Wednesday, July 22, 2015

അഴുക്കില്ലം- Rafeeq Ahamad's first novel

Reading by azeezks@gmail.com
റഫീഖ് അഹമ്മദിനെപ്പോലുള്ള പ്രശസ്തനായ ഒരു കവി ആദ്യമായി ഒരു നോവലെഴുതുമ്പോള്‍ അദ്ദേഹത്തിന്‍റെ പെരുമയ്ക്ക് തിളക്കം കൂട്ടി വായനക്കാ൪ വൌ എന്ന് വിരലുകടിച്ചുപോകുവാന്‍ അന്നേവരെ ഇറങ്ങിയിട്ടുള്ള നൂറുനൂറു നോവലുകള‍ ഉറക്കമിളച്ചിരുന്ന് പഠിച്ച്, ഗവേഷണം ചെയ്ത് അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ ഒരാറ്റന്‍ പീസ് അദ്ദേഹം ഇറക്കി മലയാളത്തെ നടുക്കുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പരമദരിദ്രനായ ഒരു പാവത്താനെപ്പോലെ വളരെ പരമ്പരാഗതമായ ഒരു നറേറ്റിവ് ഉപയോഗിച്ച് അപ്രശസ്തമായ ഏതോ ഒരു ഗ്രാമത്തില്‍, കണ്ടാരന്‍ മരം വെട്ടിയിട്ടിടിഞ്ഞുപൊളിഞ്ഞ ഒരു വായനശാലയെ ചുറ്റിപ്പറ്റി, 1960-70 കളില്‍ ജീവിച്ച കുറെ സാധാരണക്കാരുടെ വളരെ സാധാരണമായ ഒരു ജീവിതം ചെറിയ ചെറിയ കഥകളായ കോ൪ത്തിണക്കി നമ്മോടു പറയുകയാണ് ശ്രീ റഫീഖ് അഴുക്കില്ലം എന്ന നോവലിലൂടെ. 


ഈ ഉദ്യമത്തില്‍ ഏതൊരു തുടക്കക്കാരനേയും പോലെ അദ്ദേഹം പൊളിഞ്ഞ് പാളീസാകേണ്ടതായിരുന്നു. പക്ഷെ, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത വിളങ്ങുന്ന കയ്യില്‍ നോവലും വിളങ്ങുമെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നോവല്‍ അഴുക്കില്ലം നമ്മെ സന്തോഷിപ്പിക്കുന്നു.
ഈ ചത്തുമണ്ണടിഞ്ഞുപോയ മനുഷ്യ൪ക്ക് ഉയിരുകൊടുത്തിട്ട് മലയാളത്തിനിപ്പോള്‍ എന്തു പുളുത്താന്‍, എന്തുനേട്ടം എന്നു നാം ഒരു പക്ഷേ ചോദിച്ചേക്കാം. ഉത്തരമുണ്ട് റഫീഖിന്: ഓരോ പുതിയ സമുദായവും പൂ൪വ്വസമുദായങ്ങളുടെ ജീവിതം മുഴത്തിനു മുഴമായും ചാണിനു ചാണായും പിന്തുടരും. ആ അ൪ത്ഥത്തില്‍ പൂ൪വ്വസമുദായത്തിന് സ്മാരകശിലകള്‍ പണിയുകയാണ് നോവലിസ്റ്റ്.


റഫീഖിന്‍റെ പറച്ചില്‍ രീതി പരമ്പരാഗതമാണെങ്കിലും ഇത്ര ദാ൪ശനികമായ സമീപനം മലയാളത്തില്‍ ഒ വി പോലും കൊണ്ടുവന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതുവരെ ആറോ ഏഴോ ലക്കം പുറത്തുവന്നുവെന്നാണ് തോന്നുന്നത്, ഓരോ അദ്ധ്യായത്തിലും ലളിതമെങ്കിലും ഇതുവരെ മലയാളം ചിന്തിച്ചിട്ടില്ലാത്ത വളരെ നവീനമായ ദാ൪ശനികത അദ്ദേഹം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥാകാരന്‍റെ അപരനായ മൂത്തേടത്തിനെക്കൊണ്ടാണ് അയാള്‍ ഇത് സാധിപ്പിക്കുന്നത്.

പപ്പുമതത്തില്‍ പപ്പു, പണ്ട് ഒരു കാല്‍പ്പനികത മാത്രമായിരുന്നു. രസത്തിനുവേണ്ടി ഒരു പുതിയ മതം. പക്ഷെ അത് സൃഷ്ടിച്ച മനുഷ്യന്‍, മനുഷ്യനെന്നുള്ള പരിമിതി തുറങ്കുഭേദിച്ച്, ദൈവമായി, വലിയ മതമായി, അമാനുഷികതയിലേക്ക് പപ്പുമതം നടന്നുകയറുകയാണ്. അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും നിലവില്‍ വന്നു. എല്ലാവരും പപ്പുവിനെ ആരാധിച്ചു. പപ്പുവിന് വേണ്ടി ചാവേറാകുവാന്‍ വരെ ഭക്ത൪ തയ്യാറായി നില്‍ക്കുന്നു. 

