Monday, February 15, 2016

നാവില്‍ നാമം വിളങ്ങണേ ഈശ്വരാ

azeez ks
നാവില്‍ നാമം വിളങ്ങണേ ഈശ്വരാ
മരണമെത്തുന്ന നേരത്ത് നാവില്‍ വിളങ്ങുന്ന നാമമാണ് നമ്മുടെ അവസാനയാത്രയുടെ യാത്രാപഥം നിശ്ചയിക്കുക.

മക്കള്‍ക്ക് അ൪ത്ഥമില്ലാത്ത പേരുകളിടുന്നതിനു മുമ്പ് മക്കള്‍ക്ക് അച്ഛനമ്മമാ൪ ഇട്ടിരുന്ന പേരുകള്‍ ഈശ്വരനാമങ്ങളായിരുന്നു.
മരിക്കുവാന്‍ കിടക്കുന്ന നേരത്ത് മകന്‍ കയറിവരുന്നു. ഒരിറ്റു ഗംഗാജലം അച്ഛന്‍റെ വായിലിറ്റിക്കുന്നു. അച്ഛന്‍ കണ്ണുതുറന്ന് മകന്‍റെ പേരുവിളിക്കുന്നു. ഹൊ നാരായണ. വിഷ്ണു.
അതോടെ അച്ഛന്‍റെ കണ്ണടയുന്നു. മകന് അച്ഛനിട്ട അനുഗ്രഹനാമം അച്ഛന് നാവില്‍ വിളങ്ങുന്നു.



എത്ര പാഴ്വാക്കുകള്‍ നാം പറഞ്ഞിരിക്കുന്നു. എത്ര പാഴ്പേച്ചുകള്‍. അ൪ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍ പോലെ. നാവിന്‍തുമ്പത്ത് ഈശ്വരനാമം കിട്ടുന്നതിന് പുണ്യം ചെയ്യണം. ജീവിതം മുഴുവനും വൃഥാതുലച്ചവ‍ന്‍റെ നാവില്‍ അന്ത്യനേരം ഈശ്വരനാമം വിളയില്ല. അതിന് പ്രാ൪ത്ഥിക്കണം.
നാവില്‍ നാമം വിളങ്ങണേ ഈശ്വരാ.



ഡ്രാഫ്റ്റ് എടുക്കുവാന്‍ പണ്ട് ഒരാള്‍ ബാങ്കില്‍ വന്നിരുന്നു. അന്നൊക്കെ നല്ല തിരക്കായതുകൊണ്ട് അര മണിക്കൂറെങ്കിലും വേണം ഡിഡി കിട്ടുവാന്‍. ഒരു താടി നീണ്ട ഒരാള്‍. അയാള്‍ ആ കൌണ്ടറില്‍ നിന്നുകൊണ്ട് ഒരു വൈറ്റ് പേപ്പറില്‍ പെന്‍സില്‍ കൊണ്ട് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. അയാളത് എന്നെ കാണിച്ചു.
നാരായണനാരായണനാരായണനാരായണ എന്ന് അയാള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് സദാ അയാള്‍ എഴുതുന്നു. ചൊല്ലുമ്പോള്‍ ഹൃദയം അറിയാതെ പോകുന്നു , അതുകൊണ്ട് അയാള്‍ അത് സദാ എഴുതിക്കൊണ്ടിരിക്കുകയാണ്. നല്ല ഒരു പ്രാ൪ത്ഥനയും മെഡിറ്റേഷനുമാണത്.


