Monday, August 11, 2014

ലുലുമെട്രൊആസ്റ്റ൪ വാലുകള്‍

azeez ks
എറണാകുളത്തുകാരനായ ഞാന്‍ എന്‍റെ വിലയറിയാതെ പോയി. കഷ്ടം.
ലുലുമാള്‍ ഇടപ്പള്ളിയിലാണ്. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റ൪ വരും. അഞ്ചില്ല , നാലര കിലോ മീറ്ററെയുള്ളൂവെന്ന് ഭാര്യ ഗൂഗിള്‍തെളിവു സഹിതം പറഞ്ഞു. ആറു മിനിറ്റ് ദൂരം മാത്രം. ഇന്ത്യയിലെ രണ്ടാമത്തെ മഹത്തായ ഷോപ്പിംഗ് അനുഭവം എന്‍റെ നാലര കിലോ മീറ്റ൪ മാത്രം ദൂരെ ! ഹ.
വയനാട്, കണ്ണൂ൪, പാലക്കാട്, മലപ്പുറം , കാസ൪ഗോഡ് , കോഴിക്കോട്, ഇടുക്കി, പത്തനം തിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേയും അന്യസംസ്ഥാനങ്ങളിലേയും കുട്ടികള്‍ ലുലുടൂറിസത്തിനായി ഇവിടെ വരുന്നു.
അതിനടുത്ത് എന്‍റെ വീട്. എത്ര ഭാഗ്യവാന്‍.
എന്‍റെ പഞ്ചായത്തിലാണ് 500 ബെഡുള്ള, 9 ആശുപത്രികളുടെ സമുച്ചയമായ ആസ്റ്റ൪ മെഡിസിറ്റി. റോബട്ട് ഓപ്പറേഷന്‍ നടത്തിയ  ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി. റൊബട്ടുകള്‍ വിദേശത്ത് ഒരിടത്തും ഓപ്പറേറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ ലോകത്തിലെ ആദ്യത്തെ ആശുപത്രി. അത് എന്‍റെ വീടിനടുത്ത്.
യുഡിഫ് ലെ നേതാക്കന്മാരുടെ ബിനാമിയാണ് ഈ ആശുപത്രി എന്ന് കേള്‍ക്കുന്നു. 96 ഏക്ക൪ പൊക്കാളിപ്പാടമാണ് ഈ ദല്ലാളന്മാ൪ നികത്തിയെടുത്തത്. ഉമ്മന്‍ ചാണ്ടി എയിംസ് എന്ന കേന്ദ്ര ആശുപത്രിക്കുവേണ്ടി ഒരു അപേക്ഷ പോലും വയ്ക്കാതിരുന്നത് ഈ ബിനാമിക്കുട്ടനെ കണ്ടുകൊണ്ടാണെന്ന് പറയപ്പെടുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളോഹരി ആശുപത്രി ( ആശുപത്രി പെ൪ ഹെഡ് ) എറണാകുളത്താണ്. വികസനത്തിന്‍റെ  അളവുകോല്‍ ഇങ്ങിനെയാണല്ലോ. ആളോഹരി ക‌മ്പിപ്പാത, ആളോഹരി മരുന്നുപയോഗം, ആളോഹരി പേപ്പ൪ ഉപയോഗം, ആളോഹരി മീറ്റ് ഉപയോഗം, ആളോഹരി മുട്ട ഉപയോഗം, ആളോഹരി ഇന്‍റ്൪നെറ്റ് ഉപയോഗം എന്നൊക്കെ പറയുന്നതുപോലെ.
ആസ്റ്ററില്‍ നിന്ന് ഒരു കിലോ മീറ്റ൪ ദൂരെ അമൃത ആശുപത്രിയുണ്ട്. ഏറ്റവും ചിലവു കുറഞ്ഞരീതിയില്‍ നല്ല മെഡിക്കല്‍ സൌകര്യമുള്ള ധാരാളം പള്ളിആശുപത്രികളിവിടെയുണ്ട്. മാനം മുട്ടെ നില്‍ക്കുന്ന മെഡിക്കല്‍ ട്രസ്റ്റുണ്ട്. വിമാനമിറക്കാവുന്ന ലേക് ഷോറുണ്ട്. എന്തിന്, വെള്ളാപ്പിള്ളിവരെ വമ്പന്‍ ആശുപത്രി പാലാരിവട്ടത്ത് പണിതിട്ടുണ്ട്. പിന്നെ എന്തിനാണ് ഇനി ഒരു റോബട് ആശുപത്രി എന്നു ഞാന്‍ ഓ൪ത്തിട്ടുണ്ട്. പക്ഷെ അത് തെറ്റ്. ഒരു ആശുപത്രിയുടെ കൊമെഴ്സ്യല്‍ സാദ്ധ്യത മനസ്സിലാക്കാന്‍ കഴിയാതെ പോയ എനിക്ക് തെറ്റുപറ്റി. മുറി എവിടെ? രോഗികളുടെ പരിചാരക൪ക്ക് കിടക്കാന്‍ മുറി എവിടെ? അവിടെയാണ് സാദ്ധ്യത. കിടപ്പറ‌ പകുത്ത് വരെ ആളുകള്‍ നല്‍കുന്നത്രെ. ഒറ്റമുറിക്ക് മാസം ചുരുങ്ങിയത് 7000 രൂപ കിട്ടും. പനമ്പിള്ളി നഗറില്‍ പോലും ഇല്ല ഈ വാടക.
നിങ്ങളെ ഞാന്‍ എറണാകുളത്തേക്ക് ക്ഷണിക്കുന്നു.
ലുലുവിന്‍റെ ഷോപ്പിംഗ് എക്സ്പീരിയന്‍സിലേക്ക്
ആസ്റ്ററിലെ രോഗാനുഭവത്തിലേക്ക്
ഇന്ത്യയിലെ ഏറ്റവുംനല്ല സാരിയനുഭവത്തിലേക്ക്, കലാനികേതനിലേക്ക്.
The Biggest Women's Shopping Mall എന്നാണ് കലാനികേതനിലെ പരസ്യം തന്നെ. ശരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീകളുടെ ഷോപ്പിംഗ് മാളാണിത്. വെറുതെ ഒന്ന് കയറിയിറങ്ങിയപ്പോള്‍ അത് Women's Biggest Shopping Mall എന്നായിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോയി.

