കറണ്ട് എത്തിയിട്ടില്ലാതിരുന്ന അവന്‍റെ ഗ്രാമത്തില്‍
സന്ധ്യാവിളക്ക് കൊളുത്തി
അതിനു മുന്നിലിരുന്ന് അവന്‍റെ കൂട്ടുകാരന്‍
സന്ധ്യാനാമംചൊല്ലുന്നു.
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ പാദം ചേരണേ
മുകുന്ദരാമ പാഹിമാം
കൈകാലുകള്‍ കഴുകി
മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്നു
അവന്‍ ദിക്ക്റുകളും ,ശേഷം
ഹസ്ബിറബ്ബി സല്ലല്ലാഹ് ചൊല്ലുന്നു
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ
നൂ൪ മുഹമ്മദ് സല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബി റബ്ബി സല്ലല്ലാഹ്...
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാ
അല്ലാ ഹു അല്ലാ
നീട്ടിനീട്ടി ചൊല്ലുന്നു
വൃദ്ധയായ ബല്ലുമ്മ കിടക്കപ്പായയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് അവനടുത്തെത്തുന്നതുവരെ.
മഗ് രിബ് ആയി എന്ന് ബല്ലുമ്മ അറിയുന്നത് അവന്‍റെ സന്ധ്യാദിക്റുകള്‍ കേള്‍ക്കുമ്പോഴാണ്
സൌദിവല്‍ക്കരണം കൊണ്ടാകണം
ഒരു കുടിലില്‍ നിന്നും, ഒരു വീട്ടില്‍ നിന്നും
ദിക്ക്റുകള്‍ ഇപ്പോള്‍ കേള്‍ക്കാറില്ല
മക്കള്‍ക്ക് അത് ഒരു സംഗീതമായിരുന്നു
ഒരു ധ്യാനമായിരുന്നു
മൂസിക് മെഡിറ്റേഷന്‍
ഹൃദയത്തിലേക്ക് ദൈവവിശ്വാസവും
ആനന്ദവും പെയ്തിറങ്ങുന്ന ഒരു വഴി
എല്ലാം അസ്തമിച്ചു
എല്ലാം ശിര്‍ക്കാണത്രെ!
ഇനി എന്താണ് ബാക്കി?
കടത്തുകഴിക്കുന്ന യാന്ത്രിക പ്രാ൪ത്ഥന മാത്രം
ശേഷം, അവന്‍ പാഠപുസ്തകം വായിക്കുന്നു
ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.
പാഠം തുടങ്ങുകയായി
ഞാന്‍ ദിവസവും കാച്ചിയ പാല്‍ കുടിക്കും
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും .
എന്തിനാണ് അമ്മ കരയുന്നത്
ഞാന്‍ അച്ഛനോളം വലുതാകണം
അതാണ് അമ്മയ്ക്ക് ഇഷ്ടം
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും എന്ന ഭാഗമെത്തുമ്പോള്‍ അവന്‍ വായന നിര്‍ത്തുന്നു. അവന് കരച്ചിലടക്കുവാന്‍ കഴിയുന്നില്ല.
ഇന്നും ആ പാഠം ഓ൪ക്കുമ്പോള്‍ അവന് കരഞ്ഞുകൊണ്ടിരിക്കുന്നു.