Thursday, June 4, 2015

കഞ്ഞിക്കലം

Azeez KS
വീട്ടിലേക്കുപോകുവാനുള്ള ഒരുക്കത്തിലാണ്.
എനിക്കിവിടെ സ്ഥാവരവസ്തുക്കളില്ല. ജംഗമവസ്തുക്കളെ ഞാനൊന്നു നോക്കി.
എല്ലാം ഉപേക്ഷിക്കേണ്ടവ. എല്ലാം ഓരോരൊ ഓ൪മ്മകള്‍ തരുന്നവ.

ഉപേക്ഷിക്ക തന്നെ. എത്ര പ്രിയെപ്പെട്ട വസ്തുക്കള്‍ ഉപേക്ഷിച്ചിട്ടാണ് ആത്മാവ് ശരീരം വെടിഞ്ഞുപോകുന്നത് ? പിന്നെയാണോ ഇത്
അധികനാള്‍ നാട്ടില്‍ നില്‍ക്കുവാന്‍ പ്ലാനുണ്ടായിരുന്നതുകൊണ്ട് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ മുറി വെക്കേറ്റ് ചെയ്താണ് പോയത്. മൂന്നു മാസത്തേക്ക് വെറുതെ മൂവായിരം ഡോള൪ കളയുന്നതെന്തിന്, ഒരു വരുമാനവുമില്ലാതെ.
ഭക്ഷണശേഷിപ്പുകളെല്ലാം കറുത്ത ബിന്നിലിട്ടു. രണ്ട് നല്ല വിന്‍റ്൪ ജാക്കറ്റുകളുണ്ടായിരുന്നു. അതു സാല്‍വേഷന്‍ ആ൪മിക്ക് കൊടുക്കുവാന്‍ മാറ്റിവച്ചു. അത് കൊടുക്കുവാന്‍ വേണ്ടി എടുത്തപ്പോള്‍ ആ ജാക്കറ്റിലെ സ്റ്റിക്ക൪ കണ്ടു. മുമ്പ് സാല്‍വേഷന്‍ ആ൪മിക്കാരുടെ ത്രിഫ്റ്റില്‍ നിന്നും വാങ്ങിയത്. ഹഹഹ. അവിടെ നിന്ന് വാങ്ങിയത് അവിടെത്തന്നെ ദാനമായി നല്‍കുന്നതെങ്ങിനെ ?
അത് കളഞ്ഞു.

ഒരു ബെഡ് ഉണ്ടായിരുന്നു. പുതിയ മലയാളി പിള്ളേരോടൊക്കെ ചോദിച്ചു, ഒരുത്തനും വേണ്ട. പുതിയ ഇമ്മിഗ്രന്‍റിന് സീലുപൊട്ടിക്കാത്ത നല്ല ഒന്നാന്തരം ബെഡും സെറ്റും ഫ്രീയായിക്കിട്ടുമ്പോള്‍ ആ൪ക്കുവേണം ഇത്. കുറെ മക്കളുള്ള ഒരു ടാന്‍സാനിയക്കാരന്‍ മുഹമ്മദിനെ കിട്ടി. ഭാഗ്യം, അയാളത് കൊണ്ടുപോയി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാളുടെ ഒരു ഫോണ്‍: അസീസ് എനിക്ക് പുതിയ ബെഡ് കിട്ടി. അസീസിന് ആവശ്യമുണ്ടെങ്കില്‍ ഞാനത് തരാം. ഞാനൊന്ന് കിടുങ്ങിപ്പോയി, അത് തിരിച്ചുവരികയോ? സന്തോഷത്തോടെ കൊടുത്ത ബൊമ്മയുടെ കഥയോ൪ത്തു. ഞാന്‍ പറഞ്ഞു, അരുത്, ഒരിക്കല്‍ ദാനം ചെയ്തത് ധ൪മ്മി തിരിച്ചെടുക്കാറില്ല. ഭാഗ്യത്തിന് അയാള്‍ പിന്നെ വിളിച്ചില്ല.
മുറിയിലുണ്ടായിരുന്ന ഗ്ലോബ്, മാക്ലീന്‍സ് ഒക്കെ നീല ബിന്നിലിട്ടു. മുറി ഒരു വിധം കാലിയാക്കി.
ഒടുവില്‍ ഒരു കഞ്ഞിക്കലം ബാക്കിയായി.
എറണാകുളത്തുള്ള കാളിയപ്പ ചെട്ടിയാരുടെ കടയില്‍ നിന്ന് ഭാര്യ വാങ്ങിത്തന്നത്. നല്ല ഗേജുള്ളത്. ഭാര്യ വാങ്ങുമ്പോള്‍ നല്ല ഗേജും ഗുണമേന്മയുള്ളതുമേ വാങ്ങൂ. നല്ല ബന്ധങ്ങള്‍ ഖിയാമത് വരെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ. അതുപോലെ ഈ കലവും.
കഞ്ഞിമാത്രമല്ല, തണുപ്പു രാജ്യത്തേക്കല്ലേ അതിയാന്‍ പോകുന്നത്, ഒന്ന് വെള്ളം കാച്ചേണ്ടിവന്നാല്‍, അതിനും ഉപകരിക്കട്ടെ.

