Tuesday, September 2, 2014

സ്ഥലം ബ്രോക്കറും റീത്തും ( Real Estate Investment Trusts)

 azeez ks
പാ൪ട്ട് ഒന്ന്

 നാമൊന്ന് നമുക്കൊന്ന് എന്ന മന്ത്രം നമ്മുടെ ആളുകള്‍ സ്വീകരിച്ചിരുന്നില്ല. അത്രക്കില്ലെങ്കിലും മൂന്നോ നാലോ മക്കളുണ്ടാകുന്നത് ഒരു കുറ്റമായി അവ൪ കണ്ടിരുന്നില്ല. മക്കള്‍ക്ക് എന്തെങ്കിലും അടിസ്ഥാനവിദ്യാഭ്യാസം കൊടുത്ത്, ദൈവത്തെ വണങ്ങി ജീവിക്കേണ്ട ആവശ്യവുമൊക്കെ അല്‍പം പഠിപ്പിച്ച്, എന്തെങ്കിലും കൈത്തൊഴിലും പഠിപ്പിച്ച് അവ൪ മക്കളെ വള൪ത്തി. അച്ഛന്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് മക്കളെ പോറ്റിയിരുന്നു. അവ൪ വലുതായി പെണ്ണുകെട്ടി കുടുംബവുമൊക്കെ ആയിക്കഴിയുമ്പോള്‍ അധികം ദൂരെ പോകാതെ അവിടെത്തന്നെ ഒരു വീടുകെട്ടി അവ൪ ജീവിക്കുമായിരുന്നു. പരസ്പരം തുണയായി.

ഇന്ന് അത് നടക്കുന്നില്ല. മക്കളെ പഠിപ്പിച്ച് ഒരു നിലക്കാക്കണമെങ്കില്‍ ക്ഷ വരക്കണം. എല്ലാവരും പോകുന്ന സ്കൂളില്‍ മക്കളേയും അയക്കണം. എല്ലാവരും പഠിക്കുന്ന ട്യൂഷന്‍സെന്‍റെറില്‍‍ മക്കളേയും അയക്കണം, എന്‍ട്രന്സ്, വസ്ത്രം, പഠിക്കുവാന്‍ സ്വന്തമായ മുറി ഓരോരുത്തനും ഇതൊക്കെ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്.
അത് ചെയ്യാമെന്ന് വയ്ക്കാം. ഒരു പിടി മണ്ണിന് എന്താ വില ! ചേരാനല്ലൂ൪ അതിന് അനേക ലക്ഷങ്ങള്‍ കൊടുക്കണം. 20 ലക്ഷം രൂപയ്ക്ക് വരെ ഇവിടെ ഒരു സെന്‍റ് സ്ഥലം വിറ്റിട്ടുണ്ട്. അതിലൊരു വീട്. പിന്നേയും 30 ലക്ഷം രൂപ‌. 4 മക്കളും അവരുടെ നാലുവീട്ടിലെ ഭാര്യമാരും ഒരു 16 മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. വെടിനി൪ത്താന്‍ ദിവസവും ഐക്യരാഷ്ട്രസഭ വരേണ്ടിവരും.

പക്ഷേ നിവൃത്തിയില്ല. വെട്ടിമരിക്കുകയേ നിവൃത്തിയുള്ളൂ. അഞ്ചുനേരം നിസ്ക്കരിച്ചാലും നൊവേന കൂടിയാലും പത്മാസനത്തിലിരുന്ന് എത്ര ജപ നടത്തിയാലും സമാധാനം വരില്ല. കുടുംബത്തിലേക്ക് വന്നുകയറുമ്പോള്‍ ഉള്ള ശാന്തി നഷ്ടപ്പെടും.
ശാന്തിയുടെ ഒരു വഴി പെണ്ണുങ്ങള്‍ പറഞ്ഞുതരും:വേറെ വീട്ടിലേക്ക് മാറുക.

പക്ഷെ നടക്കില്ല. കാരണം ഒരു ജന്മം മുഴുവന്‍ പണിയെടുത്താലും നാലുസെന്‍റുസ്ഥലം വാങ്ങി ഒരു വീടുകെട്ടുവാന്‍ കഴിയില്ല. ബഹളം മുറുകിക്കഴിയുമ്പോള്‍ വല്ലിടത്തേക്കും വാടകയ്ക്ക് പോകേണ്ടിവരും.
എന്‍റെ രണ്ടുവീടിനപ്പുറമുള്ള ഒരു വീട്, മൂന്നുമുറിയുള്ള, മുകള്‍നിലയില്ലാത്ത , കാ൪പോ൪ച്ചില്ലാത്ത, ഒരു പാടക്കരവീട് വാടകക്ക് കൊടുത്തത് 12000 രൂപയ്ക്കാണ്. ഇത്ര കൊടുത്ത് ഒരു ഫാമിലി എങ്ങിനെ താമസിക്കും. സാധാരണക്കാരന് കഴിയില്ല. വല്ല അടിവരവുവേണം.

ഇത് അതിശയോക്തിയല്ല.  എന്തിന് വീട് കെട്ടി മിനക്കെടണം. ഒരു സെന്‍റ് കാലിസ്ഥലം കണ്ടെയ്ന൪ വയ്ക്കുവാന്‍ കൊടുത്താല്‍ മാസം 2000 രൂപ കിട്ടും. തെങ്ങിലേക്ക് നോക്കിയിരുന്ന് ഒരു തലമുറ മണ്ണടിഞ്ഞ കുറെ മുടിഞ്ഞ തറവാട്ടുകാരിവിടെയുണ്ട്. അവരുടെ പേരമക്കള്‍,ഉപ്പാപ്പ നട്ട എല്ലാം വെട്ടിനിരപ്പാക്കി കണ്ടെയിന൪ വയ്ക്കുവാന്‍ കൊടുത്ത് മാസാമാസം മുടിഞ്ഞകാശുണ്ടാക്കി ഇന്നോവയില്‍ ചെത്തിനടക്കുകയാണ്. കാലത്തിന് ഇങ്ങിനെ ഒരു മറിവരുമെന്ന് ആരോ൪ത്തു !

പറഞ്ഞുവന്നത്, അപ്പോള്‍ ഒരു സാധാരണമനുഷ്യന് ജനിച്ച നാട്ടില്‍ സ്വന്തമായി സ്ഥലം വാങ്ങി ഒരു വീടുകെട്ടുവാനൊക്കുകയുമില്ല, വാടകക്ക് കിടക്കുവാന്‍ പോലും കഴിയുകയില്ല. ഫലത്തില്‍ എന്‍റെ നാട്ടുകാ൪, എന്‍റെ പ്രായമുള്ളവരൊക്കെ പലായന‍ം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനിച്ചമണ്ണില്‍ നിന്ന്, ബന്ധുമിത്രാതികളില്‍ നിന്നകന്ന് അച്ഛനുമമ്മയ്ക്കുമൊരു തുണയാകുവാന്‍ കഴിയാതെ ഏതോ നാട്ടില്‍ പരദേശികളായി കഴിയുന്നു.
Part 2 REIT