Wednesday, November 5, 2014

ഒരു വെള്ളിയാഴ്ച‌ ചിന്ത‌

azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. 
വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.



ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.

12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.

സ്ഥലവും കാലവും വെറും മായകളെന്ന് ഭഗവാന്‍ പറയുന്നു. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍

ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.

വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. 
ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.