Thursday, July 30, 2015

തടിയന്‍ പൂച്ചകളേ ശ്രദ്ധിക്കൂ

azeezks@gmail.com
തടിയന്‍ പൂച്ചകളേ ശ്രദ്ധിക്കൂ
ആരുമില്ല ഈ രാജ്യത്ത്
സ്വന്തം നിലയ്ക്ക് ധനികനായത്
ആരുമില്ല.
നീ പ‌റ‌യുന്നു, ഞാന‌വിടെ ഒരു ഫാക്റ്റ‌റി പ‌ണിതില്ലേ.
നിന‌ക്ക് ന‌ല്ല‌ത്.

പ‌ക്ഷേ ഞാന്‍ വ്യ‌ക്ത‌മാക്ക‌ട്ടെ:
ഞ‌ങ്ങ‌ളുടെ ചുങ്കം പിടിച്ച് കെട്ടിയ‌ റോഡിലൂടെയാണ്
നീ ച‌ര‌ക്ക് നീക്കിയ‌ത്
ഞ‌ങ്ങ‌ളുടെ പുഴ‌യാണ് നീ വ‌റ്റിച്ച‌ത്
ഞ‌ങ്ങ‌ളുടെ ശ‌രീര‌മാണ് നീ വൈദ്യുതിക്കായി ക‌ത്തിച്ച‌ത്
ഞ‌ങ്ങ‌ളുടെ വിയ൪പ്പുപാട‌ങ്ങളിലാണ്
നിന്‍റെ കോണ്‍ക്രീറ്റുകള്‍ ഉയ൪ന്നത്
നിനക്കു വേണ്ടി ഞങ്ങളുടെ കുന്നുകളാണ്
ഇറങ്ങിപ്പോയത്
ഞ‌ങ്ങ‌ളുടെ കാടുക‌ളാണ് നിന‌ക്കുവേണ്ടി അര‌ച്ചുത‌ന്ന‌ത്
ര‌ക്തം കൊടുത്ത് ഞ‌ങ്ങ‌ള്‍ പ‌ഠിപ്പിച്ച‌ മ‌ക്ക‌ളെയാണ്
എട്ട‌ണ‌ത്തുട്ടിന് നീ വില‌ക്കെടുത്ത‌ത്

നിന്‍റെ മിച്ച‌മുണ്ട‌ല്ലോ
നിന്‍റെ മിച്ച‌മൂല്യ‌മുണ്ട‌ല്ലോ
അത് ഞങ്ങ‌ളുടെ പ്രാണ‌ന്‍റെ പ്രാണ‌ന്‍റെ വില‌യാണ്
ത‌ടിയ‌ന്‍ പൂച്ച‌ക‌ളേ.

Friday, July 24, 2015

ഞങ്ങളുടെ പ്രതീക്ഷ‌കള്‍ പോലും അജൈവമാണ്

ഇതില്‍ പുതുതായൊന്നുമില്ല‌
ജോലി കഴിഞ്ഞെത്തുന്നവര്‍ വ്യക്തമായ ചിട്ടയില്‍
ലോട്ടൊലൈനില്‍ ക്യു നില്‍ക്കുന്നു
വിലയില്ലാത്ത ഒറ്റനാണയം കൊണ്ട്
മഹാഭാഗ്യത്തിലേക്കുള്ള കളങ്ങള്‍ തെളിയിച്ചെടുക്കുന്നു


