Thursday, June 16, 2011

ജൂണ്‍ അഞ്ച്‍- ചില ജലചിന്തകള്‍




എണ്ണശേഖുമാരുടെ സമയമടുത്തു.ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്‍റെ സ്രോതസ്സാണ്.
അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന , പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്.അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു.കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു.അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു.ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.അത് നമ്മുടെ ഗംഗയെ കാളിന്ദിയാക്കിക്കൊണ്ടിരിക്കുകയാണോ?ഇന്ത്യ പാക്കിസ്ഥാന്‍റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു.സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്.കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്‍റേതാണ്.വൈക്കൊ ഇന്ന‌ലേയും പ‌റ‌ഞ്ഞു കേര‌ള‌ത്തിലേക്ക് ഒരു ലോറിയും ക‌ട‌ത്തിവിടില്ലെന്ന്.പ‌ഞ്ചാബും ഹ‌രിയാന‌യും ത‌മ്മിലുള്ള‌ പ്ര‌ശ്നം ഒരേ ത‌ല‌സ്ഥാന‌ത്തിന്‍റേത‌ല്ല‌ല്ലോ; ജ‌ലം ത‌ന്നെയാണ്.ന‌മ്മുടെ നാട്ടില്‍ ആവ‌ശ്യ‌ത്തില‌ധികം പൈപ്പുക‌ളും ടാപ്പുക‌ളുമുണ്ട്,ഇല്ലാത്ത‌ത് വെള്ളം മാത്രം.വൈപ്പിനിലെ അമ്മ‌മാര്‍ പ‌ക‌ലൊന്നു മ‌യ‌ങ്ങി പുല‌ര്‍ച്ച‌വ‌രെ ടാപ്പിനുമുമ്പില്‍ കൊതുകുക‌ടി കൊണ്ടിരുന്നിട്ട‌ല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്ന‌ത്.വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത‌ ടാപ്പില്‍ നിന്നൂറ്റി ന‌ഗ‌ര‌ത്തിലെ ഹോട്ട‌ലുക‌ള്‍ക്ക് മ‌റിച്ച‌ടിക്കുന്നു.
എന്തുപ‌റ്റി ന‌മുക്ക്? വെള്ള‌മെവിടെ?
