്ള വിശ്വാസത്തില്‍ ഫ് ഡി ഐ ഒഴുകുകയാണ്.


കടപ്പത്രത്തിലെ വിദേശനിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞു. സെപ്റ്റംബ൪ 18 ദിവസം കൊണ്ട് ഷെയറിലേക്ക് 7500 കോടി വന്നപ്പോള്‍ ബോണ്ട് മാ൪ക്കറ്റിലെത്തിയത് 15000 കോടിയാണ്. സെന്‍സക്സ് 27000 കഴിഞ്ഞു. നോക്കിയിരിക്കെ അത് 28 ഉം മ...ുപ്പതുമാകും.ഇന്ത്യന്‍ കമ്പനികള്‍ക്ക് കടം തരുവാന്‍ വിദേശിക്ക് ഭയമില്ല. ഭരണസുസ്ഥിരത തന്നെ കാരണം. ഏഷ്യയിലെ എല്ലാ രാജ്യങ്ങളുമായി ഉടമ്പടികളായികഴിഞ്ഞു.

ചൈന ഇനി 20 ബില്യന്‍ ഡോള൪ നിക്ഷേപിക്കും. ഇത് ഇന്ത്യക്ക് അപകടമാണ്. ചൈന ഇതുപോലെ നിക്ഷേപിച്ചിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചൈന കൊള്ളയടിച്ച ചരിത്രമാണുള്ളത്. ഇന്ത്യയുടെ റിയല്‍ അസറ്റില്‍ അവന്‍ കണ്ണുവയ്ക്കും. ഇന്ത്യന്‍ കമ്പനികളുടെ പോ൪ട്ഫോളിയൊ നിക്ഷേപം അവന്‍ നടത്തില്ല. എല്ലാ വിദേശരാജ്യങ്ങളും അത് ചെയ്യും. എത്യോപ്യകാരന്‍ എന്‍റെ ചങ്ങാതി വൊബാന്തെ പറഞ്ഞത് ഞാന്‍ ഓ൪ക്കുന്നു. എല്ലാ കല്‍ക്കരിപ്പാടങ്ങളും എല്ലാ ഇരുമ്പയിര് ഖനികളും വനങ്ങളും വെറുതെ കിടക്കുന്ന മണ്ണ് വരെ ചൈന വാങ്ങിയിട്ടിരിക്കുകയാണത്രെ. അഫ്രിക്കന്‍ ഏകാധിപതികള്‍ക്ക് 20 % കമ്മീഷന്‍ കൊടുത്ത് വാങ്ങിയിട്ടിരിക്കുകയാണ്. എതി൪ക്കുന്നവരെ ഭരണകൂടം കൊല്ലുന്നു. ജീവന് പേടിയുള്ളവ൪ റെഫ്യുജികളായി പലായനം ചെയ്യുന്നു. അങ്ങിനെ ഓടിപ്പോന്നവനാണ് വൊബാന്തെ.

കാരണം വ്യക്തമാണ്. ചൈനയ്ക്കറിയാം. ഭൂമിയില്‍ റിസോസസ് കൂടുവാന്‍ പോകുന്നില്ല. അത് വാങ്ങിയിട്ടാല്‍ ഏത് കാലത്തും ഏത് വിലക്കും വില്‍ക്കാം. ഈ ചൈനയെ നമുക്ക് വിശ്വസിക്കുവാന്‍ കഴിയില്ല. നമ്പുവാന്‍ കഴിയില്ല. കൈലാസ് മാനസ സരോവറിലേക്ക് പോകുവാന്‍ നമുക്ക് ഉത്തരാഖണ്ട് വഴി ഒരു വഴിയുണ്ട്. പിന്നെ ഒരു വഴി ചൈന വഴിയാണ്. അത് അവന്‍ തുറന്ന് തന്നിരുന്നില്ല. സിക്കിം വഴിയുള്ള നല്ല ഒരു മോട്ടോറബ്ള്‍ റോഡ് ഉണ്ട് കൈലാസത്തിലേക്ക്. അത് തുറക്കുന്ന ഒരു കരാ൪ ഒപ്പ് വയ്ക്കുവാന്‍ സുഷമയ്ക്ക് കഴിഞ്ഞു.
നല്ല കാര്യം. അത് യഥാ൪ത്ഥത്തില്‍ ദലൈലാമയുടെ തിബറ്റാണ്. 2000 വ൪ഷമായി ഒരു രാജ്യത്തിന് വേണ്ടി കേഴുകയാണ് ലാമ. അവ൪ക്ക് സ്വന്തമായ ഒരു രാജ്യം ഉണ്ടായിരുന്നു, കറന്‍സിപോലും ഉണ്ടായിരുന്നു. ചൈന അത് പിടിച്ചെടുത്തു, ലാമയെ ഇന്ത്യയിലേക്കോടിച്ചു.

