സാമൂഹ്യജീവിതം എന്തെന്നറിയാത്ത ഈ കനേഡിയന്‍ യാന്ത്രികതയില്‍ ഞാന്‍ മരണത്തിനു മുമ്പുള്ള എന്‍റെ പൊറാട്ട് ആടിത്തീ൪ക്കുകയാണ്.ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയെപ്പോലും ഫോണ്‍ ചെയ്ത് അനുവാദം വാങ്ങിയാണ് ഞാന്‍ ചെല്ലേണ്ടത്.വീടും ജോലിയും ജോലിയും വീടും എന്ന ശുഷ്കമായ എന്‍റെ ജീവിതത്തിന്‍റെ ഈ സഞ്ചാരപഥം എന്നെ വളരെ അധികം അസ്വസ്ഥനാക്കുന്നു.
ജനലിലൂടെ ഈ വെള്ള മഞ്ഞിലൂടെ നോക്കിയിരിക്കുമ്പോള്‍ ഒരു കുട്ടിപോലും നടന്നുപോകാത്ത ഈ വഴിയോരങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.നഷ്ടപ്പെട്ട എന്‍റെ ജീവിതം ഞാന്‍ ഓ൪ത്തെടുക്കുകയാണ്.
ഓത്തുപള്ളിയെക്കുറിച്ച് ചില ഓ൪മ്മകള്‍ ഞാന്‍ ഇന്നെഴുതാം.ഞാന്‍ ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ച ആളാണ്.പിന്നീട് പള്ളി ദ൪സില്‍ കുറെ വ൪ഷങ്ങള്‍ ഓതി.അന്ന് മദ്രസകള്‍ വ്യാപകമായിരുന്നില്ല.പിന്നീടാണ് സമസ്ത ബോ൪ഡിന്‍റെ കീഴില്‍ മദ്രസകള്‍ വന്നത്.ഞാന്‍ മലബാറുകാരനല്ലല്ലോ.
ഓത്തുപള്ളി നമ്മുടെ ആശാന്‍ പള്ളിക്കൂടം പോലുള്ള ഒന്നു.ഞങ്ങള്‍ കുട്ടികള്‍ ഓത്തുപള്ളിയിലേക്ക് പോകും.ആദ്യാക്ഷരക്കുറിപ്പിന് വലിയ ചടങ്ങാണ്.ബാപ്പയുടെ കൈപിടിച്ച് ഓത്തുപള്ളിയിലേക്ക് പോയ ദിനം ഞാന്‍ ഓ൪ക്കുന്നു.ഇക്കയുടേയും എന്‍റേയും മാ൪ക്കം ഒരുമിച്ചായിരുന്നതുകൊണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ സുന്നത്ത് കഴിഞ്ഞിരുന്നു.അത് ഓത്തുപള്ളിയില്‍ നേരത്തെ ചേ൪ക്കുവാന്‍ ഒരു കാരണവുമായി.ഞാനും ബാപ്പയും നടക്കുമ്പോള്‍ ഞങ്ങളുടെ പിറകെ എന്‍റെ ഇക്ക വലിയ കലം ചുമന്ന് പിറകെ വരുന്നുണ്ടാകും. അത് ചക്കരച്ചോറാണ്. അമ്പലപ്പായസം പോലെ.ആദ്യാക്ഷരം കുറിച്ചാല്‍ ഉസ്താദിന് ബാപ്പ ഒരു പുത്തന്‍ കൊടുക്കും. ഉസ്താദ് അത് സന്തോഷത്തോടെ ബിസ്മി ചൊല്ലി വാങ്ങും.പിന്നെ നീട്ടിപ്പിടിച്ച ഒരു ദുആയാണ്. പിന്നീടാണ് ചക്കരച്ചോറ് വിളമ്പുന്നത്.
ഈ ചക്കരച്ചോറ് പിന്നീട് നിന്നുപോയി.എന്‍റെ മകനെ മദ്രസയില്‍ ചേ൪ത്തപ്പോള്‍ ലഡുവായിരുന്നു മധുരമായി നല്‍കിയത്.
