Tuesday, June 12, 2012

ജൂണ്‍ നാല്. മക്കളേ സ്കൂള്‍ തുറന്നുവോ?

ജൂണ്‍ നാല്. മക്കളേ സ്കൂള്‍ തുറന്നുവോ?
അസീസ് കെ എസ്
(An article published for school children)

പുതിയ വ൪ഷത്തിലേക്ക് സ്കൂള്‍ തുറക്കുന്ന ഈ വേളയില്‍ പ്രിയപ്പെട്ട കുട്ടികള്‍ക്കും അദ്ധ്യാപക൪ക്കും എല്ലാ ആശംസകളും നേരുന്നു.നല്ല ഒരു സ്കൂള്‍ വ൪ഷമുണ്ടാകട്ടേയെന്ന് പ്രാ൪ത്ഥിക്കുന്നു.
   സ്കൂള്‍ തുറക്കുന്ന ഈ സമയത്ത് എന്നില്‍ മൂന്നുതരം ഓ൪മ്മ‌ക‌ള്‍ വന്നുനിറയുന്നു. ഒന്ന് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എന്റെ സ്കൂള്‍ ഓ൪മ്മകള്‍, രണ്ട് എനിക്ക് മക്കളുണ്ടായപ്പോള്‍ അവരുടെ ഓ൪മ്മകള്‍. പിന്നെ ഈ രാജ്യത്തിലെ കുട്ടികളുടെ സ്കൂള്‍ അനുഭവങ്ങള്‍. ഇത് എങ്ങിനെ എഴുതിയാലും എത്രയോ എഴുതുവാനുണ്ട്. അതുകൊണ്ട് ഒന്നുരണ്ട് ഓ൪മ്മകള്‍ പങ്കുവയ്ക്കാം.
   ഇപ്പോള്‍ നിങ്ങളെക്കുറിച്ചോ൪ക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. അസൂയ തോന്നുന്നുവെന്നാണ് ഞാന്‍ എഴുതുവാന്‍ തുനിഞ്ഞത്. അത് വിശദീകരിക്കേണ്ടിവരുമല്ലോ എന്നു കരുതി സന്തോഷം എന്നാക്കിയെന്നേയുള്ളൂ. നിങ്ങള്‍ക്കിന്ന് പഠിക്കുവാനുള്ള എല്ലാ സൗകര്യവുമുണ്ട്. പഠിപ്പിക്കുവാന്‍ സമ൪ത്ഥരായ അദ്ധ്യാപകരുണ്ട്. എല്ലാ ബുക്കുകളും നിങ്ങള്‍ക്കുണ്ട്. നോട്ടുബുക്കുകള്‍ ലഭ്യമാണ്. നല്ല പുതിയ ഉടുപ്പുകളുണ്ട്. ചെരിപ്പുണ്ട്. ബാഗുണ്ട്. നിങ്ങളാരും പട്ടിണി കിടന്നു സ്കൂളില്‍ പോകുന്നവരാകില്ല. സ്കൂളില്‍ പോലും ഭക്ഷണമുണ്ട്. അദ്ധ്യാപക൪ക്ക് നല്ല ഉത്തരവാദിത്വമുണ്ട്, ഏത് സംശയനിവാരണത്തിനും മാ൪ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധമുണ്ട്. പഠിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം എന്നു നിങ്ങള്‍ക്കറിയാം. ചേരേണ്ട കോഴ്സുകളെക്കുറിച്ച് നല്ല ധാരണകളുണ്ട്. ഒരു കാര്യം മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. പഠിക്കുക . അത്രമാത്രം.

   അതു നിങ്ങള്‍ ചെയ്യില്ലേ? ഉറപ്പ്? ഒകെ അതുമതി. സന്തോഷം.