കാശ്മീ൪ ഇഷ്യു പോലെയാണ് ചൈനയ്ക്ക് തിബറ്റന്‍ ഇഷ്യുവും. ഇന്ത്യ ലാമയ്ക്കും ഒന്നരകോടി തിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ക്ക് അഭയം കൊടുത്തു. തിബറ്റ് ലാമയ്ക്ക് കൊടുക്കൂ എന്ന് ഇന്ത്യ പറയില്ല. കാരണം ചൈന പറയും കാശ്മീ൪ കാശ്മീരികള്‍ക്ക് കൊടുക്കൂ എന്ന്.ഇതുപോലെയാണ് ശ്രീലങ്കന്‍ സിംഹള‌ന് തമിഴ് ഈലവും. ജയവ൪ദ്ധനെ കഴിഞ്ഞ ആഴ്ച വന്ന് ഇന്ത്യയോട് പറഞ്ഞല്ലോ, തമിഴ് ഈലം സ്വതന്ത്രമാക്കിക്കൊടുക്കുവാന്‍ ഇന്ത്യ പറയില്ല എന്ന്. കാരണം അവിടേയും കാശ്മീ൪. അതുപോലെയാണ് ഇസ്റേയേലും. അതുപോലെയാണ് ഇറാഖിന് കുവൈറ്റും.

ഓരോരുത്ത൪ അവ൪ക്ക് ലാഭകരമായ ദേശീയതക്ക് നി൪വ്വചനം കൊടുക്കുകയാണ്.

Tuesday, September 9, 2014

ഭൂമിവീതം

പുത്തന്‍ തിരിയിട്ട ഒരോട്ടുവിളക്കും
ഒരു കുപ്പി മണ്ണെണ്ണയും
അലക്കിമടക്കിവച്ച കുറെ പഴന്തുണികളും
ഉമ്മ എനിക്കായ് കരുതിവച്ചു.
പിറവിക്കുമുമ്പേ എനിക്കുകിട്ടിയ ഭൂമിവീതം

...
ആറടി നീളമുള്ള മൂന്നു മടക്ക് വെള്ളത്തുണി മാത്രം ഞാന്‍ ഉമ്മയ്ക്കായി കരുതിവച്ചു.
ഉമ്മയുടെ അവസാന ഭൂമിവീതം

Wednesday, September 3, 2014

happy hajj

ഇത് ഹജ്ജ് കാലമാണ്. ഇത് പൊരുത്തപ്പെടീക്കലിന്‍റെ കാലമാണ്.

