Sunday, November 17, 2013

ഭയാനകമായ ഇന്ത്യനവസ്ഥ‌

azeez ks
മന്ത്രിക്കള്ളന്മാരും രാക്ഷ്ട്രീയക്കാരും പഞ്ചായത്ത് നേതാക്കന്മാരും കരാറുകാരും അഴിമതിക്കാരും മുതലാളിമാരും പോലീസുകാരും വില ബാണംപോലെ കേറ്റുന്നവനും ഒരു കിണ൪ കുഴിക്കുവാന്‍ ദരിദ്ര‌ആദിവാസികളോട് 20000 രൂപ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥന്മാരും ( ഗാഡ്കില്‍ റിപ്പോ൪ട്ടില്‍ നിന്നും) വന്‍കിട ഹോട്ടലുകള്‍ അനധികൃതഭൂമിയില്‍ നി൪ബ്ബാധമുയരുമ്പോള്‍ ഒരു പശുത്തൊഴുത്ത് കെട്ടുവാന്‍ അനുമതി നല്‍കാതെ ദരിദ്രനെ ഊറ്റുന്നവനും ( ഗാഡ്ഗില് ) ഭക്ഷണസാധനത്തിന് തോന്നിയവിലയീടാക്കുന്നവനും ഗ്യാസ് കൊണ്ട് രാഷ്ട്രീയം കളിക്കുന്നവനും കൊള്ളക്കാരെ നിയന്ത്രിക്കുവാന്‍ കഴിയാത്ത ഗവണ്മെണ്ടും മാഫിയകളും ട്രേഡ് യൂണിയനുകളും  മതത്തിന്‍റെ വക്താക്കളും തെമ്മാടികളുമെല്ലാം ചേ൪ന്ന് ജനത്തിന്‍റെ നെഞ്ചിലിരുന്ന കോമാളിനാടകം കളിയാക്കുകയാണ്. പൊറുതിമുട്ടി.

ഇന്ത്യയിലെ വില കേട്ടിട്ട് കാനഡയിലെ വരുമാനമുള്ള ഞാന്‍ വരെ ഞെട്ടിപ്പോകുന്നു. രണ്ട് ശതമാനമാണ് ശരാശരി കാനഡയില്‍ വില വ൪ദ്ധന. അതായത് കഴിഞ്ഞ വ൪ഷം നൂറുരൂപയുണ്ടായിരുന്ന ഭക്ഷണ സാധനത്തിന് ഇക്കൊല്ലം അത് 102 രൂപ. മുതലാളിയുടെ വായില്‍ തോന്നിയ വിലയല്ല ഇവിടെ. ബാ൪കോഡ് സ്കാന്‍ ചെയ്താല്‍ വിലവരും. എപ്പോള്‍ ഈ സ്റ്റോറുകള്‍ സാധനം വാങ്ങുന്നുവോ അപ്പോള്‍ അതിന് ഒരു ബാ൪കോഡ് ഇടും. അത് വിറ്റുതീരുന്നതുവരെ ആ വിലയാകും മിക്കവാറും. എക്സ്പയറി അടുക്കാറായാല്‍ വിലകുറയും. എക്സ്പയറി കഴിഞ്ഞത് ഷെല്‍ഫില്‍ കാണില്ല.
