Monday, December 31, 2012

Happy New Year



Om, May All become Happy,
May All be Free from Illness.
May All See what is Auspicious,
May no one Suffer.
Om Peace, Peace, Peace

ഓം സ൪വേ ഭവന്തു സുഖിന:
സ൪വേ സന്തു നിരാമയ:
സ൪വേ ഭദ്രാണി പശ്യന്തു
മാ കശിചിദ് ദു:ഖ ഭാഗ് ഭവെത്
ഓം ശാന്തി ശാന്തി ശാന്തി


(ബ്രഹദാരണ്യകോപനിഷദ്)


Saturday, December 29, 2012

Alcoholics Anonymous

ഒരു രസത്തിന് ഒരു പെഗ്ഗടിക്കുന്ന എല്ലാ കുടിയന്മാ൪ക്കും 'കുടിച്ചികള്‍ക്കുമായി' തെരേസജേക്കബ്സ് സ്റ്റിവെട്സിന്‍റെ ഈ ആത്മകഥാവിഷ്കാരം ഞാന്‍ സമ൪പ്പിക്കുന്നു.


തിങ്കളാഴ്ചയിലെ എല്ലാ സന്ധ്യകളിലും മെനിസോഡയിലെ ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്‍റ്റില്‍ ഞങ്ങള്‍ സമ്മേളിക്കുന്നു.
വളരെ ലളിതമായ ആ മുറി മെഴുകുതിരി പ്രകാശത്താല്‍ ശോഭപരത്തുന്നു.ധൂമത്തിന്‍റെ സുഗന്ധം. ഓക്കുമരങ്ങള്‍ വിരിച്ച തറയില്‍ ഞങ്ങള്‍ ഇപ്പോള്‍ ശാന്തമായിരിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങള്‍ പലതാണ്:ഡ്രഗ്സ്, ആള്‍ക്കഹോള്‍,അമിതഭക്ഷണം,ചൂതാട്ടം, സിഗററ്റ്...

നിങ്ങളും ആ കൂട്ടത്തിലാണോ?
സ്വാഗതം.


ഞങ്ങള്‍ ഈ നിമിഷങ്ങളില്‍ ജീവിതത്തിന്‍റെ നഷ്ടപ്പെട്ടുപോയ ആനന്ദം വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ്.
ജീവിക്കുന്നുവെന്ന ഓ൪മ്മയിലെ മഹത്തായ ആ ആനന്ദം.


ഞാന്‍ കണ്ണുതുറന്നു. ഐസൊലേഷന്‍ വാ൪ഡിലാണ്.
ഡോക്റ്റ൪ പരിശോധന കഴിഞ്ഞു.

എനിക്കെന്തു പറ്റി?
നിങ്ങള്‍ രോഗിയാണ്?
എന്നെ സുഖപ്പെടുത്തുവാന്‍ കഴിയുമോ?
ഞാന്‍ ശ്രമിക്കുന്നു.


104 ഡിഗ്രി പനി കുറക്കുവാന്‍ എന്നെ ഐസ്കിടക്കയില്‍ കിടത്തിയിരിക്കുകയാണ്.ഞാന്‍ ഡ്രഗ് അടിക്കാറുണ്ടോ എന്ന് ആ വൃദ്ധനായ ഡോക്റ്റ൪ എന്നോട് ചോദിച്ചില്ല.ഒരു വാക്ക് ഞാന്‍ പറഞ്ഞുമില്ല.ആ സ്പീഡ് അടിച്ചതുകൊണ്ടാകുമോ ഞാന്‍ കുഴഞ്ഞുവീണത്, ഞാനോ൪ത്തു.

ഓ൪മ്മകള്‍ ആ കിടക്കയില്‍ പറന്നുനടന്നു.രണ്ടര വ൪ഷക്കാലം നിത്യവും അതിന്‍റെ ഉപയോഗം. പൈസ കിട്ടാതായപ്പോള്‍ തെരുവുപൊടിയില്‍ അഭയം.മൂന്നു ജോലികള്‍ എനിക്ക് ചെയ്യേണ്ടിവന്നു.വാടകക്കും കോളേജ് ഫീസ് അടക്കുവാനും മറ്റും.എല്ലാം എനിക്കു കഴിയുമായിരുന്നു.ആംഫിറ്റാമിന്‍റെ തിളപ്പിക്കുന്ന ആനന്ദത്തില്‍. ഞാന്‍ നല്ല ആത്മവിശ്വാസം വീണ്ടെടുത്തു.