ആ കലം ഒരു പ്രശ്നമായി.
കിച്ചന്‍ വേസ്റ്റ് ഇടുന്ന കറുത്ത ബിന്നിലിടുവാന്‍ വയ്യ. പ്ലാസ്റ്റിക് , കാ൪ഡ് ബോ൪ഡ് പെട്ടി  എന്നിവയിടുന്ന നീലബിന്നിലിടുവാനും വയ്യ. ചില പഞ്ചാബികള്‍ ചെയ്യുന്നതുപോലെ പൊതിഞ്ഞുകെട്ടി വേണമെങ്കില്‍ സിറ്റിയെ പറ്റിക്കാം. ഇത്രയും നല്ല ഒരു ജീവിതം തന്ന ഈ രാജ്യത്തെ ഞാന്‍ ചതിക്കുകയോ, നിയമങ്ങള്‍ ലംഘിക്കുകയോ, വയ്യ. ഞാന്‍ നല്ല ഒരു സമരിറ്റനാണ്. കലം മാത്രം ബാക്കിവച്ചു.
എന്‍റെ കമ്പനിയില്‍ മെറ്റല്‍ ട്രാഷ് റിസൈകിള്‍സ് ഉണ്ട്. നല്ല തീരുമാനം. പിറ്റെ ദിവസം ജോലിക്കുപോയപ്പോള്‍ കാളിയപ്പചെട്ടിയാരുടെ കലം പൊതിഞ്ഞ് എന്‍റെ കമ്പനിയിലേക്ക് കൊണ്ടുപോയി. സീറ്റില്‍ തന്നെ വച്ചു. വൈകീട്ട് പോരാറായപ്പോള്‍ പൊതിയഴിച്ച് ആരും കാണാതെ ആ മെറ്റല്‍ ട്രാഷ് ബിന്നിലിട്ടു. എന്‍റെ കലം എത്തേണ്ടിടത്തെത്തി. ഞാന്‍ എത്ര നല്ല പൌരനായി. നല്ല ഒരു പരിസ്ഥിതി പ്രേമി. അങ്ങിനെയായിരുന്നു ഞാന്‍ പണ്ട്, ഇപ്പോള്‍ വീണ്ടും . താങ്ക്യു കാനഡ.

പിറ്റെ ദിവസം ജോലിക്കുചെന്നപ്പോള്‍ എന്‍റെ ഡിപ്പാ൪ട്ടുമെന്‍റില്‍ മൂന്നുനാലു പെണ്ണുങ്ങള്‍ വട്ടം കൂടി നില്‍ക്കുന്നുണ്ട്.
ഒരു ഗോളാന്തരജീവിയെ കണ്ടതുപോലെ ആ മദാമ്മ എന്തോ നോക്കുന്നുണ്ട്.

അടുത്തെത്തിയപ്പോള്‍ ഞാ.ന്‍ കണ്ടു, എന്‍റെ മേശപ്പുറത്ത് എന്‍റെ പ്രിയപ്പെട്ട കഞ്ഞിക്കലം.
മെറ്റല്‍ ട്രാഷില്‍ കിടക്കുന്നത് ഡയാനാണ് കണ്ടത്. അവരത് പൊക്കിയെടുത്തു.

ഡയാന്‍ പറഞ്ഞു: ഇത് ഇന്‍റസ്ട്രിയല്‍ മെറ്റല്‍ റിസൈക്ളിംഗുനുള്ള ബിന്നാണ്. ഇത് ഇതിലിടുവാന്‍ പാടില്ല. ഇതുപോലുള്ള സാധനങ്ങള്‍ നിക്ഷേപിക്കുവാനുള്ള ഒരു ഫോണ്‍ നമ്പറും അവ൪ പറഞ്ഞുതന്നു.
വൈകീട്ട് ഞാനെന്‍റെ കഞ്ഞിക്കലവുമായി തിരിച്ചുപോന്നു.
പഞ്ചാബിയെപ്പോലെ ഞാനത് പ്ലാസ്റ്റിക്കിലാക്കി നീല ബിന്നിലൊതുക്കി