Friday, April 5, 2013

ഉപ്പ് വിചാരം.

ഉപ്പ് വിചാരം.
അസീസ് കെ എസ്

ജീവന്‍റെ ലക്ഷ്യം ഭൂമിയുടെ ഉപ്പായി മാറുക എന്നതാണ്.ഒടുവില്‍ തന്‍റെ ശരീരം മണ്ണിലേക്ക്. ലവണമായി ഈ പ്രപഞ്ചത്തിലലിയുന്നു.

ഏത് ദരിദ്രനും ഉപ്പ് തിരികെ വാങ്ങിയതായി കേട്ടിട്ടില്ല.അയല്‍താത്ത കൊണ്ടുപോയ പഞ്ചസാരയും അരിയുമൊക്കെ അളവുപാത്രം തന്നുവിട്ട് എന്‍റെ ഉമ്മ തിരികെ വാങ്ങാറുണ്ട്.ഇല്ല.ഉപ്പുമാത്രം തിരികെ വാങ്ങില്ല.

എന്താണ് ഉപ്പിനിത്ര മഹത്വം.മനുഷ്യനുണ്ടായ കാലം മുതല്‍ ഉപ്പ് ജീവന്‍റെ അടിസ്ഥാനവസ്തുവായിരുന്നു.ശാസ്ത്രമൊന്നുമറിയില്ലെങ്കിലും
പൂ൪വ്വിക൪ക്കൊന്നറിയാമായിരുന്നു: ഉപ്പ് രക്തസമ്മ൪ദ്ദം നിയന്ത്രിച്ചിരുന്നു.രക്തത്തിലെ പിഎച് വേണ്ടരീതിയില്‍ നിലനി൪ത്തിയിരുന്നു.ഓരോ കോശത്തിലേക്കും പോഷകം വഹിച്ചുകൊണ്ടുപോകുന്നതിന് കാരണമായിരുന്നു.തലച്ചോ൪ കൊടുക്കുന്ന നി൪ദ്ദേശം മസിലിലെത്തുന്നതിന് ഉപ്പ് ആവശ്യമായിരുന്നു.

നമ്മുടെ പ്രകൃതി ഉപ്പ് ന്യൂട്രീഷന്‍റെ ഒരു കലവറയായിരുന്നു. ഉപ്പില്‍ സോഡിയം ക്ലോറേഡ് മാത്രമായിരുന്നില്ല.പൊട്ടാസ്യം തുടങ്ങിയ എത്രയോ ലവണങ്ങള്‍ അടങ്ങിയിരുന്നു.ലോകപ്രസിദ്ധമായ ഹിമാലയന്‍ ഉപ്പില്‍ 82 ഓളം ലവണങ്ങളും ട്രേസ് മെറ്റല്‍സും അടങ്ങിയിരിക്കുന്നുവെന്ന് ഇവിടെ വലിയ വിലയുള്ള ഒരു ഉപ്പുകുപ്പിയില്‍ എഴുതിയിരിക്കുന്നത് കണ്ടു.നമ്മുടെ കടലുപ്പില്‍ തന്നെ സോഡിയം ലവണം കൂടാതെ പൊട്ടാസ്യം, ട്രേസ്മെറ്റല്‍സ്, സിലിക്കന്‍, ഫോസ്ഫറസ് ഇവയൊക്കെയുണ്ട്.സോഡിയം പൊട്ടാസ്യം ലവണത്തിന്‍റെ ഒരു ബാലന്‍സ് ശരീരത്തിനാവശ്യമായിരുന്നു.

ആ ഉപ്പ് നമ്മളെ കൊല്ലുമോ?

അതെ നമ്മെ കൊല്ലുന്നു.2010 ല്‍ 23 ലക്ഷം ( 2.3 മില്ല്യന്‍) ഹൃദയമരണരോഗങ്ങള്‍ റിപ്പോ൪ട്ട് ചെയ്തതിലെ പ്രധാന വില്ലന്‍ ഉപ്പായിരുന്നുവെന്ന് അമേരിക്കന്‍ ഹാ൪ട്ട് അസോസിയേഷന്‍ പറയുന്നു.42 ശതമാനം ഹൃദ്രോഗം.41 ശതമാനം ആഘാതം.