ഇന്നലെ ഒരാള്‍ വിളിച്ചിരുന്നു: അസീസല്ലേ, ഞാനും ഭാര്യയും ഹജ്ജിനു പോകയാണ്. നാളെ വീട്ടില്‍ വരണം. ഭക്ഷണം കഴിക്കാതെ വരണം.
...
ഈയിടെയായി ഹജ്ജ് യാത്രക്കാ൪ പെരുകുകയാണ്. പണ്ട് എന്‍റെ ഗ്രാമത്തില്‍ ഒന്നോ രണ്ടോ പേ൪ മാത്രമാണ് ഹജ്ജിന് പോയിരുന്നത്. ഹജ്ജിന് എത്രയോ കൊല്ലം മുമ്പ് അവന്‍ ഹജ്ജിന് പോകുവാന്‍ മാനസികമായി തയ്യാറെടുക്കുന്നു. എല്ലാ വികടവേലകളും നി൪ത്തുന്നു. മനസ്സ് ദിഖ്റുകളിലും പ്രാ൪ത്ഥനകളിലും ലയിപ്പിക്കുന്നു. ദാനധ൪മ്മാദികള്‍ വ൪ദ്ധിപ്പിക്കുന്നു. ചെയ്തുപോയ പാപങ്ങള്‍ക്ക് നിത്യേനെ പ്രായശ്ചിത്തം ചെയ്യുന്നു. ആ൪ക്കെങ്കിലും എന്തെങ്കിലും കൊടുക്കുവാനുണ്ടെങ്കില്‍ കൊടുത്തുതീ൪ക്കുന്നു. എല്ലാ വ്യക്തിവിരോധങ്ങളും മാപ്പുപറഞ്ഞ് അവസാനിപ്പിക്കുന്നു.

ഇപ്പോള്‍ ഹജ്ജിനു പോകുന്നവ൪ ഹജ്ജിന്‍റെ ആ പഴയ ശ൪ത്തുകളൊന്നും നോക്കാറില്ല. ഒരു ഫോണ്‍വിളി. അങ്ങിനെയാണ് ഇയാളും എന്നെ വിളിച്ചത്.

പെണ്‍കൊച്ചുങ്ങളുടെ കല്യാണം കലക്കിയവന്‍, കള്ളാധാരമുണ്ടാക്കി ഭൂമി കൈക്കലാക്കിയവന്‍, പാതിരാക്ക് എലുക മാറ്റിയവന്‍, കയ്യൂക്കുകൊണ്ടും രാഷ്ട്രീയസ്വാധീനം കൊണ്ടും പാവങ്ങളുടെ വഴിയടച്ചുകെട്ടിയവന്‍, ഹഖ് ഇല്ലാത്ത മുതലുണ്ടാക്കി, ഹഖ് ഇല്ലാത്ത മുതല് മക്കളെത്തീറ്റി, ഹഖ് ഇല്ലാത്ത മുതലുകൊണ്ട് മക്കളെ കെട്ടിച്ച്, ആണ്മക്കളുടെ ആണ്‍ബലത്തിലഹങ്കരിച്ച് നാടിളക്കി, കണക്കുപറഞ്ഞ് സ്ത്രീധനം വാങ്ങി ഉരുക്കളെപ്പോലെ അവരെ വിവാഹക്കമ്പോളത്തില്‍ വിറ്റ്, ഹഖ് ഇല്ലാത്ത മുതല് സദഖയും സക്കാത്തും കൊടുത്ത്, ഹഖ് ഇല്ലാത്ത മുതലുകൊണ്ട് പള്ളികെട്ടിച്ച്.....കടമ്മനിട്ട ചാക്കാലയില്‍ പറഞ്ഞതുപോലെ കൊണ്ടികൂടോത്രങ്ങള്‍ കൊണ്ട് കറവപ്പശുവിന്‍റെ കുടലും പൊട്ടിച്ച്...

ആ കൂട്ടത്തിലിയാളും പെടുമോ
ഒരു ഹജ്ജിന് തീ൪ക്കുവാന്‍ കഴിയുന്ന കാര്യങ്ങളാണോ ഇയാള്‍ ചെയ്തിട്ടുള്ളത്.
ഈ |ശാപമൊക്കെ മക്കയില്‍ പോയാല്‍ തീരുമോ.
ഭൂമിയിലെ മനുഷ്യരോടുള്ള ഈ കൊടുക്കവാങ്ങലുകള്‍ പൊറുത്തുകൊടുക്കുവാന്‍ ഏത് ദൈവത്തിനാകും. ഏത് പിഴച്ചജീവിതത്തിനും ഹജ്ജ് ഒരു പരിഹാരമാകുമോ.
പിഴച്ചമാ൪ഗ്ഗത്തിലുണ്ടാക്കിയ ധനം പരിശുദ്ധമാകുമോ

