Monday, June 25, 2012

മെറ്റ‌മോ൪ഫോസിസ്

എല്ലാവരും നുണകള്‍ മാത്രം പറഞ്ഞു.
കാനഡയിലെ മനോഹരമായ റോഡുകളെക്കുറിച്ചും പളപളപ്പന്‍ സംസ്കാരത്തെക്കുറിച്ചും  ആളെക്കാണുമ്പോള്‍ തുറന്നുമലക്കുന്ന കവാടങ്ങളെക്കുറിച്ചും ബ൪ഗറിനെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.
കൊണ്ടുപോയ ഡോള൪ തീര്‍ന്നുതുടങ്ങിയപ്പോള്‍ പണിതേടി ഞാനലഞ്ഞു. ഒടുവില്‍ കിട്ടി. ഒരു ഗാ൪മെന്‍റ് ഫാക്റ്ററിയില്‍ എട്ടുമണിക്കൂ൪ അതിവേഗത്തില്‍ ജോലി ചെയ്യേണ്ടിവന്ന എനിക്ക് പരിക്കുപറ്റി.രോഗിയായി.മറ്റൊരു സ്ഥലത്ത് മെഷിനിലകപ്പെട്ട് എന്‍റെ വിരലു മുറിഞ്ഞു.കൂടെ ജോലിചെയ്തിരുന്ന ശ്രീലങ്കന്‍ അഭയാ൪ത്ഥികളുമായി ജോലി ചെയ്യുന്നതിനുവേണ്ടിയായിരുന്നുവോ IELTS ന് ഏഴു ബാന്‍റെന്ന് ഞാനോ൪ത്തു.

മറക്കുമ്പോഴും ഇടക്കിടെ ഭൂതകാലം കയറിവരുന്നു.രണ്ടുപേ൪ക്കും നഗരത്തില്‍ തന്നെ ജോലി. ബാങ്കിലും ഇന്‍ഷുറന്‍സിലും.സായാഹ്നങ്ങളിലെ ഇന്ത്യന്‍ കോഫിഹൌസിലെ ചൂടന്‍ വടയും കാപ്പിയും.കാത്തിരിക്കുന്ന മക്കള്‍ക്ക് ഒരു പൊതി.
സന്തോഷകരമായ കുടുംബജീവിതം തക൪ത്തുകളഞ്ഞ ഒരു പാപിയാണ് ഞാന്‍.
ബോംബെ വേശ്യാതെരുവിലകപ്പെട്ട പെണ്‍കുട്ടിയെപ്പോലെ പിന്നീട് എല്ലാം ശീലമായിപ്പോയി.വിരലുകളില്‍ പുതിയ നെയില്‍പോളിഷ് ഇടുമ്പോള്‍ അവള്‍ സന്തോഷിക്കുന്നതുപോലെ ഞാനും സന്തോഷിക്കുന്നു.കിംഗ്ബ൪ഗറില്‍ കയറുമ്പോള്‍, കാറോടിച്ചുപോകുമ്പോള്‍, മറ്റുമലയാളികളെപ്പോലെ ശനിയാഴ്ചകള്‍ക്കുവേണ്ടി കാത്തിരിക്കുമ്പോള്‍‍...

ഞാനെത്ര ഭാഗ്യവാനാണെന്നോ൪ത്ത് ദൈവത്തിന് നന്ദി പറയുന്നു:എറണാകുളത്ത് കഴിക്കുവാന്‍ കഴിയാത്ത പിസ്സയും ബ൪ഗറും ദൈവമെനിക്ക് കാനഡയില്‍ തന്നതിന്,പഴയ ബജാജില്‍ എറണാകുളത്ത് ജോലിക്കു പൊയ്ക്കൊണ്ടിരുന്ന ഞങ്ങള്‍ക്കിവിടെ കാറോടിച്ചുപോകുവാന്‍ കഴിയുന്നതിന് , ഇന്ത്യന്‍ കോഫി ഹൌസില്‍ ഇടുങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് കാപ്പി കുടിക്കുന്നതിനു പകരം ടിം ഹോട്ടനിലെ ആ൪ഭാടമായ കോഫി ചെയിനുകളിലിരുന്ന് നല്ല സുന്ദരിക്കുട്ടികള്‍ വിളമ്പുന്ന ലാ൪ജ് ഡബിള്‍ഡബിള്‍ അടിക്കുവാന്‍ ദൈവം ഭാഗ്യം തന്നതിന്....

എന്നിലേക്കിപ്പോള്‍ ഭൂതകാലം ഇറങ്ങിവരാറില്ല. ഞാനിപ്പോള്‍ സംസാരിക്കുന്നത് സൌന്ദര്യത്തെക്കുറിച്ചാണ്.പ്രകൃതിയെക്കുറിച്ചാണ്.മനോഹരമായ കെട്ടിടങ്ങളെക്കുറിച്ചാണ്.വശ്യമായ സംസ്കാരത്തെക്കുറിച്ചാണ്,‍ കഷ്ടി രണ്ടാഴ്ചമാത്രമുള്ള കാള്‍ഗറി സ്റ്റാമ്പീഡിനെക്കുറിച്ചാണ്.
ലോകത്തിലെ ഏറ്റവും വലിയ ഉല്‍സവം.ഞാനിപ്പോള്‍ സംസാരിക്കുന്നത് കുതിരയോട്ടത്തെക്കുറിച്ചും ബൌഡികളെക്കുറിച്ചുമാണ്.ഇക്കുറി ഉണ്ടാകുന്ന അബോറിജിന്‍ സ്റ്റാളുകളെക്കുറിച്ചും...
അവരുടെ ഇ‍ഗ്ലുവും സ്പാനിയാഡുകളുടെ തോക്കിനോട് തോറ്റുപോയ കുന്തവും പകരമായി കിട്ടിയ കുരിശുമാലയും പുതിയനാമവും.

600 റെഡ് ഇന്ത്യന്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന തോലുടയാടകളുടെ രൂപവും സ്റ്റീക്കും...
സ്പിരിറ്റിനെ ആവാഹിച്ച് രോഗമകറ്റുന്ന അവരുടെ ആഭിചാരങ്ങളും പഴയവീഞ്ഞും...