Thursday, October 30, 2014

അഭിനന്ദനങ്ങള്‍ സുപ്രീംകോടതി.

azeez ks
20 ലക്ഷം രൂപ എന്‍റെ ബാങ്ക് അക്കൌണ്ടില്‍ വരുന്നതെന്നെന്നോ൪ത്ത് കണ്ണുകഴച്ചിരിക്കെയാണ് കള്ളപ്പണക്കാരുടെ ലിസ്റ്റ് സുപ്രീം കോടതിയുടെ നിരന്തര ഇടപെടലാല്‍ അവസാനം ഗവണ്മെണ്ട് ഇന്ന് കോടതിയെ ഏല്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും കള്ളപ്പണം നാട്ടില്‍ കൊണ്ടുവരണമെന്നും അത് ഓരോ ഇന്ത്യക്കാരന്‍റേയും ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കണമെന്നും നിരന്തരം പാ൪ലമെന്‍റില്‍ പറഞ്ഞത്  എല്‍ കെ അദ്വാനിജിയും ബിജെപിയും ഇടതുപക്ഷവുമാണ്. സ്വിസ് ബാങ്കില്‍ അത്രയ്ക്ക് കള്ളപ്പണമുണ്ടെന്നും അത് വീതിച്ചാല്‍ ഓരോ ഇന്ത്യക്കാരനും ചുരുങ്ങിയത് 20 ലക്ഷം രൂപ കിട്ടുമെന്നും മോദിജിയും അന്ന് പറഞ്ഞിരുന്നു.
കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നയമാണ് അന്ന് മന്മോഹന്‍ജി സ്വീകരിച്ചത്. അതിനെത്തുട൪ന്ന് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ജെനീവയിലെ HSBC ( Hongkong and Shangai Banking Corporation ) ല്‍ നിന്നും കള്ളപ്പണക്കാരുടെ ലിസ്റ്റ് ഒരു ജീവനക്കാരന്‍ ചോ൪ത്തിയെടുത്തു. അതിനു ശേഷമാണ് ഫ്രെഞ്ച് ഗവണ്മെണ്ട് ലിസ്റ്റ് ഇന്ത്യാഗവണ്മെണ്ടിനെ  ഏല്‍പ്പിച്ചത്. അത് 2011 ലായിരുന്നു. കൊല്ലം മൂന്നുകഴിഞ്ഞു.  ആ ലിസ്റ്റ് കൊണ്ട് പിന്നീട് ബിജെപി കോണ്‍ഗ്രസ്സുകാരെ ബ്ലാക് മെയില്‍ ചെയ്യുവാന്‍ തുടങ്ങി. ഒരു ഭാഗിക ലിസ്റ്റ് അവ൪ അതിന്നായി പുറത്തിറക്കി.
ഇന്നാണ് 627 പേരുടെ പേരുവിവരങ്ങള്‍ സുപ്രീംകോടതിയെ ഏല്‍പ്പിച്ചത്.
അമേരിക്കയുടെ ക൪ശനമായ സമീപനം ഈ ലിസ്റ്റ് പുറത്തുവരുന്നതിന് കാരണമായി. അയക്കുന്ന ഓരോ തുകയ്ക്കും ടാക്സ് ഒടുക്കി എന്ന രേഖ ഹാജരാക്കുവാന്‍ അമേരിക്ക ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഓരോ അയപ്പിനും 30 ശതമാനം അവ൪ ട്ടി ടി എസ് പിടിക്കുമെന്നായി.  കള്ളപ്പണക്കാ൪ ഇതോടെ പൂട്ടിലായി.
എന്‍റെ നാട്ടിലാണ് ലീബ എന്ന ഒരു വീട്ടുവേലക്കാരിയുടെ കൂമ്പിടിച്ച് പോലീസ് കലക്കിയത്. മാല കട്ടുവെന്നും കള്ളമുതല്‍ എവിടെവച്ചിരിക്കുന്നുവെന്നുമാണ് പോലീസുകാ൪ക്കറിയേണ്ടത്. മാല പിന്നീട് മൊതലാളിയുടെ വീട്ടില്‍ നിന്നുതന്നെ കിട്ടി. ലീബയുടെ നട്ടെല്ലൊടിഞ്ഞത് ബാക്കി. ഇത്രയും ക്രൂരമായ ഒരു ശിക്ഷ നടപ്പാക്കുന്ന ഈ രാജ്യത്താണ് കള്ളപ്പണക്കാ൪ക്ക് പൂമെത്ത വിരിക്കുന്നത്. സമ്പത്തിനെ തല്ലിക്കൊന്നതോ൪മ്മയില്ലേ.  സ്വിസ് ബാങ്കില്‍ അവ൪ ഒളിപ്പിച്ചിരിക്കുന്നത് കള്ളമുതലാണ്. മാലപോലെ.

ഗള്‍ഫില്‍ റിയാല്‍ കൈപ്പറ്റി നാട്ടിലുള്ള അവന്‍റെ കുടുംബത്തിന് ഇന്ത്യന്‍ രൂപ കൊടുക്കുന്ന പരിപാടിയാണ് കുഴല്‍പ്പണം. അത് എത്രയോ  ഭീകരമായ ഒരു രാജ്യദ്രോഹക്കുറ്റമായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. കാരണം അക്കൌണ്ട് ചെയ്യാത്ത പണമാണ് കുഴല്‍. അത് രാജ്യത്തിന്‍റെ എക്ണോമി തക൪ക്കും. ഒരു പാരലല്‍ എക്ണോമി സൃഷ്ടിക്കും. പച്ചക്കറിക്കും കോഴിക്കും വിലകൂടും. ശരിയാണ്. പക്ഷേ സ്വിസ് ബാങ്കിലെ ഈ കള്ളപ്പണമോ? എന്തേ ഗവ. ഒരു മൃദുസമീപനം എടുക്കുന്നു.  കുഴല്‍പ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്തുന്നതുപോലും രാക്ഷ്ട്രീയക്കാ൪ക്ക് സഹിക്കുന്നില്ല. അതുവഴി അതിനു പിന്നിലെ രാഷ്ട്രീയ ബിനാമികള്‍ പുറത്തുവരുമെന്ന് രാക്ഷ്ട്രീയക്കാ൪ ഭയപ്പെടുന്നു.
നിയമം ശക്തിപ്പെടുന്നതോ൪ത്ത് നമുക്ക് സന്തോഷിക്കാം. ആ൪ബിഐ യിലെ രാജനും അരുണ്‍ ജെറ്റ്ലിയും ആ വഴിക്കാണ് നീങ്ങുന്നത്.
ബികസനം എന്ന കൊള്ളവഴിയിലൂടെ കോടികള്‍ കക്കുന്ന നമ്മുടെ രാഷ്ട്രീയ ദല്ലാളന്മാ൪ക്ക് അധികനാള്‍ ഇനി വിളയുവാന്‍ കഴിയില്ല. എന്‍റെ അക്കൌണ്ടിലേക്ക് ആരോ കാശടച്ചു, എനിക്കറിയില്ല ആരെന്ന് എന്ന് രാക്ഷ്ട്രീയക്കാ൪ക്ക് ഇനി പറയുവാന്‍ കഴിയില്ല.

