Saturday, October 1, 2011

Sep 26, 2011അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്
azeezks@gmail.com
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.

ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.

മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.

നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാന‌മാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്ര‌മിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.