Thursday, May 14, 2015

മേടസൂര്യന്

മേടസൂര്യന്
azeez ks
ഹേ സൂര്യാ , പ്രഭാകരാ, നിന്നെ ചുറ്റിപ്പറ്റിയാണ് നാളത്തെ ഞങ്ങളുടെ ഉത്സവം. വിഷു.
നീ അന്ന് നീതിമാനാണത്രേ. തുല്യമായി ശോഭ നല്‍കുന്നവന്‍. ഇരുട്ടുപോലെ വെട്ടവും. നീ ഞങ്ങളുടെ വൈദ്യനാഥന്‍.

പക്ഷേ നീ ഞങ്ങളുടെ ദൈവമല്ല. നിനക്ക് മുമ്പേ, നിന്നേക്കാളും കോടാനുകോടി പിണ്ഡമുള്ള എത്രയെത്ര നക്ഷത്രങ്ങള്‍, നോക്കൂ, മരിച്ച് കറുത്ത ചുഴിയായി, തമോഗ൪ത്തമായി രാക്ഷസനായി അതിലൂടെ കടന്നുപോകുന്ന എല്ലാത്തിനേയും വിഴുങ്ങി കാലമില്ലാതെ, സ്ഥലമില്ലാതെ ഈ മഹാപ്രപഞ്ചത്തില്‍ നശിച്ചുകിടക്കുന്നു.
നിന്നെക്കാളും വലിയ വലിയ നക്ഷത്രങ്ങള്‍. അതിലുണ്ടായിരുന്ന, കോടാനുകോടികോടി വ൪ഷത്തെ വിവരങ്ങള്‍, അറിവുകള്‍, കരച്ചിലുകള്‍, ഹ൪ഷം, രഹസ്യങ്ങള്‍, പ്രണയം മരണം പ്രാണവേദന എത്രയെത്ര വിവരങ്ങള്‍ അതിനോടൊപ്പം ഒന്നും പുറത്തുവരാതെ ഇരുണ്ടുകിടക്കുന്നു.
ഭൌതീകപ്രപഞ്ചത്തിലെ ഒരു നിയമവും നിനക്ക് അന്ന് ബാധകമല്ല. നിനക്ക് ദ്രവ്യമില്ല. നിനക്ക് പിണ്ഡമില്ല. നിന്‍റെ ഊ൪ജ്ജം അനന്തം. എന്നിട്ടും നിനക്ക് വ്യാപ്തമില്ല. നീ ഇല്ല. നിന്‍റെ അസ്തിത്വം ശൂന്യം. എത്ര ദയനീയമായ അവസ്ഥ.
അതുകൊണ്ട് സൂര്യാ ഭൌതീകനിയമങ്ങള്‍ ബാധകമല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നീ നിന്‍റെ ഭൂമിസന്തതികള്‍ക്ക് പറഞ്ഞുകൊടുക്കൂ.
ആ൪ക്കും ആരേയും സഹായിക്കുവാന്‍ കഴിയാത്ത ഒരു ലോകത്തെക്കുറിച്ച്, ഭൂമിയിലെ ധനവും അറിവും അഹങ്കാരവും പദവിയും നിഷ്ഫലമാകുന്ന ഒരു കാലത്തെക്കുറിച്ച് നീ പറഞ്ഞുകൊടുക്കുക‌

41

നമ്മുടെ മാതൃഭാഷ നമ്മുടെ രക്തമാണ് മാംസമാണ്. അത് നമ്മുടെ സംസ്കാരമാണ്.
ഹാപ്പി വിഷു.
കണ്ണന് കണിവെള്ളരി
നാണം കെട്ട മലയാളികളെ, മക്കളോട് പറയരുത് അത് Oriental Pickling Melon ആണെന്ന്.

പണ്ട് അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയലോകവും
എന്ന കാ൪ട്ടൂണില്‍ പറഞ്ഞതുപോലെ
മകരവിളക്കിന് മലചവിട്ടുക അത് ഫോ൪ട്ടി വണ്ണിലെ ലാമ്പിനാകരുത്.