ഞാന‌ല്‍ഭുത‌പ്പെട്ടിട്ടുണ്ട്; ഒരായിരം ഇന്ത്യ‌ക്കാര്‍ക്കുപ‌യോഗിക്കാവുന്ന‌ ജ‌ല‌മാണ് ഒരാള്‍ ഈ നാട്ടില്‍ വേസ്റ്റാക്കിക്ക‌ള‌യുന്ന‌ത്.ആവശ്യത്തിനും അല്ലാത്തതിനും ഫ്ലഷ് വലിച്ച് എത്ര ജലമാണ് പാഴാക്കിക്കളയുന്നത്! എപ്പോള്‍ ടാപ്പ് തിരിച്ചാലും വെള്ളം.ഇട‌ത്തേക്കു തിരിച്ചാല്‍ ചുടുത‌ണ്ണി, വ‌ല‌ത്തേക്കായാല്‍ ത‌ണുത്ത‌വെള്ളം.ഒരു ബിസ്ക്ക‌റ്റ് വ‌ച്ചു തിന്ന‌ പ്ലേറ്റ് ഒന്നു തുട‌ച്ചാല്‍ ന‌മുക്കുപ‌യോഗിക്കാം. അത്ര‌ വെടിപ്പുള്ള‌വ‌ര്‍ക്ക് ഒന്നു ക‌ഴുകാം.പ‌ക്ഷേ,പ‌ല‌ത‌രം ക്ലീനിംഗ് ലിക്യിഡ്ക‌ള്‍ ചേര്‍ത്ത് അനേക‌ ലിറ്റ‌ര്‍ വെള്ളം കൊണ്ട് ഡിഷ് വാഷ‌റിലിട്ട് ക‌ഴുകാത്തിട‌ത്തോളം കാലം അത് ഡേര്‍ട്ടി എന്നു പ‌റ‌യ‌പ്പെടുന്നു.എന്ത് ഡേര്‍ട്ടി.എന്നാല്‍ ഈ ഡേര്‍ട്ടി എന്നു പ‌റ‌യുന്ന‌വ‌രുടെ ക‌ക്കൂസില്‍ ഒരു തുള്ളിവെള്ളം കാണില്ല‌.ര‌ണ്ടിഞ്ച് വീതിയുള്ള‌ ടിഷ്യു പേപ്പ‌ര്‍ കൊണ്ട് ഒപ്പിച്ച് ആ കൈകൊണ്ട് അടിവ‌സ്ത്രം ധ‌രിച്ച്, പാന്‍റിട്ട്, ബെല്‍റ്റിട്ട്, പിന്നെ ട്ടൈകെട്ടി പുറ‌ത്തേക്കു വ‌ന്നു, വാഷ്ബേസിനില്‍ വ‌ന്നു കൈക‌ഴുകി പുറ‌ത്തുവ‌രും!‌‌‌
ജ‌ലം ന‌മ്മുടെ ജ‌ന്മാവ‌കാശ‌മാണ്.അത് പ‌ഴ‌യ‌ ക‌ഥ‌.ഇനി അങ്ങിനെയ‌ല്ല‌. ജ‌ലം ഇനി സ്വ‌കാര്യ‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടേതാണ്.ന‌മ്മ‌ളൊക്കെ അവ‌രുടെ ക‌സ്റ്റ‌മേസാണ്.കേബിള്‍ ടിവി പോലെ.ജ‌ലം ന‌മുക്ക് ഒരു അവ‌കാശ‌മ‌ല്ലാതെ വ‌ന്നാല്...
കാനഡയുടെ വ‌ട‌ക്കുപ‌ടിഞ്ഞാറു ഭാഗ‌ത്താണ് അലാസ്ക‌.ലോക‌ത്തിലെ ഏറ്റ‌വും മ‌നോഹ‌ര‌മായ‌ പ്ര‌ദേശ‌മാണ‌ത്.ആറുമാസം മാത്ര‌മേ അവിടെ മ‌നുഷ്യ‌വാസ‌മുള്ളൂ.ഉറ‌ഞ്ഞുകിട‌ക്കുന്ന‌ പ്ര‌ദേശ‌മാണ്.വേന‌ലായാല്‍ ഫിഷിംഗിനുവേണ്ടി ബോട്ടുക‌ള്‍ പോകുന്നു.എന്‍റെ ഓഫീസ് മാനേജ‌ര്‍ ഒരു ക‌പ്പ‌ലില്‍ പ‌ത്തുദിവ‌സ‌ത്തെ അലാസ്ക‌ വിനോദ‌യാത്ര‌യ്ക്കു പോയിരുന്നു.കുറെ ഫോട്ടൊക‌ള്‍ അവ‌ര്‍ കൊണ്ടുവ‌ന്നിരുന്നു.അതിമ‌നോഹ‌ര‌മായ‌ നീല‌ത്ത‌ടാക‌ങ്ങ‌ളും ക‌ട‌ലുക‌ളും. പ‌ര്‍വ്വ‌ത‌ങ്ങ‌ള്‍ ഐസ് ഗ്ലേസിയേസാല്‍ മൂട‌പ്പെട്ടുകിട‌ക്കുന്നു.