എത്രയെത്ര രോഗങ്ങള്‍ അതുണ്ടാക്കുന്നു: ഹൈ ബിപിയുടെ പ്രധാനകാരണക്കാരന്‍ ഉപ്പാകുന്നു.ശരീര അംഗങ്ങളില്‍ വെള്ളം നിറക്കുന്നു.കിഡ്നി തക൪ക്കുന്നു.അറ്റാക്,ഹാ൪ട് ഫെയി ല൪.കിഡ്നിസ്റ്റോണുണ്ടാക്കുന്നു, ബുദ്ധികെടുത്തുന്നു( മെമ്മറി നശിപ്പിക്കുന്നു) റുമറ്റോയ്ഡ് ആ൪ത്രൈറ്റിസുണ്ടാക്കുന്നു.തിമിരം, ഹൃദയരോഗം, സ്ട്രോക്ക്...

ഇതൊക്കെവന്ന് മരിച്ചാലും സാരമില്ലായിരുന്നു, പക്ഷേ ലിംഗം ഉദ്ധരിച്ചില്ലെങ്കില്‍ എന്തുചെയ്യും?ഉപ്പ് അതും തക൪ക്കുന്നു.എത്ര സുന്ദരി അടുത്തുകിടന്നാലും വയാഗ്രയില്ലാതെ ഒരു പണിയും നടക്കില്ല.

പതിനായിരക്കണക്കിനു വ൪ഷങ്ങളായി നാമുപയോഗിച്ചുവരുന്ന പ്രകൃതിയിലെ സ്വാഭാവിക ഉപ്പ് നമ്മോട് ഈ ചതി ചെയ്യുമോ?
ഇല്ല.
ഇത് ചെയ്യുന്നത് നമ്മുടെ മേശപ്പുറത്ത് വെളുവെളായിരിക്കുന്ന ടേബ്ള്‍ സോള്‍ട്ട് എന്ന വില്ലനാണ്.ടേബ്ള്‍ സോള്‍ട്ട് എന്ന ഫാക്റ്ററി ഉപ്പില്‍ സോഡിയം ക്ലോറേഡ് മാത്രമേയുള്ളൂ, പിന്നെ വെളുപ്പിക്കുന്ന കുറെ കെമിക്കലും ജലം വലിച്ചെടുക്കുവാനുള്ള കെമിക്കലും; അയഡിനും ഫ്ലൂറൈഡുകളും.ഈ ഉപ്പുണ്ടാക്കുന്നത് വളരെ വിലപിടിച്ച രാസപ്രക്രിയയിലൂടെയാണ്. ഉപ്പായി പുറത്തുവരുമ്പോള്‍ ഉപ്പിന്‍റെ ഘടന തക൪ന്നിട്ടുണ്ടാകും.

ഈ ഉപ്പ് ആളുകള്‍ വെറുതെ വാരിത്തിന്നുമോ? പിന്നെയെങ്ങിനെയാണ് ഇത്രമാത്രം ഉപ്പ് ആധുനികന്‍റെ അകത്ത് കയറുന്നത്.ഇവിടെയാണ് പ്രോസസ്ഡ് ഫുഡുകളുടെ റോള്‍ കടന്നുവരുന്നത്.എല്ലാ ഫാക്റ്ററി ഭക്ഷണത്തിലും പ്രോസസ്ഡ് ഫുഡ് അടങ്ങിയിരിക്കുന്നു. എല്ലാ ഭക്ഷണത്തിലും എന്തിന് തൈരില്‍ വരെ ഈ പ്രോസസ്ഡ് ഉപ്പും മധുരത്തിനായി ഫ്രക്റ്റോസും ചേ൪ത്തിട്ടുണ്ട്.എത്ര ശുദ്ധ‌വെജിറ്റേറിയനും രോഗത്തിനടിമയാകുന്നതിന്‍റെ കാരണം കഴിക്കുന്ന ഭക്ഷണത്തിലെ രാസമാലിന്യങ്ങളാണ്.

കഷ്ടമല്ലേ?

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് കേട്ടിട്ടുണ്ട്. ഉപ്പ് മുള്ളിപ്പോകുവാന്‍ വേണ്ടിയാണത്.

മുള്ളാന്‍ കുടിക്കുന്ന വെള്ളം ഉപ്പും മധുരവുമടങ്ങിയതാണെങ്കില്‍ എന്തുചെയ്യും?
(Data from JAMA )