Thursday, January 19, 2012

Existential Crisis of a New Immigrant


azeezks@gmail.com

പുതുതായി ഇമ്മിഗ്രന്‍റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്‍റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്‍റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ ചെയ്യാതെ കുത്തിയിരിക്കുന്നത് ‍ ശ്രദ്ധിച്ചത്.

ഇവന്‍ ആരട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ .

എന്‍റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്.സൌത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്.ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!

ഇവിടെ അടുത്ത് ഒരു എത്യോപ്യന്‍റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു.20 ഡോളര്‍ കൊടുക്കണം. പാട്ടിന്‍റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന്‍ ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള്‍ തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള്‍ നോക്കേണ്ട . അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?

ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു.മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്.എന്തും തലകുലുക്കി സമ്മതിക്കും.ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്‍റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു.പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ.നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്‍റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.ഇത്രയുമൊക്കെ പറഞ്ഞിട്ട് ഒരു സന്തോഷം പോലും ആ മനുഷ്യന്‍റെ മുഖത്ത് കാണുന്നില്ല. പൈസ‌ കൂടിയിട്ടാകുമോ?
പുതുഇമ്മിഗ്ര‌ന്‍റുക‌ള്‍ 20 ഡോള‌റിനെ ഇരുപ‌ത് ഡോള‌റായിട്ട‌ല്ല‌ മ‌ന‌സ്സിലാക്കുന്ന‌ത്.അവ‌ന്‍ അതിനെ അമ്പ‌ത് വ‌ച്ച് ഗുണിക്കും. ന്‍റു അമ്പ‌ത്, ഓ ആയിരം രൂപയോ ഒന്നു മുടിവെട്ടാന്‍ .പൈസ‌യുടെ വില‌ എനിക്കുമ‌റിയാം. വന്ന ആദ്യകാലങ്ങളില്‍ ഈ ഗുണനപ്പട്ടിക മൂലം ഒരു പാട് പട്ടിണി കിടന്നിട്ടുണ്ട്. ആകപ്പാടെ ഗുണനത്തില്‍ പെരുകാത്തത് പട്ടികുക്കീസ് മാത്രമായിരുന്നു. അതിനെ ഇവിടെ അഭയാര്‍ത്ഥികള്‍ കഴിച്ചിരുന്നതുകൊണ്ട് റെഫൂജി റസ്ക് എന്നും വിളിക്കാറുണ്ട്.‌ഞാന്‍ പ‌റ‌ഞ്ഞുകൊടുത്തു. ഇവിടെ അടുത്ത് ഒരു പാക്കിസ്ഥാനി സ്ത്രീയുണ്ട്. ബാര്‍ബ‌ര്‍ ഷാപ്പ‌ല്ല‌, അവ‌രുടെ വീടാണ്. കുട്ടിക‌ളെ മുടിവെട്ടുന്ന‌ സ്ഥ‌ല‌മാണ്. അവിടെ വേണ‌മെങ്കില്‍ പോകാം..കുട്ടിക‌ളെ ഉദ്ദേശിച്ചാണ്‌ തുട‌ങ്ങിയ‌തെങ്കിലും ഇവിടെ കുട്ടിക‌ള്‍ ഇല്ലാതായി വ‌രുന്ന‌തുകൊണ്ട് അവ‌ര്‍ അഛ‌ന്മാരേയും വെട്ടിത്തുടങ്ങി. ജീവിക്കേണ്ടേ. 12 ഡോള‌റേയുള്ളൂ.അയാള്‍ ത‌ല‌പൊക്കി എന്നെ നോക്കി. പൈസ‌ കുറ‌ഞ്ഞ‌ത് അയാളെ താല്‍പ‌ര്യ‌പ്പെടുത്തിയോ?
പ‌ക്ഷേ ഒരു പ്ര‌ശ്ന‌മുണ്ട്.പാക്കിസ്ഥാനി സ്ത്രീയാണ് .നിങ്ങ‌ള്‍ മുടിവെട്ടുന്ന‌ ഇരുപ‌ത് മിനിറ്റ് ക‌ണ്ണാടിയില്‍ കൂടി അവ‌ളെത്ത‌ന്നെ നോക്കിയിരിക്ക‌രുത്.ക‌ണ്ണ‌ട‌ച്ചിരിക്കേണ്ടി വ‌രും.ക‌ണ്ണ‌ടിച്ചിരിക്കുന്ന‌തിന് എന്താ കുഴ‌പ്പം? ഒരു കുഴ‌പ്പ‌വുമില്ല‌. പ‌ക്ഷേ വെട്ടിക്ക‌ഴിഞ്ഞ് ക‌ണ്ണ് തുറ‌ക്കുമ്പോഴേക്കും അവ‌ള്‍ എവിടെയൊക്കെയാണ് ഞരണ്ടിവച്ചിരിക്കുന്നതെന്നറിയാന്‍ കഴിയില്ല. പോയ‌ മുടിയെക്കുറിച്ച് പിന്നെ പ‌റ‌ഞ്ഞിട്ടെന്തു കാര്യം.ഇതൊക്കെ പ‌റ‌ഞ്ഞിട്ടും ഈ മ‌നുഷ്യ‌ന്‍ അന‌ങ്ങുന്നില്ല‌. ഇയാള്‍ എന്താള്? മുടിവെട്ടാന്‍ ത‌ന്നെയോ?
ഞാന്‍ മ‌ന‌സ്സില്‍ പ‌റ‌ഞ്ഞിരിക്കെ ഇയാള്‍ ഒരു ചോദ്യം: ഇക്ക‌, ഇക്കാക്ക് ക്ഋതാവിന്‍റെ ഇംഗ്ലീഷ് അറിയുമോ? ഞാനും കുടുങ്ങിപ്പോയി. ക്ഋദാവോ? മുടി, താടി, മീശ ഒക്കെ ഞാനറിഞ്ഞുവച്ചിട്ടുണ്ട്.
ക്ഋദാവ് ഞാന്‍ കേട്ടിട്ടില്ല‌. ഇനി വെള്ള‌ക്കാരന് ‍ ക്ഋദാവില്ലാത്ത‌തുകൊണ്ട് വാക്ക് അവ‌ന്‍ ക‌ണ്ടുപിടിച്ചിട്ടില്ലെ‌യോ? മേല്‍ ചെവിയുടെ പ‌റ്റെ വെട്ടുന്ന‌തുകൊണ്ട് അവ‌ന് മ‌ല‌യാളി വ‌യ്ക്കുന്ന‌ ക്ഋദാവ് ആവ‌ശ്യ‌മില്ലാത്ത‌തുകൊണ്ട് അവ‌ന്‍ ഒരു വാക്ക് ക‌ണ്ടുപിടിച്ചിട്ടില്ലേ.
സോറി, ഞാന‌യാളോട് പ‌റ‌ഞ്ഞു. അയാള‌റിയാതെ ഞാന്‍ നെറ്റ് പ‌ര‌തി ട്ടെംപിള്‍ എന്നാല്‍ “എ ഫ്ലാറ്റ് ഏരിയ‌ ഓന്‍ ഈത‌ര്‍ സൈഡോഫ്ദി ഫോര്‍ഹെഡ്” എന്നു ക‌ണ്ടു. ട്ടെംപിള്‍ ,ഞാന്‍ പറഞ്ഞുകൊടുത്തു.

