Monday, October 28, 2013

Finally, a daughter meets her father.


azeez ks
ഇന്നലെ ഒരു ആഫ്രിക്കന്‍ ഗെറ്റ് ടുഗതറിന് ഒരു വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. എല്ലാം ആഫ്രിക്കക്കാ൪. എന്നെ മൂന്നുവട്ടം കവിളില്‍ ചുംബിച്ചുസ്വീകരിച്ചു. ഞാന്‍ ഒരു കറുമ്പനായി.

ആദ്യം എനിക്ക് തിന്നുവാന്‍ തന്നത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അത്ഭുതമാകും. ബാ൪ലി വറുത്തത്, ഒരു പ്ലേറ്റില്‍. പിന്നെ കുഞ്ഞു പിഞ്ഞാണക്കപ്പില്‍ കയിക്കുന്ന കാപ്പി. ബാ൪ലിവറുത്തതും കയിക്കുന്ന കാപ്പിയും.പല വിരുന്നുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊരു പുതിയ അനുഭവമായിരുന്നു. കുറെ നേരം ബ്ലഡ് ഡയമണ്ടിനെക്കുറിച്ചും കോംഗെയെക്കുറിച്ചും സംസാരിച്ചു.  


 കുട്ടിക്കാലത്തെ ദാരിദ്ര്യകാണ്ഡം ഓ൪മ്മവന്നു.
 അവ൪ക്കും അങ്ങിനെ. ദരിദ്രരാജ്യങ്ങള്‍ക്കൊക്കെ ഒരേ സ്വഭാവമായിരുന്നിരിക്കണം. ബാ൪ലി ഞാന്‍ തിന്നുതീ൪ത്തു. എന്നാലിനി വിട്ടേക്കാമെന്ന് കരുതി ഞാന്‍ എഴുന്നേറ്റപ്പോള്‍ അവ൪ക്ക‌ത്ഭുതം, വിരുന്നിനു വിളിച്ചിട്ട് വിരുന്നു കഴിക്കാതെ പോകുകയോ. ബാ൪ലി വറുത്തതും കട്ടന്‍ ചായയും അവ൪ വിരുന്നുകാ൪ക്ക് ആദ്യം കൊടുക്കുന്നത് പൂ൪വ്വബോധത്തിലേക്ക് ആഫ്രിക്കനെ ഓ൪മ്മപ്പെടുത്തുന്നതിനുവേണ്ടിയാണ്. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് വിരുന്ന് വരാനിരിക്കുന്നതേയുള്ളൂവെന്ന്.

ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ കൊണ്ടുവന്ന് ഗ്ലാസിലേക്ക് അവരുടെ മദ്യം ഒഴിച്ചു ആണും പെണ്ണും ഓരോ ഗ്ലാസ്സെടുത്തു. പിന്നേയും സംസാരം.

ഇവരെല്ലാം പട്ടാള അട്ടിമറിയില്‍ പലായനം ചെയ്തുവന്നവരായിരുന്നു. അവരില്‍ ഒരു മന്ത്രിയുണ്ട്. ഒരു ജഡ്ജിയുണ്ട്. ഒരു പ്രൊഫസറുണ്ട്. കറുകറുത്ത ഗോത്രത്തലവനുമുണ്ട്. എന്‍റെ ചുരുണ്ടുകിടക്കുന്ന മുടി അവരുടെ മുടിയാണെന്ന് പറഞ്ഞു. 

19 വ൪ഷം മുമ്പ് ഓടിപ്പോന്നവനാണ് എന്‍റെ കൂട്ടുകാരന്‍. കലാപകാരി. ഗവണ്മെണ്ട് രാജ്യത്തിലെ എല്ലാ മിനറല്‍ ഖനികളും ബഹുരാഷ്ട്രക്കുത്തകള്‍ക്ക് കമ്മീഷന്‍ വാങ്ങിക്കൊടുക്കുന്നു. വിദേശരാജ്യങ്ങളില്‍ കോടികളുടെ സ്വത്തുകള്‍ സമ്പാദിച്ചുകൂട്ടുന്നു. തിരഞ്ഞെടുപ്പില്ല. ചോദ്യം ചെയ്യുന്നവരെ കൊല്ലുന്നു.

ആദ്യം അയാള്‍ കെനിയയിലെത്തി. പിന്നെ റഷ്യവഴി, അമേരിക്ക വഴി, ഇവിടെ കാനഡയില്‍. മൂന്നു ലക്ഷത്തോളം അഭയാ൪ത്ഥികള്‍ യു എന്‍ ക്യാമ്പിലെത്തി. എല്ലാവരും പ്രാണനുവേണ്ടി ഓടിപ്പോകുന്നവ൪. എല്ലാവ൪ക്കും പോകാനുമൊക്കില്ല. കുറെ പേ൪ക്ക് ചാന്‍സ് കിട്ടും . ബാക്കിയാളുകള്‍ക്ക് യു എന്‍ സേന കാവലിരിക്കും. കൊല്ലപ്പെടാതിരിക്കുവാന്‍.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യമാണ് യു എന്‍ ഓഫീസ൪ എന്നോട് ചോദിച്ചത്, എന്‍റെ കൂട്ടുകാരന്‍ വൊബാന്തെ പറഞ്ഞു.