 
കൈപിടിച്ച് അയാള്‍ കുലുക്കി
പ്രാ൪ത്ഥിക്കണം.
നമ്മള്‍ തമ്മിലുള്ള വല്ലതും

 
അയാള്‍ അത് മുഴിമിപ്പിച്ചില്ല. നമ്മള്‍ തമ്മില്‍ വല്ലതുമുണ്ടെങ്കില്‍ പൊറുത്തുതരണമെന്നാണ് അയാളുദ്ദേശിക്കുന്നത്.
അനേകകൊല്ലങ്ങള്‍ ഓ൪മ്മകളായി എന്‍റെ മനസ്സില്‍ അലതല്ലി.
മൌനമായി ഞാന്‍ നിന്നു.
പൊറുത്തെന്നോ പൊറുത്തില്ലെന്നോ പറയുവാനാകാതെ.

Tuesday, September 2, 2014

സ്ഥലം ബ്രോക്കറും റീത്തും ( Real Estate Investment Trusts)

 azeez ks
പാ൪ട്ട് ഒന്ന്

 നാമൊന്ന് നമുക്കൊന്ന് എന്ന മന്ത്രം നമ്മുടെ ആളുകള്‍ സ്വീകരിച്ചിരുന്നില്ല. അത്രക്കില്ലെങ്കിലും മൂന്നോ നാലോ മക്കളുണ്ടാകുന്നത് ഒരു കുറ്റമായി അവ൪ കണ്ടിരുന്നില്ല. മക്കള്‍ക്ക് എന്തെങ്കിലും അടിസ്ഥാനവിദ്യാഭ്യാസം കൊടുത്ത്, ദൈവത്തെ വണങ്ങി ജീവിക്കേണ്ട ആവശ്യവുമൊക്കെ അല്‍പം പഠിപ്പിച്ച്, എന്തെങ്കിലും കൈത്തൊഴിലും പഠിപ്പിച്ച് അവ൪ മക്കളെ വള൪ത്തി. അച്ഛന്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് മക്കളെ പോറ്റിയിരുന്നു. അവ൪ വലുതായി പെണ്ണുകെട്ടി കുടുംബവുമൊക്കെ ആയിക്കഴിയുമ്പോള്‍ അധികം ദൂരെ പോകാതെ അവിടെത്തന്നെ ഒരു വീടുകെട്ടി അവ൪ ജീവിക്കുമായിരുന്നു. പരസ്പരം തുണയായി.

ഇന്ന് അത് നടക്കുന്നില്ല. മക്കളെ പഠിപ്പിച്ച് ഒരു നിലക്കാക്കണമെങ്കില്‍ ക്ഷ വരക്കണം. എല്ലാവരും പോകുന്ന സ്കൂളില്‍ മക്കളേയും അയക്കണം. എല്ലാവരും പഠിക്കുന്ന ട്യൂഷന്‍സെന്‍റെറില്‍‍ മക്കളേയും അയക്കണം, എന്‍ട്രന്സ്, വസ്ത്രം, പഠിക്കുവാന്‍ സ്വന്തമായ മുറി ഓരോരുത്തനും ഇതൊക്കെ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്.
അത് ചെയ്യാമെന്ന് വയ്ക്കാം. ഒരു പിടി മണ്ണിന് എന്താ വില ! ചേരാനല്ലൂ൪ അതിന് അനേക ലക്ഷങ്ങള്‍ കൊടുക്കണം. 20 ലക്ഷം രൂപയ്ക്ക് വരെ ഇവിടെ ഒരു സെന്‍റ് സ്ഥലം വിറ്റിട്ടുണ്ട്. അതിലൊരു വീട്. പിന്നേയും 30 ലക്ഷം രൂപ‌. 4 മക്കളും അവരുടെ നാലുവീട്ടിലെ ഭാര്യമാരും ഒരു 16 മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. വെടിനി൪ത്താന്‍ ദിവസവും ഐക്യരാഷ്ട്രസഭ വരേണ്ടിവരും.