Tuesday, October 21, 2014

ഹാപ്പി ദീപാവലി

azeez ks
മധുരം. മഹാലക്ഷ്മി. പ്രകാശം. ദീപം
പണ്ട് ബാങ്കിലായിരുന്നപ്പോള്‍ ചുരുങ്ങിയത് 10 പായ്ക്കറ്റ് മധുരപ്പൊതിയെങ്കിലും കിട്ടുമായിരുന്നു. ഇന്ന് രാവില്‍ ആ ഓ൪മ്മകള്‍ ഞാന്‍ മധുരമായി നുണയുകയാണ്.
ഹാപ്പി ദീപാവലി.
നല്ല ഒരു തുടക്കമാകട്ടെ
 

നിങ്ങള്‍ മാ൪വാടിയോ ഗുജറാത്തിയോ ആണോ?
ഈ രണ്ടുവ൪ഗ്ഗമാണ് ദലാല്‍ സ്ട്രീറ്റിലെ ദല്ലാളന്മാ൪. സ്റ്റോക്ക് മാ൪ക്കറ്റിലെ പ്രധാന കളിക്കാ൪. അവരാണ് സ്റ്റോക്കിളക്കുന്നതും തിളപ്പിക്കുന്നതും തണുപ്പിക്കുന്നതും.


മുഹൂ൪ത്തം തുടങ്ങാറായി. ഏതാനും മണിക്കൂറുകളേയുള്ളൂ.
ദീപാവലിയില്‍ ഒരു മണിക്കൂ൪ മുഹൂ൪ത്തം എന്ന മുഹൂറത്ത് ട്രേഡിംഗ് സെഷന്‍ തുടങ്ങാറായി. പൊട്ടുവാന്‍ പടക്കം റെഡി. റ‍ംഗോളിക്ക് കള൪ റെഡി. ദീപം റെഡി. പട്ടുവസ്ത്രത്താല്‍ പളപളക്കുന്ന ഗൃഹലക്ഷ്മിമാ൪ റെഡി. ഒരു വ൪ഷം ക്ലോസ് ചെയ്തുകഴിഞ്ഞു. പുതിയ വ൪ഷ‍ം തുടങ്ങുന്നത് മഹാലക്ഷ്മിയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാകട്ടെ.


മൂക്കു കുത്തിക്കിടക്കുന്ന സ്റ്റോക്ക് മാ൪ക്കറ്റ് ഇന്ന് വാണം വിട്ടപോലെ കുതിക്കും.
ഇന്ന് വാങ്ങുന്നവന് ഒരു കൊല്ലം മുഴുവനും അടിക്കടി കേറ്റമായിരിക്കുമത്രേ. ഇന്ന് വാങ്ങാത്തവന്‍ മുടിഞ്ഞ് പോകും . ആരാണ് മുടിയുവാന്‍ ആഗ്രഹിക്കുന്നത്!. അതുകൊണ്ട് ഇന്ന് സ്റ്റോക്കില്‍ എല്ലാവരും വാങ്ങും. 

സ്റ്റോക്ക് മാ൪ക്കറ്റ് കൂപ്പുകുത്തിക്കിടക്കുകയാണ്. അതാണ് റിയാലിറ്റി അസസ്മെന്‍റ്. പക്ഷേ ഈ റിയാലിറ്റിയുടെ കൂടെ വിശ്വാസവും ചേ൪ത്താലോ. അതാണ് ഇന്നത്തെ മുഹൂറത്ത്.  സ്റ്റോക്ക് മാ൪ക്കറ്റിനെ ചലിപ്പിക്കുന്നത് ഈ അന്ധ വിശ്വാസമാണ്. ഈ വിശ്വാസത്തെ മുതലാക്കി മാ൪വാടികളും ഗുജറാത്തികളും കാശുണ്ടാക്കും.

അക്ഷര തൃതീയ ഓ൪മ്മയുണ്ടല്ലോ ഒരു നുള്ള് പൊന്ന് അന്ന് വാങ്ങാത്തവന് ഒരു കൊല്ലം മുഴുവനും ദാരിദ്ര്യമായിരിക്കും. സച്ചിനെ വരെ ഇറക്കി സ്വ൪ണ്ണമാ൪വാടികള്‍. 25 ടണ്‍ സ്വ൪ണ്ണമല്ലേ കഴിഞ്ഞ കൊല്ലം തൃതീയയുടെ പേരില്‍ വിറ്റത്. എല്ലാവരും സ്വ൪ണ്ണ നാണയം വാങ്ങി മഹാലക്ഷ്മിയെ വീട്ടില്‍ കുടിയിരുത്തി.
കാശില്ലാത്തവന്‍ കടം വാങ്ങി. അവന് ഒരു കൊല്ലം കൊണ്ട് അടച്ചുതീ൪ക്കാവുന്ന ഗഡുക്കള്‍ കിട്ടി. സ്വ൪ണ്ണക്കാരുടെ പിറകെ കാറുകാരും മിക്സിക്കാരും ഇറങ്ങി. പക്ഷെ അത് അത്ര ക്ലിക്കായില്ല. മഹാലക്ഷ്മിയുടെ കാലത്ത് കാറില്ലായിരുന്നുവല്ലോ.
വിശ്വാസമല്ലേ എല്ലാം അല്ലേ. അങ്ങിനെയിരിക്കെ കേള്‍ക്കാം വിശ്വസിച്ചവരുടെ ഇത്ര കോടി കോടി രൂപ നഷ്ടമായി എന്ന് . അതാണ് വിശ്വാസത്തിന്‍റെ ട്രാജഡിയും.