ഇന്ത്യയില്‍ നിന്നും ഇറക്കിയ ഒരു മൂംഗ് ദാള്‍ അലുവ ( പരിപ്പ് അലുവ ) ഞാന്‍ വാങ്ങി. എക്സ്പയറി കഴിഞ്ഞില്ലായിരുന്നു. ഒരു സുഹൃത്തിന്‍റെ കുഞ്ഞിന് കൊടുക്കുവാന്‍ വാങ്ങിയതാണ്. പ്ലാസ്റ്റിക്കിലൂടെ നോക്കിയപ്പോള്‍ അല്‍പം ഫങ്കസ് പോലെ . ഞാന്‍ അത് തിരിച്ചുകൊടുത്തു ( ഒരിക്കല്‍ നാട്ടില്‍ ഒരു സാധനം തിരിച്ചുകൊടുത്തപ്പോള്‍ രണ്ടുമണിക്കൂ൪ എന്നെ കടവരാന്തയില്‍ നി൪ത്തി അപമാനിച്ച ഒരു കുടവയറന്‍ കാക്കയെ ഓ൪മ്മവന്നു ) . ആ പെണ്‍കുട്ടി ക്ഷമപറഞ്ഞ് എനിക്ക് അപ്പോള്‍ തന്നെ പൈസ തിരിച്ച് ക്രെഡിറ്റ് തന്നു.
രാഷ്ട്രീയ അഴിമതിക്കഥകള്‍ ഇന്ത്യപോലെ കേള്‍ക്കാറില്ല. ഈയിടെ റിപ്പോ൪ട്ട് ചെയ്ത കോളിളക്കം സൃഷ്ടിച്ച അഴിമതി വെറും 93000 ഡോളറിന്‍റെ ( എത്രവരും ഇത് ഇന്ത്യന്‍ രൂപയില്‍ വെറും 55 ലക്ഷം രൂപ ( ഇന്ത്യയെപ്പോലെ 55 ലക്ഷം കോടിയല്ല, വെറും 55 ലക്ഷം രൂപ ).  പ്രധാനമന്ത്രി ഹാ൪പ൪ അറിയാതെ ഒരു വിശ്വസ്തന്‍ ചെയ്തതാണ് അത്.
മകളെ കാണുവാന്‍ കഴിഞ്ഞ കൊല്ലം കോഴിക്കോട് പോയപ്പോള്‍ മകള്‍ നി൪ബന്ധിച്ച് സാഗ൪ എന്ന ഒരു ഹോട്ടലില്‍ ബിരിയാണി കഴിക്കുവാന്‍ കയറി. നാലുപേ൪. മൂന്ന് ബിരിയാണിയേ വാങ്ങിയുള്ളൂ. ഒരു പ്ലേറ്റ് അപ്പവും പച്ചക്കറിയും ഭാര്യക്ക്. കഴിഞ്ഞിറങ്ങിയപ്പോള്‍ എന്‍റെ തല കറങ്ങിപ്പോയി ബില്ല് കണ്ടിട്ട്. എങ്ങിനെ കണക്കുകൂട്ടിയിട്ടും എന്‍റെ ഗുണനം തെറ്റുന്നു. അത്രയ്ക്ക് വിലയാണ്. 
കുടുംബവും കുഞ്ഞുങ്ങളുമൊക്കെയായി ജീവിക്കുന്ന ജനം, സമാധാനജീവിതം തക൪ക്കേണ്ട എന്നാഗ്രഹിക്കുന്ന യുവത, എല്ലാം ദൈവത്തില൪പ്പിച്ച് ക്ഷമിക്കുന്ന ദൈവവിശ്വാസികളായ മഹാഭൂരിപക്ഷം ആളുകള്‍ ഇവരൊക്കെ ക്ഷമിക്കുകയാണ്. കുടുംബത്തെയോ൪ത്ത് , അമ്മയെയോ൪ത്ത്, മക്കളെയോ൪ത്ത്.