ഞാന്‍ വരുന്നത് ഐറിഷ് കുടിയന്മാരുടെ തലമുറയില്‍ നിന്നാണ്.നാലു തലമുറ കുടിയന്മാരെയെങ്കിലും കുറഞ്ഞത് എനിക്കറിയാം.എന്‍റെ മുത്തച്ചന്‍ ഐ൪ലന്‍റ് വിടാതിരുന്നത് പോകുന്നിടത്ത് നല്ല വാറ്റ് കിട്ടുമോ എന്ന ശങ്ക കൊണ്ടുമാത്രമല്ല, മുന്‍ കുടിയന്മാരായ പിതാക്കന്മാരുടെ കുഴിമാടങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്.

ഇതാണെന്‍റെ വംശവൃക്ഷം:അപമാനകരമായ ഒരു കുടുംബവൃക്ഷം.നിറയെ വേദനകള്‍ നിറഞ്ഞത്.ഏകാന്തത. അപമാനം.ഹിംസാത്മകം.
ഞങ്ങളുടെ ഡിഎന്‍എ നശിയുവാന്‍ വേണ്ടി വയ൪ ചെയ്യപ്പെട്ടതാണെന്ന് തോന്നാറുണ്ട്.പാതി കുടുംബം ഈ നാട്ടിലും പാതി അവിടേയും കുടിയന്മാരായി തുടരുന്നു.


ഒരിക്കല്‍ ഞാനും എന്‍റെ സഹോദരിമാരും ഞങ്ങളുടെ അച്ഛനെ കുടിനി൪ത്തല്‍ ചികിത്സക്ക് കൊണ്ടുപോയി.അത് പതിനൊന്നാമത് വട്ടമായിരുന്നു.പച്ചപ്പാതിരയ്ക്ക് ആനി ഫോണില്‍ വിളിക്കുന്നു.ഭയപ്പെട്ട് അവള്‍ കരയുകയാണ്:

"ഡാഡി വാതിലിലിടിക്കുന്നു;ലോക്ക് ഇപ്പോള്‍ തുറയുമെന്ന് തോന്നുന്നു. എന്നെ തെറിവിളിക്കുകയാണ്.അമ്മ ട്രാന്‍ങ്ക്ലൈസ‍റിന്‍റെ മയക്കത്തില്‍ സുഖമായി അപ്പുറത്തെ മുറിയിലാണ്."
പതിവു കഥ.

ലഹരി കയറിക്കഴിയുമ്പോള്‍ അയാള്‍ അപകടകാരിയാകുന്നു. ഇറങ്ങിയാലോ രസികനും വളരെ നല്ല സ്നേഹമുള്ളവനും.

ഞാന്‍ എന്‍റെ കുട്ടിക്കാലം ഓ൪ക്കുന്നു.എനിക്ക് പത്തു വയസ്സായതേയുള്ളു. സിസിലിക്കും ജോയിക്കും ഭക്ഷണം കൊടുക്കേണ്ട ചുമതല എനിക്കായി.വലിയ ജോലിയൊന്നുമല്ലത്.സ്വാന്‍സന്‍ ചിക്കന്‍ പോട് പൈയും പോള്‍സ് ഫ്രോസന്‍ ഫിഷ് സ്റ്റിക്സും ഓവനില്‍ ചൂടാക്കുകയേ വേണ്ടൂ.മമ്മിയും ഡാഡും ഞങ്ങളോടൊപ്പമുണ്ടാകാറില്ല.അവ൪ പുറത്ത് തിന്നുന്നു.ചൂടന്‍ സ്റ്റീക്കും വേണ്ടത്ര ലിക്കറും അവിടെ കിട്ടുന്നു.

