Thursday, September 25, 2014

തൃശ്ശൂ൪ കാഴ്ചകള്‍

azeez ks
ഇന്നലെ തൃശ്ശൂരായിരുന്നു.ഇപ്പോഴും ആളെ വിളിച്ചുകയറ്റുന്ന ഒരു ബസ് സ്റ്റാന്‍റാണ് തൃശ്ശൂ൪ ശക്തന്‍.വഴിയിലിറക്കിവിടുന്ന, കയ്യുംകലാശവും കാണിച്ചാല്‍ പോലും ബസ്സ് നി൪ത്താത്ത എറണാകുളത്തുകാരെക്കണ്ട് ശീലിച്ച എനിക്ക് ശക്തന്‍ ഒരു നല്ല കാഴ്ചയാണ്.

ഓരോരോ സ്ഥലത്തേക്ക് പോകുവാനുള്ള യാത്രക്കാരെ അവ൪ വിളിച്ചുകയറ്റുകയാണ്. ഒച്ചയും അനക്കവും ബഹളവും. സന്ധ്യയ്ക്ക് കാക്ക ചേക്കേറുമ്പോള്‍ കൂട്ടുന്ന കലപില പോലെ.
...
ഗോന്ദാരാം ഗോന്ദാരാം ഒരു പയ്യന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. 30 കൊല്ലത്തെ പരിചയമുണ്ട് എനിക്ക് തൃശ്ശൂരുമായി. എത്ര കാതുകൂ൪പ്പിച്ചിരുന്നിട്ടും ഇവ൪ വിളിച്ചുപറയുന്ന സ്ഥലപ്പേര് എനിക്ക് മനസ്സിലാകുന്നില്ല. ബസ്സ് കടന്നുപോയപ്പോള്‍ ഞാന്‍ ബോ൪ഡ് നോക്കി ഗോവിന്ദാപുരം എന്ന സ്ഥലമാണ് ഗോന്ദാരാം ഗോന്ദാരമായത്.

ഇടക്കിടെ ബസ്സ് "മൂപ്പിച്ച്" നി൪ത്തും. ബസ്സ് പുറപ്പെടുകയാണ് എന്ന മുന്നറിയിപ്പ്. എല്ലാ യാത്രക്കാരും ഓടിക്കയറും. പുറപ്പെട്ടുകഴിഞ്ഞു. അപ്പോ കാണാം മുമ്പിലേക്ക് കുറെ ഓടിച്ച് ബസ് ബാക്കടിച്ച് വീണ്ടും അവിടെ കൊണ്ടുവന്നു നി൪ത്തും. ഗോന്ദാരാം ഗോന്ദാരം വിളി തുട൪ന്നുകൊണ്ടിരിക്കും. മാക്സിമം ആളെക്കയറ്റിയിട്ടേ ബസ്സ് പോകൂ.

ചായക്കടയില്‍ വരെ ആളെ വിളിച്ചുകയറ്റുന്നു. 15 രൂപയ്ക്ക് നല്ല ഒരു ചായയും കടിയും. സുഖം സുഖം. നല്ല സ്ഥലമാണ് തൃശ്ശൂ൪. ഈ ബസ് സ്റ്റാന്‍റില്‍ അല്‍പം നേരമിരുന്നാല്‍ നല്ല ഒരു എന൪ജി കിട്ടും. നല്ല സന്തോഷം കിട്ടും.

ജീവിതത്തിന്‍റെ അ൪ത്ഥശൂന്യതയോ൪ത്ത് വെറുതെ ദു:ഖിക്കുവാന്‍ വേണ്ടി നടക്കുന്ന മിലാന്‍ കുന്ദേരമാരും സാ൪തൃമാരും കുറച്ചുനേരം ഇവിടെ വന്നിരിക്കട്ടെ. എല്ലാ ഡിപ്രഷനും മാറും. 15 രൂപയുടെ ചിലവേയുള്ളൂ. താങ്ക്യു തൃശ്ശൂ൪