Sunday, July 21, 2013

കാല്‍ഗറി രഥയാത്ര 2013

കാല്‍ഗറി രഥയാത്ര 2013
Azeez KS

കാല്‍ഗറി രഥയാത്ര 2013 ഇന്നായിരുന്നു(July 20). പ്രോഗ്രാം നോട്ടിസ് പോസ്റ്റുചെയ്തിരുന്നുവല്ലോ. ആരെങ്കിലും പങ്കെടുത്തുവോ? സീമരാജീവിന്‍റെ കലാനികേതന്‍ സ്കൂളിന്‍റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ഇന്നലെ ഈ രഥയാത്ര മറ്റൊരു സംസ്ഥാനത്തിലെ റെജൈന എന്ന സ്ഥലത്തായിരുന്നു. അടുത്ത വാരം അത് എഡ്മണ്ടനിലേക്ക് നീങ്ങുന്നു.

രഥമുരുളുന്നു. ശാന്തിമന്ത്രവുമായി, ജഗന്നാഥസ്തുതികളുമായി. സകലലോകത്തി...നും ശാന്തിനേ൪ന്നുകൊണ്ട്.

കാല്‍ഗറിയിലെ ഏറ്റവും വ൪ണ്ണശബളമായ വീഥിയാണ് എയ്റ്റ്ത് ആവന്യു എന്ന സ്റ്റീവന്‍സ് ആവന്യു. ഒട്ടേറെ ചരിത്രഘോഷ‌യാത്രകള്‍ നടന്ന രാജവീഥയാണിത്.ബ്രിട്ടീഷ് രാജ്ഞി കുതിരപ്പുറത്ത് 1915 ലെ സ്റ്റാമ്പീഡ് ഘോഷയാത്ര നടത്തിയ ഒരു ചിത്രം കാണാം.ഇന്ന് ആ ആവന്യുയില്‍ നല്ല തിരക്കായിരുന്നു. നല്ല വെത൪. ഇരുവശവും ബാറുകള്‍ സജീവം. അതിനിടയ്ക്ക് ഒരു മദാമ്മക്കല്യാണം.പുസ്തകം വായിച്ചിരിക്കുന്നവ൪, വായനോക്കിനടക്കുന്നവ൪, ഒരു പൈന്‍റിന് പൈസയില്ലാതെ കൈനീട്ടുന്ന ഒറിജിനല്‍ റെഡ് ഇന്ത്യക്കാ൪... തിരക്കോട് തിരക്ക്. അതിനിടയിലൂടെ കടന്നുപോയ ഈ രഥയാത്ര ആനന്ദകരമായ കാഴ്ചയായിരുന്നു എല്ലാവ൪ക്കും. എല്ലാവരും രഥഫോട്ടൊയെടുക്കുവാന്‍ മുമ്പില്‍ ചാടിവീഴുന്നു.

ഇടതുകയ്യില്‍ മുരളിയുമായി ഇളംമഞ്ഞ സില്‍ക്ക് വസ്ത്രം ധരിച്ചവ൪. ഭാരതീയ വസ്ത്രങ്ങളണിഞ്ഞ് സ്വ൪ണ്ണാഭരണങ്ങളണിഞ്ഞ്( സ്വ൪ണ്ണം പോലെ തോന്നിക്കുന്ന) ഗോപികമാ൪ രഥത്തിനു മുമ്പില്‍ മെല്ലെ ചുവടുവയ്ക്കുന്നു. അതിനുപിറകെ സംഗീതബാന്‍റ്.മൊട്ടത്തലയില്‍ രണ്ടുമുടി നീട്ടിയെട്ട് സില്‍ക്കുവസ്ത്രം ധരിച്ച സായിപ്പുമാ൪. ഹ൪മോണിയം, തബല ഫ്ലൂട് ഇവകൊണ്ട് അവ൪ മനോഹരമായി പാടുന്നു:

ഹരേ കൃഷ്ണ ഹരേ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ‌
രാമ രാമ ഹരേ ഹരേ

രാമനാമം കൃഷ്ണമന്ത്രം ജഗന്നാഥസ്തകം നാവില്‍ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.ഹൃദയം ശുദ്ധമാകുവാനുള്ള ഒരു വഴി, പാപരഹിതനാകുവാന്‍ ഒരു വഴി. വിഷ്ണുലോകത്തെത്തുവാന്‍ ശുദ്ധഹൃദയ൪ക്കേ കഴിയൂ.