പക്ഷേ, ഏതൊരു മാന്യജനത്തിനും ഒരതിരുണ്ട്. ചരിത്രത്തിലെ എല്ലാ കലാപങ്ങളും ഉയ൪ത്തെഴുന്നേല്‍പ്പുകളും അതാണ് പഠിപ്പിക്കുന്നത്. വിജയിച്ചതും വിജയിക്കാത്തതും അടിച്ചമ൪ത്തിയതും ഒക്കെ പ്രതിഷേധങ്ങള്‍ തന്നെയാണ്. ഭ്രാന്തുപിടിച്ച ജനം അഴിമതിക്കഴുവേറികളുടെ കോണകവും കുടവയറും കുത്തിക്കീറിയിട്ടുണ്ട്. ഒരു സമ്പത്തും ഭദ്രമല്ല.  ഒരു കാറും ഒരു ബ്ലാക് ക്യാറ്റും ഒരു കാവലും സുരക്ഷിതമല്ല. അനേകായിരം ജനങ്ങളെ ഭരണകൂടങ്ങള്‍ കൊന്നിട്ടുണ്ട്.  പൊറുതിമുട്ടിയാല്‍ എത്രായിരം ജനത്തെ കൊന്നാലും ഭ്രാന്തുപിടിച്ച ജനം പിന്നെയും കലാപങ്ങളിലൂടെ ഉയി൪ത്തെഴുന്നേല്‍ക്കും.
ലോകത്തിലേക്ക് ഒന്ന് കണ്ണോടിക്കൂ. സ്വസ്ഥമായ ജീവിതം നഷ്ടപ്പെട്ട എത്രയോ രാജ്യങ്ങള്‍ ഉണ്ട്.  ജനം ചേരിതിരിഞ്ഞ് കൊന്നുകൊണ്ടിരിക്കുകയാണ്. എത്രയോ നല്ല രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്‍. 30 കൊല്ലമായി സമാധാനപൂ൪ണ്ണമായ ഒരു രാവ് അവിടെ ഉണ്ടായിട്ടില്ല. നമുക്ക് കാരണം അത് താലിബാനാണ്. ലാഭകരമായി കഞ്ചാവ് വിളയിച്ച് മയക്കുമരുന്നിന് അത് കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കി, വലിയ വില്ലകള്‍ പണിത് ജീവിച്ച നേതാക്കന്മാരെവിടെ ? അവരുടെ പണം കൊണ്ട് എന്തുപ്രയോജനം . എത്രയോ സ്ത്രീ അദ്ധ്യാപികമാരും ഡോക്റ്റ൪മാരും ആ രാജ്യത്തുണ്ടായിരുന്നു. താഴ്വരകള്‍ മനോഹരമായിരുന്നു.
ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്ക് ആദ്യം പട്ടാളത്തെ അയക്കാതെ ഒരു പ്രധാനമന്ത്രിക്കും കടക്കുവാന്‍ കഴിയാത്തതെന്തുകൊണ്ട് ? എന്തുകൊണ്ട് സ്വന്തം ജനത ചാവേറുകളാകുന്നു. കൂടിയാല്‍ പത്ത് സംസ്ഥാനങ്ങളിലെ വാ൪ത്തകളേ ചാനല്‍കാ൪ നമുക്ക് തരുന്നുള്ളൂ. ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളെവിടെ ? അവിടെ ജീവിതമില്ലേ? ബാക്കി സംസ്ഥാനങ്ങളിലെ വാ൪ത്തകള്‍ നമുക്ക് കിട്ടാതെ പോകുന്നു.
കൈരളി, ഏഷ്യാനെറ്റ്, റിപ്പോ൪ട്ട൪, മനോരമ ഇവയൊക്കെ നോക്കിയാല്‍ അറിയാം കേരള രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുവാന്‍ ഈ ചാനലുകാ൪ തിരഞ്ഞെടുക്കുന്നത് ഏതാനും വ്യക്തികളെയാണ്. അവ൪ പക്ഷം ചേ൪ന്നിരുന്ന് പരസ്പരം കുറ്റം പറഞ്ഞ് പകിടകളിക്കുന്നു.  മൂന്നേകാല്‍ കോടി മലയാളികളെ പറ്റിക്കുന്നു. സുശീല്‍കുമാ൪, പിസിജോ൪ജ്ജ്, ജോണി നെല്ലൂ൪, സുരേന്ദ്രന്‍, കെ മുരളി, സിദ്ദീഖ്, രാജേഷ്, തോമസൈസക് പിന്നെ ചില പ്രബലന്മാ൪ ഇവരാണ് കേരളത്തിലെ ജനതയ്ക്ക് പൊളിറ്റിക്കല്‍ ഫീഡ്സ് നല്‍കുന്നത്. തീരുമാനം നല്‍കുന്നത്. ചിന്ത നിയന്ത്രിക്കുന്നത്. ബാക്കി ആരും ഗണിക്കപ്പെടുന്നില്ല. ചിന്തയിലെ ഭീകരമായ ഏകാധിപത്യമാണ് മാദ്ധ്യമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്.

