Friday, February 24, 2012

ഈ കണ്ണുനീ൪, പ്രിയപ്പെട്ട ബ്രെന്‍റിന്

ഈ കണ്ണുനീ൪, പ്രിയപ്പെട്ട ബ്രെന്‍റിന്
azeezks@gmail.com
മൈ...ക്
ഡോണ്‍...ഷൌ...ട്
ഓക്കേ...യ്?
വാവിട്ടുകരയുന്ന ഉണ്ണിയോട് അവന്‍റെ അമ്മ കയ‍൪ക്കുകയാണ്.അവരുടെ വെളുത്ത മുഖത്തിന് പൈശാചിക ഭാവം.
ട്രെയിനില്‍ മനോഹരമായ കുട്ടിവണ്ടിയില്‍ കിടന്ന്
അവന്‍ കരയുന്നു. ഇപ്പോള്‍ അവന്‍റെ കരച്ചില്‍ അടങ്ങി.
എങ്കിലും തേങ്ങുന്നുണ്ട്.
ഉണ്ണിയ്ക്ക് കൊറിക്കുവാന്‍ ചീരിയോസ് ഒരു ചെറിയ പാത്രത്തിലെടുത്ത് അവന്‍റെ കൈ എത്തുന്നിടത്ത് വച്ചിട്ടുണ്ട്.മഞ്ഞയും പച്ചയും ചോരയുമുള്ള ബുദ്ധിക്കട്ടകള്‍ കൂട്ടി പുതുരൂപം പണിയുവാനുള്ള കളിക്കട്ടകള്‍ മുകളില്‍.അവന്‍ പണിത രൂപം വികൃതമായി നമ്മെ നോക്കുന്നു.
മൂക്കൊലിക്കുമ്പോള്‍ തുടക്കുവാന്‍ ഈ തിരക്കിലും ആ സ്ത്രീ ശ്രദ്ധിക്കുന്നുണ്ട്. താഴെ വെള്ളം വയ്ക്കുന്ന ജാക്കറ്റില്‍ നിറമുള്ള എന്തോ പാനീയം അവനു കുടിക്കുവാന്‍.

യോനിയുടെ സാമ്യമുള്ള അവളുടെ ബാഗ് എടുത്ത് ചെറിയ മിറ൪ നോക്കി അവള്‍ കണ്ണിന് ഷാഡൊ വരക്കുന്നു.അല്‍പം സമയം വരച്ച് ഒന്നുകൂടി ചാഞ്ഞും ചരിഞ്ഞും ചുണ്ടു കടിച്ചും കണ്ണാടി നോക്കി അത് മടക്കി വച്ചു.മറ്റൊരു കോലെടുത്ത് ചുണ്ടിന് ഒന്നുകൂടി നിറം കാച്ചി.ചുണ്ടു ചുണ്ടുകൊണ്ടൊപ്പി.ഫൈനല്‍ റൌണ്ട് കണ്ണാടി നോക്കി തിരികെ വച്ചു.

തൊട്ടടുത്ത് കുട്ടിയുടെ ബയോളജിക്കല്‍ തന്ത ഈ ലോകത്തിലേയല്ല എന്നു തോന്നുമാറ് ക്രൂരമായ മുഖഭാവത്തോടെ, നൂറു ചുളിവുള്ള നെറ്റി പിടിച്ച് ഐപോഡില്‍ വിരലോടിച്ച് ശ്രദ്ധയോടെ എന്തോ കളിക്കുന്നുണ്ട്.ഇതൊന്നും അയാളുടെ വിഷയമേയല്ല.
ഉറപൊട്ടി, തീരെ നിരീച്ചിരിക്കാതെ ഉണ്ടായിപ്പോയ ഈ ജന്മത്തെ അയാള്‍ എന്തിനു സാന്ത്വനപ്പെടുത്തണം!
എന്നെപ്പോലുള്ള ഏഷ്യന്‍ യാത്രക്കാ൪ കുട്ടിയുടെ കരച്ചില്‍ കേട്ട് അങ്ങോട്ട് ഇടക്കൊന്നു നോക്കുമെങ്കിലും അയാള്‍ കളി തുടരുകയാണ്.
മഞ്ഞും മനോഹരമായ പൂക്കളും സൂര്യനില്‍ വെള്ളിക്കൊലുസ്സ് തീ൪ക്കുന്ന ഹിമഫ്ലേക്കുകളും മാത്രമല്ല ഈ കാനഡയിലുള്ളത്. ഇങ്ങിനേയും ധാരാളം കാഴ്ചകളുണ്ട്.

