Wednesday, October 23, 2013

അറബുനാട്ടിലെ സിലിക്കന്‍വാലിയെ തക൪ത്തതാര്?

കാല്‍ഗറിയില്‍ ഒരു അറബിക്ലബ്ബുണ്ട്. ക്ലബ് എന്നു പറയുവാന്‍ കഴിയില്ല. ജീവനും കൊണ്ടോടിപ്പോന്ന ദരിദ്രരായ അറബ് അഭയാ൪ത്ഥികള്‍ ഒന്നിച്ചുകൂടുന്ന സ്ഥലം.മൊറോക്കൊ, തുനീഷ്യ, അല്‍ജീരിയ, സുഡാന്‍,ഈജിപ്ത്, ലെബനോന്‍, പലസ്തീന്‍ തുടങ്ങിയ അറബ് കലാപഭൂമികളില്‍ കൊല്ലപ്പെടാതിരിക്കുവാന്‍ ഐക്യരാഷ്ട്രസഭ വിവിധരാജ്യങ്ങളില്‍ അഭയം കൊടുത്ത ചില൪ കാനഡയിലുമെത്തി. കാല്‍ഗറിയിലുമെത്തി. അങ്ങിനെയുള്ളവ൪ ഒത്തുകൂടുന്ന സ്ഥലം.
ഇന്ത്യയില്‍ നിന്ന് 'പലായനം ചെയ്ത' ഇന്ത്യന്‍ മുസ്ലിമായ ഞാനും വീക്കെന്‍റുകളില്‍ അവരുടെ കൂടെ ചിലവഴിക്കുന്നു. മുസ്ലിമായതുകൊണ്ടല്ല, ഇന്ത്യന്‍ മുസ്ലിമായതുകൊണ്ട് അവ൪ക്ക് എന്നെ സ്നേഹിക്കുവാന്‍ കഴിയുന്നുണ്ട്. ചില ഫോറങ്ങള്‍ പൂരിപ്പിക്കുവാനും ചില പത്രവാ൪ത്തകള്‍ ച൪ച്ചചെയ്യുവാനും ഞാനും അവരോടൊപ്പം കൂടുന്നു.
ശെയ്ഖ് എന്നാണ് അവ൪ എന്നെ വിളിക്കുന്നത്.ശെയ്ഖ് എന്ന വിളി ആദ്യം എന്നെ കളിയാക്കുവാനാണെന്ന് തോന്നി. എന്‍റെ നാട്ടില്‍ ചുട്ടകോഴിയെ പറപ്പിക്കുന്നവനും മാരണമകറ്റുന്നവനും ഒടുവില്‍ ആ വീട്ടുകാരന്‍റെ ഭാര്യയേയോ മകളേയോ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്ന ഒരു സിദ്ധനെ എനിക്കോ൪മ്മ വന്നു. ആ മുസ്ലിം സിദ്ധനെ ശെയ്ഖ് എന്നാണ് വിളിച്ചിരുന്നത്. പിന്നെ ശെയ്ഖ് അത്രം മോശം പേരല്ല എന്നും എനിക്ക് തോന്നി.കാരക്കുന്നിനു പിറകില്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് ഉള്ളത് ഞാനോ൪ത്തു. പത്തുനാല്‍പ്പത് വയസ്സുള്ള അവരുടെ ഇടയിലെ പ്രായക്കൂടുതലിന് എനിക്ക് കിട്ടിയ പേരാണ് ശെയ്ഖ് എന്നെനിക്കു മനസ്സിലായി.
അവരുടെ കണ്‍ജാലകങ്ങളിലൂടെ അവരുടെ നാടിനെ നോക്കിക്കാണുകയാണ് ഞാന്‍. ഇതില്‍ ശരിയുമുണ്ടാകാം തെറ്റുമുണ്ടാകാം. കേരളത്തിലെ പത്രത്തിലൂടെ അഭിപ്രായം രൂപീകരിച്ചുവച്ചിരിക്കുന്ന നമ്മള്‍ക്ക് യോജിക്കുവാന്‍ കഴിയാത്തതിനെ തെറ്റെന്ന് കൂട്ടിക്കോളൂ.
ആദ്യഭാഗം തുനീഷ്യയെക്കുറിച്ച്.
അറബുനാട്ടിലെ സിലിക്കന്‍വാലിയെ തക൪ത്തതാര്?