ഹരേ കൃഷ്ണ ഹരേ ഹരേ ....

5000 വ൪ഷം പഴക്കമുള്ള ഈ രഥയാത്ര ഇസ്കന്‍ ISKCON ( International Society of Krishna Consciousness) എന്ന സംഘടനയാണ് അമേരിക്കയില്‍ കൊണ്ടുവന്നത്. പിന്നീട് അത് കാനഡയിലേക്കു വന്നു.

രണ്ടു മണിക്ക് രഥയാത്ര ഷോ മില്ലേനിയത്തിലെത്തി. പിന്നെ ഗംഭീര ശാപ്പാട്. പക്ക വെജ്. പങ്കെടുത്തവ൪ക്കെല്ലാം ഫ്രീ. ഫ്രീ.

സ്റ്റേജ് പെ൪ഫോമന്‍സ് രണ്ടേകാലിനു തുടങ്ങി. കെട്ടി അലങ്കരിച്ച ഒരു ഓപ്പന്‍ സ്റ്റേജ്. ചൂടുകൂടുതലായതുകൊണ്ട് ആളുകള്‍ക്ക് അത്ര ശ്രദ്ധിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പല പരിപാടികളുണ്ടായിരുന്നു.കുട്ടികളുടെ കീ൪ത്തന‍ങ്ങള്‍,രാധാകൃഷ്ണനൃത്തം, അമ്മ യശോധപ്രോഗ്രാം.

അതിനുശേഷമായിരുന്നു കലാനികേതന്‍റെ പ്രോഗ്രാം.കലാനികേതന് രണ്ടു പ്രോഗ്രാം ഉണ്ടായിരുന്നു. രണ്ടു കുട്ടികളുടെ ഒരു ഡാന്‍സ് പ്രോഗ്രാം. വളരെ നന്നായിരുന്നു കുട്ടികളുടെ ഈ പരിപാടി. അതിനു ശേഷമാണ് സീമ ഗീതുവിന്‍റെ ദശാവതാരം എന്ന ഡാന്‍സ് പ്രോഗ്രാം.
"പാല്‍ക്കടല്‍ അലമേല്‍..." എന്ന പാട്ടുകേട്ടപ്പോള്‍ തന്നെ സദസ്സ് ഒന്നുണ൪ന്നിരുന്നു. പിന്നെ 'കലക്കല്ലെ' സീമഗീതുമാ൪. ബ്രഹ്മാണ്ഡത്തിന്‍റെ സകല ഘടകങ്ങളുമുള്‍ക്കൊണ്ട്, സ൪വ്വശക്തികളും ഉള്‍കൊണ്ട് വിരാട് പുരുഷനായ ഭഗവാന്‍ വിഷ്ണു അനാദികാലത്ത് പാല്‍ക്കടലില്‍ , കാരണജലത്തില്‍, കിടന്ന കിടപ്പ് കാല്‍ഗറിയില്‍ എല്ലാവരുടേയും മുമ്പില്‍ അവതരിപ്പിക്കുന്നു ഇവ൪. അഭിനന്ദനം സീമ, ഗീതു. എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഇന്നത്തെ ഈ സ്റ്റേജ് പെ൪മോമെന്‍സില്‍ മികച്ചത് സീമഗീതുകലാനികേതന്‍കുട്ടികളുടെ ഈ പരിപാടിയായിരുന്നു.

സമയം നാലായി. റംസാനിലെ നോമ്പിന്‍റെ ക്ഷീണം. ഞാന്‍ രാജീവിനോട് യാത്രപറഞ്ഞുപിരിഞ്ഞു.