Saturday, January 4, 2014

Happy Father's Day

അച്ഛന്‍ ദിനം
-azeez ks

എല്ലാവ൪ക്കും ഫാതേസ് ഡെ ആശംസകള്‍.
ഇതുവരെ എന്‍റെ മക്കളാരും വിളിച്ചില്ല.നാട്ടില്‍ പതിനാറായിട്ടില്ല. വിളിക്കുമായിരിക്കും.നാട്ടില്‍ അച്ഛന്‍ ദിനം പ്രചാരത്തിലായിട്ടുണ്ടാവില്ല.


ഈ ദിനങ്ങളൊക്കെ അറിയുന്ന കനേഡിയനായ മകനെങ്കിലും വിളിക്കേണ്ടതായിരുന്നു. അവനും വിളിച്ചില്ല.
അവന് അച്ഛന്‍ ദിനം,വാലന്‍റയിന്‍ ദിനം പോലുള്ള ഹാള്‍ മാ൪ക്ക് ദിനങ്ങള്‍ ബഹുരാഷ്ട്രക്കുത്തകളുടെ സെല്ലിംഗ് ടെക്നിക്കുകളാണ്.ഒരു കൊല്ലം കഠിനാദ്ധ്വാനം ചെയ്താലേ ഒരു യുവാവിന് ഒരു ഡയമണ്ട് റിംഗ് വാങ്ങി വാലന്‍റയിന് കൊടുക്കുവാന്‍ കഴിയൂ.യുവതലമുറ ഈ കോ൪പറേറ്റ് തട്ടിപ്പ് തിരിച്ചറിയുന്ന കാലത്തേ യഥാ൪ത്ഥ പ്രണയം ഈ മണ്ണില്‍ രൂപപ്പെടൂ.

ശരിയാണ്.ഞാന്‍ എന്‍റെ ബാപ്പയ്ക്ക് അച്ഛന്‍ ദിനം ആശംസിച്ചിട്ടില്ല.കളികഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ബാപ്പ‌‍ വീട്ടിലുണ്ടെങ്കില്‍ അടുക്കള വഴിയേ കുടിയില്‍ കയറൂ.ഒരു കാക്കക്കുളി പാസാക്കി ബാപ്പയെ പറ്റിക്കാന്‍ ഉറക്കെ ഓത്തുതുടങ്ങും.ഖു൪ആന്‍ ഓതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദുഷ്ടനും അടിക്കാറില്ലല്ലോ.അങ്ങിനെ അടിയില്‍ നിന്ന് രക്ഷപ്പെടും. എന്‍റെ ബാപ്പയ്ക്ക് ഒരു ആശംസ നല്‍കാത്ത‌തുകൊണ്ട് എനിക്ക് അത് ആഗ്ര‌ഹിക്കുവാനുള്ള അവ‌കാശ‌വുമില്ല.

ലോകത്തിലെ എല്ലാ മക്കള്‍ക്കും അമ്മയോടാണ് കാര്യം.അമ്മ അവ൪ക്ക് സ്നേഹമാണ്; അച്ഛന്‍ ഫൈനാന്‍സറാണ്, എക്സിക്യുട്ടിവ് ആണ്, ഊഞ്ഞാലുകെട്ടിക്കൊടുക്കുന്ന,ബുക്കിന് അട്ടിയിട്ടുകൊടുക്കുന്ന, പട്ടത്തിന് വലിയ നൂലുകെട്ടിക്കൊടുക്കുന്ന,പെരുന്നാളിന് ഉടുപ്പുവാങ്ങിക്കൊടുക്കുന്ന,നീന്തല്‍ പഠിപ്പിക്കുവാന്‍ മുങ്ങാംകയത്തിലേക്ക് വലിച്ചെറിയുന്ന,ഏണിചാരി കുരുമുളക് പറിപ്പിക്കുന്ന ഒരു പരിശീലകനാണ് അച്ഛന്‍.എക്സിക്യുട്ടിവിനെ ഒരു ഗ്യാപ് ഇട്ടേ ആരും സ്നേഹിക്കൂ.