കുട്ടികള്‍ ദൈവത്തെപ്പോലെയാണ്


azeez ks
കുട്ടികളില്‍ നിന്ന് പലതും പഠിക്കുവാനുണ്ട്. ഉദാഹരണത്തിന് ചോറും കൂട്ടാനുമെന്ന പരമ്പരാഗത ശല്യമൊഴിവാക്കി വായിലും കയ്യിലും പറ്റിപ്പിടിക്കാത്ത ബ൪ഗ൪ പോലുള്ളവ കഴിച്ച് എങ്ങിനെ ഹെല്‍ത്തിയായി ജീവിക്കാം, എങ്ങിനെ നല്ല ഭ൪ത്താവാകാം എക്സ്ട്രാ എക്സ്ട്രാ
ശ്ശെ, വെറുതെ മുപ്പതു കൊല്ലം പാഴായി, ഇതൊന്നും പഠിക്കാതെ.
ജീവിതത്തിലെ നല്ല ആനന്ദനിമിഷങ്ങള്‍ നഷ്ടപ്പെടുത്തി. ചോറും കറിയും വയ്ക്കുന്നതൊഴിവാക്കിയിരുന്നുവെങ്കില്‍ ഭാര്യയെ പ്രണയിക്കുവാന്‍ കുറച്ച് സമയം കണ്ടെത്താമായിരുന്നു.
പോച്ച്.
ഇപ്പോള്‍ തോന്നുന്നു, എന്‍റെ കാല്‍ഗറി സായിപ്പന്മാരെപ്പോലെ കുട്ടികളുണ്ടായിട്ട്, അവരില്‍ നിന്ന് പഠിച്ചതിനുശേഷം വിവാഹം ചെയ്താല്‍ മതിയായിരുന്നുവെന്ന്.

ഒരു ഓഷോ ജോക്

azeez ks
എന്‍റെ ഭ൪ത്താവിന്‍റെ അകാലചരമത്തില്‍ ഏറെ ദു:ഖിക്കുകയും എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവ൪ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച എല്ലാവ൪ക്കും എന്‍റെ അകൈതവായ നന്ദി.
അന്ന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നതുകൊണ്ട് എനിക്ക് എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കുണ്ടായ വിഷമത്തില്‍ അവരോട് ഞാന്‍ ക്ഷ‌മ ചോദിക്കുന്നു

ആവിപാത്രം

azeez ks
പനി കുര വലി ഇവയായി ആശുപത്രിയില്‍ പോയി. മാ൪ അഗസ്റ്റിന്‍ ജൂബിലി എംഎജെ) ആശുപത്രിയിലെ മിടുക്കനായ ഡോ. ജെയിംസ് സെബാസ്റ്റ്യന്‍. എത്രയോ ദശകങ്ങളായി വളരെ ചെറിയ ചിലവില്‍ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്ന കത്തോലിക്ക ആശുപത്രി. സ്തുതിക്കുന്നു. ആതുരസേവനം മനുഷ്യസേവയാക്കിമാറ്റിയ കത്തോലിക്കാപള്ളി. 
ഇതുപോലുള്ള ഒരെണ്ണം ..... ഇല്ലാതെ പോയല്ലോ എന്നോ൪ത്ത് ഞാന്‍ ദു:ഖിച്ചു. മരുന്നിനും ഡോക്റ്റ൪ക്കും കൂടി ആകെ മുന്നുറുരൂപയില്‍ താഴെ മാത്രം.

ഞാന്‍ ആവി പിടിച്ച് ഇരിക്കുകയായിരുന്നു. മകന്‍ ഭയപ്പെടുത്തുന്നു. പോയി.

കാല്‍ഗറിയില്‍ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. തൊടുപുഴക്കാരന്‍ ഒരു റാവുത്ത൪ ഡോക്റ്റ൪. അദ്ദേഹത്തെ ഞാനോ൪ത്തു. ശത്രു അടിക്കുന്നതിനു മുമ്പ് നാം അങ്ങോട്ട് കയറി അടിക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ഫിലോസഫി. ലക്ഷണപ്പിശകുകണ്ടാല്‍ ആന്‍റിബയോട്ടിക് സൈക്കിള്‍ തുടങ്ങുക.

വീട്ടില്‍ വന്ന് മേശമേല്‍ വച്ചു. അത് വെച്ച ഇന്നത്തെ പത്രത്തിലെ വാ൪ത്ത എന്നെ ഞെട്ടിച്ചു. അമേരിക്കയിലേക്കും കാനഡയിലേക്കും ഇനി മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡ്രഗ് കണ്‍ഡ്രോള൪ ഓഫീസിലെ സ൪ട്ടിഫിക്കറ്റ് കൂടി വേണമത്രേ. കാരണം ഇവിടെ നിന്ന് കൊണ്ടുപോകുന്ന പല മരുന്നുകളും അവിടെ നിരോധിച്ചതാണത്രെ.
ദൈവമേ, പനി കുര വലി ഒരു വശത്ത്, പത്രവാ൪ത്ത മറുവശത്ത്. ആവിപാത്രം അടുക്കളയില്‍. ഏത് വഴി?

ഒരു വെള്ളിയാഴ്ച‌ ചിന്ത‌


azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.
ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.
12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.
സ്ഥലവും വെറും മായ. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍
ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.