നോര്‍ത്ത് അമേരിക്കന്‍ മലയാളിയായ ഞാന്‍ അള്‍ട്രാകണ്‍സര്‍വേറ്റിവ് റിപ്പബ്ലിക്കനാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നവനാണ്.
ബുഷിനേയും റംസ്ഫ്ലെഡിനേയും ദൈവത്തിനു തുല്യം ആരാധിക്കുന്നവനാണ്.
അമേരിക്കയുടെ എല്ലാ അധിനിവേശങ്ങളേയും ,പ്രത്യേകിച്ച് അറബ്‍, വിയറ്റ്നാം,കൊറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ പാനമ, ലാറ്റിനമേരിക്കന്‍ അധിനിവേശങ്ങളെ, ന്യായീകരിക്കുന്നവനാണ്.
അധിനിവേശം മാത്രമല്ലല്ലോ, അധിനിവേശ ഇരകള്‍ക്ക് മാവും മരുന്നും ഉറക്കഗുളികളും വെപ്പുകാലും പെണ്‍കുട്ടികള്‍ക്ക് പുഞ്ചിരിയും സ്കൂള്‍ബാഗും നല്‍കുകകൂടി ചെയ്യുന്നുണ്ടല്ലോ.
പലസ്തീനികള്‍ പലായനം ചെയ്യേണ്ടവരാണെന്നും അവരുടേ മക്കള്‍ UNടെന്‍റില്‍ ഒടുങ്ങേണ്ടവരാണെന്നും വിശ്വസിക്കുന്നവനാണ്.
മൊശെ ദയാന്‍ ചരിത്രത്തെ നോക്കി പരിഹസിക്കുന്നത് കേള്‍ക്കുക: അറബിഗ്രാമങ്ങളായിരുന്നു, നോക്കൂ ഇപ്പോള്‍ ജൂതഗ്രാമങ്ങളായിരിക്കുന്നു.ആര്‍ക്കുമറിയില്ല ഈ അറബിഗ്രാമങ്ങളുടെ പേരുകള്‍ പോലും. ഹ.
ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല ഇസ്റായേലിന്‍ സന്തതികളേ, കാരണം ഭൂമിശാസ്ത്രത്തിന്‍റെ ഒരു ബുക്ക് തന്നെ ഇവിടെ നിലവിലില്ല.ഭൂമിശാസ്ത്രത്തിന്‍റെ ഗ്രന്ഥങ്ങള്‍ ഇല്ലെന്നു മാത്രമല്ല, അറബിഗ്രാമങ്ങളുമവിടില്ല. ഹ ഹ.
അതുകൊണ്ട് ഞാന്‍ ടെക്സാസിലെ ബുഷിനെപ്പോലെ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ 1967 പ്രവിശ്യരേഖ തള്ളിക്കളയുന്നു.
പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ , ചുട്ടുപഴുത്ത ഇക്യുട്ടോറിയല്‍ ട്രോപിക് കാലാവസ്ഥയില്‍ നിന്നും വന്നവനായതുകൊണ്ട് ചെനിയുടേയോ റാംസ്ഫ്ലെഡിന്‍റേയോ വെളുത്ത നിറം എനിക്ക് കിട്ടാതെ പോയി.
അതുകൊണ്ട് എത്ര അള്‍ട്രാകണ്‍സര്‍വേറ്റിവ് ആണെന്നുപറഞ്ഞാലും- അറബിക്കഥയില്‍ സൂരജ് വെഞ്ഞാറമൂട് പറഞ്ഞപോലെ എത്ര ടിപ്ടോപിലായാലും ചിലപ്പോള്‍ അറിയാതെ ഫ്രാട്കള് പൊറത്തേക്ക് വരുന്നതുകൊണ്ട്- റിയല്‍ കണ്‍സര്‍വേറ്റിവ്കള്‍ എന്നെ സംശയത്തോടെ നോക്കുന്നു.
എന്തുചെയ്യാം, ഭാഗ്യക്കേട്.