പാതി കാത് കൂ൪പ്പിച്ചാണ് ഞാനുറങ്ങുന്നത്.കാ൪ എഞ്ചിന്‍ ഓഫാക്കിക്കഴിയുമ്പോള്‍ അവരുടെ കലമ്പലുകള്‍ കേള്‍ക്കാം.തെറിവിളിയും കസേരയെറിയലും കബോഡ് ഉടക്കലും പ‌തിവാണ്.സിസിലിയെ മുടിക്കുത്തിന് വ‌ലിക്കുന്ന‌തും ചില‌പ്പോള്‍ മ‌മ്മിയെ വ‌യ‌റ്റില്‍ തൊഴിക്കുന്ന‌തും ഞാന്‍ ക‌ണ്ടിട്ടുണ്ട്.

ഇതുക‌ണ്ടു വ‌ള൪ന്ന‌, ഒരിക്ക‌ലും അമ്മ‌യേയും അച്ഛ‌നേയും പോലെ ആകില്ലെന്നു വിശ്വ‌സിച്ചിരുന്ന‌ ഞാന്‍ എങ്ങിനെ ഈ നില‌യിലെത്തി?
എല്ലാ രോഗ‌ങ്ങ‌ള്‍ക്കുമ‌ടിമ‌യായി, അള്‍സ൪ വേദ‌ന‌യില്‍ പിരിഞ്ഞ്,മൈഗ്രേന്‍ ത‌ല‌വേദ‌ന‌യില്‍ പുള‌ഞ്ഞ്, ദു:ഖ‌ത്തിലും ഭ‌യ‌ത്തിലും ജിജ്ഞാസ‌യിലും ഏകാന്ത‌ത‌യിലും...
ഇരുട്ടിനെ സ്നേഹിച്ച്, മ‌നുഷ്യ‌രില്‍ നിന്ന് ഓടിയ‌ക‌ന്ന്...
ഈശ്വ‌രാ....
ഇത് ഞാന്‍ ത‌ന്നെയോ?


(From Mindfulness and the 12 steps by Teresa Jacobs-Stewart).

Thursday, December 27, 2012

യോഗമുദ്രകള്‍




കൈമുദ്രകള്‍ നമ്മെ സുഖപ്പെടുത്തുന്നു.
കൈമുദ്രകള്‍ നമ്മെ വ്രണപ്പെടുത്തുന്നു.
വികാരങ്ങള്‍ ചിന്തകള്‍ സൂചനകള്‍ താല്‍പര്യങ്ങള്‍ കൈമുദ്രകളിലൂടെ കടന്നുപോകുന്നു.
യോഗമുദ്രകളും നൃത്തമുദ്രകളും കൈവിരലുകളിലൂടെ ഇതള്‍ വിട൪ത്തുന്നു.
ഓരോ വിരലുകളും പഞ്ചമഹാഭൂതത്തിന്‍റെ അല്‍ഭുതസ്തംഭങ്ങള്.‍


ഭാരതത്തിലെ ഋഷിവര്യന്മാ൪ പ്രപഞ്ചനിലനില്‍പ്പിന്നാധാരമായ പഞ്ചമൂലകങ്ങളെ അല്‍ഭുതകരമായി മനുഷ്യന്‍റെ വിരലുകളില്‍ ദ൪ശിച്ചു.
യോഗതത്വമുദ്രകളെല്ലാം തന്നെ വിരലുകളും പഞ്ചഭൂതങ്ങളും തമ്മിലുള്ള ബന്ധം വെളിവാക്കുന്നു.ഉണ൪വ്വിനുള്ള ഒരു മുഖ്യ വഴിയാണ് ഹഠയോഗയിലും യോഗമുദ്രകള്‍
കൈമുദ്രകള്,‍ മന:മുദ്രകള്,‍ കായമുദ്രകള്,‍ ഉദ്ദീയാന- മൂലബന്ധ- ജാലാന്ധരബന്ധ തുടങ്ങിയ പൂട്ടുകള്‍ എന്നിവയെല്ലാം പ്രാണശക്തിവ്യയം തടയുവാനുള്ള വഴികളും ഊ൪ജ്ജദായിനികളുമാണ്.അവ പ്രാണശക്തിയെ നിയന്ത്രിക്കുന്നു.മനസ്സിനെ ശാന്തമാക്കുന്നു. ധ്യാനത്തിലേക്കടുപ്പിക്കുന്നു.



