Wednesday, October 2, 2013

അമേരിക്കക്കെന്തുപറ്റി?

by Azeez KS
പ്രശ്നങ്ങളാണ്. അമേരിക്ക കടത്തില്‍ മുങ്ങിയ രാജ്യമാണെന്ന് എല്ലാവ൪ക്കുമറിയാം. പക്ഷെ അത് അമേരിക്കയുടെ ശക്തിയോ ഡോളറിന്‍റെ ശക്തിയോ കുറച്ചിട്ടില്ല. ലോകമാ൪ക്കറ്റില്‍ നിന്നും പണം സമാഹരിക്കുവാന്‍ കഴിവുള്ള രാജ്യമാണ് അമേരിക്ക. ഈ കുത്തിയൊഴുക്കുമൂലം വളരെ നിസ്സാര പലിശക്കാണ് അമേരിക്കക്ക് ...പണം കിട്ടുന്നത്. പലതരത്തിലുള്ള മലിനപണം ഈ വഴിയില്‍ ഒഴുകിയെത്തുന്നുണ്ട്.വളരെ കുറഞ്ഞ പലിശയേ അമേരിക്ക നല്‍കേണ്ടതുള്ളൂ.
ഈ പണം യുദ്ധവ്യവസായത്തില്‍ നിക്ഷേപിച്ച് യുദ്ധോപകരണങ്ങള്‍ മാ൪ക്കറ്റ് ചെയ്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെട്ട് ഒരേ സമയം ഭരിക്കുന്ന ഭരണകൂടങ്ങള്‍ക്കും അവ൪ക്കെതിരെ പോരാടുന്ന റെബലുകള്‍ക്കും ആയുധങ്ങള്‍ നല്‍കി ഒരു പാവഗവണ്മെണ്ടിനെ പ്രതിഷ്ഠിച്ച് യുദ്ധക്കച്ചവടം പൊടിപൊടിച്ച് വീണ്ടും ശക്തിമാനാകുന്ന ഒരു തന്ത്രമാണ് അമേരിക്ക കാലാകാലങ്ങളില്‍ തുട൪ന്നുവന്നുകൊണ്ടിരുന്നത്.

ഒരുമിച്ചു നിന്ന് രണ്ടാം ലോക യുദ്ധത്തില്‍ പോരാടിയ അമേരിക്ക 1945 നു ശേഷം ഇനിയുള്ള യുദ്ധം കമ്മ്യൂണിസത്തിനെതിരെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് റഷ്യക്കെതിരെ ശീതയുദ്ധം തുടങ്ങി. പിന്നീട് 1952 ല്‍ കൊറിയക്കെതിരെ, പിന്നെ വിയറ്റ്നാമിനെതിരെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ, പിന്നീട് അറബ് എണ്ണരാജ്യങ്ങള്‍ക്കെതിരെ തന്ത്രപരമായ നിലപാടുകളിലൂടെ അവരുടെ മേഖലകളില്‍ അമേരിക്ക‌ സ്വാധീനം ശക്തമാക്കി. ഒന്നാം-രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തക൪ന്ന യൂറോപ്പ് കെട്ടിപ്പടുത്ത എണ്ണ ബാരലിന് ഒരു ഡോള൪ നിരക്കിന് സൌദിയില്‍ നിന്നും ഊറ്റിയതായിരുന്നു. യൂറോപ് കെട്ടിപ്പടുത്തത് സൌദി എണ്ണകൊണ്ടായിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ തോല്‍പ്പിക്കുവാന്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ സൌദി കൂട്ടുനില്‍ക്കുകയും ചെയ്തു. സൌദിക്ക് സ്വന്തമായ മൊണാ൪ക്കി കിട്ടി. വിശുദ്ധ മെക്കയുടേയും മദീനയുടേയും ചുമതലയും കിട്ടി.

ഇത് പഴയ കഥ. ഇപ്പോള്‍ അമേരിക്കയുടെ ആഭ്യന്തര കടവും വിദേശകടവും അതിഭീകരമാണ്. എങ്ങിനെയോ നടന്നുപോകുന്ന ഒരു രാജ്യമാണ് അമേരിക്ക. വിശ്വാസം ഒന്നുകൊണ്ടൂമാത്രം. ബുഷ് തുടങ്ങിവച്ച രണ്ടു യുദ്ധങ്ങള്‍ വലിയ ഭാരമാണ് വരുത്തിവച്ചത്. എന്നാല്‍ ആ യുദ്ധം അമേരിക്കനുകൂലമായി അവസാനിപ്പിക്കുവാന്‍ അമേരിക്കക്കു കഴിഞ്ഞതുമില്ല. ഒബാമ വന്നതിനുശേഷം ഗതികെട്ട് രണ്ടു യുദ്ധങ്ങളില്‍ നിന്നും സേനയെ പിന്‍വലിക്കുകയായിരുന്നു. ഇതിന൪ത്ഥം ഇറാഖും അഫ്ഗാനും ഈ യുദ്ധത്തില്‍ ജയിച്ചുവെന്നല്ല. തക൪ന്ന് തരിപ്പണമായ രാജ്യമാണ് ഇറാഖ്. ഭൂരിപക്ഷ ശിയകളും ന്യൂനപക്ഷ സുന്നികളും യുദ്ധത്തിനു ശേഷവും മരിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിലും അമേരിക്ക ചെയ്യുന്ന തന്ത്രമിതാണ്. 2014 ഓടെ സേന പിന്മാറ്റം പൂ൪ണ്ണമായാല്‍ താലിബാനികളുടെ നിയന്ത്രണത്തിലാകും. പിന്നെ താലിബാനികളല്ലാത്തവരെ സംരക്ഷിക്കുവാന്‍ അവിടെ ഭരണകൂടമില്ല. ധാരാളം ശിയകളും താജികുകളും ഉള്ള രാജ്യമാണ് അഫ്ഗാന്‍. അവരെ മരണത്തിന് വിടുവാനേ കഴിയൂ. അപ്പോഴും ലോകത്ത് വംശീയ കലാപങ്ങള്‍ ബാക്കിയാകും. ഒരു വംശീയ കലാപം എന്താണെന്ന് മലയാളിയായ നമുക്ക് അറിയില്ല. മരണമാണ്. രക്ഷിക്കുവാന്‍ ആരുമില്ല. അഫ്ഗാനികളല്ലാത്ത സുന്നികള്‍ക്കും സുരക്ഷയുണ്ടാകില്ല.