   അമ്മയുമച്ഛനും അദ്ധ്യാപകരും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതതുമാത്രമാണ്. അത് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ജീവിതാവസാനം വരെ നിങ്ങള്‍ ദുഃഖിക്കേണ്ടിവരും. ഒരിക്കലും ഈ ചാന്‍സ് കിട്ടില്ല. നിങ്ങളൊക്കെ പട്ടിണികിടന്ന് ചാകുമെന്നല്ല പറഞ്ഞത്. കൂടുതല്‍ കാശ് പോക്കറ്റില്‍ വരുന്ന പല ഏ൪പ്പാടുകളും നിങ്ങള്‍ കണ്ടെത്തിയെന്നുംവരും.പക്ഷെ നഷ്ടപ്പെട്ടുപോയ പഠിത്തം നിങ്ങളെ ദുഃഖിപ്പിച്ചുകൊണ്ടിരിക്കും.
   ഞാന്‍ ഇവിടെയായിരുന്നപ്പോള്‍ പുരയിലേക്ക് ചാഞ്ഞുനിന്നിരുന്ന ഒരു ചില്ലിത്തെങ്ങ് വെട്ടുവാന്‍ വീട്ടില്‍ ഒരാള്‍ വന്നിരുന്നു. എന്‍റെ ഭാര്യയുണ്ടായിരുന്നു. വളരെ ക്ലേശിച്ച് മുറിവെച്ച് അയാള്‍ അത് താഴെയിറക്കി. എന്‍റെ ഭാര്യ രൂപയും കൊടുത്തു. അയാള്‍ക്ക് നാരങ്ങവെള്ളം കലക്കികൊടുത്തു അയാള്‍ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ടെലിഫോണ്‍ ചെയ്യുന്നതിനടുത്ത് പതിപ്പിച്ചുവച്ചിരുന്ന എന്‍റെ ഒരു ഫോട്ടോ അയാള്‍ കാണുവാനിടയായി. ചാടിയെഴുന്നേറ്റ് ഇത് നമ്മുടെ അസി അല്ലേ എന്നു പറഞ്ഞ് അയാള്‍ ആ ഫോട്ടൊ എടുത്തു. അയാളുടെ കൂടെ പഠിച്ച അസിയുടെ വീടാണിത് എന്നു അയാള്‍ അപ്പോഴാണ് അറിയുന്നത്. എന്റെ വിവരങ്ങള്‍ ചോദിച്ചു. അസി ക്ലാസില്‍ നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു എന്നു അവന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അതിനുശേഷം അവന്‍ മൌനിയായി. അവന് പഠിക്കുവാന്‍ കഴിയാതിരുന്നതിന്റെ ദുഃഖങ്ങള്‍ എന്റെ ഭാര്യയുമായി അവന്‍ ഒരുപാട് പങ്കുവച്ചു.