മനസ്സ് ധ്യാനത്തിലെത്തുന്നതിനു മുമ്പ് രാജയോഗയിലെ ആറാമത്തെ അംഗമായ ധാരണയിലൂടെ നിരന്തര ശ്രദ്ധയിലെത്തണം. പക്ഷെ അതിനു പ്രാപ്തനാകണമെങ്കില്‍ കാമനകളില്‍ നിന്നും വസ്തുക്കളില്‍ നിന്നും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍വലിയണം.മനമുദ്രകള്‍ ശീലിച്ചാലെ പ്രത്യാഹാര  സാദ്ധ്യമാകൂ.


രോഗങ്ങളൊക്കെ തൃദോഷങ്ങളുടെ ക്രമരഹിതമായ വിന്യാസത്താലാണ് രൂപം കൊള്ളുന്നതെന്ന് ആയൂ൪വേദവും പറയുന്നു.ശരീരത്തിന്‍റെ എല്ലാ അവയവങ്ങളിലും ഗ്രന്ഥികളിലുമടങ്ങിയ വായു- ശ്യൂന്യത ഇവയുടെ വാതദോഷം, ദഹനേന്ദ്രിയ ആഗിരണവ്യവസ്ഥയുടെ അഗ്നിയും ജലവുമടങ്ങിയ പിത്തദോഷം,  ഗ്ലാന്‍ഡുകളുടെ പ്രവ൪ത്തനങ്ങളുടെ കഫദോഷം ഇവയുടെ ബാലന്‍സില്ലായ്മയാണ് രോഗഹേതുക്കള്‍.


മുദ്രകളില്‍ പലതും വാ൪ദ്ധക്യത്തെ തടയുന്നു.ആരോഗ്യം വ൪ദ്ധിപ്പിക്കുന്നു.ശക്തി തരുന്നു.
കൈമുദ്രകള്‍ ആരോഗ്യത്തിന്
കൈമുദ്രകള്‍ രോഗനിവാരണത്തിന്
കൈമുദ്രകള്‍ മന:ശക്തിക്ക്
ഊ൪ജ്ജചാലനത്തിന്


                                            ശുഭം


ഇനി ഒരു ന൪മ്മത്തിനുവേണ്ടി ഒരു വാല്‍ക്കഷണം എഴുതട്ടെയോ:

എത്രയോ മുദ്രകള്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു
പത്മാസനത്തിലോ സിദ്ധാസനത്തിലോ ഇരുന്ന്
നട്ടെല്ലു നിവ൪ത്തി,നെഞ്ച് അയച്ച്, ഉരങ്ങള്‍ തള൪ത്തിയിട്ട്, ശ്വാസത്തോടൊപ്പം മുദ്രയില്‍ ലയിക്കുക.

എത്രയോ മുദ്രകള്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു, ഗുരുജി പറഞ്ഞു.

ഭയരഹിതനായിരിക്കുവാന്‍ ഞാന്‍ നിന്നെ അഭയമുദ്ര പഠിപ്പിച്ചു. നിന്നിലെ ജിജ്ഞാസയൊടുങ്ങുവാന്‍ മനം ശാന്തമാകുവാന്‍.
നി൪ഭയ ഹൃദയമുണ്ടാകുവാന്‍ നിന്നെ അഭയഹൃദയമുദ്ര പഠിപ്പിച്ചു. നിന്‍റെ ഹൃദയത്തെ ബലപ്പെടുത്തുവാന്‍ ,നിന്‍റെ പ്രശ്നരാത്രികളൊതുങ്ങുവാന്.‍

നിന്നെ ഗായത്രിക്കുപരിക്കുവാനും ദഹനേന്ദ്രിയങ്ങളും വിസ൪ജ്ജനേന്ദ്രിയങ്ങള്‍ക്കും വേണ്ടി നിന്നെ ഞാന്‍ അധോമുഖമുദ്ര പഠിപ്പിച്ചു.

നിന്‍റെ തൃക്കണ്ണു തുറന്നുകിട്ടുവാന്‍ അന്ത൪ദ൪ശനമുണ്ടാകുവാന്‍ ഞാന്‍ നിന്നെ ആജ്ഞാചക്രമുദ്ര  പഠിപ്പിച്ചു.ധ്യാനോപാസനയിലിരുന്ന്, ചൂണ്ടാണിവിരല്‍ തൃക്കണ്ണിലേക്കടുപ്പിച്ച്, പിന്നെ അത് മടിയില്‍ ശാന്തമാക്കി.

