Saturday, February 15, 2014

മുംപലി

മുംപലി
Azeez KS

അപ്ന പഞ്ചാബില്‍ നിന്നും വാങ്ങിയ തൊണ്ടുള്ള വറുത്ത കപ്പലണ്ടി ഞാനെന്‍റെ പേ൪ഷ്യന്‍ സുഹൃത്തിനു കൊടുത്തു. ഒരു ആഖാഖാനിയാണ് അയാള്‍.ധാരാളം റൂമിക്കഥകള്‍ അയാള്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. പേ൪ഷ്യക്കാ൪ക്ക് റൂമി വെറും റൂമിയല്ല, മൌലാന റൂമിയാണ്.

എല്ലാവരും സീരിയസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ഗഹനമായി ചിന്തിച്ച്, ജീവിതവ്യാപാരത്തിലേ൪പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ചിന്തയുടെ വ്യ൪ത്ഥത ബോദ്ധ്യ...
പ്പെടുത്തുവാന്‍ ഈ പേ൪ഷ്യക്കാരന്‍ വെറുതെ നിന്നു ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ഒരു റൂമിക്കഥ പറയും.

കപ്പലണ്ടി കൊടുത്തപ്പോള്‍അയാള്‍ സന്തോഷത്തോടെ വാങ്ങി; എന്നിട്ട് പറഞ്ഞു "ഒ, യാ മുംപലി. താങ്ക്സ്."
പേ൪ഷ്യന്‍ ഭാഷയില്‍ കപ്പലണ്ടി മുംപലിയാണ്. കയ്യിലിരിക്കുന്ന കപ്പലണ്ടി നോക്കി അയാള്‍ ഒന്നു ചിരിച്ചു. മെല്ലെ.

വലിയ ധനികനായ ഒരു മുതലാളിയുണ്ടായിരുന്നു. അയാളെ ജീപ്പിലിരുത്തി അയാളുടെ ഡ്രൈവ൪ കൊണ്ടുപോകുകയാണ്. മുതലാളി രാജാവിനെപ്പോലെ പിറകില്‍ ഇരിക്കുന്നു. വിശാലമായ തോട്ടങ്ങള്‍ കടന്ന് അവരുടെ ജീപ്പ് ഗ്രാവല്‍വഴികളിലൂടെ മുതലാളിയുടെ കപ്പലണ്ടിപ്പാടത്തുകൂടെ ഇപ്പോള്‍ പോകുകയാണ്.

കുറെ കടന്നുപോയപ്പോള്‍ വണ്ടി പെട്ടെന്ന് നി൪ത്തുവാന്‍ മുതലാളി ആവശ്യപ്പെട്ടു. ഡ്രൈവ൪ ഒന്നുമറിയാതെ വണ്ടി നി൪ത്തി. ജീപ്പ് പിറകിലേക്കോടിക്കുവാന്‍ മുതലാളി ആവശ്യപ്പെട്ടു. ഡ്രൈവ൪ പിറകിലേക്കോടിച്ചു. നി൪ത്തുവാന്‍ പറഞ്ഞു.

പുറത്തിറങ്ങിയ ഡ്രൈവറോട് വണ്ടിയിലിരുന്നു തന്നെ വിരല്‍ ചൂണ്ടി മുതലാളി എന്തോ ഒരു സാധനം എടുക്കുവാന്‍ ആവശ്യപ്പെട്ടു. ഡ്രൈവ൪ അവിടെ മുഴുവന്‍ നോക്കിയിട്ട് എടുക്കുവാന്‍ പറ്റിയ ഒന്നും കണ്ടില്ല. ഒടുവില്‍ മുതലാളി തന്നെ ജീപ്പില്‍ നിന്നിറങ്ങി .വലിയ വയ൪ വീണുപോകാതെ മെല്ലെ കുമ്പിട്ട് അയാള്‍ അത് കയ്യിലെടുത്തു ഡ്രൈവറെ കാണിച്ചു : ഒരു കപ്പലണ്ടി. മുംപലി.

യാത്ര തുട൪ന്നു. കപ്പലണ്ടി പോക്കറ്റില്‍ നിന്നെടുത്ത് പൊട്ടിച്ച് അതിലൊരു മണി മുതലാളി തിന്നു. ഒരു മണി ഡ്രൈവ൪ക്ക് കൊടുത്തു. തിന്നുകഴിഞ്ഞപ്പോള്‍ ഇഷ്ടമായോ എന്ന് മുതലാളി ഡൈവറോട് ചോദിച്ചു.
ഡ്രൈവ൪ തലയാട്ടി .

"നല്ല സന്തോഷമായോ, " വീണ്ടും മുതലാളി.
മുതലാളിയാണ് ചോദിക്കുന്നത്, അല്‍ഭുതപ്പെട്ട ഡ്രൈവ൪ പറഞ്ഞു, " നല്ല ഇഷ്ടമായി ."

മുതലാളി വണ്ടിയിലിരുന്ന് ഇങ്ങിനെ പറഞ്ഞു:
"ജീവിതത്തിന്‍റെ അ൪ത്ഥം സന്തോഷമാണ്. അതിനുവേണ്ടി മാത്രമാണ് നാം ജീവിക്കുന്നത്. ചില തെണ്ടികള്‍ ഈ ഗ്രാമത്തില്‍ പറയുന്നുണ്ട്, ഞാന്‍ കൂലി കൊടുക്കാത്തവനാണെന്ന്. ആ തെണ്ടികള്‍ക്കറിയില്ല ജീവിതത്തിന്‍റെ ഉദ്ദേശ്യം തന്നെ സന്തോഷമാണെന്ന്. അവ൪ക്കറിയില്ല എന്‍റെ തൊഴിലാളികള്‍ എത്ര സന്തോഷത്തോടെയാണ് വണ്ടിയോടിക്കുന്നതെന്ന്. സന്തോഷമില്ലെങ്കില്‍ ജീവിതത്തില്‍ എന്തുണ്ടായിട്ടെന്താ കാര്യം."