കൊടുംവ‌ന‌ങ്ങ‌ളും മ‌നോഹ‌ര‌മായ‌ മ‌ല‌ക‌ളുമുണ്ട്.നോ മാന്‍സ് ലാന്ഡ് എന്നായിരുന്നു അലാസ്ക്ക‌ അറിയ‌പ്പെട്ടിരുന്ന‌ത്.പിന്നീട് അത് അമേരിക്ക‌ കൈവ‌ശ‌പ്പെടുത്തി.5000 ച‌.മൈല്‍സ് വ‌രുന്ന‌ ആ മ‌ഞ്ഞിന‌ടിയില്‍ ലോക‌ത്തിലെ ഏറ്റ‌വും പ‌രിശുദ്ധ‌മായ‌ ക‌ന്യാജ‌ലം ഉറ‌ഞ്ഞുകിട‌ക്കുന്നു.ഇതു ആര്‍ക്കുകിട്ടും? തൊട്ട‌ടുത്തുള്ള‌ കാന‌ഡ‌ക്ക‌ല്ല‌;ആ ശുദ്ധ‌ജ‌ലം ഭൂമിയുടെ മ‌റുപാതി ക‌ട‌ന്നു ന‌മ്മുടെ മുംബ‌യില്‍ എത്തിക്കുവാനുള്ള‌ ഒരു മെഗാപ്രോജ‌ക്റ്റ് ത‌യ്യാറായിക്ക‌ഴിഞ്ഞു.ബോംബെക്കാര്‍ക്കുവേണ്ടിയ‌ല്ല‌, അറ‌ബുനാടുക‌ള്‍, ഇന്ത്യ‌, ചൈന‌ മുത‌ലായ‌ ജ‌ല‌ദൌര്‍ല്ല‌ഭ്യ‌മുള്ള‌ രാജ്യ‌ങ്ങ‌ളിലേക്ക് വില്‍പ്പ‌ന‌ ന‌ട‌ത്തുവാനുള്ള‌ ബ‌ഹുരാഷ്ട‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടെ ഭീമ‌ന്‍ പ‌ദ്ധ‌തിയാണിത്.ട്രു അലാസ്ക്ക‌ ബോട്ട്ലിംഗ് എന്ന‌ ക‌മ്പ‌നി അതിന്‍റെ ജ‌ലാവ‌കാശം നേടിക്ക‌ഴിഞ്ഞു.

മ‌നുഷ്യ‌നുണ്ടായ‌ കാലം മുത‌ല്‍ ജ‌ലം ന‌മ്മുടെ പൊതുസ‌മ്പ‌ത്താണ് എന്ന‌ ന‌മ്മുടെ സ‌ങ്ക‌ല്‍പ്പ‌ങ്ങ‌ള്‍ ത‌ക‌രുക‌യാണ്.അമിത‌മായ‌ ഉപ‌യോഗ‌ത്താല്‍ ന‌മ്മുടെ ശുദ്ധ‌ജ‌ല‌ ഉറ‌വ‌ക‌ള്‍ വ‌റ്റിക്കൊണ്ടിരിക്കുക‌യാണ്.ന‌ദിക‌ളും പുഴ‌ക‌ളും ത‌ടാക‌ങ്ങ‌ളും വ‌റ്റുന്നു.കേര‌ള‌ത്തിലെ ഒരേയൊരു ശുദ്ധ‌ജ‌ല‌ത്ത‌ടാക‌മായ‌ ശാസ്താംകോട്ട‌ കായ‌ലിലും മെല്ലെ ഓരുക‌യ‌റുക‌യാണ്.ഈ ശുദ്ധ‌ജ‌ലം ന‌മുക്കു ന‌ഷ്ട‌മാകുന്ന‌തു ആരെങ്കിലും കുടിച്ചുതീര്‍ത്തി‌ട്ടോ കുളിച്ചിട്ടോ അല്ല‌.വ്യ‌വ‌സായ‌ വിപ്ല‌വ‌ത്തിന്‍റെ തുട‌ര്‍ച്ച‌യായ‌ ക‌മ്പോള‌സംസ്കാര‌ത്തിന്‍റെ ഭാഗ‌മായി ലോക‌ത്തിലെ വ്യ‌വ‌സായ‌ ശാല‌ക‌ളിലേക്കു ശുദ്ധ‌ജ‌ലം ഒഴുകുക‌യാണ്.
ഉപഭോഗസംസ്കാരം നമ്മുടെ ആവശ്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.നമുക്ക് വിഭവങ്ങള്‍ തികയുന്നില്ല. ജലം തികയുന്നില്ല. ഒരു ഭൂമി പോര. ഒരു സൂര്യന്‍ മതിയാകുന്നില്ല.