നിന്നില്‍ കരുണയും പ്രേമവുമുണ്ടാകുവാന്‍ ,നിന്‍റെ ഹൃദയം തുറക്കുവാന്‍ നിന്നെ ഞാന്‍ അനാഹതചക്രമുദ്ര പഠിപ്പിച്ചു.സംയുക്ത ഹ‍സ്തങ്ങള്‍ കൊണ്ട് ആ പ്രയോഗം  നിനക്ക് കഠിനമായിരുന്നു..

നിന്നെ നമസ്കാരം പഠിപ്പിക്കുവാന്‍ എനിക്കെളുപ്പമായിരുന്നു. ഇരുകൈകളും കൂപ്പി അജ്ഞലി മുദ്രയില്‍ നീ അത് വേഗം വശമാക്കി. നിന്‍റെ ഹൃദയവും സുഷുംനയും ലയനത്തിലായി.നിന്നില്‍ ശത്രുതയില്ലാതായി.

രണ്ടു വിരലുകള്‍ ഉയ൪ത്തി മൂന്നുവിരലുകള്‍ താഴ്ത്തിമുട്ടിച്ച് നീ ശുദ്ധീകരിക്കപ്പെട്ടു, അപാനമുദ്ര വഴി.

ഒടുവില്‍ ഭൈരവമുദ്ര. ശിവശക്തി. പ്രപഞ്ചത്തിന്‍റെ ലയനം. ഇദയും പിംഗളയും ചേ൪ന്ന് സൌരചാന്ദ്ര ഊ൪ജ്ജങ്ങള്‍ ചേ൪ന്ന് ജീവാത്മാവ് പരമാത്മാവില്‍ ലയിച്ച്...
നിന്‍റെ എല്ലാ അഹങ്കാരങ്ങളും അലിഞ്ഞലിഞ്ഞില്ലാതാകുവാന്.‍

പിന്നെ എത്രയോ...
ഭ്രമരം,ബ്രഹ്മം, ചക്ര,ചിന്മുദ്ര...

പക്ഷേ ശിഷ്യാ ഞാന്‍ പഠിപ്പിച്ചതൊന്നും നീ ശീലിച്ചില്ല.
കാനഡയില്‍ താമസിക്കുന്ന നീ ഒന്നു മാത്രം ശീലിച്ചു.അത് നീ എനിക്ക് ഉപാസനയായി സമ൪പ്പിച്ചു.


ഭാരതത്തിലെ ഒരു മുദ്രാശാസ്ത്രത്തിലും ഞാന്‍ കാണാത്ത ഒരു മുദ്ര:




Sunday, December 23, 2012

Holy Mother Sarada Devi on Nama Japa

Holy Mother Sri Sarada Devi, wife of Sri Ramakrishna Paramhansa, on Nama Japa.
Translation by Azeez KS

നാമജപത്തിനും ധ്യാനത്തിനും അമ്മ ശാരദ ദേവി വളരെ പ്രാധാന്യം നല്‍കിയിരുന്നു.
നാമജപം മനസ്സിനെ ശുദ്ധമാക്കുന്നു.ഹൃദയം ശാന്തമാക്കുന്നു.ധ്യാനത്തിലേക്ക് നയിക്കുന്നു.
ധ്യാനം തുടക്കക്കാ൪ക്ക് അല്പം ക്ലേശകരമാണ്.മനസ്സ് ഏകാഗ്രമാക്കുക എന്നത് ഉറഞ്ഞമണ്ണ് കിളക്കുന്നതിനേക്കാള്‍ കഠിനമാണെന്ന് അമ്മ പറയുന്നു.മന:ശുദ്ധിയും ശരീരശുദ്ധിയുമില്ലാതെ ആ൪ക്കും നല്ല രീതിയില്‍ ധ്യാനിക്കുവാന്‍ കഴിയുകയില്ല.നാമജപവും ധ്യാനവും കൂടിച്ചേരണം.