മക്കള്‍ക്കെന്താന് അമ്മയോട് മാത്രം ഇത്ര കാര്യം?അമ്മയ്ക്ക് ബയോളജിക്കലായി ചില എക്സ്ട്രാ ഉള്ളതുകൊണ്ട് ആ ഫംഗ്ഷന്‍ കൂടി ചെയ്യുന്നു. മുല എനിക്കുമുണ്ടായിരുന്നെങ്കില്‍ എന്‍റെ മക്കളെ പാലൂട്ടുമായിരുന്നു.അമ്മ ഇല്ലാത്ത നേരത്ത് കരച്ചില്‍ നി൪ത്തുവാന്‍ കുപ്പിപ്പാലല്ലാതെ ഞാനെന്താണ് കൊടുക്കുക?

ഞാനവരെ അമ്മയെന്നപോലെ നോക്കിയിട്ടുണ്ട്. അമ്മ‌യില്ലാത്ത‌ നേര‌ത്ത് ശ‌രീരം വൃത്തിയാക്കിയിട്ടുണ്ട്.ന‌ല്ല‌ ഉടുപ്പിടീച്ചിട്ടുണ്ട്.മാമം ഉരുട്ടിക്കൊടുത്തിട്ടുണ്ട്.പ‌ല്ലുതേപ്പിച്ചിട്ടുണ്ട്.മുടികോതിക്കെട്ടികൊടുത്തിട്ടുണ്ട്.സൈക്കിളിലിരുത്തി ഉല്‍സ‌വ‌പ്പ‌റ‌മ്പുക‌ളില്‍ കൊണ്ടുപോയിട്ടുണ്ട്.കാവ‌ടികാണിച്ചിട്ടുണ്ട്.പ‌റ‌യെടുപ്പിനു ആന‌യുടെ പിറ‌കെ കൈയ്ക്കുപ്പിടിച്ചു ന‌ട‌ത്തിയിട്ടുണ്ട്. കൂടെയിരുത്തി ക‌ണ‌ക്കും സ‌യ‌ന്‍സും പ‌ഠിപ്പിച്ചിട്ടുണ്ട്.രോഗം വ‌രുമ്പോള്‍ ഉറ‌ക്ക‌മൊഴിഞ്ഞിരുന്നിട്ടുണ്ട്.

ഇതെല്ലാം ചെയ്തിട്ടുണ്ട്. ശ‌രി ത‌ന്നെ. അപ്പോഴും നിങ്ങള്‍ പറയും എന്നാലും ഒര‌മ്മ‌ ചെയ്യുന്ന‌തുപോലെയാകില്ല‌.അപ്പോള്‍ അമ്മ‌യും അച്ഛ‌നും ര‌ണ്ടാണ്.അമ്മയ്ക്ക് പകരമാകില്ല അച്ഛന്‍. അച്ഛന് പകരമാകില്ല അമ്മ.

നൂറില്‍ 40 കുടുംബങ്ങളിലും കാനഡയില്‍ കുടുംബം പോറ്റുന്നത് സ്ത്രീയാണ്.അവിടെ വളരുന്ന കുട്ടികള്‍ക്ക് തീ൪ച്ചയായും ഒരു ദൌ൪ബ്ബല്യമുണ്ടാകും. ഒരു ചിറക് തള൪ന്നിരിക്കും.ജീവിതത്തില്‍ എപ്പോഴും ഈ അസ്വസ്ഥതകള്‍ അവ൪ പ്രകടമാക്കിക്കൊണ്ടിരിക്കും.ഞാനെന്‍റെ വഴി നീ നിന്‍റെ വഴി എന്നുപറഞ്ഞ് പിരിയുന്നവ൪ മക്കളെ കൊല്ലുകയാണ് ഫലത്തില്‍.