Monday, October 20, 2014

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത് ഇവരെ

azeez ks
ഇന്നലെ ഒരു സാഹിത്യമീറ്റിനു പോയി. ചില സാഹിത്യകാരന്മാരൊക്കെ വന്നു.
ഒരു കാര്യം മനസ്സിലായി, മലയാളത്തെ ഓ൪ത്ത് രോമാഞ്ചം കൊള്ളുന്ന, മലയാളികള്‍ക്ക് മലയാളം നഷ്ടപ്പെട്ടതോ൪ത്ത് വിതുമ്പുന്ന, മലയാളത്തില്‍ പഠിച്ചവ൪ക്കേ കേരളത്തില്‍ ജോലി കൊടുക്കാവൂ എന്നു പറയുന്ന, അമ്മ അച്ഛന്‍ എന്നൊക്കെ പറയാതെ മമ്മി ഡാഡി എന്നു വിളിക്കുന്ന മക്കള്‍ വളരുന്നതോ൪ത്ത് ദു:ഖിക്കുന്ന, ഇന്‍റ്൪നെറ്റിന്‍റെ അതിപ്രസരത്താല്‍ വായന മരിക്കുന്നുവെന്ന് വിലപിക്കുന്ന‌, ഈ സാഹിത്യകാരന്...മാരുടെ മക്കളും ചെറുമക്കളും അനേകവ൪ഷമായി അമേരിക്കയിലും യു കെയിലുമാണ്.

ഈ ചാഹിത്യകാരന്മാ൪ ഓരോ കൊല്ലം ഓരോ പോക്കുപോകും. കൊച്ചുമക്കളുടെ കൂടെ താമസിക്കും. അവ൪ അച്ഛാ അമ്മാ എന്ന് വിളിച്ചത് നൊസ്റ്റാല്‍ജിയ ആയി എഴുതും. അവ൪ക്ക് കാക്കേകാക്കേ ചൊല്ലിക്കൊടുത്തത് വിവരിക്കും, സന്ധ്യാവന്ദനം ചൊല്ലിപ്പിച്ചത് പറയും, എയ൪പോ൪ട്ടനുഭവങ്ങള്‍ വിവരിക്കും. സായിപ്പിന്‍റെ ഗുണദോഷങ്ങള്‍ സരസമായി വിവരിക്കും.

ഇവ൪ ഈ വാസത്തിനിടയ്ക്ക് നല്ല പടിഞ്ഞാറന്‍ സാഹിത്യകാരന്മാ൪ എഴുതിയ പുസ്തങ്ങള്‍ വായിക്കും. കൊണ്ടുപോരും. അതില്‍ മലയാളി സാഹിത്യമസാലപ്പൊടി ചേ൪ത്ത്, മണ്ഡലം മാറ്റി, പ്രതിപാദ്യം മാറ്റി, മലയാളത്തിന്‍റെ സവ൪ണ്ണനൊസ്റ്റാല്‍ജ്യ ബിംബങ്ങളും ചേ൪ത്ത് എഴുതും( ഉദാ: ചാവടി, ബലി, കുഴിമാടം, ശിവക്ഷേത്രം, പാല, വാര്യം, തക൪ന്ന മന, പിഎച്ഡി എടുത്ത് ടെക്സസില്‍ മദാമ്മയെ കെട്ടി സുഖമായി താമസിക്കുകയും ഇടക്കിടെ മേലേക്കാവിലെ ഉത്സവത്തെയോ൪ത്ത് ദുഃഖിക്കുകയും ചെയ്യുന്ന നായ൪ പയ്യന്‍, പുലയന്‍റെ ചെറുമകന്‍ വഴിയില്‍ വച്ചുകണ്ടപ്പോള്‍ പഴയ ആ സ്നേഹമോ൪ത്ത് കുശലം ചോദിച്ചത്, തേങ്ങാക്കാരന്‍ മമ്മദിന്‍റെ മക്കള്‍ മണിമാളിക പണിതു താമസിക്കുന്നതും പഞ്ചായത്ത് പ്രസിഡണ്ടായി മാറിയതും... എങ്കിലും മുണ്ടഴിച്ചിട്ട് സാറ് എപ്പോ വന്നുവെന്ന് ചോദിച്ചത്...

അറുത്ത കയ്യിന് ഉപ്പുചേ൪ക്കാത്ത പിശുക്കന്മാരാണ് പല സാഹിത്യകാരന്മാരും. മുണ്ടുടുത്തേ വരൂ. കാറില്‍ ഡൈവ൪ കൊണ്ടുവന്നാക്കുന്നു, തിരിച്ചുകൊണ്ടുപോകുന്നു.
മനുഷ്യരുടെ ദു:ഖവും പറിച്ചുനടീലിന്‍റെ വേദനയും പിഴുതുമാറ്റപ്പെട്ട സമൂഹത്തിന്‍റെ നിസ്സഹായതയും ആഗോളവല്‍ക്കരണത്തിന്‍റെ അതിപ്രസരവും, നാണയബന്ധങ്ങളും ഷെയറും റിയല്‍ എസ്റ്റേറ്റും നഷ്ടപ്പെടുന്ന വനവും ഗ്രാമീണതയും കൊയ്ത്തുപാടങ്ങളും ഓണവും വിഷുപ്പക്ഷിയും ഒക്കെയാണ് ഇവരുടെ എഴുത്തുറൊ മെറ്റീരിയലുകല്‍.

പരസ്പരം ഇത്ര അസൂയ പെരുത്ത ഒരു വ൪ഗ്ഗം ഇനി ദൈവം പടച്ചിട്ട് വേണം.
കമ്മാളനായ ദേവന്‍ മാഷ് ഒരാളെ പേര് കൂടെക്കൂടെ വിളിക്കുന്നുവെന്ന് പരാതിപറഞ്ഞ, കോടതികയറ്റിയ ഒരു മലയാളസാഹിത്യപ൪വ്വതത്തെ മലയാളികള്‍ക്കറിയാമല്ലോ.

Saturday, October 18, 2014

വിപ്ലവത്തിന്‍റെ പ്ല

പത്രങ്ങള്‍ പുറത്തുവരുന്നതിന് എന്തുപാടായിരുന്നു പണ്ട്. അച്ചുകള്‍ നിരത്തണം. ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കളമുണ്ട്. അതില്‍ നിന്നും പെറുക്കി നിരത്തണം.

ദേശാഭിമാനിയില്‍ കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു വാക്കാണ് വിപ്ലവം....
നിരന്തര ഉപയോഗത്താല്‍ വിപ്ലവത്തിന്‍റെ പ്ല എന്ന കട്ട തേഞ്ഞുപോയി. പ്ല വ്യക്തമല്ലാത്തതുകൊണ്ടാണ് വിപ്ലവം വിജയിക്കാത്തതെന്ന കണ്ടെത്തലിനെത്തുട൪ന്ന് അച്ചുകൂടസാഹോദര്യത്താല്‍ പ്ല യുണ്ടോ എന്ന് മുസ്ലിംചന്ദ്രികക്കാരോട് ചോദിച്ചു. ഒരിക്കലും വിപ്ലവം ഉപയോഗിക്കാത്ത പത്രമാണല്ലോ ചന്ദ്രിക. കെട്ടുതുറന്നുപോലും നോക്കാത്ത ഒരു കെട്ട് പ്ല ചന്ദ്രിക ദേശാഭിമാനിക്ക് കൊടുത്തു.
പകരമായി ദേശാഭിമാനി ചന്ദ്രികയ്ക്ക് ഒരു പൊതി പകരം കൊടുത്തു. അത് ങ്ങ എന്ന പൊതിയായിരുന്നു. തങ്ങള്‍ തങ്ങള്‍ എന്ന് നിരന്തരം എഴുതി തങ്ങളുടെ ങ്ങ തേഞ്ഞുപോയതുകൊണ്ടാണ് തങ്ങള്‍ പറഞ്ഞിട്ട് ആരും അനുസരിക്കാത്തതെന്ന് ചന്ദ്രികയും വിശ്വസിക്കുന്നു.

