Thursday, November 21, 2013

ഒരിഞ്ചീരച്ചിന്ത‌


 അസീസ് കെ എസ്
സുധാമേനോന് സമ൪പ്പണം

ദോശപ്രേമ പരവശനായി ( ദേശപ്രേമമല്ല) രണ്ടുദിവസം മുമ്പ് ഞാനൊരു ഇഞ്ചീര വാങ്ങി. ആഫിക്കന്‍ കൊമ്പിലെ ഹൊമൊസാപിയന്‍സ് കഴിച്ചിരുന്ന അതേ അപ്പം. ആനച്ചെവിപോലെ പട൪ന്ന് പരന്നത് കിടക്കുന്നു എന്‍റെ മേശപ്പുറത്ത്.മണ്ണിന്‍റെ നിറം.


മനുഷ്യന്‍റെ ആദ്യഭക്ഷണം പുല്ലായിരുന്നുവെന്നാണ് എത്യോപ്യക്കാ൪ വിശ്വസിക്കുന്നത്. അനുയായികളെ അനുനയിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്കുള്ള പലായനത...
്തിനിടയില്‍ ഫറോവയുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച ദൈവത്തോട് നന്ദിയുള്ളവരായിരിക്കുവാന്‍ ആവശ്യപ്പെട്ട് മോസസ് പത്തുകല്‍പ്പന വാങ്ങുവാന്‍ സിനായ് മരുഭൂമിയിലേക്ക് നടന്നുകയറി. കല്‍പ്പനയുമായി തിരിച്ചുവന്ന മോസസ് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നന്ദികെട്ട അനുയായികള്‍, ഇസ്റായേലിമക്കള്‍, സ്വ൪ണ്ണംകൊണ്ട് പശുക്കുട്ടിയെ നി൪മ്മിച്ച് ദൈവമാക്കി ആരാധിക്കുന്നു. മോസസിന്‍റെ കയ്യിലിരുന്ന കല്‍പ്പന (കവനന്‍റ്) പിള൪ന്നുപോയി.
നിരാശനായി മോസസ്.


പാറയില്‍ ദൈവം നല്‍കിയ കല്‍പ്പന രണ്ടായിപ്പിള൪ന്നു. അനുയായികള്‍ അതിനുവേണ്ടി തല്ലുകൂടി. ആ൪ക്കും ദൈവകല്‍പ്പന പൂ൪ണ്ണമായി വായിച്ചെടുക്കുവാനായില്ല. മോസസിന്‍റെ അടുത്ത് നിലകൊണ്ടത് ദരിദ്രരായ അനുയായികളായിരുന്നു. സമ്പന്നര്‍ അല്‍പം അകന്നു നിന്നു. ദരിദ്രരായ അനുയായികള്‍ക്ക് ആദ്യം അട൪ന്നുവീണ ഭാഗം കിട്ടി. അത് അവ൪ ജീവിതത്തില്‍ തുട൪ന്നു. സമ്പന്നരായ അനുയായികള്‍ക്ക് മറ്റേ ഭാഗവും കിട്ടി. അത് അവ൪ അവരുടെ ജീവിതത്തില്‍ പാലിച്ചു. ദരിദ്രരായ അനുയായികള്‍ ദൈവവിശ്വാസികളായിരിക്കുന്നതിന്‍റെ കാരണം ഇതാവാം.
നിന്‍റെ ദൈവമായ ക൪ത്താവ് നിന്നോടരുളുന്നു. ഈ ഭാഗമാണ് ധനിക൪ക്ക് കിട്ടിയത്.

ദരിദ്ര൪ക്കു കിട്ടിയ രണ്ടാം ഭാഗത്തിലെ കല്‍പ്പന ഇതായിരുന്നു: നീ കക്കരുത്. വ്യഭിചരിക്കരുത്. നുണപറയരുത്.... അത് ദരിദ്രരായ വിശ്വാസികള്‍ ഇന്നും തുടരുന്നു.


കയ്യിലിരുന്ന പാറയിലെ കല്‍പ്പന തക൪ന്നുപോയതില്‍ വിഷമിച്ചുനില്‍ക്കുന്ന മോസസിനെ ദൈവം വിളിച്ച് മാധാനിപ്പിച്ചു, രണ്ടാമതും കല്‍പ്പന നല്‍കി. അത് നഷ്ടപ്പെടാതിരിക്കുവാന്‍ മോസസ് കടന്നുപോയത് ഭാര്യയുടെ നാടായ എത്യോപ്യയിലേക്കായിരുന്നു. അനുയായികളേക്കാള്‍ വിശ്വസിക്കുവാന്‍ കൊള്ളുന്നത് ഭാര്യയെയാണെന്ന് മോസസ് മനസ്സിലാക്കിക്കാണും.ആ കല്‍പ്പന ,രണ്ടാം കവനന്‍റ്, ഇന്നും എപ്യോപ്യയില്‍ സുരക്ഷിതമായിരിക്കുന്നു. അന്ന് സന്തോഷസൂചകമായി ഭാര്യ മോസസിന് വിളമ്പിയത് ഈ അപ്പമായിരുന്നു. അതാണ് ഇപ്പോള്‍ എന്‍റെ മേശമേല്‍ കിടക്കുന്നത്.


നിറമോ ഭംഗിയോ ഇല്ലെങ്കിലും ഞാന്‍ ദൈവകല്‍പ്പനപോലെ അത് ഒരറ്റം മുതല്‍ തിന്നുതുടങ്ങി. പുളിപ്പുണ്ട്. സാരമില്ല. ദൈവകല്‍പ്പന മധുരമുള്ളതാകില്ലല്ലോ. ഞാന്‍ തൊണ്ടയില്‍ കുരുങ്ങാതെ അത് വിഴുങ്ങി. മോസസ് എന്ന മൂസാനബിയേയും അദ്ദേഹത്തിന്‍റെ തൌറാത് എന്ന തോറയേയും അനുസരിക്കുന്നതുപോലെ.


വാല്‍ക്കഷണം:
ഞാന്‍ അത് തിന്നുകൊണ്ടിരിക്കുന്നതുകണ്ട് എന്‍റെ റൂം മേറ്റ് മെല്‍വിന്‍ പറഞ്ഞു: ഇക്കാ ഇതെന്നാ സാധനം ? രണ്ടുദിവസമായി മേശമേല്‍ കിടക്കുന്നതു കണ്ടു. ഇക്ക വാങ്ങിയ പാന്‍റിന്‍റെ പീസ് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.