കാന‌ഡ‌യില്‍ എനിക്ക് മ‌ക്ക‌ള്‍ ജ‌നിച്ചിട്ടില്ല‌. അതുകൊണ്ട് ക‌നേഡിയ‌ന്‍ മ‌ക്ക‌ളും അച്ഛ‌നും ത‌മ്മില്‍ എത്ര‌മാത്രം ബ‌ന്ധ‌മുണ്ട് അറ്റാച്മെന്‍റ് ഉണ്ട് എന്ന് എനിക്ക‌റിയില്ല‌.

പ‌ക്ഷേ ഒന്നെനിക്ക‌റിയാം ഞാന്‍ ജീവിച്ച‌ പോലെ അല്ല എന്‍റെ കുട്ടികള്‍ ജീവിക്കുന്നത്. ടിവി ഞാന്‍ ക‌ണ്ടിട്ടില്ല‌. റേഡിയോ നാട്ടില്‍ അന്ന് ഒന്നോ രണ്ടോ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ.ബോംബെയില്‍ പോയി മ‌ട‌ങ്ങിവ‌ന്ന‌ ഒരു നായ‌രാണ് ആദ്യ‌മായി ഒരു റേഡിയൊ നാട്ടില്‍ കൊണ്ടുവന്ന‌ത്.ആദ്യ‌മൊക്കെ പാള‌വ‌ണ്ടിയിലും പിന്നീട് ച‌ക്ര‌വ‌ണ്ടിയിലും അതിനുശേഷം സൈക്കിളിലുമായിരുന്നു ക‌റ‌ക്കം. ചെറിയ‌ സൈക്കിള്‍ അച്ഛ‌ന്‍ വാങ്ങിത്ത‌രാറില്ല‌.ഇട‌ങ്കാലു ച‌വിട്ടാണ് എല്ലാ കുട്ടിക‌ളും ശീലിക്കുന്ന‌ത്.സ‌ദാ സ‌മ‌യ‌വും പുറ‌ത്താണ്.പിന്നീട് മ‌ക‌ന്‍റെ കുട്ടിക്കാല‌മായ‌പ്പോഴാണ് വീഡിയൊ ഗെയിം വ‌ന്ന‌ത്.അപ്പോഴും കുട്ടിക‌ളുടെ ക‌ളി പുറ‌ത്തുത‌ന്നെയായിരുന്നു.

അച്ഛനും അമ്മയും മക്കളുമായി വലിയ അടുപ്പം നിലനിന്നിരുന്നു. മക്കളുടെ കാര്യങ്ങള്‍ അമ്മവഴിയെങ്കിലും അച്ഛനറിയുമായിരുന്നു.കുറവുകള്‍ പരിഹരിക്കുമായിരുന്നു.

പുതിയ‌ ത‌ല‌മുറ‌ പൂ൪ണ്ണ‌മായും ഗാഡ്ജ‌റ്റുക‌ള്‍ക്ക് അടിമ‌പ്പെട്ടുക‌ഴിഞ്ഞിരിക്കുന്നു. സ്വ‌കാര്യ‌ മുറിക‌ളിലേക്കൊതുങ്ങുന്നു.അച്ഛ‌ന്‍ പ‌റ‌യുന്ന‌ത് അവ൪ക്ക് മ‌ന‌സ്സിലാകുന്നില്ല‌. അച്ഛ‌ന്‍റെ സാ‍സ്കാരിക,ഭാഷാപ‌ര‌മായ‌ യാതൊരു ഇടപെട‌ലുക‌ളും മക്കള്‍ക്ക് മനസ്സിലാകുന്നില്ല. അന്യരായി അവ൪ ജീവിക്കുന്നു.മ‌ക്ക‌ളുടെ ലോകം അച്ഛ‌നും മ‌ന‌സ്സിലാകുന്നില്ല.മ‌ക്ക‌ളുടെ ഒരു കാര്യ‌വും നിയ‌ന്ത്രിക്കുവാനോ അറിയുവാനോ അച്ഛ‌നു കഴിയുന്നില്ല. ഈ ഒരു ക‌മ്മ്യുണിക്കേഷ‌നില്‍ വ‌ന്ന ഗ്യാപ് അച്ഛ‌നേയും മ‌ക്ക‌ളേയും ഒരുപാട് അക‌ല‌ത്തിലാക്കി. ഒരു ഘ‌ട്ട‌ത്തില്‍, മ‌ക‌ന്‍ അച്ഛ‌ന്‍റെ വീട്ടില്‍ താമ‌സിക്കുന്ന‌ ഒരു അതിഥിയായി മാറുന്നു.ഏതൊരുതിഥിയും പിരിഞ്ഞുപോകുന്ന‌തുപോലെ മ‌ക‌നെന്ന‌ അതിഥിയും ഒരു നാള്‍ പിരിഞ്ഞുപോകുന്നു.

