കാല്‍ഗറി മലയാളികള്‍ എല്ലാവരുമായും സൌഹൃദത്തിലാകും. പക്ഷേ, ആ സൌഹൃദം നിലനിര്ത്തുന്നത് അയാളുടെ മതം നോക്കിയാണ്.മലയാളികള്‍ക്ക് ഇത്ര വര്‍ഗ്ഗീയതയോ, നാം അല്‍ഭുതപ്പെട്ടുപോകും.അതുകൊണ്ട് ഞാന്‍ അപ്നാ പഞ്ചാബ് സ്റ്റോറിലോ മറ്റെവിടെയെങ്കിലുമോ ആരെയെങ്കിലും കണ്ടാല്‍ മതം വെളിവാകുന്ന എന്‍റെ പേരു പറയാറില്ല.
എന്താണ് മതത്തിനു ഇത്രമാത്രം പ്രാധാന്യം ഇവിടെ?ചത്തുകഴിഞ്ഞാല്‍ ഇവന്മാരുകൊണ്ടുപോയി കുഴിച്ചിടുമോ,ഒരു രോഗം വന്നു കിടന്നാല്‍ സഹായിക്കുമോ, ഇനി സ്വന്തം മക്കളെ ഇവിടുത്തെ സംസ്കാരത്തിന്‍റെ കലര്‍പ്പില്ലാതിരിക്കുവാനോണോ?
ഇതൊന്നുമല്ല. പിന്നെ?
എന്തുകൊണ്ടാണ് നമുക്ക് മനുഷ്യരെ സ്നേഹിക്കുവാന്‍ കഴിയാത്തത്? അവരുടെ മതക്കാരനാണെങ്കില്‍ മാത്രമെന്താണ് സൌഹൃദം തുടരുന്നത്.ഇത് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്.മലയാളികള്‍ ഇവിടെ ആളെക്കൂട്ടുന്നത് അവരുടെ മതപ്രബോധനം നടത്തുവാനാണ്.മലയാളി മുസ്ലിങ്ങള്‍ എന്നെക്കണ്ടാല്‍ അസ്സലാമുഅലൈയ്ക്കും ചൊല്ലും.നല്ല കാര്യം.വ അലൈയ്ക്കുവസ്സലാം.മാമുക്കോയ പറഞ്ഞപോലെ മതി, അത്രേം മതി.പക്ഷേ, ഇവിടെ അടുത്ത ചോദ്യം: വെള്ളിയാഴ്ച ഏത് പള്ളിയിലാണ് പോകുന്നത്, നോമ്പ് എങ്ങിനെ....പിന്നെ വെള്ളിയാഴ്ച ഏത് ഖുത്തുബക്കാണ്.. നാട്ടില്‍ മുസ്ലിങ്ങളുടെ കട്ടയില്‍ ജീവിച്ചിട്ടുള്ള എനിക്കു അവിടെ ഇങ്ങിനെ ഒരു ചോദ്യം നേരിടേണ്ടിവന്നിട്ടില്ല. ഭാര്യപോലും ചോദിച്ചിട്ടില്ല.ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. അതൊന്നും നാട്ടുകാരുടെ വിഷയമായിരുന്നില്ല.
ആ ഒരു ഉദ്ദേശ്യത്തോടെ ഇവിടെ ആളെക്കൂട്ടാത്തത് ഒരു പക്ഷേ ഹിന്ദുമലയാളികളാകും.
ഞാനീയിടെ ഒരു മലയാളി സംഘടനയുടെ വെബ്സൈറ്റില്‍ കയറി.ബ്രാന്‍ഡ് ന്യു വെബ്സൈറ്റാണ്, ഒരു ഫേസ്ബുക്ക് ചങ്ങാതി ഫോര്‍വേഡ് ചെയ്തത്.മലയാളി, സമാജം എന്നൊക്കെ കണ്ടപ്പോള്‍ കയറിയതാണ്.സ്വന്തമായി സ്ഥലവും കെട്ടിടവും വാടകപ്പരിപാടിയുമൊക്കെയുള്ള ഗംഭീര പരിപാടി.
ലൈഫ് അംഗങ്ങളുടെ ലിസ്റ്റില്‍ ഒരു മതക്കാര്‍ മാത്രം.ഇല്ലാതില്ല, മുസ്ലിംലീഗില്‍ പണ്ട് ഒരു രാമന്‍ ഉണ്ടായിരുന്നതുപോലെ ഒരെണ്ണം.അവരുടെ മതത്തിന്‍റെ എല്ലാ പരിപാടികളും നടക്കുന്നുണ്ട്.മലയാളിയായതുകൊണ്ട് ഓണസദ്യനടത്തണമല്ലോ, അതുണ്ട്.പടക്കമില്ലാത്ത വിഷുവുമുണ്ട്.മറ്റ് മത വിഭാഗക്കാര്‍ എത്തിപ്പെടാത്തതുകൊണ്ടാവുമെന്ന് നാം കരുതുന്നു.അല്ല. എന്‍റെ ജാതിയില്‍പെട്ട ചിലര്‍ക്ക് അവിടെ അവരുടെ മലയാളവും സമാജവും വേറെയുണ്ട്.പിന്നെ, ഒരു പ്രസിഡണ്ടും സെക്രട്ടറിയും ഒരു ട്രഷററുമുണ്ടാകുവാന്‍ മൂന്നു നായന്മാരെ കിട്ടിയാല്‍ അവിടെ ഒരു എന്‍എസ്സെസ് ഉണ്ടാകുമല്ലോ. മലയാളി എന്താണ് ഇങ്ങിനെ മതമലയാളിയാകുന്നത്?
ഓണസദ്യയും വിഷുവും കൃസ്തുമസും ബൈബിള്‍ക്ലാസും ഖുറാന്‍ക്ലാസുമല്ലാതെ മലയാളിക്കു ഒരു കോമണ്‍ സ്പേസ് ഇല്ലേ?