ജഡമായി മാറിയ ഒരു ജനതയായിക്കഴിഞ്ഞു നമ്മള്‍.മരണം നമ്മുടെ തൊണ്ടക്കുഴിയില്‍ എത്താത്തിടത്തോളം നാം നമ്മുടെ മരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. അതുകൊണ്ട് ബോണ്ട്സ്വാനയിലെ ഈ വൃദ്ധയുടെ മരണം നമുക്ക് ഒരു സാധാരണ മരണമാണ്.വരണ്ട മരുഭൂമിയില്‍, കത്തുന്ന ആകാശത്തിനടിയില്‍ അവിടെ മനോഹരമായ ഒരു നീന്തല്‍ തടാകം.ആഫ്രിക്കന്‍ സഫാരി എന്ന വിനോദയാത്ര കഴിഞ്ഞ് വിനോദസഞ്ചാരികള്‍ നീന്തിത്തുടിക്കുന്നു.ബിയറും കോളയും കുടിച്ചു വിശ്രമിക്കുന്നു.സ്പടിക ജലം.ഈ നീന്തല്‍ത്തടാകത്തിനരികെയാണ് 85 വയസ്സുള്ള കലഹാരിയിലെ ബുഷ്മെന്‍ ഗോത്രക്കാരിയായ ഈ വൃദ്ധ ഒരു തുള്ളി വെള്ളം കിട്ടാതെ തൊണ്ടയുണങ്ങി മരിച്ചത്.ലോകത്തിലെ ഏറ്റവും പൂര്‍വ്വസമൂഹമാണ് ആഫ്രിക്കയിലെ ബോണ്ട്സ്വനയിലെ ഈ ഗോത്രക്കാര്‍. നമ്മുടെ പൂര്‍വ്വികര്‍.സ്വകാര്യവല്‍ക്കരണത്തിന്‍റേയും ലാഭത്തിന്‍റേയും ദൈവങ്ങള്‍ അവരുടെ മണ്ണ് പിടിച്ചെടുത്തു,വന്യയാത്രയുടെ ഒരു പ്രോജക്ടിനായി.ആദ്യം ഈ ആദിവാസിസമൂഹങ്ങളെ അവരുടെ മണ്ണില്‍ നിന്നും ആട്ടിയോടിച്ചു.അത് 1997 ല്‍ അവരുടെ മണ്ണിനടിയില്‍ ഡയമണ്ട് ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്.പോകാന്‍ കൂട്ടാക്കാതിരുന്ന അവരെ ഡയമണ്ട് കമ്പനികളും ഡയമണ്ട് കമ്പനികളുടെ ഭരണകൂട ഏജന്‍റ്മാരും ആട്ടിയോടിച്ചത് അവരുടെ ജലസ്രോതസ്സുകള്‍ അടച്ചുകൊണ്ടാണ്.
ബാക്കിയായ ഈ വൃദ്ധ‌ തൊണ്ടവരണ്ട് വിനോദസഞ്ചാരികളുടെ സ്വിമ്മിങ് പൂളിനടുത്ത് ട്ടാന്‍റലിസിന്‍റെ മരണം വരിച്ചു. ഈ വൃദ്ധ ലോകത്തിലെ വരാനിരിക്കുന്ന ജല കലാപങ്ങളുടെ രക്തമായി മാറുമോ?

യു എന്‍ ജലം മൌലികാവകാശമാക്കിയത് 2010 ലാണ്.പക്ഷേ, യുന്നെന്ന് കഴിയുമോ ഈ അവകാശം ഉറപ്പുവരുത്തുവാന്‍?
ഇരുപ‌ത് വ‌ര്ഷം ക‌ഴിയുമ്പോള്‍ ജ‌ല‌ത്തിന്‍റെ ഉപ‌യോഗം ഇര‌ട്ടിക്കുക‌യാണെന്ന് യുഎന്‍ പ‌റ‌യുന്നു. ജ‌ല‌മെവിടെ? ആരുടെ ജ‌ല‌മെടുക്കും? ആര്‍ക്കു കൊടുക്കും?


