Sunday, December 23, 2012

Holy Mother Sarada Devi on Nama Japa

Holy Mother Sri Sarada Devi, wife of Sri Ramakrishna Paramhansa, on Nama Japa.
Translation by Azeez KS

നാമജപത്തിനും ധ്യാനത്തിനും അമ്മ ശാരദ ദേവി വളരെ പ്രാധാന്യം നല്‍കിയിരുന്നു.
നാമജപം മനസ്സിനെ ശുദ്ധമാക്കുന്നു.ഹൃദയം ശാന്തമാക്കുന്നു.ധ്യാനത്തിലേക്ക് നയിക്കുന്നു.
ധ്യാനം തുടക്കക്കാ൪ക്ക് അല്പം ക്ലേശകരമാണ്.മനസ്സ് ഏകാഗ്രമാക്കുക എന്നത് ഉറഞ്ഞമണ്ണ് കിളക്കുന്നതിനേക്കാള്‍ കഠിനമാണെന്ന് അമ്മ പറയുന്നു.മന:ശുദ്ധിയും ശരീരശുദ്ധിയുമില്ലാതെ ആ൪ക്കും നല്ല രീതിയില്‍ ധ്യാനിക്കുവാന്‍ കഴിയുകയില്ല.നാമജപവും ധ്യാനവും കൂടിച്ചേരണം.

ഒരു ചെടി അതിന്‍റെ വിത്തില്‍ അടങ്ങിയിരിക്കുന്നതുപോലെ ഭഗവാന്‍ അവന്‍റെ നാമത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് അമ്മ പറയാറുണ്ട്.ഒരു ശുദ്ധാത്മാവ് നാമജപത്തിലാകുമ്പോള്‍ വിശുദ്ധനാമങ്ങള്‍ കുമിളകള്‍ എന്നപോലെ അനായാസമായി ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്നു.കാ൪മേഘത്തെ കാറ്റ് അകത്തുന്നതുപോലെ നമ്മുടെ ഹൃദയകാ൪മേഘങ്ങള്‍ നാമജപത്താല്‍ മായുന്നു.

ആയിരക്കണക്കിന് പ്രാവശ്യം നാമം ചൊല്ലിയാല്‍ ആരുടേയും മനസ്സ് ശാന്തമാകും.ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്.അ൪പ്പണത്തോടേയും ഭക്തിയോടേയും നാമം ജപിക്കണം. ഫലം ഉറപ്പ്. അ൪പ്പണബോധത്തോടെ അത് ചെയ്യാതെ എനിക്ക് ഫലം കിട്ടിയില്ല എന്ന് പരാതി പറയരുത്.നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യുക, മനസ്സ് നല്ല നിലയില്‍ വരും.ജപം, ധ്യാനം, പ്രാ൪ത്ഥന ഇവയൊക്കെ നിത്യവും ചെയ്യണം.പ്രഭാതത്തിലും സന്ധ്യയിലും ഇത് ചെയ്യുന്നതാണ് നന്ന്.ഇഷ്ടദേവതയുടെ മുമ്പിലിരുന്ന് ധ്യാനം ചെയ്യാം.

മനസ്സ് ഒരു കുരങ്ങനെപ്പോലെ തലങ്ങും വിലങ്ങും ചാടുന്നു.മനസ്സ് കേന്ദ്രീകരിക്കുവാന്‍ കഴിയുന്നില്ല. ജപത്തിലൂടെ അത് ദൈവത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

"മനസ്സ് എന്തേ ശാന്തമാകാത്തത്?" ഒരു ഭക്തന്‍ അമ്മയോട് ചോദിക്കുന്നു. "ദൈവത്തെ സ്മരിക്കുമ്പോള്‍ എന്‍റെ മനസ്സ് ലോകവസ്തുക്കളിലേക്ക് പായുന്നു."

മനസ്സ് ലോകവ്യാപാരങ്ങളില്‍ മുഴുകുമ്പോള്‍ ദൈവസ്മരണ നഷ്ടമാകുന്നുവെന്ന് അമ്മ പറഞ്ഞു.ധ്യാനത്തില്‍ ഏകാഗ്രത കിട്ടുന്നില്ലെങ്കില്‍ അവ൪ നാമ‌ജപം ചെയ്യട്ടെ.നാമജപം ധ്യാനത്തിലേക്ക് വഴി തുറക്കുന്നു.ധ്യാനത്തിലേക്ക് മനസ്സിനെ ബലപ്രയോഗത്താല്‍ അടുപ്പിക്കാതിരുന്നാല്‍ മാത്രം മതി.

ചിട്ടയായും കൃത്യമായും സാധകം ചെയ്യണം.മനസ്സ് ശാന്തമാകുന്ന ചില ശുഭനിമിഷങ്ങളുണ്ട്. അത് ഏതെന്ന് നമുക്കറിയില്ല.പെട്ടെന്നൊരു ദിവസം ആ ശുഭനിമിഷം കടന്നുവരുന്നു.