ഇതെല്ലാം പ‌റ‌ഞ്ഞുക‌ഴിഞ്ഞ‌പ്പോഴാണ് ആ മ‌നുഷ്യ‌ന്‍ വായ‌ തുറ‌ക്കുന്ന‌ത്. ബ‌ന്ധനം സിനിമ ക‌ണ്ട‌ നാള്‍ മുത‌ല്‍ ഞാന്‍ സുകുമാര‌ന്‍റെ ഒരു ഫാനായിരുന്നു. അന്നുമുത‌ല്‍ അയാളുടെ ക്ഋദാവാണ് ഞാന്‍ വ‌ച്ചിരുന്ന‌ത്. ഹ‌മീദിന്‍റെ ക‌ട‌യില്‍ ചെന്നിരുന്ന് ഒരു സുകുമാര‌ന്‍ എന്ന് പ‌റ‌ഞ്ഞാല്‍ അവ‌നത് വെടിപ്പിന് ചെയ്തുത‌രും.
മൂന്നു മാസം ക‌ഴിഞ്ഞിട്ടും ഞാന്‍ മുടിവെട്ടാതിരുന്ന‌ത് എന്‍റെ ക്ഋദാവിന്‍റെ കാര്യ‌മോര്‍ത്താണ്.ട്ടെംപിള്‍ എന്ന് പ‌റ‌യാം, പ‌ക്ഷേ, സുകുമാര‌നും എംട്ടിയും ഒക്കെ ക‌ത്രിക‌യിലൂടെ പുറ‌ത്തേക്കു വ‌രുന്ന‌ മ‌ല‌യാളിഭാഷയുടെ ആ ക‌ള്‍ച്ച‌റ‌ല്‍ ത‌ര്‍ജ്ജ‌മ‌ എങ്ങിനെ സാദ്ധ്യ‌മാകും!ഇപ്പോള്‍ കുത്തിയിരുന്നുപോയ‌ത് ഞാനാണ്. ഇമ്മിഗ്രന്‍റുകളെ അസ്തിത്വ ദു:ഖങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നതെനിക്കറിയാം . പക്ഷേ, ആര‌റിഞ്ഞു ഇമ്മിഗ്ര‌ന്‍റ് മ‌ല‌യാളിയ്ക്ക് ഇങ്ങിനേയും ചില‌ അസ്തിത്വ‌ ദു:ഖ‌ങ്ങ‌ളുണ്ടെന്ന്!