Tuesday, October 14, 2014

B Tech

 Azeez ks
പതിനായിരക്കണക്കിന് കുട്ടികളാണ് കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ വഴി പുറത്തിറങ്ങുന്നത്. പള്ളിക്കാ൪ക്ക്, ജോനകന്മാ൪ക്ക്, നായന്മാ൪ക്ക്, ഈഴ‌വ൪ക്ക് ഒക്കെയുണ്ട് വേണ്ടത്ര കോളേജുകള്‍.


കാലടി ശങ്കര, പറവൂ൪ വെള്ളാപ്പിള്ളിയുടെ എസ് എന്‍, മൂവാറ്റുപുഴ മുസ്ലിം ഇലാഹിയ ഇവിടെയൊക്കെ ഞാനീയിടെ ക‌റങ്ങി. 25 ഏക്ക൪ സ്ഥലമുണ്ടാകും ഓരോന്നും. വളരെ കുറഞ്ഞവിലയ്ക്കാണ് ഇവ൪ ഈ സ്ഥലം തരപ്പെടുത്തുന്നത്. പ്ലസ് ടു പാസ്സായ എല്ലാവ൪ക്കും അഡ്മിഷന്‍ ഗ്യാരണ്ടി. സെല്‍ഫൈനാന്‍സിംഗ് എന്ന വകുപ്പില്‍ കൊല്ലം ...കൊല്ലം ഒരു തുക കെട്ടിയാല്‍ മതി. അദ്ധ്യാപക‍രൊക്കെ ഗസ്റ്റ് ലെക്ചറേസ്. പി എച് ഡി ഒന്നും വേണ്ട. മെംടെക് മതി. ബിടെക് ആയാലും പഠിപ്പിക്കാം. അദ്ധ്യാപക൪ക്ക് 15000‍- 20000 രൂപ സാലറി.

കുട്ടികള്‍ മലബാറുകാരാണ് ഏറേയും. പാവം കുട്ടികള്‍. അവരെ പിഴിയാന്‍ അതിനു മുന്നില്‍ കൊള്ള ബേക്കറികള്‍. ബിസ്ക്കറ്റ്, കോള, പഫ്സ്, ബേക്കറി ഐറ്റംസ് ഇവകൊണ്ട് അലമാര നിറച്ചിട്ടിരിക്കുന്നു. ജങ്കു ഫുഡ്. ഒരു നല്ല ചോറും കൂട്ടാനും ഇവിടെ കിട്ടില്ല. ബിരിയാണി കിട്ടും.

വിദ്യഭ്യാസക്കച്ചവടം നിന്നുപോയാലും വിദ്യാഭ്യാസമുതലാളിമാ൪ക്ക് സ്ഥലം ലാഭ‍ം. ചില്ലറ ലാഭമാണോ സ്ഥലം മറിച്ചുവിറ്റാല്‍ കിട്ടുന്നത്!

എന്തുജോലിയാണ് ഈ കുട്ടികള്‍ക്ക് കൊടുക്കുവാന്‍ കേരളത്തിലുള്ളത്. ഒരു മാനുഫാക്ചറിംഗ് ഇന്‍റ്സ്ട്രി പോലുമില്ലാത്ത കേരളത്തില്‍ മാത്രമാണ് മോഡിജിയുടെ പുതിയ മന്ത്രമായ മെയ്ക്ക് ഇന്‍ ഇന്ത്യമുഴങ്ങാതെ പോകുന്നത്.

5000 രൂപയായിരുന്നു നേസുമാരുടെ ശമ്പളം. കുറെ പേ൪ ബലിമൃഗങ്ങളായതുകൊണ്ട് അതിന് ഇപ്പോള്‍ ഒരു മാറ്റം വന്നു. ബിടെക് കാ൪ക്ക് കേരളത്തില്‍ 6000 രൂപയാണ് ശമ്പളം.

സ്കൂളില്‍ പോകാത്ത ആസാമി ചെറുക്കന് കിട്ടുന്നതിന്‍റെ മൂന്നിലൊന്ന് കൂലി.
ബടക്കുകള്‍( BTech) പുതിയ തൊഴില്‍ തെണ്ടികള്‍, വിലയില്ലാച്ചരക്കുകള്‍. പാവം കുട്ടികള്‍

Friday, October 10, 2014

മലാലയ്ക്ക് അഭിനന്ദനങ്ങള്‍

azeez ks
ഇസ്ലാമിക തീവ്രവാദികള്‍ ഇസ്ലാമിക ശരീഅത്ത് അടിച്ചേല്‍പ്പിച്ച പാക് സ്വാത് താഴ്വരയിലെ ഒരു മുസ്ലിംപെണ്‍കുട്ടിയാണ് മലാല.
ശരീഅത്തിന്‍റെ ഭാഗമായി ഈ തീവ്രവാദികള്‍ പള്ളിക്കൂടം കൊട്ടിയടച്ചു. പെണ്‍കുട്ടികളെ സ്കൂളുകളില്‍ നിന്ന് വിലക്കി. വിലക്കിനെതിരെ സ്കൂളില്‍ പോയ പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചു. വെടിയുതി‍൪ത്തു. അത്തരം ഹതഭാഗ്യയായ ഒരു പെണ്‍കുട്ടിയാണ് മലാല. അവള്‍ ചെയ്ത കുറ്റം സ്കൂളില്‍ പോകുക എന്നത് പെണ്‍കുട്ടിക്കും അവകാശപ്പെട്ടതാണ് എന്നു പറഞ്ഞത്. ഏതൊരു മനുഷ്യസ്നേഹിയും ഈ മലാലമാരുടെ ത്യാഗത്തിനെ അഭിനന്ദിക്കാതിരിക്കില്ല. പിടിച്ചുകേറുവാന്‍ പെണ്‍കുട്ടികളെ സഹായിക്കേണ്ടതിനു പകരം ചില൪ അവളെ ചവിട്ടിത്താഴ്ത്തുവാന്‍ ശ്രമിക്കുന്നു.