   എല്ലാ കൊല്ലവും ഞങ്ങളുടെ നാട്ടില്‍ ഉണ്ടാകാറുള്ള മലവെള്ളത്തില്‍ വീട്ടില്‍ വെള്ളം കയറുന്നതും ഉടുപ്പും പുസ്തകവും ഒലിച്ചുപോകുന്നതും ഒരു മാസത്തോളം ആടിനേയും പശുവിനേയും കോഴികളേയുമൊക്കെയായി സ്കൂളില്‍ വന്ന് പാ൪ക്കുന്നതും പിന്നീട് പഠിക്കുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതുമൊക്കെ അവന്‍ ഭാര്യയോട് പറഞ്ഞു. ഇതുപോലുള്ള മലവെള്ളത്തിന്റെ വിവരണം എന്‍റെ ഗുരുനാഥന്‍ വിവികെ വാലത്ത് ഒരു ലേഖനത്തിലെഴുതിയത് ഞാനോ൪ക്കുന്നു. എത്ര പ്രയാസകരമായ ജീവിതം. ഞാനവനുമായി നാലാം ക്ലാസില്‍ പഠിക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ഇന്നും അവന്‍ ആ ദുഃഖങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പറഞ്ഞുവന്നത്, എന്‍റെ പ്രിയപ്പെട്ട മക്കള്‍ ദൈവം തന്ന ഈ ഭാഗ്യം നഷ്ടപ്പെടുത്തരുത്.
   നിങ്ങ‌ള്‍ ഇപ്പോള്‍ സ്കൂളില്‍ പോകുമ്പോള്‍ എന്തൊക്കെയായിരിക്കും എന്ന് ന‌ല്ല‌ ഒരു ധാര‌ണ‌യുണ്ട്. ഒന്നാം ക്ലാസില്‍ ചേരുന്ന‌തിനുമുമ്പ് നിങ്ങ‌ള്‍ നേഴ്സ‌റിയില്‍ പ‌ഠിച്ചുകാണും. എല്‍കെജി, യുകെജി എന്ന‌ “ലോവ൪ കിലോ ഗ്രാമിലോ അപ്പ൪ കിലോഗ്രാമിലോ“ നിങ്ങ‌ള്‍ പ‌ഠിച്ചുകാണും. സ്കൂളില്‍ എങ്ങിനെ ഇരിക്ക‌ണം എങ്ങിനെ പെരുമാറ‌ണം എന്നുള്ള‌ ഒരു ഏക‌ദേശ‌ രൂപം നിങ്ങ‌ള്‍ക്കുണ്ടാകും.
   എന്‍റെ പ്രായ‌ത്തില്‍, ഞങ്ങള്‍ക്കൊക്കെ സ്കൂളില്‍ എന്താ സംഭ‌വിക്കുവാന്‍ പോകുന്ന‌തെന്ന് ഒരു ആശ‌യ‌വുമില്ലായിരുന്നു. അന്ന് നേഴ്സറിയില്ല. മുതി൪ന്ന‌ ആസാമിക‌ള്‍ പ‌ല‌ ത‌ല്ലുക‌ഥ‌ക‌ളും പ‌റ‌ഞ്ഞുപേടിപ്പിച്ചിട്ടുണ്ടാകും. പ‌ഠിച്ചില്ലെങ്കില്‍ ക‌ടുവ മാഷ് ത‌ല്ലുന്ന‌ അടിയെക്കുറിച്ച് പ‌റ‌ഞ്ഞുപേടിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ തുറ‌ന്ന് കുറെ ക‌ഴിയുമ്പോള്‍ ക‌യ്യുടെ വ‌ല‌തുഇട‌തു ഉര‌ങ്ങ‌ളില്‍ ചാപ്പ‌കുത്തി പൊള്ളിക്കുന്ന വ‌‌സൂരി കുത്തിവ‌യ്പ്പിനെക്കുറിച്ച് പേടിപ്പിച്ചിരിപ്പുണ്ടാകും. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇറിച്ചില്‍ തലയില്‍ വന്നിരിക്കുന്നതും പാല്‍പൊടി കലക്കി വെറും വെള്ളം പോലെ ഞങ്ങള്‍ക്ക് തന്നിട്ട് പിന്നീട് സ്പെഷലായിട്ട് തയ്യാറാക്കി ടീച്ച൪മാരും വെപ്പുകാരിയും വീട്ടിലേക്കു കൊണ്ടുപോകുന്നതുമൊക്കെ കുട്ടികള്‍ പറയാറുണ്ട്. അങ്ങിനെയുള്ള‌ കുറെ ഭ‌യ‌ങ്ങ‌ളുമായാണ് ഞാന്‍ ഒന്നാം ക്ലാസിലേക്ക് പോകുന്ന‌ത്.
   ഉമ്മ‌യ്ക്ക് വീട്ടില്‍ ര‌ണ്ട് പ‌ശുക്ക‌ളും വേറെ മ‌ക്ക‌ളും ളുഹ൪ ബാങ്കുകൊടുക്കുമ്പോള്‍ ചോറു ചോദിക്കുന്ന അമ്മായിഅമ്മ‌യും ഉള്ള‌തുകൊണ്ട് സ്കൂളില്‍ കൊണ്ടുവ‌ന്നു വിടാന്‍ ഉമ്മ‌യില്ല‌. സ്കൂള്‍ എന്താണെന്ന് ഉമ്മ‌യ്ക്ക് അറിയുക‌യുമില്ല‌ല്ലോ. മാ൪ക്കറ്റില്‍ നിന്നും കേവുവ‌ള്ള‌ത്തില്‍ ച‌ര‌ക്കുകൊണ്ടുവ‌രുന്ന‌ ബാപ്പ‌യ്ക്കെവിടെ നേരം. എന്നെ ര‌ണ്ടു വ‌യ‌സ്സില്‍ പിടിച്ച് സുന്നത്ത് നടത്തി മുസ്ലിം ആക്കിയ‌തുകൊണ്ട് ഞാന്‍ ട്രൌസ൪ ഉടുത്തിട്ടില്ല‌. ഒരു മുണ്ടും ഉടുത്ത് ഒരു സ്ലേറ്റും പിടിച്ച് പുഴു പൊങ്ങിക്കിട‌ക്കുന്ന‌ ക‌ഞ്ഞിയും മുള‌കോ വെളിച്ചെണ്ണ‌യോ ഏഴ‌യ‌ല‌ത്തുകൂടി ക‌ട‌ന്നുപോകാത്ത‌ ചെറുപ‌യ൪ തോര‌നും ക‌ഴിക്കുവാനുള്ള‌ ഒരു കിണ്ണ‌വുമെടുത്ത് മ‌റ്റു കുട്ടിക‌ളുടെ കൂടെ ഗ‌വ‌ണ്മെണ്ട് എല്‍ പി സ്കൂളിലേക്കു പോകുന്ന‌ ഒരു മൊട്ട‌ത്ത‌ല‌യ‌ന്‍ കുട്ടിയെ ഞാനിപ്പോള്‍ ഇവിടെ നിന്നും കാണുന്നു.
(തുടരും)