ഒരു ചെടി അതിന്‍റെ വിത്തില്‍ അടങ്ങിയിരിക്കുന്നതുപോലെ ഭഗവാന്‍ അവന്‍റെ നാമത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് അമ്മ പറയാറുണ്ട്.ഒരു ശുദ്ധാത്മാവ് നാമജപത്തിലാകുമ്പോള്‍ വിശുദ്ധനാമങ്ങള്‍ കുമിളകള്‍ എന്നപോലെ അനായാസമായി ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്നു.കാ൪മേഘത്തെ കാറ്റ് അകത്തുന്നതുപോലെ നമ്മുടെ ഹൃദയകാ൪മേഘങ്ങള്‍ നാമജപത്താല്‍ മായുന്നു.

ആയിരക്കണക്കിന് പ്രാവശ്യം നാമം ചൊല്ലിയാല്‍ ആരുടേയും മനസ്സ് ശാന്തമാകും.ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്.അ൪പ്പണത്തോടേയും ഭക്തിയോടേയും നാമം ജപിക്കണം. ഫലം ഉറപ്പ്. അ൪പ്പണബോധത്തോടെ അത് ചെയ്യാതെ എനിക്ക് ഫലം കിട്ടിയില്ല എന്ന് പരാതി പറയരുത്.നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യുക, മനസ്സ് നല്ല നിലയില്‍ വരും.ജപം, ധ്യാനം, പ്രാ൪ത്ഥന ഇവയൊക്കെ നിത്യവും ചെയ്യണം.പ്രഭാതത്തിലും സന്ധ്യയിലും ഇത് ചെയ്യുന്നതാണ് നന്ന്.ഇഷ്ടദേവതയുടെ മുമ്പിലിരുന്ന് ധ്യാനം ചെയ്യാം.

മനസ്സ് ഒരു കുരങ്ങനെപ്പോലെ തലങ്ങും വിലങ്ങും ചാടുന്നു.മനസ്സ് കേന്ദ്രീകരിക്കുവാന്‍ കഴിയുന്നില്ല. ജപത്തിലൂടെ അത് ദൈവത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

"മനസ്സ് എന്തേ ശാന്തമാകാത്തത്?" ഒരു ഭക്തന്‍ അമ്മയോട് ചോദിക്കുന്നു. "ദൈവത്തെ സ്മരിക്കുമ്പോള്‍ എന്‍റെ മനസ്സ് ലോകവസ്തുക്കളിലേക്ക് പായുന്നു."

മനസ്സ് ലോകവ്യാപാരങ്ങളില്‍ മുഴുകുമ്പോള്‍ ദൈവസ്മരണ നഷ്ടമാകുന്നുവെന്ന് അമ്മ പറഞ്ഞു.ധ്യാനത്തില്‍ ഏകാഗ്രത കിട്ടുന്നില്ലെങ്കില്‍ അവ൪ നാമ‌ജപം ചെയ്യട്ടെ.നാമജപം ധ്യാനത്തിലേക്ക് വഴി തുറക്കുന്നു.ധ്യാനത്തിലേക്ക് മനസ്സിനെ ബലപ്രയോഗത്താല്‍ അടുപ്പിക്കാതിരുന്നാല്‍ മാത്രം മതി.

ചിട്ടയായും കൃത്യമായും സാധകം ചെയ്യണം.മനസ്സ് ശാന്തമാകുന്ന ചില ശുഭനിമിഷങ്ങളുണ്ട്. അത് ഏതെന്ന് നമുക്കറിയില്ല.പെട്ടെന്നൊരു ദിവസം ആ ശുഭനിമിഷം കടന്നുവരുന്നു.

Saturday, December 15, 2012

ഞങ്ങളുടെ യന്ത്രജീവിതം

ഇതില്‍ പുതുതായൊന്നുമില്ല‌
ജോലി കഴിഞ്ഞെത്തുന്നവര്‍ വ്യക്തമായ ചിട്ടയില്‍
ലോട്ടൊലൈനില്‍ ക്യു നില്‍ക്കുന്നു
വിലയില്ലാത്ത ഒറ്റനാണയം കൊണ്ട്
മഹാഭാഗ്യത്തിലേക്കുള്ള കളങ്ങള്‍ തെളിയിച്ചെടുക്കുന്നു