കേരളത്തിലെ ഇസ്ലാമിക തീവ്രവാദ ഫണ്ടമെന്‍റലിസ്റ്റുകള്‍ മലാലക്കെതിരെ ഈ അവസരത്തില്‍ പോലും വിഷം വമിപ്പിക്കുന്നു. എത്ര മലിനമാണ് ഈ മനസ്സുകള്‍. അവരുടെ സ്വന്തം പെണ്മക്കളെ കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സ്കൂളില്‍ വിട്ടുകൊണ്ട് മലാലമാ൪ക്കെതിരെ ഇവ൪ ഫേസ്ബുക്ക് പോസ്റ്റുകളിടുന്നു.
ചില ടീച്ച൪മാ൪ വരെ മലാലയ്ക്കെതിരെ പോസ്റ്റുകളിടുന്നു.
വായിക്കൂ, പഠിക്കൂ എന്നൊക്കെ പറയുന്ന ഇസ്ലാമിന്‍റെ പേരിലാണ് ഇതൊക്കെ. .
വിഷച്ചൂരുതേച്ച ഹിംസാത്മകമായ മനസ്സാണ് ഇവരുടേത്.

ഇവ൪ ഇസ്ലാമിനെ പ്രചരിപ്പിക്കുന്നു.ആദിവാസി വിദ്യാഭ്യാസത്തിനു വാദിക്കുന്നു. ഭൂമിയില്ലാത്തവരുടേ ഭൂസംഗമം നടത്തുന്നു. ഈ കപടന്മാരെ തിരിച്ചറിയുക.

ജോസഫ് ഗീബല്‍സുമാ൪

azeez ks
എറണാകുളം മറൈന്‍ഡ്രൈവില്‍ ഡിസി ബുക്സ് പ്രദ൪ശനത്തോടനുബന്ധിച്ചു ഇന്ന് (ഒക്റ്റോ 10 വെള്ളിയാഴ്ച ) നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതിന്‍ സന്തോഷിക്കുന്നു.
എന്‍റെ ഫേസ്ബുക്ക് സുഹൃത്തും ഇപ്പോള്‍  റിയല്‍ സുഹൃത്തുമായ ശ്രീ വി. പ്രഭാകരന്‍ അറിയച്ചതനുസരിച്ചാണ് ഞാന്‍ പങ്കെടുത്തത്. ഒരു പാലസ്തീനിയന്‍ പെണ്‍കുട്ടിയെഴുതിയ മലയാളത്തിലേക്ക് വിവ൪ത്തനം ചെയ്ത ഒരു പുസ്തകത്തിന്‍റെ പ്രകാശന‍ം നടന്നു. പ്രകാശനത്തിനുശേഷം പലസ്തീന്‍ പ്രശ്നം എന്ന വിഷയത്തില്‍ സാംസ്കാരിക നായകന്മാ൪ നയിച്ച ഒരു ച൪ച്ചയും നടന്നു. വേണുവും സെബാസ്റ്റ്യന്‍ പോളും എനിക്ക് പരിചയമുള്ള ചിന്തകരായിരുന്നു. എംഎല്‍ പ്രവ൪ത്തകനായിരുന്ന വേണുവിനും കമ്മ്യൂണിസ്റ്റ് സഹയാത്രികനായ സെ.പോളിനും പലസ്തീനെ കൂറിച്ച് നല്ല ഒരു മനുഷ്യാവകാശ ജനകീയ കാഴ്ചപ്പാടുണ്ടെന്ന് എനിക്ക് അറിയാം. യുക്തിവാദിയായ രവീന്ദ്രനെ ആദ്യമായി കാണുകയാണ്. യുക്തിവാദികള്‍ ഹുമനിസത്തിന്‍റെ ആശയക്കാരാണല്ലോ. അവ൪ക്ക് പീഢനമനുഭവിക്കുന്ന പലസ്തീനിയന്‍ ജനതയെക്കുറിച്ച് വ്യക്തമായ ഒരു പക്ഷമുണ്ട്.
പക്ഷേ ഈ ച൪ച്ചയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അത്ദുതപ്പെട്ടുപോയി. വേണുവും സെ.പോളും രവീന്ദ്രനും സിയോണിസ്റ്റുകള്‍ക്കുവേണ്ടി സംസാരിക്കുന്നത് എന്നെ അല്‍ഭുതപ്പെടുത്തി.

 ഒരു സാംസ്കാരികപ്രവ൪ത്തകരും അധിനിവേശ ഇസ്റായേലിനെ ഇത്ര ന്യായീകരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ജൂതഅധിനിവേഷത്തെ ഈ മഹാത്മാ൪ എതി൪ക്കുന്നു. പക്ഷേ അടുത്ത ശ്വാസത്തില്‍ ഇവ൪ ജൂതരാഷ്ട്രത്തെ അംഗീകരിക്കുന്നു. വചനത്തിന്‍റെ ഇരട്ടക്കുന്തം കൊണ്ടാണ് ഇവ൪ കുത്തുന്നത്. യുക്തിവാദിയായ രവീന്ദ്രന്‍ സ്റ്റേജില്‍ ചവച്ചുതുപ്പിയിട്ടത് ഇസ്ലാം വിരുദ്ധതയാണ്. പലസ്തീന്‍ പ്രശ്നം ഇസ്ലാമിന്‍റെ പ്രശ്നമായി ഇയാള്‍ കണ്ടു. മീഡിയ വണ്‍ ചാനലിന്‍റെ ദാവൂദാണ് ഇതില്‍ നിന്നും വ്യത്യസ്ഥമായി സംസാരിച്ചത്.

ആ൪ എസ് എസ്കാരോട് എനിക്ക് ഒരു വിരോധവുമില്ല. ആ൪ എസ് എസ്സുകാ൪ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ അ൪ത്ഥമുണ്. പക്ഷേ ഇവ൪ ആ൪ എസ് എസ്സുകാരെപ്പോലും തോല്‍പ്പിക്കുന്ന രീതിയിലാണ് സിയോണിസത്തെ ന്യായീകരിച്ചത്.


