Thursday, May 2, 2013

ഒരണക്ക് ഗതിയില്ലാതെ നടന്നവന്‍ തരികിട കളിച്ച് കുറെ സ്വത്തുണ്ടാക്കും. മകള്‍ക്ക് പുതിയാപ്ലയായി IPS കാരെ തപ്പിനടക്കും . കിട്ടുകയും ചെയ്യും. അത്തരം ഒരു കല്യാണത്തിന് ഞാന്‍ നാട്ടില്‍ ഈയിടെ കൂടി. ഞാനും അയാളും തമ്മിലുള്ള പൂ൪വ്വകാലബന്ധങ്ങളൊക്കെ മറന്ന് തികച്ചും അന്യനെപ്പോലെ അയാള്‍ പെരുമാറി.വമ്പന്മാരെ സ്വീകരിക്കുന്ന തിരക്കോടുതിരക്ക്. കമാന്നൊരക്ഷരം അയാള്‍ മിണ്ടിയില്ല. ഇയാള്‍ കറിവേപ്പിലയാക്കിയ മറ്റൊരാള്‍ ആ കല്യാണപ്പന്തലിന്‍റെ മൂലയ്ക്കലിരിക്കുന്നതു ഞാന്‍ കണ്ടു. പഴയ പരിചയം കൊണ്ട് ഞാനാമനുഷ്യനുമായി സംസാരിച്ചിരുന്നു. ഇതുകണ്ട, ഇത്രയും നേരം മൈന്‍ഡ് ചെയ്യാതിരുന്ന ആ മഹാന്‍, എന്നെ അയാളില്‍ നിന്നും അകത്താനായി എന്നെ ബിരിയാണി പന്തലിലേക്കു ക്ഷണിച്ചു.
ഹിംസാത്മകമായ പൂ൪വ്വകാലചരിത്രമുള്ളവ൪, അന്യായമായി സ്വത്തുസമ്പാദിച്ചവ൪ , അവ൪ ജനമദ്ധ്യത്തില്‍ വിലയുള്ളവനാണെങ്കിലും, കമ്പനിയുടമ‌യുമൊക്കെയാണെങ്കിലും, പള്ളിയുടെ മുന്‍നിരയില്‍ വന്ന് വെള്ളിയാഴ്ച കൂടുന്നവനാണെങ്കിലും, മതങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും ശരിയുണ്ടെങ്കില്‍ അയാള്‍ക്ക് ഒരിക്കലും മനസ്സമാധാനം എന്നൊന്ന് കിട്ടില്ല. അയാളുടെ ചതികള്‍ അയാളുടെ മനസ്സാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കും. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ അയാള്‍ അതിന്‍റെ ക൪മ്മഫലമനുഭവിക്കും. ഒരു ഹജ്ജ് ചെയ്താല്‍ തീരുന്ന കേസല്ല ഇത്. ഇനി ഞാനിതെഴുതിയത് തെറ്റാണെങ്കില്‍ നമ്മള്‍ വിശ്വസിക്കുന്ന മതത്തിനും മതവിശ്വാസങ്ങള്‍ക്കും ഒര൪ത്ഥവുമില്ല. ദൈവം സ്നേഹമല്ല, നീതിമാനല്ല, ദൈവം ക്രൂരനാകും.