കലം ഇറക്കി വയ്ക്കുമ്പോള്‍ മറ്റു കുട്ടികള്‍ അതിനു ചുറ്റും നടന്ന് മണം പിടിച്ചിട്ടുണ്ടാകും.ജീരകത്തിന്‍റേയും ചുക്കുപൊടിയുടേയും തേങ്ങാപ്പാലിന്‍റേയും ശ൪ക്കരയുടേയും മണം ഇന്നും എന്‍റെ മനസ്സിലുണ്ട്.ഉസ്താദിന്‍റെ പറമ്പില്‍ നിന്നും ഊ൪ത്തിയെടുക്കുന്ന വാഴയിലയിലാണ് ചക്കരച്ചോറ് വിളമ്പുന്നത്.മരക്കയില്‍ കൊണ്ട് ഒരു കുത്ത്.അത്രമാത്രം.സൂക്ഷിക്കണം, വാരി അണ്ണാക്കിലേക്ക് വയ്ക്കരുത്.വായ പൊള്ളും. അരികു മുതല്‍ തോണ്ടി തോണ്ടിയാണ് തിന്നേണ്ടത്.
പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ടാകും.ഓത്തുപലകയിലാണ് ഖു൪ആന്‍ എഴുതി പഠിക്കുന്നത്.ചെങ്കല്ല് കലക്കി അതിന്‍റെ ചേടി പലകയില്‍ പൂശും. വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ പലക റെഡി.അതില്‍ അരി കരിച്ച മഷി കൊണ്ട് കോഴിയുടെ തൂവല്‍ത്തണ്ട് മുക്കി എഴുതുകയാണ്.അന്ന് ഞങ്ങള്‍ വായിച്ച് വായിച്ച് കാണാപ്പാഠമാക്കും.ഒരാഴ്ച പിടിക്കും പുതിയ പാഠം മാറാന്‍.ചേടി കലക്കേണ്ടതും പലക ഉണക്കേണ്ടതും ഉസ്താദിന്‍റെ ഭാര്യയായതുകൊണ്ട് അവരുടെ ജോലിത്തിരക്കിനനുസരിച്ചിരിക്കും ഞങ്ങളുടെ പാഠം മാറല്‍.ഏത് ഉറക്കത്തില്‍ നിന്നും എവിടെ നിന്നും ചോദിച്ചാലും ഞങ്ങള്‍ അത് കാണാപ്പാഠം ചൊല്ലും.
പെണ്‍ കുട്ടികള്‍ക്ക് പാവാടയും ബ്ലൌസും. ഉമ്മ പിന്ന് വച്ച് കുത്തിക്കൊടുക്കുന്ന ഒരു തുണിക്കഷണം ( തട്ടന്‍ ) തലയിലിടും. ഇന്ന് കാണുന്ന കറുത്ത ഭൂത പ൪ദ്ദകള്‍ ഒരിടത്തും ഞങ്ങള്‍ കണ്ടിട്ടില്ല. എപ്പോഴും ഓതിക്കൊണ്ടിരിക്കണമെന്ന ഉസ്താദിന്‍റെ ശാസനക്ക് കുട്ടികള്‍ക്ക് ഒരു അയവു കിട്ടുന്നത് ഇത്തരം സന്ദ൪ഭങ്ങളിലാണ്.ഉസ്താദിനെക്കാണുവാന്‍ ആരെങ്കിലും വരികയാണെങ്കില്‍ ഞങ്ങള്‍ ഓത്തുനിര്‍ത്തും. അപ്പോഴാണ് മടിയിലെ പുളിയിഞ്ചിയും പള്ളിക്കാട്ടില്‍ നിന്നു പറിച്ച കറുകയിലയും പുറത്തെടുക്കുന്നത്.അത് തിന്നിരിക്കുമ്പോഴേക്കും ഉസ്താദെത്തും. പിന്നേ കൂട്ട പാണല്‍ പ്രയോഗമാണ്.
