പുസ്തകവായന
azeezks@gmail.com
എ തൌസന്‍റ് സ്പ്ലെന്‍ഡിഡ് സന്‍സ്
ഖാലിദ് ഹുസൈനി.
അഫ്ഗാനിസ്ഥാനില്‍ ജനിച്ച ഒരു അമേരിക്കന്‍ നോവലിസ്റ്റ്. ആദ്യനോവല്‍ കൈറ്റ് റണ്ണ൪.രണ്ടാമത്തെ നോവലാണ് തിളക്കമാ൪ന്ന ആയിരം സൂര്യന്മാ൪. ഈ രണ്ടുനോവലും കൂടി 380 ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു.അഭയാ൪ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യരാഷ്ടസഭയുടെ കമ്മീഷണറായി പ്രവ൪ത്തിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്‍ മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന് സ്ത്രീകളുടേയും കഥ പറയുകയാണ് ഖാലിദ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.
പെന്ഗ്വിന് ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് ഈ പുസ്തകം ഇവിടെ പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന് ചരിത്രവും ജീവിതവും ഈ പുസ്തകത്തിലൂടെ അനാവൃതമാകുന്നു.പുരുഷന്റെ പീഢനം,ഭരണകൂടഭീകരത, മതവിഭാഗങ്ങള് തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത് പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം.
അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല. ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪
അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.
താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന ആ രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന ഈ രാജ്യം വിദ്യാഭ്യാസപരമായി മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.
ആ രാജ്യത്തിന് ഈ അവസ്ഥ എങ്ങിനെയുണ്ടായി? ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊലക്കളമായി? എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി? കേരളത്തിന്റെ സ്വാതന്ത്ര്യവും സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിംസ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് ഈ നോവല് വായിച്ചിരിക്കേണ്ടതാണ്.
പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് ഈ പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സ്ത്രീയെന്നാല്‍ ഇവിടെ സഹനമെന്നാണ്.എല്ലാം സഹിക്കുക.
പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു.ഈ സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട് അതിന്റെ അമ്മ നാന പറയുന്നുണ്ട്:"നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു." മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം) അവള് മകളോട് പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള് അമ്മ നാന പറയുന്നു."നീ സ്കൂളില് പോകേണ്ട,അക്ഷരം നീ പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല.സഹനം സഹനം സഹനം. അതാണ് ഒരു സ്ത്രീക്കുവേണ്ടത്.അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല." തൊണ്ട പൊട്ടുന്ന വേദനയോടെ ആ ഉമ്മ മകളോട് പറയുന്നു."മകളേ ഞാനീ പറയുന്നത് നീ നന്നായി പഠിക്കുക,ഒരു കാന്തസൂചി എന്നും വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും."
ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ ഈ പുസ്തകം വായിച്ചു തീ൪ക്കുവാനാകില്ല.
പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം ഈ പ൪ദ്ദ വളരെ സന്തോഷത്തോടെയാണ് ധരിച്ചിരുന്നത്.അതിനു അവള് കണ്ടെത്തിയ കാരണം കേള്ക്കുക:ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. ഈ പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില് നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളെ ഈ പുസ്തകവായന അമ്പരപ്പിക്കും.
ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഈ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു.
വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാരവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു. യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല,ഒടുവില് സ്കൂളില് പോകുവാന് കഴിയാതെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത് നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. ഏത് പെണ്കുട്ടിക്ക് ഇത് സങ്കല്‍പ്പിക്കുവാന്‍ കഴിയും?
ദയവായി ഇത് എല്ലാവരും വായിക്കുക. നമ്മുടെ വീട്ടുപടിക്കല് ബോംബ് പൊട്ടുമ്പോള് മാത്രം ച൪ച്ചചെയ്യേണ്ട വിഷയമല്ല ഭീകരവാദം.