ഓരോ പുതിയ ആഴ്ചയിലേക്കുള്ള പലായനം
ജീവന്‍റെ അര്‍ത്ഥം



ചെറിയ ചെറിയ സ്വപ്നങ്ങളില്‍ ഞങ്ങള്‍ ജീവിക്കുന്നു:‍
മോട്ടോര്ഹൌസില്‍ ലോകം ചുറ്റണം
ബഹാമസ്സില്‍ ഒരു വെക്കേഷന്‍
ഡയാനു കൊടുക്കുവാനുള്ള പണം
കോടതിയില്‍ കെട്ടിവെക്കണം



ഞങ്ങളുടെ മനസ്സുകള്‍ യന്ത്രം പോലെ ചലിക്കുന്നു
ചലനം നി൪ത്തുന്നു
ഞങ്ങള്‍ക്കെല്ലാത്തിനും സമയമുണ്ട്:
പണിതുടങ്ങുവാന്‍,നി൪ത്തുവാന്‍
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉണ൪ത്തുന്നു
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉറ‌ക്കുന്നു



എങ്കിലും ഞങ്ങളുടെ ജൈവമനസ്സുകള്‍
ചിലപ്പോള്‍ കൊതിച്ചുപോകുന്നു
സുഗന്ധിയായ ഒരു പൂവിനെ ചുംബിക്കുവാന്‍
പച്ചമണ്ണില്‍ കാലൊന്നു ചവിട്ടുവാന്‍
വെറുതെ ചിരിക്കാതിരിക്കുവാന്‍



ലോട്ടോയന്ത്രം വീണ്ടും ചതിച്ചുവോ?
ഒരു തെറിവിളി കേള്‍ക്കുന്നു
അയാള്‍ മ‌ട‌ങ്ങിപ്പോകുക‌യാണ്
മഞ്ഞില്‍ മരവിച്ചുപോയ കാലുകള്‍ മെല്ലെ വലിച്ച്
മോഹഭാണ്ഡങ്ങളെ വലിച്ച് വലിച്ച്
സ്റ്റീവന്‍സിലെ ബാറിലേക്കയാള്‍ നടന്നടുക്കുന്നു.

Tuesday, December 11, 2012

നിങ്ങള്‍ക്കു വൃത്തിയുണ്ടോ? ഒന്നു പരിശോധിക്കുക



മൂത്രപ്പുരയില്‍ കയറിയാല്‍ എങ്ങിനെ കൈ കഴുകണമെന്ന വിജ്ഞാനം സചിത്രം എല്ലാ മൂത്രപ്പുരയിലും കാണാം.
അത് വയ്ക്കണമെന്നത് നിയമമാണ്.

ഇടതുകൈയുയ൪ത്തി
മേല്‍ക്കൈതണ്ടുകൊണ്ട് സ്പ്രെസോപ്പമ൪ത്തി
കയ്യും കണയും നനച്ച്
വലതുപൊക്കി ഇടതില്‍ വച്ച്
ഇടതുപൊക്കി പിന്നെ വലതില്‍‍ വച്ച്
പത്തിപത്തിയോടുരുമ്മി
വിരല്‍കോ൪ത്തുരസി
എതി൪ദിശയില്‍ മെല്ലേ വലിച്ച്
വലതൊന്നുകറക്കി
ഇടതൊന്നുകറക്കി
രണ്ടും എതിരെ കറക്കി
മുമ്പിലേക്കെടുത്ത്
വലതു തന്ത ഇടതു തന്തയോടുരുമ്മി...

ഡാവിഞ്ചിയുടെ സ്പ്രേസോപ്പു പോരെങ്കില്‍
16 ഉഗ്രവിഷങ്ങളടങ്ങിയ
99.99 ശതമാനം അണുനാശക ഡിഷില്‍ മുക്കി
കഴുകിക്കഴിയുമ്പോള്‍
ഡ്രയറിലോ ബ്ലോവറിലോ ഉണക്കി
പുറത്തുവരിക.


ഒന്നു ചോദിക്കട്ടെ,
മൂത്രമൊഴിക്കുന്നത്
കയ്യിലേക്കാണോ?
ഇട്ട പാന്‍റ്സും ഷ൪ട്ടും കോട്ടുമൊക്കെ ഇട്ടു പുറത്തുവരുന്നതിനു മുമ്പ്
കക്കൂസില്‍ കഴുകാന്‍ ഇത്തിരി വെള്ളം വയ്ക്കരുതോ?