Tuesday, July 30, 2013

സ്വത്വപ്രതിസന്ധി.

ഇന്നലെ സേഫ് വേ സ്റ്റോറില്‍ ചെന്നപ്പോള്‍ കാഷ്കൌണ്ടറില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. നെയിം പ്ലേറ്റില്‍ പേര് രാമന്‍.

ഇവിടെ ഒടുക്കത്തെ പേരാണ്( Last Name) പ്രധാനം. അതനുസരിച്ച് വെള്ളക്കാ൪ക്ക് സ്മിത്, ബാ൪ബ൪, സ്ലോട്ട൪, ബുച്ച൪, ഫാ൪മ൪ എന്നിങ്ങനെ പല പേരുകളുമുണ്ട്. എന്നേയും ലാസ്റ്റ് നെയിമിലാണ് വിളിക്കുന്നത്. Kalappurakal. എന്ന് .പക്ഷേ അത് മുഴുവന്‍ പറയുവാന്‍ അവ൪ക്കുകിട്ടില്ല. അതുകൊണ്ട് ചുരുക്കി കാള എന്നാണ് എന്നെ വിളിക്കുന്നത്. കളപ്പുരക്കല്‍ എന്നത് അച്ഛന്‍റെ പേരാണെന്നാണ് അവ൪ മനസ്സിലാക്കുന്നത്. പല ജാതി തന്തമാരെ കണ്ടിട്ടുണ്ട്കാ ...ള... പ്പു... റ... ക്ക... ല്‍ ഇതെന്തു തന്ത എന്ന് വെള്ളക്കാരും പറഞ്ഞു ചിരിക്കുന്നുണ്ടാകും. ഈ കാള വിളി കേള്‍ക്കുമ്പോള്‍  ഉള്ളില്‍ ഞാനൊന്നു ചിരിക്കും, കുലുക്കാന്‍ കൊമ്പുപോലുമില്ലാത്ത എനിക്ക് കൊമ്പുകൊലുക്കിയുടെ പേരു വീണതോ൪ത്ത്.സാരമില്ല, അവ൪ക്കറിയില്ലല്ലോ.
തേന്‍കുടം ചൊരിഞ്ഞപോലെ മധുരമായി, മനോഹരമായി, സംസാരിക്കുന്ന ഒരു സുന്ദരിക്കുട്ടി എന്‍റെ കൂടെ ജോലി ചെയ്യുന്നുണ്ട്. അവളെ പേരുവിളിക്കുവാന്‍ എനിക്കെന്തോ കഴിയുന്നില്ല. ഇത് മലയാളമല്ല, നീ ഉദ്ദേശിക്കുന്ന അ൪ത്ഥം ഏഴാംകടലിനക്കരെ എന്നൊക്കെ ഞാനെന്‍റെ ബോധോപബോധമനസ്സുകളോടൊക്കെ പറഞ്ഞുനോക്കി. നാവു സമ്മതിക്കുന്നില്ല അവളുടെ പേരുവിളിക്കുവാന്‍. ഈ കിളിമൊഴിയെ നോക്കി ഞാനെങ്ങിനെ വിക്കി വിക്കി എന്നുവിളിക്കും.
ഇത് ഇന്നു ഞാന്‍ നേരിട്ട സ്വത്വപ്രതിസന്ധി. ബോ൪ഡ൪ കടക്കുമ്പോള്‍ സഞ്ചിതക൪മ്മസംസ്കാര നാട്ടിലുപേക്ഷിച്ചുപോരുവാന്‍ ഒരു വഴിയുണ്ടായിരുന്നെങ്കില്‍ എനിക്കൊരു പൂ൪ണ്ണകനേഡിയനാകാമായിരുന്നു.
-azeez ks