അത്ത‌രം മ‌ക്ക‌ള്‍ക്ക് അച്ഛ‌നെയോ൪ക്കാന്‍ ഒരു ദിനം കൂടിയേ ക‌ഴിയൂ.

ഈ അച്ഛ‌ന്‍ ദിനം ഒരു കെടാച‌ര‌ക്കാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.സ്വാത‌ന്ത്ര്യ‌ദിന‌ത്തിന് ഒരു ച‌രിത്ര‌മുണ്ട്.ആ ച‌രിത്രം ന‌മ്മെ ആവേശ‌ഭ‌രിത‌രാക്കുന്നു. ര‌ക്ത‌സാക്ഷിദിനം മ‌ത‌പ‌ര‌മായ‌ ദിന‌ങ്ങ‌ള്‍ വിഷു ഓണം തുട‌ങ്ങിയ എല്ലാത്തിനുമുണ്ട് ഒരു ചരിത്രപരവും സൈദ്ധാന്തികവുമായ കാരണങ്ങള്‍. ഇവ‌യൊക്കെ ന‌മ്മെ ഒന്നിപ്പിക്കുന്നു. ഈ ആഘോഷ‌ങ്ങ‌ള്‍ക്ക് ഒര൪ത്ഥ‌വുമുണ്ട്. പ‌ക്ഷേ ഈ അച്ഛ‌ന്‍ ദിന‌മോ?അത് തിക‌ച്ചും ഒരു ഏച്ചുകെട്ട് ത‌ന്നെ.ഹാള്‍ മാ൪ക്ക് ദിനം.

ഈയിടെ ഒരു പെണ്‍കുട്ടിയെക്കുറിച്ച് വായിച്ചു.പതിമൂന്നുവയസ്സുള്ള ഒരു പെണ്‍കുട്ടി.ഇവിടുത്തുകാരിയാണ്.അവ‌ള്‍ ഈ അച്ഛ‌ന്‍ ദിനം ബഹിഷ്കരിക്കുന്നു.അവള്‍ക്ക‌തിന് ര‌ണ്ടുകാര‌ണങ്ങളുണ്ട്.ഒന്നു അവ‌ളുടെ ഏറ്റ‌വും അടുത്ത‌ കൂട്ടുകാരിയുടെ അച്ഛ‌ന്‍ മ‌രിച്ചുപോയി. ന‌മ്മ‌ള്‍ അച്ഛ‌ന്‍ ദിന‌മാച‌രിക്കുമ്പോള്‍‍ അച്ഛ‌ന്‍ മ‌രിച്ചുപോയ ഈ കൂട്ടുകാരിക്ക് എന്തുമാത്രം സ‌ങ്ക‌ട‌മുണ്ടാകും.ആ കൂട്ടുകാരിയുടെ സ്നേഹോ൪മ്മ‌ക‌ള്‍ക്ക് വേണ്ടി ഈ പ‌തിമൂന്നുകാരിയും അവ‌ളുടെ 350 ഓളം കൂട്ടുകാരിക‌ളും അച്ഛ‌ന്‍ദിനം ബ‌ഹിഷ്ക‌രിക്കുന്നു.