ഓരോ പുതിയ ആഴ്ചയിലേക്കുള്ള പലായനം
ജീവന്‍റെ അര്‍ത്ഥംചെറിയ ചെറിയ സ്വപ്നങ്ങളില്‍ ഞങ്ങള്‍ ജീവിക്കുന്നു:‍
മോട്ടോര്ഹൌസില്‍ ലോകം ചുറ്റണം
ബഹാമസ്സില്‍ ഒരു വെക്കേഷന്‍
ഡയാനു കൊടുക്കുവാനുള്ള പണം
കോടതിയില്‍ കെട്ടിവെക്കണംഞങ്ങളുടെ മനസ്സുകള്‍ യന്ത്രം പോലെ ചലിക്കുന്നു
ചലനം നി൪ത്തുന്നു
ഞങ്ങള്‍ക്കെല്ലാത്തിനും സമയമുണ്ട്:
പണിതുടങ്ങുവാന്‍,നി൪ത്തുവാന്‍
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉണ൪ത്തുന്നു
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉറ‌ക്കുന്നുഎങ്കിലും ഞങ്ങളുടെ ജൈവമനസ്സുകള്‍
ചിലപ്പോള്‍ കൊതിച്ചുപോകുന്നു
സുഗന്ധിയായ ഒരു പൂവിനെ ചുംബിക്കുവാന്‍
പച്ചമണ്ണില്‍ കാലൊന്നു ചവിട്ടുവാന്‍
വെറുതെ ചിരിക്കാതിരിക്കുവാന്‍ലോട്ടോയന്ത്രം വീണ്ടും ചതിച്ചുവോ?
ഒരു തെറിവിളി കേള്‍ക്കുന്നു
അയാള്‍ മ‌ട‌ങ്ങിപ്പോകുക‌യാണ്
മഞ്ഞില്‍ മരവിച്ചുപോയ കാലുകള്‍ മെല്ലെ വലിച്ച്
മോഹഭാണ്ഡങ്ങളെ വലിച്ച് വലിച്ച്
സ്റ്റീവന്‍സിലെ ബാറിലേക്കയാള്‍ നടന്നടുക്കുന്നു.

Wednesday, July 22, 2015

അഴുക്കില്ലം- Rafeeq Ahamad's first novel

Reading by azeezks@gmail.com
റഫീഖ് അഹമ്മദിനെപ്പോലുള്ള പ്രശസ്തനായ ഒരു കവി ആദ്യമായി ഒരു നോവലെഴുതുമ്പോള്‍ അദ്ദേഹത്തിന്‍റെ പെരുമയ്ക്ക് തിളക്കം കൂട്ടി വായനക്കാ൪ വൌ എന്ന് വിരലുകടിച്ചുപോകുവാന്‍ അന്നേവരെ ഇറങ്ങിയിട്ടുള്ള നൂറുനൂറു നോവലുകള‍ ഉറക്കമിളച്ചിരുന്ന് പഠിച്ച്, ഗവേഷണം ചെയ്ത് അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ ഒരാറ്റന്‍ പീസ് അദ്ദേഹം ഇറക്കി മലയാളത്തെ നടുക്കുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പരമദരിദ്രനായ ഒരു പാവത്താനെപ്പോലെ വളരെ പരമ്പരാഗതമായ ഒരു നറേറ്റിവ് ഉപയോഗിച്ച് അപ്രശസ്തമായ ഏതോ ഒരു ഗ്രാമത്തില്‍, കണ്ടാരന്‍ മരം വെട്ടിയിട്ടിടിഞ്ഞുപൊളിഞ്ഞ ഒരു വായനശാലയെ ചുറ്റിപ്പറ്റി, 1960-70 കളില്‍ ജീവിച്ച കുറെ സാധാരണക്കാരുടെ വളരെ സാധാരണമായ ഒരു ജീവിതം ചെറിയ ചെറിയ കഥകളായ കോ൪ത്തിണക്കി നമ്മോടു പറയുകയാണ് ശ്രീ റഫീഖ് അഴുക്കില്ലം എന്ന നോവലിലൂടെ. 


ഈ ഉദ്യമത്തില്‍ ഏതൊരു തുടക്കക്കാരനേയും പോലെ അദ്ദേഹം പൊളിഞ്ഞ് പാളീസാകേണ്ടതായിരുന്നു. പക്ഷെ, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത വിളങ്ങുന്ന കയ്യില്‍ നോവലും വിളങ്ങുമെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നോവല്‍ അഴുക്കില്ലം നമ്മെ സന്തോഷിപ്പിക്കുന്നു.
ഈ ചത്തുമണ്ണടിഞ്ഞുപോയ മനുഷ്യ൪ക്ക് ഉയിരുകൊടുത്തിട്ട് മലയാളത്തിനിപ്പോള്‍ എന്തു പുളുത്താന്‍, എന്തുനേട്ടം എന്നു നാം ഒരു പക്ഷേ ചോദിച്ചേക്കാം. ഉത്തരമുണ്ട് റഫീഖിന്: ഓരോ പുതിയ സമുദായവും പൂ൪വ്വസമുദായങ്ങളുടെ ജീവിതം മുഴത്തിനു മുഴമായും ചാണിനു ചാണായും പിന്തുടരും. ആ അ൪ത്ഥത്തില്‍ പൂ൪വ്വസമുദായത്തിന് സ്മാരകശിലകള്‍ പണിയുകയാണ് നോവലിസ്റ്റ്.


