Saturday, December 29, 2012

Alcoholics Anonymous

ഒരു രസത്തിന് ഒരു പെഗ്ഗടിക്കുന്ന എല്ലാ കുടിയന്മാ൪ക്കും 'കുടിച്ചികള്‍ക്കുമായി' തെരേസജേക്കബ്സ് സ്റ്റിവെട്സിന്‍റെ ഈ ആത്മകഥാവിഷ്കാരം ഞാന്‍ സമ൪പ്പിക്കുന്നു.


തിങ്കളാഴ്ചയിലെ എല്ലാ സന്ധ്യകളിലും മെനിസോഡയിലെ ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്‍റ്റില്‍ ഞങ്ങള്‍ സമ്മേളിക്കുന്നു.
വളരെ ലളിതമായ ആ മുറി മെഴുകുതിരി പ്രകാശത്താല്‍ ശോഭപരത്തുന്നു.ധൂമത്തിന്‍റെ സുഗന്ധം. ഓക്കുമരങ്ങള്‍ വിരിച്ച തറയില്‍ ഞങ്ങള്‍ ഇപ്പോള്‍ ശാന്തമായിരിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങള്‍ പലതാണ്:ഡ്രഗ്സ്, ആള്‍ക്കഹോള്‍,അമിതഭക്ഷണം,ചൂതാട്ടം, സിഗററ്റ്...

നിങ്ങളും ആ കൂട്ടത്തിലാണോ?
സ്വാഗതം.


ഞങ്ങള്‍ ഈ നിമിഷങ്ങളില്‍ ജീവിതത്തിന്‍റെ നഷ്ടപ്പെട്ടുപോയ ആനന്ദം വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ്.
ജീവിക്കുന്നുവെന്ന ഓ൪മ്മയിലെ മഹത്തായ ആ ആനന്ദം.


ഞാന്‍ കണ്ണുതുറന്നു. ഐസൊലേഷന്‍ വാ൪ഡിലാണ്.
ഡോക്റ്റ൪ പരിശോധന കഴിഞ്ഞു.

എനിക്കെന്തു പറ്റി?
നിങ്ങള്‍ രോഗിയാണ്?
എന്നെ സുഖപ്പെടുത്തുവാന്‍ കഴിയുമോ?
ഞാന്‍ ശ്രമിക്കുന്നു.


104 ഡിഗ്രി പനി കുറക്കുവാന്‍ എന്നെ ഐസ്കിടക്കയില്‍ കിടത്തിയിരിക്കുകയാണ്.ഞാന്‍ ഡ്രഗ് അടിക്കാറുണ്ടോ എന്ന് ആ വൃദ്ധനായ ഡോക്റ്റ൪ എന്നോട് ചോദിച്ചില്ല.ഒരു വാക്ക് ഞാന്‍ പറഞ്ഞുമില്ല.ആ സ്പീഡ് അടിച്ചതുകൊണ്ടാകുമോ ഞാന്‍ കുഴഞ്ഞുവീണത്, ഞാനോ൪ത്തു.

ഓ൪മ്മകള്‍ ആ കിടക്കയില്‍ പറന്നുനടന്നു.രണ്ടര വ൪ഷക്കാലം നിത്യവും അതിന്‍റെ ഉപയോഗം. പൈസ കിട്ടാതായപ്പോള്‍ തെരുവുപൊടിയില്‍ അഭയം.മൂന്നു ജോലികള്‍ എനിക്ക് ചെയ്യേണ്ടിവന്നു.വാടകക്കും കോളേജ് ഫീസ് അടക്കുവാനും മറ്റും.എല്ലാം എനിക്കു കഴിയുമായിരുന്നു.ആംഫിറ്റാമിന്‍റെ തിളപ്പിക്കുന്ന ആനന്ദത്തില്‍. ഞാന്‍ നല്ല ആത്മവിശ്വാസം വീണ്ടെടുത്തു.

ഞാന്‍ വരുന്നത് ഐറിഷ് കുടിയന്മാരുടെ തലമുറയില്‍ നിന്നാണ്.നാലു തലമുറ കുടിയന്മാരെയെങ്കിലും കുറഞ്ഞത് എനിക്കറിയാം.എന്‍റെ മുത്തച്ചന്‍ ഐ൪ലന്‍റ് വിടാതിരുന്നത് പോകുന്നിടത്ത് നല്ല വാറ്റ് കിട്ടുമോ എന്ന ശങ്ക കൊണ്ടുമാത്രമല്ല, മുന്‍ കുടിയന്മാരായ പിതാക്കന്മാരുടെ കുഴിമാടങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്.