ര‌ണ്ടാമ‌ത്തെ കാര‌ണം അവ‌ളുടേതു മാത്രമാണ്. അവ‌ള്‍ക്ക് അച്ഛ‌നില്ല‌.ര‌ണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ചുകൂടിജീവിച്ച് അവ‌രിലൊരാളുടെ അണ്ഡ‌ത്തില്‍ നിന്നുമാണ് അവ‌ളുണ്ടായ‌ത്.അവ‌ള്‍ക്ക് ര‌ണ്ട് അമ്മ‌മാ൪ മാത്ര‌മേയുള്ളൂ. അച്ഛ‌നില്ലാത്ത‌ അവ‌ള്‍ എന്തിനാണ് അച്ഛ‌ന്‍ ദിനം ആഘോഷിക്കുന്ന‌ത്?

സ്വവ൪ഗ്ഗരതി

Azeez KS
സ്വവ൪ഗ്ഗരതിക്കാ൪ക്ക് വിവാഹം അനുവദിച്ചില്ല എന്നത് സുപ്രീംകോടതി ചെയ്ത ഏറ്റവും വലിയ മനുഷ്യാവകാശലംഘനമായി ചില൪ പ്രചരിപ്പിക്കുന്നു. ആധുനികലോകത്തിലെല്ലായിടത്തും അവരുടെ വിവാഹം അനുവദിക്കുന്നണ്ടത്രെ.

ഈ കാനഡയില്‍ പുരുഷന് പുരുഷനെ വിവാഹം ചെയ്യാം. സ്ത്രീകളും വിവാഹം ചെയ്യുന്നുണ്ട്. ഈ മനുഷ്യന്‍റെ വികാസമായി , പുരോഗതിയായി വിലയിരുത്തപ്പെടുന്നു. സ്വവ൪ഗ്ഗരതിക്കാ൪ എന്നത് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ബോംബെയിലൊക്കെ നാം കാണുന്ന ഹിജഡകളല്ല, എന്നേയും നിങ്ങളേയും പോലുള്ള സാധാരണ മനുഷ്യ൪. 

എത്ര പൈശാചികമായ വാദമാണിത്. അല്ലാഹു സുബ് ഹാനഹുവത ആല കടുത്ത ശിക്ഷ നല്‍കിയ ഒരു കുറ്റത്തിനെയാണ് വിവരം കെട്ടവ൪ മനുഷ്യാവകാശല‍ംഘനമായി വാഴ്ത്തുന്നത്.

ലൂത്ത് നബിയുടെ ജനതയുടെ സോദോം ആന്‍റ് ഗൊമൊറ ഇപ്പോഴും നശിഞ്ഞുകിടക്കുന്നു. ആകാശത്തുനിന്ന് അല്ലാഹു വ‍൪ഷിച്ച തീമഴയും  പാറക്കല്ലുകളും പ്രളയവും ബാക്കിയാക്കിയ ചുണ്ണാമ്പുകല്ലുകളും ഗന്ധകഗന്ധവും ഇപ്പോഴും ഈ പലസ്തീനിലെ റിഫ്റ്റ് താഴ്വരയില്‍ കെട്ടിനി‍ക്കുന്നു. ദിവ്യസന്ദേശ‌ങ്ങളുമായി അല്ലാഹു പ്രവാചകരിലേക്ക് മലായിക്കത്തുകളെ അയക്കുന്നു. സാധാരണ മനുഷ്യ൪ക്ക് ചില ഉള്‍വിളികളറിയിക്കുവാന്‍ അല്ലാഹു ജിന്നുകളേയും അയക്കുന്നുണ്ട്. ഇത് ആദിമ മനുഷ്യന്‍ തൊട്ട് എല്ലാവ൪ക്കും നന്മയും തിന്മയും മറ്റു ദിവ്യസന്ദേശങ്ങളും അയക്കുന്ന രീതിയാണ്. അല്ലാഹുവാണ് മാ൪ഗ്ഗനി൪ദ്ദേശകങ്ങള്‍ നല്‍കുന്നത്. മനുഷ്യരായും അല്ലാതേയും പല രീതിയിലും പല  മാദ്ധ്യമങ്ങളിലൂടേയും അല്ലാഹു മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നു. 

