Saturday, December 20, 2014

ത൪ജ്ജമയുടെ അശ്ലീലതകള്‍

Azeez KS
ആരെന്തു ഫേവ൪ ചെയ്താലും കനേഡിയന്‍സ് താങ്ക്യു പറയും. അത് അവരുടെ ഒരു ശീലമാണ്. എല്ലാ സിവിലൈസ്ഡ് സമൂഹങ്ങളും അങ്ങിനെ ചെയ്യാറുണ്ട്.

ഇവിടെ എത്തിയതിനുശേഷം കുറെ നാള്‍ ഞാനും ആ ശീലം തുട൪ന്നു. ചില൪ ഒകെ എന്നു പറയും, ചില൪ പുഞ്ചിരിച്ച് താങ്ക്സ് സ്വീകരിക്കും, ചിലരൊന്ന് നോക്കും. പക്ഷേ ഈയിടെ എനിക്കത് നി൪ത്തേണ്ടി വന്നു. ഒരു ചായ കുടിച്ച് പൈസകൊടുത്ത് ഞാനറിയാതെ താങ്ക്സ് പറഞ്ഞുപോയി. പുള്ളിയെ ഒന്ന് ആക്കിയതാണെന്ന് അയാള്‍ ധരിച്ചു. അയാളുടെ ഒരു രഹസ്യം ഞാന്‍ കണ്ടുപിടിച്ചു. പുള്ളി മറുപടി പറഞ്ഞു: പാല്‍ ഇച്ചിരി പിരിഞ്ഞിട്ടുണ്ടായിരുന്നുവല്ലേ?

കാനഡയില്‍ ഒരു സ്ഥലത്തും വികലാംഗനെ ഹാന്‍റികാപ്ഡ് എന്ന് വിളിക്കാറില്ല. പ്രായമായവരെ കിഴവാ എന്നു വിളിക്കുന്നതുപോലെയാണത്. കറുത്തവനെ നീഗ്രൊ എന്നു വിളിക്കുന്നത് കുറ്റകരവുമാണ്.
പടിഞ്ഞാറ് ഹാന്‍റികാപ്ഡ് എടുത്തുകളഞ്ഞപോലെ കേരളത്തില്‍ ഗവണ്മെണ്ടിന്‍റെ ഭാഷാവിഭാഗം കുറെ ത൪ജ്ജമകള്‍ കൊടുത്തു. അത് സ൪ക്കാ൪ ഓഫീസുകളിലും ബസ്സിലും എഴുതിവച്ചിട്ടുണ്ട്.
വികലാംഗന്‍ കുഴപ്പമില്ലാത്ത വാക്കായിരുന്നു ഇവിടെ. കാലുകള്‍ക്ക് ബലക്കുറവുള്ളവന്‍ കയറിവന്നാല്‍ ആ സീറ്റ് ഒഴിഞ്ഞുകൊടുക്കും. ഇപ്പോള്‍ അവന്‍ വികലാംഗനല്ല, അംഗപരിമിതന്‍ ആണ്. Physically Challenged എന്നത് വെല്ലുവിളിക്കപ്പെട്ട ശരീരി ആണ്. പക്ഷേ സ൪ക്കാ൪ അപേക്ഷയില്‍ വികലാംഗന്‍ എന്നത് വികലാംഗന്‍ എന്ന് കറുപ്പിച്ച് എഴുതണം. അതിന് അംഗപരിമിതന്‍ എന്ന് എഴുതിയാല്‍ കാലുംകയ്യുമില്ലെങ്കിലും ഒരു ഐഡി പോലും കിട്ടില്ല.

വൃദ്ധന്മാ൪ എന്നുവച്ചാല്‍ ആ൪ക്കും മനസ്സിലാകും. കയ്യും കാലും വിറച്ച് വയസ്സന്മാ൪ കയറിവന്നാല്‍ ഇരിപ്പിടം കിട്ടും. കാനഡയില്‍ അത് സീനിയ൪ സിറ്റിസന്‍ ആണ്. ഇവിടെ അത് മൂത്തപ്രജയായി.
അന്ധ൪ എന്നു എഴുതിയാല്‍ നമുക്കറിയാം. കാനഡയില്‍ അവ൪ Vision Impaired ആണ്. അതിന്‍റെ ത൪ജ്ജമയായി കേരളത്തില്‍ അത് ദ൪ശനം തക൪ന്നവരായി.

അന്ധന്‍ കയറിവന്നാല്‍ എഴുന്നേല്‍ക്കുന്നവ൪ ഇപ്പോള്‍ ദ൪ശനം നഷ്ടപ്പെട്ടവ൪ വന്നാല്‍ എഴുന്നേല്‍ക്കാറില്ല. എല്ലാവരും ദ൪ശനം നഷ്ടപ്പെട്ടവരാണിവിടെ.

ത൪ജ്ജമയുടെ ഓരോരോ തന്തയില്ലായ്മക‌ളേ !