ഇത് ഇവിടെ, എവിടേയും ഞാന്‍ കാണുന്ന പുതിയ തന്തമാരുടേയും തള്ളമാരുടേയും ലോകം.

ടീനേജ് ആയിരിക്കുമ്പോള്‍ അമ്മയാകുക.ഭാര്യയും ഭ൪ത്താവുമാകാതെ ജീവിക്കുക.ബോയ് ഫ്രണ്‍ഡും ഗേള്‍ഫ്രണ്ടും മാത്രം. വിവാഹത്തില്‍ ഇവ൪ക്ക് താല്‍പര്യമില്ല.എന്തിനു വിവാഹം കഴിക്കണം? വെറുതെ ബേ൪ഡന്‍സ്…
കഴിച്ച വിവാഹങ്ങളില്‍ പാതിയിലേറെ പത്തു വ൪ഷത്തിനകം ഡൈവോസിലെത്തുമ്പോള്‍ വിവാഹം കഴിക്കാതെ കോമണ്‍ ലൊ പാ൪ട്ട്ണറായി ജീവിക്കുന്നതാണ് സൌകര്യം.ഡൈവോസും സെപറേഷനും ഒന്നാണ് എന്ന് ധരിച്ചിരുന്ന എന്‍റെ അറിവ് തിരുത്തിയത് ഞാനിവിടെ വച്ചാണ്.വിവാഹിത൪ ഡൈവോസ് ചെയ്യുമ്പോള്‍ ‍ പിരിയുന്ന സമയത്ത് സ്വത്തുകള്‍ വീതം വയ്ക്കണം. കോമണ്‍ലോപാ൪ട്ട്ണ൪സെപറേഷനില്‍ അതുവേണ്ട.
മൈക്കിനെപ്പോലുള്ള കുട്ടികള്‍ അമ്മയെ എങ്ങിനെ സ്നേഹിക്കും? അമ്മ എന്ന സ്ത്രീയെ കൊല്ലാന്‍ കഴിയാത്തതുകൊണ്ട് മാത്രം കൊല്ലാതിരിക്കുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഏതമ്മയാണിവിടെ ഭൂമിയോളം വലുത്?
ഏതച്ഛനാണ് ആകാശത്തോളമുയ‍രം?
ഇതാണ് നമ്മെ മോഹിപ്പിക്കുന്ന വികസിത ലോകം!

ഇത് മ‌ത‌വിശ്വാസ‌ത്തില‌ധിഷ്ഠിത‌മായ‌ ഒരു രാജ്യ‌മാണ്.പ‌ക്ഷേ എന്തുകൊണ്ടാണ് മതം സ്വീക‌രിക്ക‌പ്പെടാതെ പോകുന്ന‌ത്? ദരിദ്ര മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രം മതം വേരോട്ടമുള്ളതായി മാറുന്നതെന്തുകൊണ്ടാണ്? മതത്തിന്‍റെ അസംസ്കൃത വസ്തു ദാരിദ്ര്യമാണോ?എന്തുകൊണ്ടാണ്ആരാധനാലയങ്ങള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നത്? എല്ലാ സ്ഥാപ‌ന‌മ‌ത‌ങ്ങ‌ളുടേയും പ‌രിണാമം ഈ ദിശ‌യിലേക്കാണോ?
എല്ലാ സ്വകാര്യ കമ്പനികളും ധൈര്യമായി ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇവിടെഓള്‍ഡേജ്ഹോം എന്ന വൃദ്ധസദനങ്ങള്‍ തുടങ്ങാനാണ്.ആരോഗ്യമുള്ള കാലത്ത് തുട്ടുകള്‍ സമ്പാദിക്കുന്നത് ഓള്‍ഡേജ് ഹോമിലെ ഭദ്രമായ, അല്ലലില്ലാത്ത ജീവിതത്തിനു വേണ്ടിയല്ലേ.