ഇതാണെന്‍റെ വംശവൃക്ഷം:അപമാനകരമായ ഒരു കുടുംബവൃക്ഷം.നിറയെ വേദനകള്‍ നിറഞ്ഞത്.ഏകാന്തത. അപമാനം.ഹിംസാത്മകം.
ഞങ്ങളുടെ ഡിഎന്‍എ നശിയുവാന്‍ വേണ്ടി വയ൪ ചെയ്യപ്പെട്ടതാണെന്ന് തോന്നാറുണ്ട്.പാതി കുടുംബം ഈ നാട്ടിലും പാതി അവിടേയും കുടിയന്മാരായി തുടരുന്നു.


ഒരിക്കല്‍ ഞാനും എന്‍റെ സഹോദരിമാരും ഞങ്ങളുടെ അച്ഛനെ കുടിനി൪ത്തല്‍ ചികിത്സക്ക് കൊണ്ടുപോയി.അത് പതിനൊന്നാമത് വട്ടമായിരുന്നു.പച്ചപ്പാതിരയ്ക്ക് ആനി ഫോണില്‍ വിളിക്കുന്നു.ഭയപ്പെട്ട് അവള്‍ കരയുകയാണ്:

"ഡാഡി വാതിലിലിടിക്കുന്നു;ലോക്ക് ഇപ്പോള്‍ തുറയുമെന്ന് തോന്നുന്നു. എന്നെ തെറിവിളിക്കുകയാണ്.അമ്മ ട്രാന്‍ങ്ക്ലൈസ‍റിന്‍റെ മയക്കത്തില്‍ സുഖമായി അപ്പുറത്തെ മുറിയിലാണ്."
പതിവു കഥ.

ലഹരി കയറിക്കഴിയുമ്പോള്‍ അയാള്‍ അപകടകാരിയാകുന്നു. ഇറങ്ങിയാലോ രസികനും വളരെ നല്ല സ്നേഹമുള്ളവനും.

ഞാന്‍ എന്‍റെ കുട്ടിക്കാലം ഓ൪ക്കുന്നു.എനിക്ക് പത്തു വയസ്സായതേയുള്ളു. സിസിലിക്കും ജോയിക്കും ഭക്ഷണം കൊടുക്കേണ്ട ചുമതല എനിക്കായി.വലിയ ജോലിയൊന്നുമല്ലത്.സ്വാന്‍സന്‍ ചിക്കന്‍ പോട് പൈയും പോള്‍സ് ഫ്രോസന്‍ ഫിഷ് സ്റ്റിക്സും ഓവനില്‍ ചൂടാക്കുകയേ വേണ്ടൂ.മമ്മിയും ഡാഡും ഞങ്ങളോടൊപ്പമുണ്ടാകാറില്ല.അവ൪ പുറത്ത് തിന്നുന്നു.ചൂടന്‍ സ്റ്റീക്കും വേണ്ടത്ര ലിക്കറും അവിടെ കിട്ടുന്നു.

പാതി കാത് കൂ൪പ്പിച്ചാണ് ഞാനുറങ്ങുന്നത്.കാ൪ എഞ്ചിന്‍ ഓഫാക്കിക്കഴിയുമ്പോള്‍ അവരുടെ കലമ്പലുകള്‍ കേള്‍ക്കാം.തെറിവിളിയും കസേരയെറിയലും കബോഡ് ഉടക്കലും പ‌തിവാണ്.സിസിലിയെ മുടിക്കുത്തിന് വ‌ലിക്കുന്ന‌തും ചില‌പ്പോള്‍ മ‌മ്മിയെ വ‌യ‌റ്റില്‍ തൊഴിക്കുന്ന‌തും ഞാന്‍ ക‌ണ്ടിട്ടുണ്ട്.

ഇതുക‌ണ്ടു വ‌ള൪ന്ന‌, ഒരിക്ക‌ലും അമ്മ‌യേയും അച്ഛ‌നേയും പോലെ ആകില്ലെന്നു വിശ്വ‌സിച്ചിരുന്ന‌ ഞാന്‍ എങ്ങിനെ ഈ നില‌യിലെത്തി?
എല്ലാ രോഗ‌ങ്ങ‌ള്‍ക്കുമ‌ടിമ‌യായി, അള്‍സ൪ വേദ‌ന‌യില്‍ പിരിഞ്ഞ്,മൈഗ്രേന്‍ ത‌ല‌വേദ‌ന‌യില്‍ പുള‌ഞ്ഞ്, ദു:ഖ‌ത്തിലും ഭ‌യ‌ത്തിലും ജിജ്ഞാസ‌യിലും ഏകാന്ത‌ത‌യിലും...
ഇരുട്ടിനെ സ്നേഹിച്ച്, മ‌നുഷ്യ‌രില്‍ നിന്ന് ഓടിയ‌ക‌ന്ന്...
ഈശ്വ‌രാ....
ഇത് ഞാന്‍ ത‌ന്നെയോ?


(From Mindfulness and the 12 steps by Teresa Jacobs-Stewart).