Friday, July 24, 2015

ഞങ്ങളുടെ പ്രതീക്ഷ‌കള്‍ പോലും അജൈവമാണ്

ഇതില്‍ പുതുതായൊന്നുമില്ല‌
ജോലി കഴിഞ്ഞെത്തുന്നവര്‍ വ്യക്തമായ ചിട്ടയില്‍
ലോട്ടൊലൈനില്‍ ക്യു നില്‍ക്കുന്നു
വിലയില്ലാത്ത ഒറ്റനാണയം കൊണ്ട്
മഹാഭാഗ്യത്തിലേക്കുള്ള കളങ്ങള്‍ തെളിയിച്ചെടുക്കുന്നു


ഓരോ പുതിയ ആഴ്ചയിലേക്കുള്ള പലായനം
ജീവന്‍റെ അര്‍ത്ഥം



ചെറിയ ചെറിയ സ്വപ്നങ്ങളില്‍ ഞങ്ങള്‍ ജീവിക്കുന്നു:‍
മോട്ടോര്ഹൌസില്‍ ലോകം ചുറ്റണം
ബഹാമസ്സില്‍ ഒരു വെക്കേഷന്‍
ഡയാനു കൊടുക്കുവാനുള്ള പണം
കോടതിയില്‍ കെട്ടിവെക്കണം



ഞങ്ങളുടെ മനസ്സുകള്‍ യന്ത്രം പോലെ ചലിക്കുന്നു
ചലനം നി൪ത്തുന്നു
ഞങ്ങള്‍ക്കെല്ലാത്തിനും സമയമുണ്ട്:
പണിതുടങ്ങുവാന്‍,നി൪ത്തുവാന്‍
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉണ൪ത്തുന്നു
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉറ‌ക്കുന്നു



എങ്കിലും ഞങ്ങളുടെ ജൈവമനസ്സുകള്‍
ചിലപ്പോള്‍ കൊതിച്ചുപോകുന്നു
സുഗന്ധിയായ ഒരു പൂവിനെ ചുംബിക്കുവാന്‍
പച്ചമണ്ണില്‍ കാലൊന്നു ചവിട്ടുവാന്‍
വെറുതെ ചിരിക്കാതിരിക്കുവാന്‍



ലോട്ടോയന്ത്രം വീണ്ടും ചതിച്ചുവോ?
ഒരു തെറിവിളി കേള്‍ക്കുന്നു
അയാള്‍ മ‌ട‌ങ്ങിപ്പോകുക‌യാണ്
മഞ്ഞില്‍ മരവിച്ചുപോയ കാലുകള്‍ മെല്ലെ വലിച്ച്
മോഹഭാണ്ഡങ്ങളെ വലിച്ച് വലിച്ച്
സ്റ്റീവന്‍സിലെ ബാറിലേക്കയാള്‍ നടന്നടുക്കുന്നു.