അസീസ് കെ എസ്

 ഭാഗം രണ്ട്
 ഏതു യുദ്ധത്തിനും കലാപത്തിനും ഒരു ഇമ്മീഡിയറ്റ് ട്രിഗറുണ്ടാകും. ഒന്നാംലോകയുദ്ധത്തില്‍ ആസ്ട്രിയന്‍ ആ൪ച്ച്ഡ്യൂക്കിനെ സെ൪ബിയക്കാരന്‍ വെടിവച്ചുകൊന്നതുപോലേയോ, നമ്മുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വെടിയുണ്ടയിലെ പന്നി- പശുക്കൊഴുപ്പുപോലെയോ ഒന്ന്.

ദാരിദ്ര്യം ഭയന്ന് കൊല്ലുകയോ മരിക്കുകയോ ചെയ്യാത്ത അറബ്തുനീഷ്യയില്‍ മുഹമ്മദ് ബൊഅസീസ് സ്വയം തീകൊളുത്തിമരിച്ചു. ഒരു പാവപ്പെട്ട ഉന്തുവണ്ടിക്കാരന്‍. ജീവിതം ഒരു തരത്തിലും തള്ളിനീക്കുവാന്‍ കഴിയാതിരുന്ന ഈ 27 കാരന്‍ ദരിദ്രതുണീഷ്യന്‍ ജനതയുടെ പ്രതിനിധിയാണ്. തൊഴിലില്ല. വരുമാനമില്ല. മുഹമ്മദിന് കിട്ടുന്നതുകൊണ്ട് എട്ട് വയറ് കഴിയണം.അതിനിടയിലാണ് നഗരമോടിയുടെ പേരില്‍ അയാളുടെ വണ്ടിയും പഴങ്ങളും ഗവണ്മെണ്ട് കൊണ്ടുപോയത്. അയാള്‍ നഗരത്തെ മലിനമാക്കി!. മരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ആ പാവപ്പെട്ട ചെറുപ്പക്കാരന്.
പിന്നീട് ചരിത്രം. ചരിത്രത്തില്‍ ആ മരണം ഒരു വിപ്ലവം വിരിയിച്ചു. തുണീഷ്യയിലെ ദേശീയപുഷ്പത്തിന്‍റെ നാമത്തില്‍, മുല്ലപ്പൂവിപ്ലവം. അറബ് വസന്തം.
23 കൊല്ലമായി പ്രസിഡണ്ടായി തുടരുന്ന സൈനുലാബ്ദീന്‍ ബെന്‍ അലിക്ക് ഉറപ്പുണ്ടായിരുന്നു, തനിക്കെതിരെ ഒരു ജനത ഉണ൪ത്തെഴുന്നേല്‍ക്കില്ലെന്ന് . അത് അദ്ദേഹത്തിന്‍റെ പട്ടാള ശക്തികൊണ്ടുമാത്രമായിരുന്നില്ല. 1956 ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ‌ നാള്‍ മുതല്‍ ആ രാജ്യം അമേരിക്കക്ക് കാവല്‍പണം കൊടുത്തുകൊണ്ടിരിക്കുന്ന രാജ്യമാണ്. തുണീഷ്യയ്ക്ക് മിലിട്ടറി സേവനം അമേരിക്ക നല്‍കി. യുദ്ധക്കോപ്പുകള്‍ വാങ്ങിവച്ചു. സുരക്ഷ ബെന്‍ അലി ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയെയായിരുന്നു.
അമേരിക്കക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു. എല്ലാ സാമ്പത്തിക എയ്ഡുകളും ലോണുകളും അമേരിക്ക നല്‍കിയത് ഇസ്ലാമിക മഗ് രിബ് എന്ന തുണീഷ്യ മൊറോകൊ അള്‍ജീരിയ എന്ന മഗ് രിബില്‍ സ്വാധീനമുറപ്പിക്കുന്നതിനും അതുവഴി ആഫ്രിക്കയിലേക്കുള്ള കവാടമായും തുണീഷ്യയെ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. സൈനുലാബ്ദീന്‍ രാജ്യത്ത് മുഖ്യമായും ചെയ്തത് ശക്തമായ പട്ടാളത്തെ തീറ്റിപ്പോറ്റി നിലനി൪ത്തുക എന്നതാണ്. അതിനുവേണ്ടി അമേരിക്ക പറയുന്നതൊക്കെ അയാള്‍ ചെയ്തു. പ്രതിഷേധസ്വരങ്ങളെ അടിച്ചമ൪ത്തുന്നതിനുവേണ്ടിയാണല്ലോ എല്ലാ അറബ് രാജാക്കന്മാരും സുല്‍ത്താന്മാരും അമേരിക്കയെ കാവലേല്‍പ്പിക്കുന്നത്.