അന്ന് ചൂരല്‍ അടി കിട്ടുന്നത് അപൂര്‍വ്വമാണ്.അത് സ്പെഷല്‍ ഒക്കേഷനില്‍ ചില വില്ലന്മാരെ തല്ലുവാന്‍ മാത്രമേ ഉസ്താദ് പുറത്തെടുക്കൂ.കാരണം ചൂരല്‍ കാശ് കൊടുത്ത് പെരുമ്പാവൂ൪ ചന്തയില്‍ നിന്നും വാങ്ങേണ്ട സാധനമാണ്.കാശ് കൊടുത്ത് ഉസ്താദ് ചൂരല്‍ വാങ്ങില്ല.മാസാമാസം കുട്ടികള്‍ കൊടുക്കുന്ന രണ്ടു രൂപയാണ് ഒരു മാസത്തെ ഓത്തുഫീസ്.പല ബാപ്പമാരും അത് കൊടുക്കില്ല. അതില്ലാത്തതിന്‍റെ പേരില്‍ ഖു൪ആന്‍ പഠിപ്പിക്കാതെ കുട്ടിയെ ഉസ്താദ് പറഞ്ഞയക്കില്ല.ഖു൪ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പോലെ ശ്രേഷഠമായ ജോലിയില്ല മുസ്ലിംകള്‍ക്ക്. പാണല്‍ അടിക്ക് തൊലി തിമ൪പ്പ് കൂടും. ചൂരലിന് തിമ൪പ്പുണ്ടാകില്ല പക്ഷേ പുകച്ചില്‍ കൂടുതലായിരിക്കും.പിന്നീടാണ് സമസ്തയുടെ മദ്രസകള്‍ വന്നതും ഗ്രേഡുകള്‍ വന്നതും.
അന്ന് ഓത്തുപള്ളിയിലും മദ്രസയിലും പഠിച്ച ആയിരക്കണക്കിന് കുട്ടികളുണ്ടായിരുന്നു.ഒരു പ്രത്യേകത ഞാന്‍ കാണുന്നത് അവരാരും ഒരു തരത്തിലും വ൪ഗ്ഗീയതയോ മത സ്പ൪ദ്ദയോ ഹൃദയത്തില്‍ ഉള്ളവരായിരുന്നില്ല എന്നതാണ്.ഖുര്‍ആന്‍, മുള്ളിയാല്‍ കഴുകാത്തവരെ തൊടീക്കരുതെന്ന് ഉമ്മയും ഉസ്താദും പറയുമായിരുന്നു. കുട്ടികള്‍ അപ്രകാരം ചെയ്യുമെന്നൊഴിച്ച് യാതൊരു വ൪ഗ്ഗീയതയുമില്ലായിരുന്നു.വളരെ സ്നേഹമായിരുന്നു മറ്റു ഹിന്ദു കുട്ടികളോട്. ഹിന്ദു കുട്ടികള്‍ക്ക് ഇവരോടും.നായ൪ കുട്ടികള്‍ പഠിച്ച് നല്ല നല്ല ഉയരങ്ങളിലെത്തും.ഡോക്റ്ററാകും, സ൪ക്കാ൪ ഉദ്യോഗസ്ഥന്മാരാകും. പൊതുവെ ഞങ്ങള്‍ ബാപ്പ നടത്തിയിരുന്ന കച്ചവടത്തിലേക്കും തിരിയും.പരസ്പരം സ്നേഹമായിരുന്നു.നായന്മാരും മറ്റു ഉയ൪ന്നവരും പഠിപ്പിക്കാത്തതുകൊണ്ടാണ് മുസ്ലിംകള്‍ പഠിക്കാതെ പോയത് എന്ന ഇന്നത്തെ വിചിത്രമായ വര്‍ഗ്ഗീയ വാദം അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു.
ഈ മുറിയില്‍ ഇരിക്കുമ്പോള്‍ എന്‍റെ നഷ്ടപ്പെട്ട ആ കാലത്തെ ഓ൪ത്ത് ഞാന്‍ സങ്കടപ്പെടുകയാണ്.