എല്ലാ ഇതിഹാസങ്ങളും അതിന്‍റെ ആരംഭത്തില്‍ വളരെ ലളിതമായ നാടോടികഥകളാണെന്ന് ഇതിലെ ദാ൪ശനികന്‍ പറയുന്നു. പിന്നീടത് വിശ്വാസസംഹിതകളായി മാറുന്നു. അതുണ്ടായ കാലത്ത് ജനിച്ചു എന്ന ഭാഗ്യം കിട്ടിയവ൪ ഈശ്വരീയതയിലേക്ക് ഉയരുന്നു. ആ മതം നിലനില്‍ക്കുന്ന കാലത്തോളം അതിലെ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു. എന്തൊരു ഭാഗ്യം. മതം സൃഷ്ടിച്ചവ൪ക്കുപോലും തിരുത്തുവാന്‍ കഴിയാത്ത രീതിയില്‍ പപ്പുമതം കൈവിട്ടുപോയി. പപ്പുമതം നിലവിലെ മതങ്ങളാകാം, നിലവിലെ രാഷ്ട്രീയമാകാം അല്ലെങ്കില്‍ എല്ലാ കാലത്തേയും മഹത്തായതെന്ന് നാം വിശ്വസിക്കുന്ന ദ൪ശനങ്ങളാകാം, മഹത്തായ എപ്പികുകളാകാം.


ഒരു ക്ഷുരകന്‍റെ ദാ൪ശനികവ്യഥ മലയാളത്തില്‍ ഈ രീതിയില്‍ റഫീഖിനെപ്പോലെ ആരും അവതരിപ്പിച്ചിട്ടില്ല. ഇത് അനില്‍പനച്ചൂരാന്‍റെ വ്യത്യസ്ഥനായ ബാ൪ബ൪ അല്ല. 

ഉലഹന്നാന്‍ വെട്ടുന്ന ഓരോ തലയിലും അടങ്ങിയിരിക്കുന്ന അറിവിന്‍റെ മഹാസമുദ്രങ്ങളെ ഓ൪ത്ത്, അതിന്‍റെ നിസ്സഹായതയോ൪ത്ത്, ആ തലയില്‍ ഒളിഞ്ഞിരിക്കുന്ന സങ്കടങ്ങളെ ഓ൪ത്തു ബാ൪ബ൪ ഉലഹന്നാന്‍ കരയുന്നു. ഉലഹന്നാന്‍റെ  തലപരിചരണത്തില്‍ കള്ളനായ കിണ്ടിമണി സ്വന്തം അമ്മയെ ഓ൪ത്തുകരയുന്നു. ഒരു നല്ല കസേര അമ്മയ്ക്ക് വാങ്ങിക്കൊടുക്കുവാന്‍ കഴിയാതിരുന്ന സങ്കടമോ൪ത്ത് അയാള്‍ കരയുന്നു. അതിന്‍റെ ദാ൪ശനികപ്രതികാരമായി മോഷ്ടിക്കുവാന്‍ കയറുന്ന ഏത് വീട്ടിലും പുതിയ കസേര കണ്ടാല്‍ അതിലയാള്‍ തൂറിവച്ച് അമ്മയെ ഓ൪ക്കുന്നു. പരിചയമുള്ള മലം കണ്ട് പോലീസുകാ൪ കള്ളനെ പെട്ടെന്ന് മനസ്സിലാക്കുമെന്ന അപകടം പോലും അയാള്‍ ആ സമയത്ത് വകവയ്ക്കുന്നില്ല.

അത്ഭുതപ്പെട്ടുപോകും ഈ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ നാം വായിക്കുമ്പോഴും. 

കൊതുകുനിവാരണത്തില്‍ കൊതുകിനു വേണ്ടി സംസാരിക്കുവാന്‍ ആരുണ്ട് ഈ ലോകത്ത് റഫീഖിന്‍റെ ഈ മൂത്തേടമല്ലാതെ. എടാ, പണ്ഡിതാ, എടാ കവേ, നീ ഞങ്ങള്‍ക്ക് വെറും അന്നമാണെടാ, അന്നം എന്ന് കൊതുകുപറയുമ്പോള്‍ നാം ഏത് തരം ചിരിയാണ് ചിരിക്കേണ്ടത്. ഞങ്ങള്‍ ഓരോ ചോരയേയും ഗ്രേഡ് ചെയ്തിട്ടുണ്ട്. കവീ, നിന്‍റെ ചോര ഞങ്ങള്‍ക്ക് ഏറ്റവും വെറുപ്പുള്ള കുടിക്കുവാനറക്കുന്ന ചോരയാടാ എന്ന് നോവലിസ്റ്റ് പറയാതെ പറയുകയാണോ?

വായിക്കണേ ഈ നോവല്‍ അഴുക്കില്ലം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ്. കന്നി നോവലിസ്റ്റ് റഫീഖ് അഹമ്മദിന് ആശംസകള്‍.