ഇബ്രാഹിം നബിയുടെ സഹോദര പുത്രനായ ലൂത്ത് നബിയിലേക്ക് അല്ലാഹു നിമിത്തമായി രണ്ടു മലക്കുകളെ അയക്കുന്നു. തൊട്ടടുത്ത നഗരങ്ങളായ സോദോമിലും ഗൊമൊറയിലും നടക്കുന്ന അതിനീചമായ സ്വവ൪ഗ്ഗരതിക്ക് ഒരു ശിക്ഷ നല്‍കുവാനായി. ലൂത്ത് നബി തന്‍റെ ജനതയ്ക്ക് ഇതില്‍ നിന്ന് പിന്തിരിയുവാന്‍ പല ഉപദേശങ്ങളും നല്‍കുന്നു. എത്രയോ വ൪ഷമായി ആ പ്രവാചകന്‍ തന്‍റെ ജനതയെ ഉപദേശിക്കുന്നു. അവ൪ കൂട്ടാക്കുന്നില്ല. തുട൪ന്നുകൊണ്ടേയിരിക്കുന്നു.

തന്‍റെ വീട്ടിലേക്കു വന്നവ൪ ലൂത്ത് നബിയ്ക്ക് രണ്ടു സഞ്ചാരികള്‍ മാത്രമായിരുന്നു. യുവകോമളന്മാരായ രണ്ടു സഞ്ചാരികള്‍. പശ്ചിമേഷ്യന്‍ ജനതയുടെ സ്വതസിദ്ധമായ അതിഥിസ്വീകരണത്തിന്‍റെ ഭാഗമായി ലൂത്ത് നബി ആ രണ്ടു യുവാക്കള്‍ക്ക് സ്വന്തം വീട്ടില്‍ ആതിഥേയത്വം നല്‍കി. യുവാക്കള്‍ ലൂത്ത് നബിയുടെ വീട്ടിലുണ്ടെന്ന് തെമ്മാടികളായ സ്വവ൪ഗ്ഗരതിക്കാരായ ആ നാട്ടിലെ ജനങ്ങളറിഞ്ഞു. ആ യുവാക്കളെ വിട്ടുകിട്ടുവാന്‍ അവ൪ ലൂത്ത് നബിയോടാവശ്യപ്പെട്ടു. വീട് അവ൪ വളഞ്ഞിരിക്കുകയാണ്. ദയവായി  അല്ലാഹുവിനെയോ൪ത്ത് ഇതില്‍ നിന്നും പിന്തിരിയണമെന്ന് ലൂത്ത് നബി അവരോട് വളരെ വിനയത്തോടെ പലപ്രാവശ്യം ആവശ്യപ്പെടുന്നുണ്ട്. അവ൪ കൂട്ടാക്കുന്നില്ല. കാമശമനത്തിനുവേണ്ടി, ഈ സ്വവ൪ഗ്ഗരതിയില്‍ പിന്തിരിയുന്നതിനുവേണ്ടി, ആവശ്യമെങ്കില്‍ തന്‍റെ കന്യകളായ പെണ്മക്കളെ വിവാഹം കഴിച്ചുതരാമെന്ന് പോലും ലൂത്ത് നബി അവരുടെ നേതാവിനോട് പറയുന്നു. അവ൪ വഴങ്ങുന്നില്ല. അവ൪ക്ക് കോമളന്മാരായ ഈ രണ്ടുയുവാക്കളെ അല്ലാതെ ഒന്നും ആവശ്യമില്ല. അവ൪ ലൂത്ത് നബിയുടെ വീടിന്‍റെ വാതില്‍ ഇളക്കിപ്പൊളിക്കുകയാണ്, യുവാക്കളെ കിട്ടുവാന്‍.
മനുഷ്യന്‍റേയും പ്രവാചകന്‍റേയും ഉപദേശങ്ങള്‍ നിഷ്പ്രയോജനമാകുമ്പോള്‍  ബാക്കിചെയ്യേണ്ടത് അല്ലാഹുവാണ്.  അല്ലാഹു അത് ഏറ്റെടുക്കുകയാണ്.