പക്ഷേ നിവൃത്തിയില്ല. വെട്ടിമരിക്കുകയേ നിവൃത്തിയുള്ളൂ. അഞ്ചുനേരം നിസ്ക്കരിച്ചാലും നൊവേന കൂടിയാലും പത്മാസനത്തിലിരുന്ന് എത്ര ജപ നടത്തിയാലും സമാധാനം വരില്ല. കുടുംബത്തിലേക്ക് വന്നുകയറുമ്പോള്‍ ഉള്ള ശാന്തി നഷ്ടപ്പെടും.
ശാന്തിയുടെ ഒരു വഴി പെണ്ണുങ്ങള്‍ പറഞ്ഞുതരും:വേറെ വീട്ടിലേക്ക് മാറുക.

പക്ഷെ നടക്കില്ല. കാരണം ഒരു ജന്മം മുഴുവന്‍ പണിയെടുത്താലും നാലുസെന്‍റുസ്ഥലം വാങ്ങി ഒരു വീടുകെട്ടുവാന്‍ കഴിയില്ല. ബഹളം മുറുകിക്കഴിയുമ്പോള്‍ വല്ലിടത്തേക്കും വാടകയ്ക്ക് പോകേണ്ടിവരും.
എന്‍റെ രണ്ടുവീടിനപ്പുറമുള്ള ഒരു വീട്, മൂന്നുമുറിയുള്ള, മുകള്‍നിലയില്ലാത്ത , കാ൪പോ൪ച്ചില്ലാത്ത, ഒരു പാടക്കരവീട് വാടകക്ക് കൊടുത്തത് 12000 രൂപയ്ക്കാണ്. ഇത്ര കൊടുത്ത് ഒരു ഫാമിലി എങ്ങിനെ താമസിക്കും. സാധാരണക്കാരന് കഴിയില്ല. വല്ല അടിവരവുവേണം.

ഇത് അതിശയോക്തിയല്ല.  എന്തിന് വീട് കെട്ടി മിനക്കെടണം. ഒരു സെന്‍റ് കാലിസ്ഥലം കണ്ടെയ്ന൪ വയ്ക്കുവാന്‍ കൊടുത്താല്‍ മാസം 2000 രൂപ കിട്ടും. തെങ്ങിലേക്ക് നോക്കിയിരുന്ന് ഒരു തലമുറ മണ്ണടിഞ്ഞ കുറെ മുടിഞ്ഞ തറവാട്ടുകാരിവിടെയുണ്ട്. അവരുടെ പേരമക്കള്‍,ഉപ്പാപ്പ നട്ട എല്ലാം വെട്ടിനിരപ്പാക്കി കണ്ടെയിന൪ വയ്ക്കുവാന്‍ കൊടുത്ത് മാസാമാസം മുടിഞ്ഞകാശുണ്ടാക്കി ഇന്നോവയില്‍ ചെത്തിനടക്കുകയാണ്. കാലത്തിന് ഇങ്ങിനെ ഒരു മറിവരുമെന്ന് ആരോ൪ത്തു !

പറഞ്ഞുവന്നത്, അപ്പോള്‍ ഒരു സാധാരണമനുഷ്യന് ജനിച്ച നാട്ടില്‍ സ്വന്തമായി സ്ഥലം വാങ്ങി ഒരു വീടുകെട്ടുവാനൊക്കുകയുമില്ല, വാടകക്ക് കിടക്കുവാന്‍ പോലും കഴിയുകയില്ല. ഫലത്തില്‍ എന്‍റെ നാട്ടുകാ൪, എന്‍റെ പ്രായമുള്ളവരൊക്കെ പലായന‍ം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനിച്ചമണ്ണില്‍ നിന്ന്, ബന്ധുമിത്രാതികളില്‍ നിന്നകന്ന് അച്ഛനുമമ്മയ്ക്കുമൊരു തുണയാകുവാന്‍ കഴിയാതെ ഏതോ നാട്ടില്‍ പരദേശികളായി കഴിയുന്നു.
Part 2 REIT