എന്‍റെ കൂടെ ജോലി ചെയ്യുന്ന ബ്രെണ്ട് ഒരു ദിവസം ജോലിക്കു വന്നില്ല . അടുത്ത ദിവസം വന്നു. പിന്നെ ഒരു ദിവസം ജോലിക്കിടയ്ക്ക് പെട്ടെന്നയാള്‍ പോയി.
40വയസ്സുണ്ടയാള്‍ക്ക്. വിവരങ്ങള്‍ തിരക്കുന്നതവ൪ക്ക് ഇഷ്ടമല്ല.മറ്റൊരാള്‍ ഒരിക്കല്‍ കാലൊടിഞ്ഞ്, പ്ലാസ്റ്ററിട്ട്, വടിയുടെ സഹായത്തില്‍ ജോലിക്കു വന്നിട്ടു പോലും "അല്ല സുഹൃത്തേ,താങ്കള്‍ക്ക് എന്തു പറ്റി" എന്നുപോലും അയാളോട് ചോദിക്കുന്നത് പ്രൈവസി ഇന്‍ട്രൂഷനാണിവിടെ, സ്വകാര്യതയിലെ കടന്നുകയറ്റം.
എന്തെങ്കിലും അവ൪ ഷെയ൪ ചെയ്താല്‍ മാത്രം നമ്മള്‍ അറിയുന്നു.ചോദിക്കുവാന്‍ പാടില്ല‌.
ബ്രെന്‍റ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു.പതിവില്ലാതെ അയാള്‍ പറഞ്ഞു: “നാലുമാസമായി അമ്മ ഹോസ്പിസില്‍( മരണം കാത്തുകിടക്കുന്ന സ്ഥാപനം) ആയിരുന്നു.”
മൂന്നു തരം ക്യാന്‍സ൪.ക്യാന്‍സറിന്‍റെ എണ്ണം കൂട്ടിപ്പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ വരെ ആയിട്ടുണ്ടോ?അമേരിക്കക്കാരും കനേഡിയന്‍സും വികസനത്തില്‍ അത്ര മോശമല്ല എന്ന ധ്വനി അതിലുണ്ടെന്നെനിക്കു തോന്നാറുണ്ട്.ഒരു പനി പിടിച്ചുമരിച്ചു, വയറ്റളിക്കം വന്നു ചത്തു എന്നൊക്കെ ഇനി ആഫ്രിക്കക്കാരു പറയട്ടെ അല്ലേ?
ഹോസ്പിസില്‍ നിന്നും ബ്രെന്‍റിന്‍റെ സഹോദരി വിളിച്ചിരുന്നു.അമ്മയ്ക്ക് കൂടുതലാണ്.”എ ഫ്യൂ മോ൪ അവേസ്”. അമ്മയുടെ വില്‍ പ്രകാരം ലൈഫ് സപ്പോ൪ട്ട് എന്ന ഓക്സിജന്‍ മാസ്ക് വലിച്ചു മാറ്റുവാനുള്ള അധികാരം മകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.ആ സഹോദരി സഹോദരനെ വിളിച്ചതാണ്,സപ്പോ൪ട്ട് എടുത്ത് മാറ്റുന്നതിനു മുമ്പ്.
അമ്മ ബ്രെന്‍റിനെ കാണണമെന്നു ആഗ്രഹിച്ചിരുന്നു.ആ ഫോണ്‍ വന്ന ദിവസം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഫോണ്‍ അടിച്ചാണ് ക്രേഡിലില്‍ വച്ചത്.
കഠിനമായ ദു:ഖമുണ്ടെങ്കിലും ഇവ൪ ഇങ്ങിനെയാണ്. കരയില്ല. കൈ കടിച്ചു പൊട്ടിക്കും .തറയില്‍ ഇടിക്കും.രണ്ടു കൈകളും കൂട്ടി മുടിയില്‍ അള്ളിപ്പിടിക്കും.ഒരു തുള്ളി കണ്ണുനീ൪ വരില്ല. കണ്ണുനീ൪ വറ്റിയ കടലാണോ ഇവ൪ എന്ന് ഞാനാലോചിച്ചിട്ടുണ്ട്.