എന്താണ് നീ പാലായനം ചെയ്യുന്നത്, യു എന്‍ ഓഫീസ൪ ചോദിച്ചു.
എന്‍റെ ജീവന്‍ അപകടത്തിലാണ്.
ഈ മൂന്നു ലക്ഷം പേരെ എല്ലാവരേയും കടത്തിവിടുവാന്‍ കഴിയുമോ.
ഇല്ല.
എങ്കില്‍ നിന്‍റെ ജീവന്‍ ഇവരുടെ ജീവനേക്കാളും വിലയുള്ളതാണെന്ന് നീ തെളിയിക്കൂ, യു എന്‍ ഓഫീസ൪ പറഞ്ഞു.

ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ ചോദ്യമായിരുന്നു അത്. ഈ മൂന്നു ലക്ഷം പേരില്‍ ഞാന്‍ മാത്രം മരിക്കാതിരിക്കുന്നതെന്തിന്.

തിരക്കിട്ട പലായനത്തില്‍ ഞാന്‍ മാത്രമേയുള്ളൂവെന്ന് പേപ്പറില്‍ എഴുതിക്കൊടുത്തു. മറ്റുള്ളവരുണ്ടെങ്കില്‍ എനിക്ക് കടക്കുവാന്‍ കഴിയില്ല. 19 കൊല്ലം മുമ്പായിരുന്നു അത്. പിന്നീട് ഞാനറിഞ്ഞു. എന്‍റെ 2 വയസ്സുണ്ടായിരുന്ന കുട്ടി ആഫ്രിക്കയില്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന്. ഇപ്പോള്‍ അവള്‍ക്ക് 21 വയസ്സായി. ആ രാജ്യത്തിലേക്ക് എനിക്ക് പോകുവാനോ മകളെ കാണുവാനോ കഴിയില്ല.

ഞാന്‍ അവളെ കാനഡയിലേക്ക് സ്പോണ്‍സ൪ ചെയ്തു. പക്ഷേ കാനഡ അത് തടഞ്ഞു. കാരണം റെക്കോഡ് പ്രകാരം എനിക്ക് ഒരു മകളില്ല. ഇപ്പോള്‍ ഏത് മകള്‍. എന്തുകൊണ്ട് നീ മകളില്ലെന്ന് പറഞ്ഞു.

എനിക്ക് അവരെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിയുന്നില്ല. എന്‍റെ ജീവന്‍ അപകടത്തിലായതുകൊണ്ട് ഞാന്‍ ആദ്യം പലായനം ചെയ്തു. അമ്മയും മകളും കലാപത്തില്‍ മരണപ്പെട്ടുവെന്നാണ് ഞാന്‍ കരുതിയത്. കലാപഭൂമിയെക്കുറിച്ച് ഞാന്‍ ഈ കാനഡയെ എങ്ങിനെ മനസ്സിലാക്കും.

പല പ്രാവശ്യം എന്‍റെ കേസ് തള്ളി. ഞാന്‍ പലവട്ടം കോടതിയില്‍ പോയി. മകളെ ഡി എന്‍ എ ടെസ്റ്റിനു വിധേയയാക്കി. പിന്നേയും തടസ്സങ്ങള്‍. ഞാന്‍ ഹ്യുമന്‍ ട്രാഫിക് നടത്തുകയാണോ.

നീണ്ട നിയമപ്പോരാട്ടത്തിനു ശേഷം കലാപഭൂമിയില്‍ മരിച്ചുവെന്ന് ഞാന്‍ കരുതിയ എന്‍റെ മകള്‍ ഇവിടെ ഇപ്പോള്‍ എന്‍റെ കൂടെ.

ഈ കാല്‍ഗറിയില്‍ അവളിന്നലെ എത്തി ഇതിലും വലിയ ആനന്ദം എനിക്ക് വേറെ എന്തുണ്ട്, അയാള്‍ പറഞ്ഞു.

ശേഷം ഇന്‍ജീരയും കറികളും വിളമ്പി. ഡ്രം അടിച്ചുപാടുക ആഫ്രിക്കന്‍ രീതിയാണ്. പക്ഷേ അയല്‍ക്കാ൪ പോലീസിനെ വിളിക്കുമെന്നുള്ളതുകൊണ്ട് അതൊഴിവാക്കി.വളരെ സന്തോഷവാനാണ് എന്‍റെ സുഹൃത്ത്. എല്ലാവരോടും യാത്രപറഞ്ഞ് ഞാനിറങ്ങി.