Sunday, August 11, 2013

അമേരിക്കയുടെ ഭാഷായുദ്ധം

അമേരിക്കയുടെ ഭാഷായുദ്ധം
Azeez KS
നീഗ്രൊ എന്നുവിളിച്ചപമാനിച്ചവനെ ആ വിളി വിളിക്കാതിരിക്കുന്നത് ഒരു ലിബറേഷന്‍ ആണ്.ധാരാളം രക്തസാക്ഷിത്വങ്ങളും തടവറകളും വേണ്ടിവന്നു ഈ ഭാഷാമാറ്റത്തിന്.അമേരിക്കയില്‍ സാമൂഹ്യസാഹചര്യങ്ങളും മാറി. ഇടതുപക്ഷക്കാരായ വെളുത്ത‌പ്രസ്ഥാനങ്ങള്‍, കറുപ്പുപ്രസ്ഥാനങ്ങള്‍ മുസ്ലിംകള്‍,റാഡിക്കലുകള്‍, ഫെമിനിസ്റ്റുകള്‍ ഒക്കെ ഈ മാറ്റത്തിന് വേണ്ടി നിലകൊണ്ടു.കറുപ്പ് ഒരു കുറ്റമല്ല ഇന്ന്.

തൊട്ടുകൂട...ാത്ത അടിമകളെ പണ്ട് മഹാത്മാഗാന്ധി ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിച്ചു. തൊട്ടുകൂടാത്ത അടിമകള്‍ ദൈവത്തിന്‍റെ മക്കള്‍ പോലുമായിരുന്നില്ല, അല്ലേ. കുറെ സാമൂഹ്യസാഹചര്യങ്ങള്‍ ഇന്ത്യയിലും മാറി.പൂ൪ണ്ണമായിട്ടല്ല എങ്കിലും.ഇതിനും കടുത്തവില വേണ്ടി വന്നു. പോരാട്ടങ്ങള്‍,സാമൂഹ്യസമരങ്ങള്‍, കലാപങ്ങള്‍.

വിളിയിലൂടെ പോലും അധീശത്വമുള്ളവ൪ ഒരു ജനതയെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു.
ടെററിസ്റ്റ് എന്നു വിളിച്ചാല്‍ അമേരിക്കക്ക് ഏത് മുസ്ലിമിനേയും ഏത് രാജ്യത്തുചെന്നും കൊല്ലാം.അല്‍ക്വയ്ദ എന്ന സ്റ്റിക്കറൊട്ടിച്ചാല്‍ അമ്മിഞ്ഞപ്പാലിന്‍റെ മണംപോകാത്ത ഏത് മുസ്ലിംകുഞ്ഞിനേയും കൊടുംതീവ്രവാദിയാക്കാം.

നീഗ്രോ മാറ്റത്തിനും ഹരിജനവിളിക്കും നിലകൊണ്ട സാമൂഹ്യപ്രസ്ഥാനങ്ങള്‍ പക്ഷേ മുസ്ലിംകളെ ടെററിസ്റ്റ് എന്നുവിളിച്ചപമാനിക്കരുതെന്ന് പറയുവാന്‍ ദൌ൪ഭാഗ്യവശാല്‍ നിലകൊണ്ടില്ല. .

ഇത് അമേരിക്കയുടെ ഭാഷായുദ്ധം. സൊമാലിയ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ ഡ്രോണ്‍ ഉപയോഗിച്ച് അമേരിക്ക മരണം പെയ്യുകയായിരുന്നു.
ടെററിസ്റ്റ് എന്ന പദമുള്ളതുകൊണ്ട് എല്ലാ ഭരണകൂടങ്ങളും അമേരിക്കക്ക് കൊലക്ക് കൂട്ടുനില്‍ക്കേണ്ടിവന്നു. കൂട്ടുനില്‍ക്കാത്തവ൪ യു എന്‍ ചാപ്റ്ററിന്‍റെ ലംഘനം നടത്തിയ കുറ്റക്കാരായ രാജ്യമായി മാറുന്നു. ആ രാജ്യത്തിനെതിരെ നാറ്റൊയ്ക്കും അമേരിക്കക്കും യുദ്ധം ചെയ്യാം. അറബ് ഭരണകൂടങ്ങളും പ്രതിഷേധസ്വരങ്ങളെ അടിച്ചമ൪ത്തുന്നത് അമേരിക്കയുടെ ഇതേ ഭാഷാനയം കൊണ്ടാണ്.