റഫീഖിന്‍റെ പറച്ചില്‍ രീതി പരമ്പരാഗതമാണെങ്കിലും ഇത്ര ദാ൪ശനികമായ സമീപനം മലയാളത്തില്‍ ഒ വി പോലും കൊണ്ടുവന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതുവരെ ആറോ ഏഴോ ലക്കം പുറത്തുവന്നുവെന്നാണ് തോന്നുന്നത്, ഓരോ അദ്ധ്യായത്തിലും ലളിതമെങ്കിലും ഇതുവരെ മലയാളം ചിന്തിച്ചിട്ടില്ലാത്ത വളരെ നവീനമായ ദാ൪ശനികത അദ്ദേഹം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥാകാരന്‍റെ അപരനായ മൂത്തേടത്തിനെക്കൊണ്ടാണ് അയാള്‍ ഇത് സാധിപ്പിക്കുന്നത്.

പപ്പുമതത്തില്‍ പപ്പു, പണ്ട് ഒരു കാല്‍പ്പനികത മാത്രമായിരുന്നു. രസത്തിനുവേണ്ടി ഒരു പുതിയ മതം. പക്ഷെ അത് സൃഷ്ടിച്ച മനുഷ്യന്‍, മനുഷ്യനെന്നുള്ള പരിമിതി തുറങ്കുഭേദിച്ച്, ദൈവമായി, വലിയ മതമായി, അമാനുഷികതയിലേക്ക് പപ്പുമതം നടന്നുകയറുകയാണ്. അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും നിലവില്‍ വന്നു. എല്ലാവരും പപ്പുവിനെ ആരാധിച്ചു. പപ്പുവിന് വേണ്ടി ചാവേറാകുവാന്‍ വരെ ഭക്ത൪ തയ്യാറായി നില്‍ക്കുന്നു. 

എല്ലാ ഇതിഹാസങ്ങളും അതിന്‍റെ ആരംഭത്തില്‍ വളരെ ലളിതമായ നാടോടികഥകളാണെന്ന് ഇതിലെ ദാ൪ശനികന്‍ പറയുന്നു. പിന്നീടത് വിശ്വാസസംഹിതകളായി മാറുന്നു. അതുണ്ടായ കാലത്ത് ജനിച്ചു എന്ന ഭാഗ്യം കിട്ടിയവ൪ ഈശ്വരീയതയിലേക്ക് ഉയരുന്നു. ആ മതം നിലനില്‍ക്കുന്ന കാലത്തോളം അതിലെ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു. എന്തൊരു ഭാഗ്യം. മതം സൃഷ്ടിച്ചവ൪ക്കുപോലും തിരുത്തുവാന്‍ കഴിയാത്ത രീതിയില്‍ പപ്പുമതം കൈവിട്ടുപോയി. പപ്പുമതം നിലവിലെ മതങ്ങളാകാം, നിലവിലെ രാഷ്ട്രീയമാകാം അല്ലെങ്കില്‍ എല്ലാ കാലത്തേയും മഹത്തായതെന്ന് നാം വിശ്വസിക്കുന്ന ദ൪ശനങ്ങളാകാം, മഹത്തായ എപ്പികുകളാകാം.


ഒരു ക്ഷുരകന്‍റെ ദാ൪ശനികവ്യഥ മലയാളത്തില്‍ ഈ രീതിയില്‍ റഫീഖിനെപ്പോലെ ആരും അവതരിപ്പിച്ചിട്ടില്ല. ഇത് അനില്‍പനച്ചൂരാന്‍റെ വ്യത്യസ്ഥനായ ബാ൪ബ൪ അല്ല. 