യുവകോമളരായി വന്നവ൪ അല്ലാഹു അയച്ച മലക്കുകള്‍ ആയിരുന്നുവല്ലോ.  വാതില്‍ തുറന്ന് ആ യുവാക്കള്‍ പുറത്തേക്കുവന്നു. ഒന്ന് കൈവീശി. ഇടിമിന്നല്‍ പോലെ ഒരു പ്രകാശം. വീടിനുചുറ്റും കൂടിയവ൪ അന്ധരായിപ്പോയി.  ആ ഇടവേളയില്‍ ലൂത്ത് നബിയോടും കുടുംബത്തോടും വേഗം രക്ഷപ്പെട്ടുകൊള്ളുവാന്‍ ആ യുവാക്കള്‍ പറഞ്ഞു. അതിനു ശേഷം അതികഠിനമായ ശിക്ഷയാണ് ആ സ്വവ൪ഗ്ഗരതിക്കാരുടെ താഴ്വരയില്‍ അല്ലാഹു പെയ്തത്. ആകാശത്തു നിന്ന് മഴയായി വന്നത് തീമഴയായിരുന്നു. ഹെയിലിംഗ് ആയി ഐസ് കട്ടകള്‍ക്കുപകരം ചുണ്ണാമ്പുക്കല്ലുകള്‍ വ൪ഷിക്കുന്നു.  എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കി ഗന്ധകപ്പുകയും ഇരുട്ടും മൂടലും മാത്രം. നശിഞ്ഞ താഴ്വരയായി അതിന്നും ചരിത്രത്തില്‍ കിടക്കുന്നു.

ലൂത്ത് നബിയോടൊപ്പം രക്ഷപ്പെടേണ്ട അദ്ദേഹത്തിന്‍റെ ഭാര്യ എന്തിനാണ് ഭ൪ത്താവിനെ സംശയിച്ച്, സ്ത്രീചാപല്യത്തിനടിമയായി തിരിഞ്ഞുനിന്നത്? എന്തിനാണ് തിരിഞ്ഞുനോക്കിയത്? വൈവാഹികഅവിശുദ്ധിയുടെ പാഠമായി ആ സ്ത്രീയെ നമുക്ക് അല്ലാഹു പരിചയപ്പെടുത്തുകയാണോ?
അറിയില്ല.

പ്രണയവസ്ത്രം


Azeez KS
മനുഷ്യന്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നു
ഭംഗിയുള്ളവസ്ത്രങ്ങള്‍ സുന്ദരികളെ സൃഷ്ടിക്കുന്നു
സുന്ദരികള്‍ പ്രണയം വിരിയിക്കുന്നു
അത് നിറംകെട്ട ജീവിതത്തില്‍
വര്‍ണ്ണ മയില്‍പ്പീലികള്‍ വിട൪ത്തുന്നു


ഒരു നാള്‍
പ്രണയവസ്ത്രത്തിന്‍റെ ഒരു നൂല്‍ പൊട്ടിയോ?
അല്ല, പല നൂലുകളും പൊട്ടിയിരിക്കുന്നു
“ഹായ് എന്തുഭംഗി” നീ പറഞ്ഞ ആ കുങ്കുമമെവിടെ
"നിന്‍റെ നിറം" ഞാനെന്നും വിരല്‍തൊട്ടു തെളിയിക്കുന്ന
ആ നീലയെവിടെ?

ബാക്കിയായത് ഈ സന്ന്യാസിനീവെള്ള
ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ കണ്‍തടത്തിലെ കറുപ്പും


ഒരു നാള്‍ നമ്മുടെ പ്രണയവസ്ത്രമെടുത്തു
നിലവിളക്കിനു തിരിയിട്ടു ഞാന്‍
സന്ധ്യകളില്‍
അതിന്റെ പ്രകാശത്തിലിരുന്നു നമ്മുടെ മക്കള്‍
നല്ല ബുദ്ധിക്കായ്‌ പ്രാര്‍ത്ഥിക്കുന്നത്
ഇരുമുറികളിലിരുന്നു
നാം കേട്ടുകൊണ്ടിരുന്നു