എത്രയോ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ എനിക്കിവിടെ എഴുതുവാന്‍ കഴിയും . അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് എഴുതുവാന്‍ കഴിയും. എഴുതിയാല്‍ സ്പേസ് കഴിയും . വായിക്കില്ല.
ഏകാധിപതികള്‍ എവിടെ ? ജനാധിപത്യം കൊണ്ട് പൊറാട്ട് നാടകം കളിക്കുന്നവ൪ക്ക് അധികനാള്‍ തുടരുവാന്‍ കഴിയില്ല. അപ്പോള്‍ അവ൪ സമ്പാദിച്ചതൊക്കെ വെറുതെയാകും.
സദ്ദാമിന്‍റെ വീഴ്ചയ്ക്കുശേഷം അവന്‍റെ കൊട്ടാരത്തില്‍ കയറി സ്വ൪ണ്ണവാതില്‍ ചീമ്പിയ ഒരു മലയാളി എന്നെ ഭക്ഷണത്തിനു വിളിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞ കഥ കേട്ട് ഞാന്‍ അല്ഭുതപ്പെട്ടിട്ടുണ്ട്.  ജനത്തെ കോമാളികളാക്കുന്ന രാഷ്ട്രീയ നേതാക്കന്മാ൪ ഇതോ൪ത്താല്‍ നന്ന്. ഒരിക്കലും കീഴ്പ്പെടുത്തില്ല എന്നു വിശ്വസിച്ചിരുന്ന , കനത്ത അമേരിക്കന്‍ സംരക്ഷണമുണ്ടായിരുന്ന ടുണീഷ്യയിലെ സൈനുലാബ്ദീന്‍ രാജ്യം വിട്ടു.ഭാര്യ ശേഖരിച്ചിരുന്ന 3000 ജോടി ആഭരണച്ചെരുപ്പുകള്‍ അവ൪ക്ക് ഉപേക്ഷിച്ചോടേണ്ടിവന്നു.
ഫ്രഞ്ചുവിപ്ലവം , റഷ്യ, ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്‍റെ പല ഘട്ടങ്ങള്‍, മാവോ, കോഴിക്കോട് ഡോക്റ്റ൪ക്കെതിരെയുള്ള നക്സലൈറ്റ് കലാപം, ഭീകരജന്മിക്കെതിരെയുള്ള കലാപം , മഹാത്മാഗാന്ധിയുടെ അഹിംസാപോരാട്ടം , ബോംബെറിഞ്ഞ ഭഗത് സിംഗിന്‍റെ പ്രതിഷേധം, അടിയന്തിരാവസ്ഥാകാലത്തെ ജെ പി പ്രസ്ഥാനം, ന൪മ്മദാബച്ചാവോ അന്തോളന്‍, മുത്തങ്ങ ഇവയൊക്കെ സംഭവിച്ചത് നല്ലവരായ ജനങ്ങള്‍ക്ക് പ്രതികരിക്കുവാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ്. ക്ഷമയുടെ പരിധി കഴിയുമ്പോഴാണ്. എല്ലാ വെള്ളക്കോണകങ്ങളും  ജനങ്ങള്‍ ഒരുനാള്‍ വലിച്ചുകീറും. സഹികെട്ടാല്‍ എല്ലാവരും ഇതോ൪ത്താല്‍ നന്ന്.