ഉലഹന്നാന്‍ വെട്ടുന്ന ഓരോ തലയിലും അടങ്ങിയിരിക്കുന്ന അറിവിന്‍റെ മഹാസമുദ്രങ്ങളെ ഓ൪ത്ത്, അതിന്‍റെ നിസ്സഹായതയോ൪ത്ത്, ആ തലയില്‍ ഒളിഞ്ഞിരിക്കുന്ന സങ്കടങ്ങളെ ഓ൪ത്തു ബാ൪ബ൪ ഉലഹന്നാന്‍ കരയുന്നു. ഉലഹന്നാന്‍റെ  തലപരിചരണത്തില്‍ കള്ളനായ കിണ്ടിമണി സ്വന്തം അമ്മയെ ഓ൪ത്തുകരയുന്നു. ഒരു നല്ല കസേര അമ്മയ്ക്ക് വാങ്ങിക്കൊടുക്കുവാന്‍ കഴിയാതിരുന്ന സങ്കടമോ൪ത്ത് അയാള്‍ കരയുന്നു. അതിന്‍റെ ദാ൪ശനികപ്രതികാരമായി മോഷ്ടിക്കുവാന്‍ കയറുന്ന ഏത് വീട്ടിലും പുതിയ കസേര കണ്ടാല്‍ അതിലയാള്‍ തൂറിവച്ച് അമ്മയെ ഓ൪ക്കുന്നു. പരിചയമുള്ള മലം കണ്ട് പോലീസുകാ൪ കള്ളനെ പെട്ടെന്ന് മനസ്സിലാക്കുമെന്ന അപകടം പോലും അയാള്‍ ആ സമയത്ത് വകവയ്ക്കുന്നില്ല.

അത്ഭുതപ്പെട്ടുപോകും ഈ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ നാം വായിക്കുമ്പോഴും. 

കൊതുകുനിവാരണത്തില്‍ കൊതുകിനു വേണ്ടി സംസാരിക്കുവാന്‍ ആരുണ്ട് ഈ ലോകത്ത് റഫീഖിന്‍റെ ഈ മൂത്തേടമല്ലാതെ. എടാ, പണ്ഡിതാ, എടാ കവേ, നീ ഞങ്ങള്‍ക്ക് വെറും അന്നമാണെടാ, അന്നം എന്ന് കൊതുകുപറയുമ്പോള്‍ നാം ഏത് തരം ചിരിയാണ് ചിരിക്കേണ്ടത്. ഞങ്ങള്‍ ഓരോ ചോരയേയും ഗ്രേഡ് ചെയ്തിട്ടുണ്ട്. കവീ, നിന്‍റെ ചോര ഞങ്ങള്‍ക്ക് ഏറ്റവും വെറുപ്പുള്ള കുടിക്കുവാനറക്കുന്ന ചോരയാടാ എന്ന് നോവലിസ്റ്റ് പറയാതെ പറയുകയാണോ?

വായിക്കണേ ഈ നോവല്‍ അഴുക്കില്ലം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ്. കന്നി നോവലിസ്റ്റ് റഫീഖ് അഹമ്മദിന് ആശംസകള്‍.

Monday, July 20, 2015

Germophobia

 azeezks@gmail.com
ജനലിനപ്പുറം പകര്‍ച്ചവ്യാധി പൂത്തുലയുന്നു
ശ്വാസാന്തരങ്ങളിള്‍് ശോണകഫം പുഷ്പിക്കുന്നു
തരുവയെന്തുഞാന്‍് നിനക്ക്
ഉള്ളിലെ പുകമറവീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ
-മരണവാര്‍്ഡ്, ബാലചന്ദ്രന്‍

നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്ച്ചവ്യാധിയുടെ ആധി പിടികൂടിയിരിക്കുകയാണ്. ചിലപ്പോള്‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചുകൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗപ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്നുപോകും.

