यदा धेनु सहस्रेषु वत्सो विन्दति मात्रम् ।
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥
മഹാഭാരതത്തിലെ ശാന്തിപ൪വ്വത്തിലെ(മോക്ഷധ൪മ്മം) ഈ മഹത്തായ വരികള്‍ എഴുതിയതിനും ഞങ്ങള്‍ക്ക് സമ൪പ്പിച്ചതിനും നന്ദി ധ൪മ്മരാജ്.ഇത് നിങ്ങളുടെ നല്ല ഫലമുള്ള ഒരു ക൪മ്മമായി ഭവിക്കട്ടെ.
ചതുരാശ്രമത്തിലെ മനുഷ്യരുടെ മുഖ്യമായ കടമകളെക്കുറിച്ച് യുധിഷ്ഠിരന്‍ ഭീഷ്മരോട് ചോദിക്കുകയാണ്.ഭീഷ്മ൪ പറഞ്ഞുകൊടുക്കുന്നു:
ഓരോ ആശ്രമത്തിനും ഓരോ ക൪മ്മങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഒരു ക൪മ്മവും വ്യ൪ത്ഥമാവില്ല.ഓരോ ക൪മ്മത്തിന്‍റെ ഫലവും അദൃശ്യമാണ്, അത് നമ്മെ പിന്തുടരുന്നു, അടുത്ത ലോകത്ത്. എന്നിരിക്കിലും തപം ചെയ്യുന്ന മനസ്സുകളുടെ ഫലം ഈ ലോകത്തു തന്നെ ലഭ്യമാകുന്നു.ഒരാള്‍ ഏത് ക൪മ്മത്തിലാണോ ലയിക്കുന്നത് അതിന്‍റെ ഫലം അയാള്‍ക്ക് കിട്ടുന്നു .ഒരാള്‍ ഹൃദയം മനനം ചെയ്താല്‍ അയാള്‍ക്കു മനസ്സിലാകും ഈ ലോകത്തെ നമ്മുടെ നേട്ടങ്ങള്‍ കച്ചിത്തുരുമ്പുപോലെ വിലയില്ലാത്തതാണെന്ന്.തീ൪ച്ച, ആരും വിലയില്ലാത്ത ഈ കച്ചിയില്‍ ആസക്തി കാണിക്കില്ലല്ലോ.
ഭീഷ്മ൪ പറയുന്നു, ഹേ യുധിഷ്ഠിരാ, ഈ ലോകം മുഴുവന്‍ അപൂ൪ണ്ണമാണ്, പോരാഴ്മകളുള്ളതാണ്, അപ്രകാരം രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് ബുദ്ധിയുള്ള മനുഷ്യ൪ സ്വന്തം ആത്മാവിനെ കടപ്പെടുത്താതെ,അടിമപ്പെടുത്താത െ, വിധേയമാക്കാതെ അതിനെ മുക്തമാക്കുവാന്‍ ശ്രമിക്കുന്നു.
യുധിഷ്ഠിരന് സംശയങ്ങള്‍ തുടരുന്നു:ഒരാള്‍ക്ക് ധനം നഷ്ടപ്പെട്ടാല്‍, ഭാര്യയും സന്താനങ്ങളുമൊക്കെ നഷ്ടപ്പെട്ടാല്‍ അയാള്‍ അനുഭവപ്പെടുന്ന കടുത്ത ദു:ഖത്തില്‍ നിന്നും മോചിതനാകുന്നതെങ്ങിനെ?
ഇതിന് ഭീഷ്മ൪ സേനജിത്തിന്‍റെ സദസ്സില്‍ നടന്ന സംഭാഷണം പറഞ്ഞുകൊണ്ട് തുടരുന്നു.സേനജിത്തിന്‍റെ ചോദ്യത്തിന് ബ്രാഹ്മണ പറയുന്നു:എല്ലാ ജീവജാലങ്ങളും, വലുതാകട്ടെ ചെറുതാകട്ടെ, അവരുടെ ക൪മ്മങ്ങളാല്‍ ദു:ഖങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു.ഞാന്‍ കാണുന്ന ഈ ലോകം എന്‍റേതുമാത്രമല്ല, നിന്‍റേതും മറ്റുള്ള എല്ലാവരുടേതുമാണ്.നിന്‍റെ മകന്‍ ഏതോ അദൃശ്യത്തില്‍ നിന്നും നിന്നിലൂടെ വന്നു, സമുദ്രത്തില്‍ ഒഴുകി നടക്കുന്ന രണ്ടു മരക്കഷ്ണങ്ങള്‍ ഒരു വേള കൂട്ടിമുട്ടി ഒന്നാകുന്നതുപോലെ. നിന്‍റെ മകന്‍ വന്നപോലെ, നിന്നെ പിരിഞ്ഞു ,ഏതോ അദൃശ്യലോകത്തിലേക്ക്.നീ ആരാണ് ഇത് ഓ൪ത്ത് ദു:ഖിക്കുവാന്‍?
ദു:ഖം ആഗ്രഹത്തില്‍ നിന്നും മുളപൊട്ടുന്നു.ആഗ്രഹം സഫലമാകുമ്പോള്‍ നമുക്കാനന്ദം കിട്ടുന്നു.ഈ ശരീരം ദു:ഖത്തിന്‍റേയും ആനന്ദത്തിന്‍റേയും ഒരു ശരണാലയം മാത്രമാണ്.
അശുദ്ധമായ ആത്മാക്കള്‍ ഈ ലോകത്തിലെ വസ്തുക്കളോട് കൂടുതല്‍ ബാന്ധവം സൃഷ്ടിക്കുന്നു.അത് വെള്ളത്തില്‍ കെട്ടിയുയ൪ത്തിയ മണല്‍ചിറമാത്രം.മനുഷ്യന്‍ സന്താനങ്ങള്‍, ഭാര്യ, ബന്ധുക്കള്‍ മറ്റുള്ളവ൪ ഇവ൪ക്കൊക്കെ വേണ്ടി അധ൪മ്മങ്ങള്‍ ചെയ്യുന്നു.അധ൪മ്മത്തിലൂടെ ധനം സമ്പാദിക്കുന്നു.സമ്പാദിച്ച ധനം നഷ്ടപ്പെടുമ്പോള്‍ ദു:ഖിക്കുന്നു.
അവരുടെ ക൪മ്മങ്ങള്‍ അവരെ പിന്തുടരുക തന്നെ ചെയ്യും. അതിന്‍റെ ഫലമായി അവ൪ ഈ ലോകത്തും മറുലോകത്തും ദുരിതക്കയത്തില്‍ മുങ്ങുന്നു.
എവിടെയായാലും ക൪മ്മങ്ങള്‍ നമ്മെ പിന്തുടരുന്നു.എവിടെയായാലും.പശു ക്കിടാവ് പശുക്കളുടെ കൂട്ടത്തില്‍ നിന്ന് അതിന്‍റെ അമ്മയെ കണ്ടെത്തുന്നതുപോലെ.
यदा धेनु सहस्रेषु वत्सो विन्दति मात्रम् ।
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥
यदा धेनु सहस्रेषु वत्सो विन्दति मात्रम् ।
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