Saturday, July 13, 2013

നാലാമത് പിറന്ന മകള്‍

നാലാമത് പിറന്ന മകള്‍
azeez ks

അകന്നു നില്‍ക്കൂ എന്നില്‍ നിന്നും
മുന്‍ക൪-നകീ൪ മലക്കുകളേ
കനത്ത ദു:ഖത്തോടെ വിളിച്ചുപറയുന്നു
ഈ പുതുഖബ൪.

നിന്‍റെ മൂന്നുചോദ്യമെറിയുന്നതിനുമുമ്പ്
എന്‍റെ ചോദ്യം നീ കേള്‍ക്കുക:
... ഈ ഉണ്ണിയുടെ പ്രാണനെടുത്തതെന്തിന്?

അകന്നു നില്‍ക്കൂ
മൂന്നു സന്തോക്ക് ദൂരം
നിനക്കെന്തിന് മണ്ണായ് മാറുന്ന
ഈ ഇളംപൈതല്‍

ഏഴാം നാളിനു മുമ്പ്
അഖീഖയ്ക്കുഴിയപ്പെട്ട ബലിമൃഗം
ആണ്‍തരിയെക്കാത്ത്
കുറ്റിയില്‍ മുറുകിക്കുരുങ്ങവെ
നീ എന്‍റെ പ്രാണനെടുത്തു

നന്ദി.

എന്‍റെ മരണം കൊണ്ട് ഞാനൊരു
ബലിമൃഗത്തെ മോചിപ്പിച്ചുവല്ലോ.
ഈ ഒരൊറ്റ നന്മ എന്‍റെ തുലാസ്സിനെ
കനത്തതാക്കുന്നു.

അകന്നുനില്‍ക്കൂ

ജനനം ആനന്ദമോ?
ഞാന്‍ കേട്ടതു വിലാപങ്ങള്‍ മാത്രം
നാലാമതും പെണ്ണായി പിറന്നവള്‍
മാതാവിന്‍റെ ശപിക്കപ്പെട്ട മകള്‍.

"ഇതാണ്‍കുട്ടി തന്നെ"
ഉമ്മയുടെ ചെറിയവയ൪ കണ്ട് ബാപ്പ പറഞ്ഞു
നാലാം കാലിലെ ആണ്‍കുട്ടി
ഉമ്മ ചിരിക്കുന്നു:
കുറുമ്പന്, കുത്തിമറിയുന്നവന്.‍

നന്ദി ദൈവമേ
എന്‍റെ മരണത്തിന്
ദു:ഖമൊഴിയട്ടെ.
എനിക്കുവേണ്ടി ഈ ബലിമൃഗം
തിരിച്ചുകിട്ടിയ അതിന്‍റെ പ്രാണന്
നന്ദി പറയുന്നുവല്ലോ.

മഴയുടെ കാട്ടാള ശബ്ദമടങ്ങിയിരിക്കുന്നു
പുതുമണ്ണിട്ടുമൂടിയ ഖ‌ബ൪ കുതി൪ന്നിരിക്കുന്നു.
എല്ലാവരും പിരിഞ്ഞുവോ?
ഇനി ഞാന്‍ തുടരട്ടെ
എന്‍റെ യാത്ര‌
ആനന്ദകരമായ എന്‍റെമാത്രം യാത്ര‌

വഞ്ചിക്കാരാ കെട്ടഴിക്കുക‌
കാറ്റില്‍ പായ വിട൪ത്തുക.