ജ‌ല‌ക്ഷാമം പ‌രിഹ‌രിക്കുവാന്‍ ഒരേയൊരുവ‌ഴി ജ‌ല‌വിത‌ര‌ണം ക‌മ്പോള‌ത്തെ ഏല്‍പ്പിക്കുക‌ എന്ന‌താണ് ഗോളാന്ത‌ര‌ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ മുന്നോട്ട് വ‌യ്ക്കുന്ന‌ നിര്‍ദ്ദേശം.സ‌പ്ലെയുടേയും ഡിമാന്‍റിന്‍റേയും അദ്റ്ശ്യ‌ക‌ര‌ങ്ങ‌ളാല്‍ ജ‌ല‌വും ക‌യ‌റിയിറ‌ങ്ങ‌ട്ടെ.ജ‌ലം ഒരു കൊമോഡിറ്റിയാകുമ്പോള്‍ അത് മാര്‍ക്ക‌റ്റില്‍ കൂടിയ‌ വില‌ക്ക് വില്‍ക്കുവാന്‍ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ക്ക‌ധികാര‌മുണ്ട്. ചേരിയിലെ അമ്മ‌മാരെക്കാളും വില‌ നെസ്ലെയൊ കൊക്കൊക്കോള‌യൊ ന‌ല്‍കിയാല്‍... മാര്‍ക്ക‌റ്റ് നിയ‌മ‌മ‌നുസ‌രിച്ച് ജ‌ല‌മൊഴുകുക‌ ത‌ന്നെ ചെയ്യും.
സാമ്പ‌ത്തിക‌ സ‌ഹായം ല‌ഭിക്കുന്ന‌തിനുവേണ്ടി ലാറ്റിന‌മേരിക്ക‌ന്‍ രാഷ്ട‌ങ്ങ‌ളോട് ഐമ്മെഫ് ആവ‌ശ്യ‌പ്പെട്ട‌ത് ജ‌ലം സ്വ‌കാര്യ‌വ‌ല്‍ക്ക‌രിക്ക‌ണ‌മെന്നാണ്.ഗ‌തികേടുകൊണ്ട് ബൊളീവിയ‌ അത് സ‌മ്മ‌തിച്ചു.ബെക്ക്ടെല്‍ എന്ന‌ ബ‌ഹുരാഷ്ട‌ക്ക‌മ്പ‌നി സ്വ‌ന്ത‌മായ‌ പൈപ്പുക‌ളിട്ട് ജ‌ല‌വിത‌ര‌ണം തുട‌ങ്ങി.ഒറ്റ‌ക്കൊല്ല‌ത്തിനുള്ളില്‍ വില‌ ഇര‌ട്ടിയായി.കാശുള്ള‌വ‌നുമാത്രം വെള്ളം കിട്ടുമെന്നായി.സ‌ഹികെട്ട‌ ജ‌ന‌ത‌ തെരുവില്‍ ക‌ലാപ‌ത്തിനിറ‌ങ്ങി.ബെക്ക്ട്ടെല്‍ ഓഫീസ് തീയിട്ടു. ജ‌ന‌ങ്ങ‌ള്‍ ജ‌ല‌വിത‌ര‌ണം ഏറ്റെടുത്തു. ബെക്ക്ട്ടെല് പിന്തിരിഞ്ഞോടുക‌യും 2001ല്‍ ജ‌ല‌വിത‌ര‌ണം പ‌ഴ‌യ‌തുപോലെ ഗ‌വ‌ണ്മെന്‍റ് ഏറ്റെടുക്കുക‌യും ചെയ്തു.

ലോക‌ത്തില്‍ ഇനി ജ‌ല‌യുദ്ധ‌ങ്ങ‌ള്‍ വ‌രാനിരിക്കുന്നു.
ബൊളീവിയ‌ക‌ളും.