"കോഴിക്കോട്ടുകാരിലേക്ക്" എന്നെ ചേ൪ത്ത മുഹമ്മദിനു നന്ദി .കോഴിക്കോട്ടുകാ൪ എന്ന പ്രൊഫൈല്‍ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.അടുത്ത ജന്മത്തിലെങ്കിലും ഒരു കോഴിക്കോടുകാരനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഒന്നോ രണ്ടോ വട്ടമേ വന്നിട്ടുള്ളൂ.30 കൊല്ലം മുമ്പ്. അന്നു ഒരു ചായക്കടയില്‍ നിന്നും കഴിച്ച ഒരു സാധനത്തിന്‍റെ രുചി ഇപ്പോഴും മനസ്സിലുണ്ട്.ഈയിടെയാണ് അറിഞ്ഞത് അത് കല്ലുമ്മക്കായയായിരുന്നുവെന്ന്.കല്യാണം കഴിക്കുന്ന പ്രായത്തില്‍ കോഴിക്കോട് നിന്ന് വേണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല. ആരും പെണ്ണു തന്നില്ല.ഞാന്‍ ചതിയന്‍ നാട്ടുകാരനല്ലേ. ചതിയന്‍ നാട്ടുകാരനായ ഈ എറണാകുളത്തുകാരന് ആര് പെണ്ണു തരാന്‍.ഞങ്ങള്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവ൪, കാര്യം കാണാന്‍ വേണ്ടി അടുക്കുന്നവ൪ , പുര കത്തുമ്പോള്‍ വാഴവെട്ടുന്നവ൪, എത്ര വലിയ നോമ്പാണെങ്കിലും ഒരു ഉണക്ക ഈന്തപ്പഴവും രണ്ട് പത്തിരിയും എരിവുകൊണ്ട് കണ്ണുപുകയുന്ന പോത്തെറച്ചിയും കടുംചായയും വിളമ്പി പടച്ചോന്‍റടുക്കല്‍ നിന്ന് നോമ്പ് തുറയുടെ മുഴുവന്‍ കൂലിയും അടിച്ചെടുക്കുന്നവ൪, പിഎസ്സിയുടെ ഗൈഡ് എവിടെ കിട്ടുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കിട്ടുന്ന സ്ഥലത്തിനെതിരെയുള്ള സ്ഥലം പറഞ്ഞ് വിടുന്നവ൪( അതുവഴി തന്‍റെ ചാന്‍സ് പോയാലോ, തന്‍റെ ആരുടേയെങ്കിലും ചാന്‍സ് പോയാലോ)...
ഇനി എന്തൊക്കെയാണ് ഞങ്ങള്‍?ഞങ്ങളെങ്ങിനെ ഇങ്ങിനെയായി? ചിരിക്കുന്നവന്‍റെ മുഖത്തു നോക്കി ചിരിക്കുവാന്‍ ഭയം. പിറകെ പാര വരുമോ! ധ൪മ്മം ചോദിച്ചാല്‍ ഒന്ന് മടിക്കും. കെട്ടുകണക്കിനു കാശ് മടിയില്‍ വച്ചിട്ടായിരിക്കുമോ ഇവന്‍ ധ൪മ്മം ചോദിക്കുന്നത്! വെള്ളം തന്നാല്‍ വാങ്ങിക്കുടിക്കുവാന്‍ മടി. മറ്റത് കലക്കി എന്‍റെ പേഴ്സ് അടിച്ചെടുക്കുമോ!...
ഈ എറണാകുളത്തു നിന്ന് പോകണമെന്ന് ഇപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞുതുടങ്ങിയിരിക്കുന്നു!
ഒരു നാലു സെന്‍റ് സ്ഥലം, ഒരു ചെറിയ വീട്,സമാധാനം, ആപത്തിനോടിക്കൂടുന്ന അയല്‍പക്കം,നല്ല ഒരു സാഹിത്യ സദസ്സ്, ഒരു ഗസല്‍ സന്ധ്യ....
നടക്കുമോ ഈ ജന്മത്ത്?