തടിയന്‍ പൂച്ചകളേ ശ്രദ്ധിക്കൂ.
ആരുമില്ല ഈ രാജ്യത്ത്
സ്വന്തം നിലയ്ക്ക് ധനികനായത്
ആരുമില്ല.
നീ പറയുന്നു ഞാനവിടെ ഒരു ഫാക്റ്ററി പണിതില്ലേ
നിനക്ക് നല്ലത്.
പക്ഷേ ഞാന്‍ വ്യക്തമാക്കട്ടെ:
ഞങ്ങളുടെ ചുങ്കം പിടിച്ച് കെട്ടിയ റോഡിലൂടെയാണ്
നീ ചരക്ക് നീക്കിയത്
ഞങ്ങളുടെ പുഴയാണ് നീ വറ്റിച്ചത്
ഞങ്ങളുടെ ശരീരമാണ് നീ വൈദ്യുതിക്കായി കത്തിച്ചത്
ഞങ്ങളുടെ വിയ൪പ്പുപാടങ്ങളിലാണ്
നിന്‍റെ കോണ്‍ക്രീറ്റുകള്‍ ഉയ൪ന്നത്
നിനക്കു വേണ്ടി ഞങ്ങളുടെ കുന്നുകളാണ്
ഇറങ്ങിപ്പോയത്
ഞങ്ങളുടെ കാടുകളാണ് നിനക്കുവേണ്ടി അരച്ചുതന്നത്
രക്തം കൊടുത്ത് ഞങ്ങള്‍ പഠിപ്പിച്ച മക്കളെയാണ്
എട്ടണത്തുട്ടിന് നീ വിലക്കെടുത്തത്
നിന്‍റെ മിച്ചമുണ്ടല്ലോ
നിന്‍റെ മിച്ചമൂല്യമുണ്ടല്ലോ
അത് ഞങ്ങളുടെ പ്രാണന്‍റെ പ്രാണന്‍റെ വിലയാണ്
തടിയന്‍ പൂച്ചകളേ.