അ= അല്ലാഹ്, സ =സ്ത്രീ
ഇന്നലേയും അവളെക്കാണുവാന്‍ ചെറുക്കന്‍റെ ബാപ്പയും മാമയും വന്നിരുന്നു.
പെണ്ണിന്‍റെ ബാപ്പ പതിവുപോലെ ആദരപൂര്‍വ്വം അവരെ സ്വീകരിച്ചു.
സല്‍ക്കാരം കഴിഞ്ഞപ്പോള്‍ ചെറുക്കന്‍റെ ബാപ്പകാര്യത്തിലേക്കു കടന്നു.
അപ്പോള്‍ എന്താ തീരുമാനം?
എന്‍റെ പരമാവധിയാണ് ഞാന്‍ പറഞ്ഞത്? എന്നെക്കൊണ്ട് വേറെ വഴിയില്ല.താഴെയും കുട്ടികളുണ്ട്.
നാട്ടുനടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്.എന്‍റെ മകള്‍ക്ക് കൊടുത്തതാണ് ഞാന്‍ പറഞ്ഞത്.ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്.സ്വര്‍ണ്ണം അവള്‍ക്ക് എന്താണുള്ളതെന്നുവച്ചാല്‍ അത് കൊടുത്താല്‍ മതി.
മാമയുടെ നേര്‍ക്ക് തിരിഞ്ഞ്, "ആ ഇബ്രാന്‍റെ മോള്‍ക്ക് അയാള് 200 പവനാണ് കൊടുത്തത് ചെറുക്കന് എന്തുണ്ടായിട്ടാ."
മാമ തലയാട്ടി.
എന്റെ മകന്‍ ഡിഗ്രി കഴിഞ്ഞ്, കമ്പൂട്ടറും കഴിഞ്ഞ ചെറുക്കനാണ്.
എന്‍റെ മകളും അതില്‍ കൂടുതല്‍ പഠിച്ചതാണ്.എമ്മെസ്സി അപ്ലയ്ഡ് കെമിസ്ടിയില്‍ അവള്‍ക്കാണ് ഫസ്റ്റ് റാങ്ക്.പിഎസ്സി ടെസ്റ്റുകളെഴുതിയിട്ടുണ്ട്.ഏതെങ്കിലും കിട്ടും.
അതു പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ തന്നെ പെണ്ണിന് പ്രായം കൂടിനില്‍ക്കുകയാണ്.
പഠിച്ച പെണ്ണു വേണം , ജോലിയില്ലെങ്കിലും ജോലികിട്ടുവാന്‍ സാദ്ധ്യതയുണ്ടാവണം, പക്ഷേ പ്രായം ഇരുപത് കവിയുകയുമരുത് .
അടുക്കളയില്‍ ഒരു തേങ്ങല്‍.ഗ്ലാസ് താഴെ വീണുടഞ്ഞു.
ഉമ്മ മകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.
ഇറങ്ങിപ്പോടാ പട്ടീ എന്നു പറയുവാന്‍ ത്രാണിയില്ലാത്ത ബാപ്പ കെഞ്ചുന്ന മുഖവുമായി അയാളുടെ മുമ്പില്‍.
കാര്‍ സ്റ്റാര്‍ടാവുന്ന ശബ്ദം.
പെണ്‍കുട്ടി ആകാശത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്നു:
അല്ലാഹുവേ ഇനി അടുത്ത ഒരു ജന്മമുണ്ടെങ്കില് ഒരു പട്ടിയായി ജനിച്ചാലും ഒരു പെണ്ണായി ജനിപ്പിക്കരുതേ.
ദൈവം പ്രാര്‍ത്ഥന കേട്ടുവോ!
ഇസ്ലാം മാനവ വിമോചനത്തിന്‍റെ തത്വശാസ്ത്രം എന്ന കാസറ്റ് അടുത്ത വീട്ടില്‍ നിന്നും യുവാവ് ഉറക്കെ കേള്‍പ്പിക്കുന്നു.
ഹിന്ദുമതത്തില്‍ നിന്നും മതം മാറി ഇസ്ലാമിലേക്കു വന്ന പെണ്‍കുട്ടിയെ പര്‍ദ്ദധാരിണികള്‍ അ= അല്ലാഹ്, സ =സ്ത്രീ പഠിപ്പിക്കുന്നു ."സ്തീക്ക് സ്വത്തിന്‍റെ പാതി നീക്കിവച്ചതിലൂടെ സ്ത്രീയെ അല്ലാഹു ആദരിച്ചിരിക്കുന്നു."