ബൊവ്നസ്സിലെ ചുവന്ന പ്രഭാതം

പുലര്‍ച്ചെ , തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍ ബസ്സ്കാത്തു നില്‍ക്കുകയാണ്‌. സുര്യന്‍ ഉണരുന്നതെയുള്ളൂ. സമ്മറാണെന്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്രം ഓര്‍ത്തുകൊണ്ടു ഞാന്‍ സൂര്യനുനേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാതകിരണങ്ങള്‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്‍റെ പ്രാണനു അത് ഉണര്‍വേകുന്നു.പെട്ടെന്ന് എന്നെ ഭയംപിടികൂടി. ഈ കിരണങ്ങള്‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍്സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെന്കിലും മാരകവൈറസുകള്‍ ആകുമോ? എന്‍റെ ശരീരത്തില്‍് തുളച്ചുകയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്സിസ്റ്റുകള്‍്. അവ എന്‍റെ നേരെമാത്രം പാഞ്ഞടുക്കുന്നതെന്തിനു? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കു. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക.
ഞാന്‍ ഇപ്പോള്‍ വൈറസ്‌ പരനോഇയയുടെ പിടിയിലാണ്.ഏതൊരു ആധുനികനെയും പോലെ.
ഒന്നാംനമ്പര്‍ ബസ്സില്‍കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണതു. യാത്രക്കാര്‍് ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്ദാര്ജികളുമുണ്ടു. ഉരുളക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ്ഡ്രൈവര്‍ അഭിവാദ്യംചെയ്യുകയാണ്. ഇറങ്ങാന്‍ നേരം have a nice day എന്നും good eve/goodnight എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന് ഞാന്‍ സംശയിക്കാറ്രുണ്ടു. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതുകൊന്ടു ബസ്സിലാണ് പലരുടെയും breakfast.ചികെന്‍ സാന്‍്വിചും പോപുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം.നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍് എന്നെന്കിലുമായിരിക്കും. ഡിസ്പ്ലേ ഷെല്‍ഫില്‍ നിന്നെടുത്തു മൈക്രോവ് ചെയ്തു 'ഫ്രഷ്‌' ആയി നമുക്ക് തരുന്നു breakfast കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചുകൊണ്ടിരിക്കും. 60-70 കഴിഞ്ഞ പുരുഷന്മാര്‍് പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നതു കാണാം.sudoku അല്‍്ഷെമിര്സ് എന്ന പ്രന്ഞനഷ്ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പുവരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.

വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ടു. പുരുഷന്മാര്‍ പൊതുവേ ഹൊറൊര്‍് പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്ക്‌നേര്‍ കടന്നുവരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചുകൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക, രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എളൂര്‍ ലെണ്ടിംഗ് ലൈബ്രറിയില്‍് നാലു അലമാര നിറയെയിരിക്കുന്ന Mills and Boons ഞാന്‍ ഓര്‍ത്തു പോയി. പക്ഷെ ഇത് കാനഡയായതുകൊണ്ടു കുറച്ചുകൂടി കൊഴുപ്പും എരിയുമുണ്ടു. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.
65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളതു. മക്കളോ കൊച്ചുമക്കളോ അടുത്തില്ലാത്തതുകൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍് അനുഭവിക്കുന്നുതു. നാം ചെയ്യുന്നത്പോലെ ഓം ത്രയംബകം എന്ന മഹാ മ്രൃതുന്ജയ മന്ത്രം ചൊല്ലി ആത്മന്റ്റെ കര്‍മങ്ങള്‍ ശുദ്ധീകര്‍ക്കുന്നതിനെഅവര്‍ അവര്‍ ഭയപ്പെടുന്നു.മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്.എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതുപോലെ കൌണ്സില്ലര്‍ സന്ദര്ശനങ്ങളുമുണ്ടു. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. HRT എന്ന HormoneReplacementTherapy ചെയ്താല്‍ രണ്ടാം യവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതുകൊന്ടു അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശ്രൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്‍കുന്നു. വെപ്പുപല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍് മനോഹരമായതുകൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നു.
germophobia
ബസ്സിപ്പോള്‍ downtown കഴിഞ്ഞു."ശ്ശ്," ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍്ചിഫ് എടുത്തു അവള്‍ മുഖം തുടച്ചു.വീണ്ടും വീണ്ടും അവള്‍ തുമ്മിക്കൊണ്ടിരിക്കുകയാണു. അവള്‍ നല്ല മര്യാദയുള്ള പെണ്‍കുട്ടിയാണ്. തുമ്മല്‍മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ്‌ എടുത്തു വായും മു‌ക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലംപിടിച്ചു ഒരു ചെറിയ ശ് ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡ്കള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്നു ചിത്രസഹിതം അതില്‍ വിവരിക്കുന്നു( fightflu.ca). സംശയങ്ങളുണ്ടെന്കില്‍് വിളിക്കേണ്ട ഫോണ്‍നമ്പറും അതിലുണ്ട്.1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്സീറ്റിലിരിക്കുന്ന നൂറുകിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചുകൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെയോര്‍്ത്തു അയാള്‍ ഞെട്ടുകയാണ്.
ജര്മോഫോബിയ എന്ന അണുഭയം ഞങ്ങളെ കീഴടക്കികഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്റ്റിസെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്.
തുമ്മലും ചുമയും പനിയും നീരളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോടെററിസ്റ്റിനെയെന്നപോലെ എന്തുകൊണ്ടാണ് സമൂഹം കാണുന്നത്?

കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹുരാഷ്ട്ര മരുന്ന് ഭീമന്‍ Pfiser ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. ഇന്ത്യ ഉള്പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുകയാണെന്കില്‍് ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത്‌ ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂനില്‍ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍്. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെപ്പോലെ. നിങ്ങള്‍ കുത്തുവപ്പ്എടുക്കുക.


ഇനി ടൂറിസ്റ്റ്കള്‍ ഇന്ത്യയിലേക്ക്‌ വന്നില്ലെന്കിലും പ്രശ്നമുണ്ട്.ഏഷ്യയിലുള്ള ഫ്ലുപിടിച്ച ഒരു സ്ത്രീ വിമാനംകയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലുരോഗം നല്‍കുന്നു. എയര്‍പോര്ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലുപിടിക്കുന്നു. ഫ്ലുരോഗം പിടികൂടാതിരിക്കുന്നവര്‍് ആരെന്നു നിങ്ങള്ക്കറിയാം. ഫ്ലുഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.
വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാംലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധവിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍ ,പാമ്പെണ്ണക്കാര്‍്. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh,you from India, is it really like this?" സ്ലംഡോഗ് കണ്ടതിനുശേഷം അവര്‍ ചോദിക്കുന്നു.
രണ്ടുദിവസം മുമ്പ് കാല്ഗറി ഹെറാള്‍്ഡ് എന്ന ന്യൂസ്‌പേപ്പറില്‍ ഒരു ന്യൂസ്‌വന്നു. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടംവീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയംവച്ചത്രേ. ഈ ന്യൂസ്‌ മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്‍റെ നാട്ടില്‍ മാത്രമല്ല. സങ്കടംവന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു:
എന്തുകൊണ്ടാണ് ഒരു കര്‍ത്താവ്‌ ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാമറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം
ഫ്ലു നേരിടുന്നതിനു ഗവണ്മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. റ്റി്വിയിലൂടെ നിര്‍ദ്ദേശം കൊടുത്തുകൊന്ണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകടവാണിംഗ് കൊടുത്തുകഴിഞ്ഞു: സ്കൂളുകള്‍് ചുമവിമുക്തമാക്കുന്നതിനു PTA കൂടുന്നു.സ്കൂളില്‍ ഒരു കാരണവശാലും ചുമ വച്ചുപൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെന്കിലുമെത്തിയാല്‍്, മഞ്ഞാണോ മഴയാണോ എന്ന് നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍് ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍്കി അവരെ വിടും. ഫ്ലു ഉണ്ടെന്കിലോ, ഒരു അണുഭീകരനെ എന്നപോലെ അണുവിമുക്ത വാഹനത്തില്‍ അടച്ചുപൂട്ടി വീട്ടിലെത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്ഡ് ഹുഘെസ്‌മാര്‍
നിങ്ങള്‍ Howard Hughes നെക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍്. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മാതാവും നല്ല സംവിധായകനുമായിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്ഫെക്ഷ്നുവേണ്ടി വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈകൊടുക്കില്ല. വാതില്‍പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട്മുറിയില്‍ നാല്മാസക്കാലം അയാള്‍ കഴിച്ചുകൂട്ടി. ചോക്ലേറ്റ്ബാറും പാലുംമാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍്സ്കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughesമാര്‍.എല്ലാവരും തന്നെ പിടികൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്ന് ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിങ്ങ്മാളുകളില്‍്, എലിവേറ്ററുകളില്‍്, ഓഫീസുകളില്‍്. എല്ലായിടത്തും. പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുത്താലേ ജോലിസ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറയൂ. പക്ഷെ അതിനുമുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.
ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SIയുടെ വീട്ടിലേക്കു വരുന്നു.കാളിംഗ്ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടുകൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നതു. വാഷ്റൂമില്‍് കയറിയാല്‍് ഫ്ല്ഷ്ചെയ്യുന്നതിന് കാല്‍വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന് ഷോള്ഡര്‍്കൊണ്ടു ഡോര്‍ തള്ളിതുറക്കുന്നു.
പ്രശ്നങ്ങളാണ്.
അണുകടിയേല്‍്ക്കാതെ ബസ്സില്‍ എങ്ങിനെ കയറും. എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്‌. ബാങ്കിലെ പണമെഷീനില്‍് നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍്ത്തുന്നതു. വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ.
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍്
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ?
കാല്‍വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി,നെഞ്ചമര്‍്ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ ,അതിനി വാ യുവിലായിരിക്കുമോ?
അണുക്കളേക്കാള്‍് ഭയാനകമായ അണുഭയം നമ്മില്‍ നിറച്ചവരാരാണു?

ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്റ്റില്‍് ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തുകൊടുത്തു. 2008 ജൂലൈയില്‍ ഏഴുദിവസമാണ് അയാള്‍ അവിടെ ജോലിചെയ്തത്. ഹെല്‍ത്ത്‌ പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്നു കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍് കയറി രണ്ടുപ്രാവശ്യം കൈകഴുകാതെ അടുക്കളയിലേക്ക് വന്നുകാണുമെന്നു ഹെല്‍ത്ത്‌കാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴുദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണംകഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്സ് എ പിടികൂടിയിട്ടുണ്ടാവും. അടിയന്തിരമായി ഹോട്ടല്‍കാരും ഹെല്ത്തുകാരും മീറ്റിംഗ്കൂടി. ഹോട്ടല്‍ മൂന്നുദിവസത്തേക്ക് ശുദ്ധികരണത്തിന്വേണ്ടി പൂട്ടി. മക്ഡൊണാള്ഡിന്റെ ചിലവില്‍ വന്നവര്‍ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്ജെക്ഷനുവേണ്ടി വേണ്ടി ധാരാളംപേര്‍ വന്നു. ഒന്നുകൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരുംമോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരംവര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു.മനുഷ്യരെക്കാള്‍മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ്ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യനഗരമായ കൊച്ചിയില്‍് കണ്ട ഒരുതരം പനിയെ അവര്‍ എലിപ്പനി എന്ന്പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ എലിവേട്ട തുടങ്ങി. കോടി രൂപയുടെ വിഷംവാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതിചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല്‍മുറിച്ചു നിന്ന് ജേക്കബ്‌ വടക്കാന്ചേരിയും ഏഴു പ്രകൃതി ചികിത്സ പ്രവര്‍്ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചുകെട്ടുന്നതിനെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍് കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയമാക്കുന്നതിനെതിരെയും പ്രതിഷേധിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞു ഗവണ്മെന്റ് അറിയിപ്പുണ്ടായി: എലിപ്പനിയുറെ കാരണം എലി മൂത്രമിറ്റിച്ചതുകൊണ്ടല്ല!
അണുക്കളേക്കാള്‍് ഭയാനകമായ ഭയം നമ്മില്‍ കുത്തിവക്കുന്നവരാരാണു? ചാറ്റല്‍മഴ കൊള്ളരുതേ നീരളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്ട്ടമായതെങ്ങിനെ? കോടാനുകോടി വൈറസുകള്‍ നിന്നെ തേടിനടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോരോഗികളാക്കുമ്പോള്‍് ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്പര്യമെന്തു?
Part 2
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും ആന്റ്റിബയോട്ടിക്കില്‍് തിടം വയ്ക്കുന്ന സൂപ്പര്‍ ബഗ്കളും
.