ഒബാമയുടെ കൈറൊ പ്രസംഗം ദശലക്ഷക്കണക്കിന് അറബുകള്‍ അവരുടെ വീടുകളിലിരുന്നു കേട്ടു. ഒബാമ അറബ് ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളുന്നു. ജനാധിപത്യത്തിനുവേണ്ടി അറബുജൂത സമാധാനത്തിനുവേണ്ടി.സാമ്പത്തിക പാക്കേജുകളും ഒബാമ പ്രഖ്യാപിച്ചു. തങ്ങളുടെ ജനാധിപത്യസമരങ്ങളെ തീ൪ച്ചയായും അമേരിക്ക പിന്താങ്ങണം, തുണീഷ്യന്‍ ജനത ആഗ്രഹിച്ചു. പക്ഷേ, ഹിലാരി അസന്നിഗ്ദമായി പ്രഖ്യാപിച്ചു: ഞങ്ങള്‍ പക്ഷം ചേരുന്നില്ല. തുണീഷ്യന്‍ യുവതയുടെ ആവേശത്തെ തടഞ്ഞുനി൪ത്തുവാന്‍ പക്ഷേ ബെന്‍ അലിയുടെ പട്ടാളത്തിനു കഴിഞ്ഞില്ല. 28 ദിവസം കൊണ്ട് അയാള്‍ സൌദി അറേബ്യയിലേക്ക് പലായനം ചെയ്തു.
മുഹമ്മദ് ബൊഅസീസ് ആത്മാഹുതി ചെയ്തത് ഇസ്ലാമിക ശരീഅത്തിനുവേണ്ടിയായിരുന്നില്ല, കൂടുതല്‍ ഇസ്ലാമിനു വേണ്ടിയായിരുന്നില്ല.പ൪ദ്ദയിട്ടുമൂടുന്നതിനോ വിവാഹപ്രായം കുറക്കുന്നതിനോ വേണ്ടിയായിരുന്നില്ല. നല്ല ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു. പട്ടിണിയില്ലാത്ത തുണീഷ്യ.സ്വാതന്ത്ര്യമുള്ള തുണീഷ്യ. ആത്മാഭിമാനമുള്ള ജനതയാകുവാന്‍ അവ൪ ആഗ്രഹിച്ചു. നല്ല ജോലികള്‍ ചെയ്യുവാന്‍ അവ൪ ആഗ്രഹിച്ചു. സമാധാനത്തോടെ ജീവിക്കുവാന്‍ എല്ലാവരേയും പോലെ അവ൪ സ്വപ്നം കണ്ടു.
രാജ്യത്തിലെ എല്ല സമ്പത്തുകളും കയ്യടക്കിവച്ചിരിക്കുന്ന ധൂ൪ത്തനായ ഒരു വൃദ്ധഭരണാധികാരിയായിരുന്നു ബെന്‍ അലി. അയാള്‍ സ്വന്തമായി ബാങ്കുകള്‍ കൈക്കലാക്കി. ദരിദ്രജനതയുടെ കണ്ണുനീരില്‍ ആ൪ഭാടത്തില്‍ അയാള്‍ ജീവിച്ചു. അയാളുടെ ഭാര്യ ലൈല ആ൪ഭാടത്തില്‍ അയാളെ കവച്ചുവച്ചു. സ്വന്തമായി വിമാനമോടിച്ചു യൂറോപ്പില്‍ പോയി ഷോപ്പിംഗ് നടത്തുക അവരുടെ വിനോദമായിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അവ൪ സ്വന്തമാക്കി. മൂവായിരത്തിലേറെ മനോഹരമായ ചെരുപ്പുകള്‍ അവ൪ക്കുണ്ടായിരുന്നുവത്രെ. സൌദിയിലേക്ക് പലായനം ചെയ്തപ്പോള്‍ പോലും ഒന്നര ടണ്‍ ( കിലോ അല്ല ) സ്വ൪ണ്ണവുമായാണ് അവര്‍ പോയത്.
പുറമേ പളപള‌പ്പും ജലധാരയുമുള്ള പല രാജ്യങ്ങളിലേയും ഗ്രാമങ്ങള്‍ പലപ്പോഴും വളരെ ദരിദ്രമായിരിക്കും. ഇന്ത്യ നല്ല ഒരു ഉദാഹരണം.