മെട്രോ വന്നാല്‍ ( അത് 1000 ദിവസം കൊണ്ട് പൂ൪ത്തിയാക്കുമെന്ന് ശ്രീധരീയം.പക്ഷേ എം സാന്‍റ് എന്ന കരിങ്കല്‍ മണല്‍ കിട്ടാനില്ല. ഹരിത ട്രിബൂണലിന്‍റെ വിധി. കുഴിയടക്കാന്‍ പോലും മെറ്റല്‍ കിട്ടുന്നില്ല എന്ന് ഇബ്രാഹിംകുഞ്ഞ് ) എന്തായിരിക്കും ഞങ്ങളുടെ ഒരു വില.
വരൂ സ്വാഗതം.
താങ്ക്യു ലുലു
താങ്ക്യു ആസ്റ്റ൪
താങ്ക്യു മെട്രൊ

ഞങ്ങള്‍ എറണാകുളത്തുകാ൪ക്ക് പണ്ടേ ഒരു ചീത്തപ്പേരുണ്ടായിരുന്നു, വിശ്വസിക്കുവാന്‍ കൊള്ളാത്തവരാണെന്ന്, അടുക്കുവാന്‍ കൊള്ളാത്തവരാണെന്ന്.
താങ്ക്യു, ആ ചീത്തപ്പേര് നിങ്ങള്‍ മാറ്റിത്തന്നു.

വി കെ എന്‍ എന്ന നായ൪ സ്വയം കളിയാക്കി പണ്ട് പറഞ്ഞിട്ടുണ്ട് :
വളരെ ക്ലേശിച്ചിട്ടാണ് ആ ചില്ലക്ഷരം ഞങ്ങള്‍ക്ക് കിട്ടിയതെന്ന്.
എറണാകുളത്തുകാരുടെ സുകൃതം കൊണ്ടാണ് ഈ ലുലുമെട്രോആസ്റ്റ൪ വാലുണ്ടായത്.
താങ്ക്യു.