കരയുക എന്നത് ഒരു വ്യക്തി പരാജയപ്പെടുക എന്നതാണ്.ആധുനികന്‍ പരാജയപ്പെടുകയോ!പാടില്ല. കരയുന്ന കനേഡിയന്‍ ഒരു ഫെയില്‍ഡ് പേ൪സണാലിറ്റിയാണ്.ഉടുതുണിയില്ലാത്തവനെപ്പോലെ അപമാനിതന്‍.
ബ്രെന്‍റ് അന്നു കരയുന്നതു ഞാന്‍ കണ്ടു.
മരിച്ചത് അമ്മയല്ലേ, എന്താണേലും, ഞാനോ൪ത്തു.
ഉടനെ അയാള്‍ പുറപ്പെടുകയായിരുന്നു.
പിന്നീട് അയാള്‍ ജോലിക്ക് കയറിയിട്ടില്ല. ഞാനയാളെ കണ്ടിട്ടുമില്ല.
ഒരിക്കല്‍ ഡൌണ്‍ട്ടൌണില്‍ വച്ച് യാദൃശ്ചികമായി ഞാന്‍ ബ്രെന്‍റിനെ കണ്ടു.
“ഹൌ യു ബഡി”,ബ്രെന്‍റ് മുഷ്ടി മടക്കി ഉയ‍൪ത്തി. ഞാനും മുഷ്ടി മടക്കി അതിലിടിച്ച് പ്രത്യഭിവാദനം ചെയ്തു.
കമ്പനിയില്‍ ബിസിയാണോ എന്നു മാത്രം ചോദിച്ചു.ബിസി ആണോ എന്നത് സ്ഥിരം ചോദ്യമാണ്.ബിസിയല്ലാത്ത ഒരു അവസ്ഥ മനോരോഗം വരുത്തുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് .എന്തിലെങ്കിലും ഏ൪പ്പെടാത്ത നിമിഷങ്ങള്‍ ഭ്രാന്തന്‍ നിമിഷങ്ങളാണ്.
ബ്രെന്‍റ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിക്കണ്ട ഒരു ദിവസമാണ് അതെന്ന് എനിക്ക് തോന്നി. മുഖത്ത് നല്ല വെളിച്ചം.ഒരു ഇന്ത്യന്‍ ഗ്രാമീണന്‍റെ ശാന്തഭാവം അയാള്‍ക്കുണ്ടായിരുന്നു.
അമ്മയുടെ മരണം ഇത്രയും മാറ്റങ്ങള്‍ ഒരാളുടെ മനസ്സിലുണ്ടാക്കുമോ?
ബ്രെന്‍റിന്‍റെ കഴുത്തില്‍ ഒറ്റച്ചരടില്‍ കോ൪ത്ത് അയാള്‍ തൂക്കിയിട്ടിരിക്കുന്ന തുളസിമുത്തുപോലുള്ള എന്തോ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു.തുളസിയല്ല.വെള്ളികൊണ്ടാണ് അയാള്‍ ആ കൂട് തീ൪ത്തിരിക്കുന്നത്.
അത് കയ്യില്‍ പിടിച്ച് ഒരു ചുംബനം അതിനു നല്‍കി
ബ്രെന്‍റ് പറഞ്ഞു.
ഇത് ഞാനും സഹോദരിയും കഴുത്തില്‍ അണിയുന്നു.ഞങ്ങളുടെ മരണം വരെ.
അമ്മയുടെ ചിതാഭസ്മം
ഈ കാനഡയില്‍ ഒരു വെള്ളക്കാരനുവേണ്ടി ഞാന്‍ കരഞ്ഞ ഒരു ദിവസമായിരുന്നു അത്.ബ്രെന്‍റിയെ നെഞ്ചില്‍ പൊത്തിപ്പിടിച്ച് ഞാന്‍ കരഞ്ഞു.
ഹൃദയത്തിലെ എല്ലാ വികാരങ്ങള്‍ക്കും എനിക്കും ഈ ബ്രെന്‍റിനും ഭാഷ്യം തീ൪ക്കുവാന്‍ കഴിയുന്നതെങ്ങിനെ!