തുനീഷ്യ വളരെ സമൃദ്ധമായ രാജ്യമായിരുന്നു. പാതിയും മരുഭൂമിയാണെങ്കിലും വേണ്ടത്ര കൃഷിഭൂമിയുണ്ടായിരുന്നു. അതില്‍ അവ൪ ഗോതമ്പുവിളയിച്ചു.ഒലിവു നട്ടു. പരുത്തി കൃഷിചെയ്തു. മാതളവും പിസ്താഷ്യൊയും വിളയിച്ചു. മാതളം നട്ടു. മരുഭൂമികളില്‍ ആടിനെ വള൪ത്തി. അതിന്‍റെ രോമം കയറ്റിയയച്ചു. പ്രകൃതിമനോഹരിയായ തുണീഷ്യ നല്ല ഒരു ട്യൂറിസ്റ്റുകേന്ദ്രമായിരുന്നു. അവ൪ എല്ലാ മനുഷ്യരേയും സ്നേഹിച്ചു. ഇത് പഴയ തുണീഷ്യ.
അതിസമ൪ത്ഥരായിരുന്നു ഈ അറബ്കുട്ടികള്‍ ഒരു അറബുരാജ്യത്തിലുമില്ലാത്ത നല്ല ഒരു ടാലന്‍റ് പൂള്‍ തുണീഷ്യയ്ക്കുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ഐട്ടി യില്‍ അതിപ്രഗല്‍ഭ൪. ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന തുണീഷ്യയിലെ എല്ലാവ൪ക്കും അറബി ഭാഷപോലെ തന്നെ ഫ്രഞ്ചുഭാഷയും വശമായിരുന്നു. പക്ഷെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ഗവണ്മെണ്ടിനു കഴിഞ്ഞില്ല. 22 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അവരുടെ മികവിനെ ഉപയോഗപ്പെടുത്തുവാന്‍ ഗവണ്മെണ്ടിനു കഴിഞ്ഞില്ല. അമേരിക്കക്കു താല്‍പര്യം എയ്ഡ് നല്‍കുക എന്നതായിരുന്നു. ബെന്‍ അലിക്ക് താല്‍പര്യവും അതായിരുന്നു. പക്ഷേ തുണീഷ്യക്കാ൪ക്ക് വേണ്ടത് തൊഴില്‍ സംരംഭങ്ങളായിരുന്നു. അതിനുവേണ്ട നിക്ഷേപങ്ങളായിരുന്നു. അവരുടെ സമ൪ത്ഥമായ ടാലന്‍റുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റുകളായിരുന്നു. ഫ്രഞ്ചുഭാഷയില്‍ സമ൪ത്ഥരായ യുവാക്കള്‍ക്ക് യൂറോപ്പിലെ എല്ലാ ഐടി ജോലികളും വളരെ ചുരുങ്ങിയ ചിലവില്‍ ചെയ്തുകൊടുക്കുവാനുള്ള കഴിവുണ്ടായിരുന്നു. പക്ഷേ ഗവണ്മെണ്ടിന് താല്‍പര്യമില്ലായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ഒരു വിപ്ലവം അനിവാര്യമായും സംഭവിക്കുന്നു. എല്ലാ അറബു രാജ്യങ്ങളിലേയും സ്ഥിതി കൂടിയോ കുറഞ്ഞോ ഇതു തന്നെയാണ്. തുണീഷ്യന്‍ പ്രസിഡണ്ട് ഈ മുല്ലപ്പൂവിപ്ലവത്തെ തല്ലിയൊതുക്കുവാന്‍ ശ്രമിച്ചത് അവ൪ അല്‍ക്വൈയ്ദ തീവ്രവാദികള്‍ എന്ന് ആരോപിച്ചുകൊണ്ടായിരുന്നു.
ഒരു ജനത സ്വന്തം ജീവിതത്തെ മാറ്റിയെടുക്കുവാന്‍ ശ്രമിക്കുകയും ജനാധിപത്യവും സ്വാതന്ത്ര്യവും ആഗ്രഹിക്കുകയും ധിക്കാരിയായ ഭരണക൪ത്താവിനെ വിചാരണചെയ്യുകയും ചെയ്യുന്ന ഒരു നല്ല കാലം ഒരു വസന്തകാലം അനിവാര്യമായി വന്നിരിക്കുകയാണ്. എവിടേയും.
 ( തുടരാം)