കണ്ണംകുളത്തിനടുത്തുള്ള എന്റെ ആത്മമിത്രം നൂറുവിനെ അവന്റെ ഉപ്പാപ്പയാണ് വളര്‍ത്തിയത്. വണ്ടിയിടിച്ചു മരിച്ചുപോയി അവന്‍റെ ഉപ്പ. ഉമ്മ ചെറുപ്പമായിരുന്നതുകൊണ്ട് ഇദ്ദ കഴിഞ്ഞപ്പോള്‍ ( 4 മാസവും 10 ദിവസവും) മുതല്‍ ഉമ്മക്കു ആലോചനകള്‍ വന്നുതുടങ്ങി. രണ്ട് മക്കളെ കെട്ടിപ്പിടിച്ച് ആ അമ്മ കുറെ നാള്‍ കരഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങളമാരുടെ ഭാര്യമാര്‍ സമ്മതിക്കുമോ? ഉപ്പാപ്പ എത്രനാളുണ്ടാകും? എല്ലാവരും സമ്മര്‍ദ്ദം ചെലുത്തി അവര്‍ സമ്മതിച്ചു. കല്യാണവും നടന്നു. പക്ഷെ പുതിയാപ്ലക്കു നൂറുവിന്‍റെ ഉമ്മയെ മതി.നൂറുവിനേയും അവന്‍റെ അനിയത്തിയേയും വേണ്ട.നൂറുവിന്‍റെ ഉമ്മ കാലുപിടിച്ചപേക്ഷിച്ചു. അയാള്‍ സമ്മതിച്ചില്ല. അങ്ങിനെയാണ് നൂറുവിനേയും അനിയത്തിയേയും ഉപ്പാപ്പ വളര്‍ത്തുന്നത്. പക്ഷെ പുതിയ മാപ്പിളക്കു ആദ്യത്തെ കെട്ടില്‍ മക്കളുണ്ട്. അവരെ നൂറുവിന്‍റെ ഉമ്മ പൊന്നുപോലെ നോക്കണമത്രെ. ഒരു സ്ത്രീയുടെ ക്രൂരമായ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ അങ്ങിനെ അവരുടെ മക്കളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പകയോടെ നൂറു വളര്‍ന്നു. അവന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മറ്റോ ആയിരുന്നു. തെമ്മാടിയായവന്‍ വളര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല. ഞാനും നാടുവിട്ടല്ലോ.