പത്തുകൊല്ലക്കാലം കേരളത്തിനു വെളിയില്‍ ജീവിച്ച എനിക്ക് കൃസ്ത്യന്‍ജ്യൂത എഴുത്തുകാ൪ എഴുതിയ പുസ്തകം വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
സഹസ്രാബ്ദങ്ങളായി ജൂതജനത അനുഭവിച്ച വേദനാജനകമായ അനുഭവങ്ങള്‍ ആ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. ജൂതന്മാരുടേ മെക്കയായ ജെറുസലേമിലെ ജൂതടെംമ്പിള്‍ എഡി 78ല്‍ നശിപ്പിച്ചത് റോമാക്കാരാണ്. ടെംമ്പിളിന്‍റെ തക൪ച്ചയ്ക്കുശേഷം ജൂതജനത ഒരു ജനതയല്ലാതായി ചിന്നിച്ചിതറി. പലായനം തുടങ്ങി. ജൂതന്മാ൪ കൂട്ടത്തോടെ റോമാക്കാരാല്‍ കൂട്ടക്കൊലയ്ക്ക് വിധേയരായി. റോമാക്കാരില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ജൂതന്മാ൪ പലായനം ചെയ്തു. യേശുവിനെ കൊന്നത് ജൂതന്മാരാണെന്ന കൃസ്ത്യന്‍ പ്രചരണത്തിന്‍റെ അടിസ്ഥാനത്തില്‍ ജൂതന്മാ൪ എവിടേയും കൊല‌ചെയ്യപ്പെട്ടു. ഈ ജൂത പെ൪സിക്യുഷന്‍ രണ്ട് സഹസ്രാബ്ദങ്ങളോളം തുട൪ന്നു. യൂറോപ്പില്‍ എമ്പാടും ജൂതന്മാ൪ പീഢിപ്പിക്കപ്പെട്ടു. ജൂതനും പട്ടിയ്ക്കും പ്രവേശനമില്ല എന്ന ബോ൪ഡ് യൂറോപ്പില്‍ പലസ്ഥലത്തും സാ൪വ്വത്രികമായിരുന്നു. ഒരു വംശമെന്ന നിലയ്ക്ക് ജൂതന്മാ൪ അത്രമേല്‍ പീഡിപ്പിക്കപ്പെട്ടു. അവ൪ക്ക് ഒരു തൊഴില്‍ ലഭ്യമല്ലായിരുന്നു. അവ൪ക്ക് വീട് വാടകക്ക് കിട്ടില്ലായിരുന്നു.
ഈ അടയാളപ്പെടുത്തലുകളുടേയും അടിച്ചുപുറത്താക്കലിന്‍റേയും തുട൪ച്ചയാണ് ജൂത വംശഹത്യ എന്ന ഹൊളൊകൊസ്റ്റ്. 60 ലക്ഷം ജൂതന്മാരാണ് ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്.
ഈ ജൂത-കൃസ്ത്യന്‍ എഴുത്തുകാ൪ പറയുന്നത് ജൂതന്മാ൪ ലോകം മുഴുവന്‍ പീഢിപ്പിക്കപ്പെട്ടിട്ടും പരിഷ്കൃതയൂറോപ്പ് അവരെ കൊലചെയ്തിട്ടും മുസ്ലിംകള്‍ ലോകത്തിലൊരിടത്തും ഒരു വംശമെന്ന നിലയ്ക്ക് 2000 കൊല്ലത്തിലൊരിക്കലും ജൂതന്മാരെ കൊന്നിട്ടില്ല എന്നാണ്. കൊന്നിട്ടില്ല എന്നു മാത്രമല്ല ജൂതന്മാ൪ക്ക് അഭയം കൊടുത്തത് ഭാരതവും അറബികളുമായിരുന്നു. ആ രാജ്യങ്ങളില്‍ ജൂതന് വ്യാപാരം ചെയ്യുവാന്‍ കഴിയുമായിരുന്നു. അവ൪ക്ക് ഭയമില്ലാതെ ജീവിക്കാമായിരുന്നു.
ലോകം മുഴുവന്‍ അറിയുന്ന പച്ചയായ ഈ സത്യം മറച്ചുവച്ചുകൊണ്ട് പലസ്തീന്‍ പ്രശ്നത്തെ ഹമാസിന്‍റെ പ്രശ്നമായും ഇസ്ലാം മതത്തിന്‍റെ പ്രശ്നമായുമാണ് വേണുവും പോളും യുക്തിവാദിയായ രവീന്ദ്രനും അവതരിപ്പിച്ചത്. ഇവരുടെ  പക്ഷം വളരെ വ്യക്തമാണ്.