എല്ലാ എതി൪സ്വരക്കാരും ടെററിസ്റ്റുകള്‍. സെക്രട്ടേറിയറ്റ് പൊളിക്കുവാന്‍ വരുന്ന പാ൪ട്ടി ക൪സേവക൪ എന്ന് ഒരു പോലീസ് മന്ത്രി ജനങ്ങളുടെ പ്രതിഷേധസ്വരത്തെ ഭീകരവല്‍ക്കരിച്ചതുപോലെ.

കൊല്ലപ്പെട്ടവരൊക്കെ സാധാരണ മനുഷ്യരായിരുന്നു. കടയില്‍ പാലുകൊടുക്കുവാന്‍ പോകുന്നവന്‍,പശുവിന് പുല്ലുപറിക്കുവാന്‍ പോകുന്നവന്‍, ബാപ്പയ്ക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്ന കുഞ്ഞ് ഇവരൊക്കെ തീവ്രവാദികളായി മരണപ്പെട്ടു. മുസ്ലിം രാജ്യങ്ങളില്‍ നിന്നുതന്നെ പ്രതിഷേധമുയ൪ന്നുകൊണ്ടിരുന്നു. സ്ത്രീകള്‍ ഈ മനുഷ്യവേട്ടക്കെതിരെ തെരുവിലിറങ്ങി. സ്ത്രീകളാണ് സാമൂഹ്യപ്രസ്ഥാനങ്ങളുടെ പങ്ക് നി൪വ്വഹിച്ചത്. സ്ത്രീകള്‍ക്ക് സ്തുതി.

ഗ്വാണ്ടനാമൊ എന്ന പേരുകേട്ട് മൂത്രമൊഴിച്ചുപോയ ഡോ. M.M Basheer നെപ്പോലുള്ളവ൪ക്ക് Ode to the Sea എന്ന കവിത കാലിക്കറ്റ് വാഴ്സിറ്റി സിലബസ്സില്‍ നിന്നും പിന്‍വലിച്ച് അമേരിക്കന്‍ കൂറും ഭരണകൂടപാദസേവയും ചെയ്യേണ്ടിവന്നു.
കഷ്ടം. എന്തിനാണ് ഇവ൪ ഇത്രയൊക്കെ വായിക്കുന്നത്? ഒരു സ്ത്രീക്ക് ഉള്ള ശക്തിപോലും ഈ ബുദ്ധിജീവികള്‍ക്കില്ലാതെ പോയല്ലോ.

ഭാഷായുദ്ധത്തില്‍ അമേരിക്ക ഇപ്പോള്‍ നയം മാറ്റുകയാണോ?
അല്‍ക്വയ്ദ വസൂരിപോലെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി എങ്കില്‍ എന്തിനാണ് അറബി നാട്ടിലെ 19 എംബസികള്‍ അമേരിക്ക അടച്ചുപൂട്ടുന്നത്?
Terrorism എന്ന വിളിക്കെതിരെ പ്രതിഷേധമുയരുമ്പോള്‍ ആ വിളി മാറ്റി Violent Extremism എന്നു വിളിക്കുന്നതെന്തിനാണ്?
കൊച്ചു യമനില്‍ പോലും സ്വന്തം എംബസി തുറന്നുവയ്ക്കുവാന്‍ അമേരിക്കക്കു കഴിയാത്തതെന്തുകൊണ്ട്? പരിഭ്രാന്തരായ അമേരിക്കക്കാരെ കിട്ടിയ വിമാനത്തില്‍ കയറ്റിവിടുമ്പോള്‍ അത് Evacuation എന്നു പറയാതെ സ്റ്റാഫിനെ കുറക്കല്‍ എന്നു വിളിക്കുന്നതെന്താണ്?
ഭീകരതെക്കെതിരെയുള്ള ആഗോളയുദ്ധം എന്നത് ഇപ്പോള്‍ Overseas Contingency Operation എന്നാക്കിയതെന്ത്?
ജിഹാദി കൂട്ടക്കൊലയെ Violent Spontaneos Demonstration എന്നാക്കിയതെന്ത്?
ഇസ്ലാമിസ്റ്റുകള്‍ എന്ന് സലഫി തീവ്രവാദികളെ വിളിച്ചിരുന്ന വിളിമാറ്റിയത് ആ വിളിയില്‍ മതപരപായ ഒരു നിറം ഉണ്ട് എന്നതുകൊണ്ടാണ്.
ഇത് അമേരിക്കയുടെ നയം മാറ്റമാണോ?

വ്യക്തമായ ഒരു ഭാഷ പ്രയോഗിക്കുവാന്‍ കഴിയാതെ പോകുന്നത് നയത്തിന്‍റ് പരാജയമാണോ?