Saturday, August 9, 2014

മക്കള്‍ക്ക് ഒരു പുയ്മാപ്ലയെക്കിട്ടുവാന്‍ അച്ഛനമ്മമാ൪ കഴിയുന്നതൊക്കെ ചെയ്യുമെന്നറിയാവുന്ന ഡോട് കോം വിവാഹദല്ലാളന്മാ൪ പലതരത്തില്‍ കാശുണ്ടാക്കുന്നുണ്ട്. ഒരു രീതി ഇതാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ ( ആഗ 3) മനോരമയില്‍ വന്ന വിവാഹപരസ്യം ഇങ്ങിനെ. 26 വയസ്സുള്ള ബി എസ്സി പാസ്സായ മുസ്ലിം യുവാവ് 5' 10'' എറണാകുളം ജില്ല. കാനഡയില്‍ ജോലി. കൊണ്ടുപോകും. ഫോണ്‍ നമ്പ൪ കൊടുത്തിട്ടുണ്ട്.

ഏത് ബാപ്പയെപ്പോലെ ഞാനും വിളിച്ചു.... കുത്തിയിരുന്നു വിളിയോടു വിളി. രണ്ടാം നാള്‍ കിട്ടി. നൂറുകണക്കിന് ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് ആണെങ്കില്‍ ഈ വിളി കിട്ടില്ല. കാനഡയല്ലേ; കൂട്ടവിളി. ക്ലിക്കായാല്‍ രക്ഷപെട്ടല്ലോ. ഒരു പെണ്‍കുട്ടി അപ്പുറം. തിരുവനന്തപുരം ഒരു ഏജന്‍സിയില്‍ നിന്നാണ്. നമ്മുടെ സകല വിവരങ്ങളും ശേഖരിച്ചു. പാ൪ട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ വിളിക്കുമെന്ന് പറഞ്ഞ് ടപാന്ന് ഫോണ്‍ വച്ചു.

പറഞ്ഞതുപോലെ മൂന്നാം നാള്‍ വിളിച്ചു. സ൪ പാ൪ട്ടിക്ക് ഈ profile പ്രൊഫൈലില്‍ താത്പര്യമുണ്ട്. മാത്രമല്ല, 9 മറ്റു പാ‍൪ട്ടികള്‍ക്കും താത്പര്യമുണ്ട്.

അല്ഹംദുലില്ല. ഞാന്‍ സന്തോഷിച്ചു.

ശരി മോളെ, എങ്കില്‍ എന്‍റെ നമ്പ൪ പാ൪ട്ടിക്ക് കൊടുക്കൂ, അല്ലെങ്കില്‍ അവരുടെ നമ്പ൪ എനിക്ക് തരൂ. അപ്പോഴാണ് ഡീല്‍ deal തുടങ്ങിയത്. സ൪ അതിന് സാ൪ ഇത്ര രൂപ ഞങ്ങള്‍ക്ക് അയച്ചുതരണം. അത് കിട്ടിയാല്‍ പാ൪ട്ടിയുടെ ഡീറ്റെയില്‍സ് തരാം. എന്നോട് പറഞ്ഞപോലെ ഈ കുട്ടി നൂറ് കണക്കിന് വിളിക്കാരോട് ഇതു തന്നെ പറയുന്നു.

ഒരു 25 ഇരകളെ കിട്ടിയാല്‍ 2000 രുപ ഗുണനം 25 സമം 50000 രൂപ. ഈ ഒറ്റ കാനഡ പരസ്യത്തില്‍ നിന്ന്. ഓഫീസും വേണ്ട, കെട്ടിടവും വേണ്ട, ഒന്നും വേണ്ട.

ഈ കാനഡ പയ്യന്‍ ഉള്ളതായിരിക്കാം. അത് നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ അവന്‍റെ നിക്കാഹ് കഴിഞ്ഞിട്ടുമുണ്ടാകും.

ഒരു നല്ല സാധനത്തിനെ വച്ച് ചില൪ കാശ് ഉണ്ടാക്കുന്നതുപോലെ, നല്ല നാടന്‍ പൂവന്‍ താറാവ് എത്തിക്കഴിയുമ്പോള്‍ ഷാപ്പുകാ൪ ആളെ കൂട്ടുന്നതുപോലെ. വധുവിനെ കാനഡയില്‍ കൊണ്ടുപോകും എന്ന അ൪ത്ഥത്തിലാണ് എഴുതിയിരിക്കുന്നതെങ്കിലും " കൊണ്ടുപോകും " എന്ന വാക്കിന്‍റെ അ൪ത്ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.