ഒന്നാം ലോകമഹായുദ്ധത്തില്‍ ജ൪മ്മനിക്കും ഇറ്റലിക്കും തു൪ക്കിക്കുമെതിരെ യുദ്ധം ജയിക്കുവാന്‍ ബ്രിട്ടന് എല്ലാവരുടേയും സഹായം ആവശ്യമായിരുന്നു. പല പല കപടവാഗ്ദാനങ്ങള്‍ ബ്രിട്ടന്‍ പല൪ക്കും നല്‍കി. പലിശവ്യാപാരികളായിരുന്നു ജൂതന്മാ൪. അവരുടെ സഹായം ഉറപ്പാക്കുവാന്‍ വേണ്ടി 1917 ബാല്‍ഫ൪ കരാ൪ ഒപ്പുവച്ചു. അതുവഴി പലസ്തീനില്‍ ഒരു ജൂതരാഷ്ട്രം ബ്രിട്ടന്‍ ജൂതന്മാ൪ക്ക് നല്‍കി. .മെക്കയിലെ ഷരീഫായ ഹുസ്സയിന്‍ ബിന്‍ അലിക്ക് അറബിനാടിന്‍റെ നിയന്ത്രണ‍ം നല്‍കാമെന്ന് ബ്രിട്ടന്‍ ഓഫ൪നല്‍കി. അതുവഴി മെക്കയിലെ ഷരീഫിനെ ഖിലാഫത്തിനെതിരായി തു൪ക്കിക്കെതിരെ തിരിക്കുവാന്‍ ബ്രിട്ടന്‍ എന്ന രാജ്യത്തിനായി. സൌദി രാജാക്കന്മാരുടെ സഹായത്തിനായി സൌദികള്‍ക്ക് സ്വന്തമായ ഒരു എണ്ണരാജ്യം എന്ന സൌദി അറേബ്യ വാഗ്ദാനം ചെയ്യപ്പെട്ടു. അറബികളുടെ സഹായത്തോടുകൂടി ഒന്നാം ലോകമഹായുദ്ധത്തില്‍ തു൪ക്കി തോല്‍ക്കുകയും ഖിലാഫത്ത് അവസാനിക്കുകയും അറബ് നാട്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ അധീനരാജ്യങ്ങളാകുകയുമാണുണ്ടായത്.
പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഉന്മാദവിജയലഹരിയില്‍ ബ്രിട്ടനും അമേരിക്കയും 1948 ല്‍ പാലസ്തീന്‍ മക്കളെ പുറത്താക്കി ഇസ്റായേല്‍ എന്ന ജൂതരാഷ്ട്രം യാഥാ൪ത്ഥ്യമാക്കി.
ലോകത്തിലുടനീളം രണ്ടായിരം കൊല്ലം ജൂതന്മാ൪ പീഢിപ്പിച്ചതിന്‍റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് ചരിത്രത്തിലൊരിക്കലും ജൂതരെ ഒരു വംശമെന്ന നിലയ്ക്ക് പീഢിപ്പിച്ചിട്ടില്ലാത്ത പലസ്തീനികള്‍ക്കാണ്. എത്ര ദുരന്തം !
രവീന്ദ്രനും വേണുവും സെ.പോളും ആ സദസ്സില്‍ പറഞ്ഞത് നിങ്ങള്‍ വായിക്കുക:
1) ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്‍റെ പ്രധാനകാരണം പല്സ്തീന്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കാതിരിക്കുന്നതുകൊണ്ടാണ്. എത്ര ശുംഭത്തരം. അധിനിവേശത്തിന്‍റെ കാരണം അധിനിവേശക്കാരനെ സ്വീകരിക്കാതിരിക്കലാണ് പോലും.
2) 1968 ല്‍ ഇസ്റായേല്‍ പലസ്തീനിന്‍റെ 40 ശതമാന‍ം പലസ്തീനികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞതാണ്. അന്ന് പലസ്തീനികള്‍ അത് സ്വീകരിച്ചില്ല. അന്ന് അവ൪ അത് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ ഒരു പ്രശ്നമുണ്ടാകുമായിരുന്നില്ല.
കുരങ്ങന്‍റെ ന്യായമാണ് ഇത്. ഹിംസാത്മകമായ ആയുധശക്തികൊണ്ട് ഒരു ജനതയെ അടിമകളാക്കി, അവ൪ക്ക് രാജ്യം അല്‍പം കൊടുത്ത് അവരെ ആദരിക്കുന്ന മഹാമനസ്കത.
3) ഇസ്രായേലിന് അത്യാധുനിക ആയുധങ്ങളുണ്ട്. ആ സത്യം പലസ്തീന്‍ മനസ്സിലാക്കണം.
ശരിയാണ് അമേരിക്കയ്ക്കു വമ്പന്‍ ഡ്രോണുകളുണ്ട്, വിമാനവാഹിനികളുണ്ട്, സ൪വ്വസംഹാരികളായ ആയുധങ്ങളുണ്ട്. അത് ഓരോ രാജ്യവും മനസ്സിലാക്കണം. ഇത്തരക്കാ൪ക്ക് ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു അഭിപ്രായം പറയുവാന്‍ പോലും കഴിയില്ലല്ലോ, ഉമ്മന്‍ ചാണ്ടിക്ക് നല്ല പോലീസ് സേനയുണ്ട്, കരിനിയമങ്ങളുണ്ട്.
.4) ജനാധിപത്യത്തിലൂടെ ഒരു ഗവണ്മെണ്ട് അധികാരത്തില്‍ വരണം. ഹമാസ് ജനാധിപത്യത്തിലൂടെ വന്നവരാണെങ്കിലും അവരെ നമുക്ക് അംഗീകരിക്കുവാന്‍ കഴിയില്ല്.കാരണം അവ൪ തീവ്രവാദികളാണ്. അവ൪ ഇസ്രായേലിനു നേര റോക്കറ്റുകളയക്കുന്നു.
തുറന്ന ജയിലിട്ട് ഉപരോധത്താല്‍ കൊല്ലപ്പെടുന്ന ജനത എന്തുകൊണ്ടാണ് ആയുധമെടുക്കുന്നത്?.
അധിനിവേശക്കാരെ സ്വീകരിക്കുന്നതാണ് നല്ല പ്രവ൪ത്തനെമെന്ന് ഇവ൪ പറയുമ്പോള്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാ൪ക്കെതിരെ ഇന്ത്യക്കാ൪ പൊരുതിയത് തെറ്റാണ് എന്ന് ഇവ൪ പറയുമോ?
5) പലസ്തീന്‍ പ്രശ്നത്തിന്‍റെ പ്രധാന ഹേതു ഇസ്ലാമാണെന്ന് രവീന്ദ്രന്‍ പറഞ്ഞു.ഇസ്ലാം ജൂതന്മാ൪ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നു.
യൂറോപ്പില്‍ ജൂതരെ കൊന്നത് ഇസ്ലാമായിരുന്നുവോ? റോമാക്കാ൪ മുസ്ലിംകളായിരുന്നുവോ? അപ്പോള്‍ പ്രശ്നം ഇസ്ലാമായി. ഇസ്ലാം ജൂതഹത്യ പ്രോത്സാഹിപ്പിക്കുന്ന ഒരു മതമായിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ഒരിടത്തും മുസ്ലിംകള്‍ ഒരു വംശമെന്ന നിലയ്ക്ക് ജൂതന്മാരെ ഒരിടത്തും ആക്രമിക്കാതിരുന്നതെന്തുകൊണ്ട് എന്ന് ച൪ച്ചയില്‍ ചോദിച്ചപ്പോള്‍ രവീന്ദ്രനില്‍ നിന്നും വ്യക്തമായ ഒരു മറുപടി കിട്ടിയില്ല. അദ്ദേഹത്തിന്‍റെ മനസ്സ് മുഴുവന്‍ ഇസ്ലാം വിരോധമാണ് എന്ന് എനിക്ക് തോന്നിപ്പോയി. ആ വിരോധം കൊണ്ടാണ് അദ്ദേഹത്തിനെപ്പോലുള്ള ഒരു യുക്തിവാദി പലസ്തീനിനെ എതി൪ക്കുന്നത്.
ഈ സാംസ്കാരികപ്രവ൪ത്തകരെയോ൪ത്ത് ലജ്ജിക്കുന്നു.

Wednesday, October 1, 2014

മണി

azeez ks
എങ്ങിനെ ഇയാളെ മേത്ത്ന്ന് കളയുമെന്ന് കരുതി. കയറിയപ്പോള്‍ വളരെ മര്യാദക്കാരനായിരുന്നു. സ്കൂട്ടറില്‍ കയറി. പാലം വരെ പോകണം. സ്കൂട്ടറിന്‍റെ പിറകിലിരുന്ന് പിന്നെ പാട്ട് പാടിത്തുടങ്ങി. സ്പീഡ് കൂട്ടുവാന്‍ എനിക്ക് പേടി. പിറകിലേക്ക് തലയടിച്ച് വീണാലോ.

റോഡ് നിറയെ കുഴികളാണ്.
ഇബ്രാഹീം കുഴി.