ഞാനിന്ന് കാട്ടൂ൪ എന്ന സ്ഥലത്തുകൂടി യാത്രചെയ്യുകയായിരുന്നു. സന്ധ്യയായി. തൃശ്ശൂ൪ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമാണ് കാട്ടൂ൪. സന്ധ്യവിളക്ക് കൊളുത്തുവാന്‍ നേരമില്ലാത്ത ആധുനികന്‍, മെ൪ക്കുറിപ്രഭയില്‍, മുനിഞ്ഞുകത്തുന്ന എണ്ണ‌വിളക്ക് അഭംഗിയാകുന്ന ഈ കാലത്ത്, സന്ധ്യാവിളക്കിന് മുമ്പില്‍ അതിന്‍റെ പൊന്‍പ്രഭയില്‍ ചമ്രം പടിഞ്ഞിരുന്ന് രണ്ട് കുഞ്ഞുങ്ങള്‍ നാമം ചൊല്ലുകയാണ്. ഇന്നും തൃശ്ശൂരിന്‍റെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പഴയരീതികള്‍ തുടരുന്നവരാണ്.നാമം ചൊല്ലുന്നു, പ്രാ൪ത്ഥിക്കുന്നു, ബലിത്തറകളില്‍ തിരിവയ്ക്കുന്നു, ക്ഷേത്രങ്ങളില്‍ ദീപാരാധന.


കുട്ടികള്‍ ചൊല്ലുന്നു.
രാമ രാമ രാമ രാമ

രാമ രാമ പാഹിമാം
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ പാദം ചേരണേ
മുകുന്ദരാമ പാഹിമാം

എന്‍റേയും പ്രാ൪ത്ഥന ഇതു തന്നെയാണ് മരണനേരത്ത് നാവില്‍ ദൈവനാമം വിളങ്ങണേ.

ലാഇലാഹ ഇല്ലല്ലാഹ് ലാഇലാഹ ഇല്ലല്ലാഹ്.

തൃസന്ധ്യയ്ക്കു മുമ്പ് എന്‍റെ വീടിന് കിഴക്കേ ഉമ്മറത്ത് മണ്‍കുടത്തില്‍ വെള്ളം വയ്ക്കുമായിരുന്നു. നിറകുടം. ദിവസവും വയ്ക്കും. കോലായില്‍ ഒരു ഓട്ടുകിണ്ടിയില്‍ വെള്ളവും വയ്ക്കും. മീശമാധവന്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ കിണ്ടികള്ളന്മാ൪ ഉണ്ടായിരുന്നതുകൊണ്ട്, കിണ്ടി പിന്നീട് പുറത്തുവയ്ക്കാതായി. എങ്കിലും കിഴക്കേ മുറ്റത്ത് നിറകുടം വയ്ക്കുമായിരുന്നു.ഒരിലയിട്ടുമൂടി അതു വയ്ക്കുന്നു.അതെന്തിനാണെന്നോ ഏതിനാണെന്നോ അറിയില്ല. മലക്കുകള്‍ സന്ധ്യയ്ക്ക് വരുമെന്നും അതുകൊണ്ട് സന്ധ്യയ്ക്ക് ദിഖ്റുകള്‍ ചൊല്ലണ‌മെന്നും എന്‍റെ ബല്ലുമ്മ പറയുമായിരുന്നു. 
സന്ധ്യയ്ക്ക് കൈകാലുകള്‍ കഴുകി ഞാനും ഉറക്കെ ചൊല്ലുന്നു.
ലാഇലാഹ ഇല്ലല്ലാഹ് ലാഇലാഹ ഇല്ലല്ലാഹ്
നൂറുവട്ടം.


പിന്നെ ഈണത്തില്‍
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ

മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ‍

ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ

മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ‍

നൂ൪ മുഹമ്മദ് സല്ലല്ലാഹ്
അല്ലാഹു അല്ലാ

ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ

ഹസ്ബി റബ്ബി സല്ലല്ലാഹ്...
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാ
അല്ലാ ഹു അല്ലാ

നീട്ടിനീട്ടി ചൊല്ലുന്നു

വൃദ്ധയായ ബല്ലുമ്മ കിടക്കപ്പായയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് അടുത്തെത്തുന്നതുവരെ.
മഗ് രിബ് ആയി എന്ന് ബല്ലുമ്മ അറിയുന്നത് സന്ധ്യാദിക്റുകള്‍ കേള്‍ക്കുമ്പോഴാണ്


ഇന്നത്തെ ഈ യാത്രയില്‍ എല്ലാം ഓ൪ത്തുപോയി. എന്‍റെ ഗ്രാമം. എന്‍റെ ഗ്രാമം ഈ കുത്തിയൊഴുക്കിലും അതിന്‍റെ വിശുദ്ധി കെടാതെ നിലനി൪ത്തുന്നു.