പന്തല്‍ പണിക്കാരനാണ്. പേര് മണി.
ഹാളുകള്‍ വന്നപ്പോള്‍ പന്തലുപണി കിട്ടാതായി. പിന്നെ ചാവു കേസ് മാത്രമാണ് കിട്ടുന്നത്. പന്തല്‍പണിയിലെ ലാഭം ഡെക്കറേഷന്‍ ജോലിയിലാണ്. ചാവുകാ൪ക്ക് വെറും പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഒരു പന്തല്‍ മതി. അതുകൊണ്ട് മണിക്ക് പണി ഇല്ല. ആ൪ക്കും ചെമ്പും വാടകയ്ക്ക് വേണ്ട. എല്ലാം കാറ്ററേസ് കൊണ്ടുപോയി. ഒരു പേറ്റുകുളിക്ക് വരെ കാറ്ററേസിനെ കാത്തിരിക്കുന്നു. എല്ലാവരും.


അതുകൊണ്ട് ദു:ഖം മാറ്റുവാന്‍ മണി കുടിച്ചുകൊണ്ടിരിക്കുന്നു.

ചേട്ടനെങ്ങോട്ടാണ് പോകുന്നത്.

എനിക്ക് മനുഷ്യനില്ലാത്ത ആ പുഴയുടെ തീരത്ത് പോകണം.

നേരം ഇരുട്ടി. മണി ഉറക്കെ ചിരിച്ചു.

വലിയ ചുവന്ന ലൈറ്റുകളും ഗ്രാമദീപങ്ങളുടെ വെളുവെളുപ്പുമുള്ളപ്പോള്‍ ആരെങ്കിലും ഈ ഇരുട്ടത്ത് പോയിരിക്കുമോ, മണിക്ക് അത്ഭുതം.

ഇയാളെ ഒന്ന് തലയില്‍ നിന്ന് കളയുവാന്‍ വേണ്ടി ഞാന്‍ ഒരു തട്ടുചായക്കടയില്‍ നി൪ത്തി.
ഞാന്‍ മണിക്ക് ഒരു ചായ വാങ്ങിത്തരാം.


അയ്യോ എനിക്ക് വേണ്ട, ചേട്ടന് ഞാന്‍ ചായ വാങ്ങിത്തരാം.

വേണ്ട.
വേണം ഞാന്‍ വാങ്ങിത്തരാം.


രണ്ടുചായ ഞാന്‍ പറഞ്ഞു. ചായക്കടക്കാരനോട് മണി കണ്ണിറുക്കി. ഒരു ചെറുത് വിട്ടിട്ടുണ്ട്. പറ്റിറക്കേണ്ട എന്ന് സാരം.
ചായയും പഴംപൊരിയും എനിക്ക് വാങ്ങിത്തന്നു. വേണ്ട എന്ന് എത്ര പറഞ്ഞിട്ടും മണി സമ്മതിക്കുന്നില്ല. രണ്ട് ഏത്തയ്ക്കാപ്പം ഞാന്‍ അകത്താക്കി. വല്ലപാടെ വേഗം എഴുന്നേറ്റപ്പോള്‍ മണിക്ക് നി൪ബന്ധം ഞാന്‍ വീട്ടിലേക്ക് ചെല്ലണം.

എന്തു ശല്യം ജീവിതത്തില്‍ ആദ്യമായി കാണുന്ന ഇയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നു.  അയാളുടെ സ്നേഹം എന്നെ അയാളെ അനുസരിക്കുന്നവനാക്കി. 
കാവിമുണ്ട് അയാള്‍ മടക്കിക്കുത്തി. തോട് നീന്തിക്കടന്നു. താറാവുകള്‍ കൂട്ടിലേക്ക് കയറുന്നു. കമ്പിവലയ്ക്കുള്ളിലേക്ക്. വീട്ടില്‍ കയറുവാന്‍ നി൪ബന്ധിച്ചു.ഞാന്‍ പുറത്തുനിന്നു.
തൃസന്ധ്യയാണ് ഞാനൊന്നമാന്തിച്ചു. പെട്ടെന്ന് ബള്‍ബ് ഓഫ് ചെയ്തു. അമ്മ ദീപം കത്തിക്കുകയാണ്. ഒരു കൊച്ചോട്ടുകിണ്ടി കിഴക്ക് ഭാഗത്തേക്ക് വാല്‍ ഭാഗം തിരിച്ചുവച്ചു. അമ്മ ദീപം കൊളുത്തി. എല്ലാ മുറിയിലേക്കും കൊണ്ടുവന്ന് , ഒന്ന് ആരതി ഉഴിഞ്ഞ് താഴെ വച്ചു.
അതിനു ശേഷം ഞാനകത്ത് കയറി. അകത്തുകയറിയ എന്നോട് അമ്മയും ഭാര്യയും ഒന്നും മിണ്ടിയില്ല. മണി എന്നെ കസേരയിലിരുത്തി.
മേശമേല്‍ ഞാന്‍ നോക്കിയപ്പോള്‍ ഒരു ജാതകം കിടക്കുന്നു.  ഇതെന്താണെന്ന് ചോദിച്ചു.


അല്ല, അങ്ങിനെയൊന്നുമില്ല, സ്ഥലത്തിന്‍റെ ഇടപാടുമുണ്ടായിരുന്നു. രണ്ടുകൊല്ലമായി ഒരു കച്ചവടം നടന്നിട്ട്. അത് നിന്നപ്പോള്‍ ഒരു കല്യാണബ്രോക്കറായി. ഹിന്ദൂസ് മാത്രം.

മുസ്ലിംകളുടെ കേസ് എടുക്കുമോ എന്ന് ഞാന്‍ ചോദിച്ചു.
അപ്പോ, ചേട്ടന്‍ മുസ്ലിംമാണോ

മണി ആദ്യമായി എന്‍റെ മതം അറിഞ്ഞു.
അതെ. എനിക്ക് ഒരു ചെറുക്കന്‍ വേണം


തരാം.  ഒരു കേസ് ഉണ്ട്.
മേശയുടെ അടിയില്‍ നിന്ന് ഒരു കടലാസ് പൊക്കിയെടുത്തു.

തേ ഇത് പറ്റുമോ എന്ന് നോക്ക്. നല്ല കേസ് ആണ്.
പേര് കേട്ട് ഞാന്‍ ചിരിച്ചു.
സുഹറാബി.

ഞാന്‍ ഒരു ചെക്കനെ വേണമെന്ന് പറഞ്ഞത് മണി കേട്ടു. പക്ഷേ സൂറാബി ആണാണോ പെണ്ണാണോ എന്ന് ബാപ്പ എഴുതിയിട്ടില്ല.

മുസ്ലിംകളെ അത്ര പരിചയമില്ലാത്തതുകൊണ്ട് മണിക്ക് സൂറാബിയിലെ ലിംഗം അറിയുവാന്‍ കഴിയാതെ പോയി.

ഞാനും ചിരിച്ചു.

നല്ല ഒരു സന്ധ്യ. താങ്ക്സ് മണി, ഇന്നത്തെ ഈ ദിവസത്തിന്, ഇന്നത്തെ ഈ സന്തോഷത്തിന്.