മറ്റുരാജ്യങ്ങള്‍ തക൪ന്നുവെന്നു മാത്രമല്ല, അതിന്‍റെ ഫലമായി അമേരിക്കയും കടത്തില്‍ മുങ്ങി. പ്രധാന ചിലവ് കടം വാങ്ങിയ പണത്തിന് പലിശ കൊടുക്കുക എന്നതാണ്. കടം കയറിയതുകൊണ്ട് പല അടിസ്ഥാന സൌകര്യങ്ങള്‍ക്കും അമേരിക്കക്കു പണമില്ല. വിദ്യാഭ്യാസം, ഇന്ഫ്രാസ്രക്ച൪ വികസനം, ആരോഗ്യം പാ൪ക്കുകള്‍ ഇവയൊന്നിനും പണം ചിലവിടാനില്ല. വൃദ്ധന്മാരുടെ രാജ്യമായ അമേരിക്കക്ക് അവ൪ക്ക് നല്‍കേണ്ട പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. അതിനുള്ള പണമില്ല.
അമേരിക്കയിലെ 15 ശതമാനം വരുന്ന ദരിദ്രരായ ജനതക്ക് ആരോഗ്യ സംരക്ഷണമില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് അവ൪ക്ക് ഇല്ല. ഇന്ത്യപോലെയല്ല, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ രോഗം വന്നാല്‍ ചത്തുപോകത്തേയുള്ളു. ഒബാമ 2008 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇവ൪ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഒരുപാട് എതി൪പ്പുകള്‍ മറികടന്നുകൊണ്ട് ഒബാമ അത് നടപ്പാക്കി.

അമേരിക്കയിലെ
അള്‍ട്രാ കണ്‍സ൪വേറ്റിവുകളും ടീപാ൪ട്ടിക്കാരും ചേ൪ന്ന് അതിനെ എതി൪ക്കുന്നു. ആരോഗ്യസംരക്ഷണ ഗവണ്മെണ്ടിന്‍റെ ചുമതലയല്ലെന്നും അത് വ്യക്തികളുടെ ബാദ്ധ്യതയാണെന്നും അതിനുവേണ്ടി ഗവണ്മെണ്ട് പണം ചിലവിടുന്നത് ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും ഇവ൪ വാദിക്കുന്നു.അതേ സമയം വന്‍ മുതലാളിമാരില്‍ നിന്നും ടാക്സ് പിടിക്കരുതെന്നും ജോ൪ജ്ജ് ബുഷിന്‍റെ പാ൪ട്ടിക്കാരായ ഈ റിപ്പബ്ലിക്കന്‍സ് ആവശ്യപ്പെടുകയും ചെയ്യുന്നു.

നമ്മുടെ മന്മോഹാനും കോണ്‍ഗ്രസ്സും മെല്ലെ മെല്ലെ നടപ്പാക്കുന്നത് ഈ റിപ്പബ്ലിക്കന്‍റെ നയമാണ്. ഉമ്മന്‍ സ൪ക്കാരും അതു തന്നെ ചെയ്യുന്നു. ഇലക്ട്രിസിറ്റി ബോ൪ഡും ട്രാന്‍സ്പോ൪ട്ടും ആര്യാടന്‍ പൂട്ടിക്കൊടുത്തത് ഈ പദ്ധതിയുടെ ഭാഗമാണ്. പൊതുവിതരണ സംവിധാനം തക൪ത്തത്, വിദേശകുത്തകള്‍ക്ക് പരിപൂ൪ണ്ണ അധികാരം കൊടുത്തത് ഇവയൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇങ്ങിനെ ചെയ്താല്‍ ഭരിക്കുന്നവ൪ക്ക് വമ്പന്‍ കമ്മീഷന്‍ കിട്ടും. അതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന്.

അമേരിക്ക കടം വാങ്ങിയാണ് വട്ടച്ചിലവ് നടത്തിക്കൊണ്ട് പോകുന്നതെന്ന് പറഞ്ഞുവല്ലോ. ഓരോ കൊല്ലവും കടം വാങ്ങുവാനുള്ള പരിധി വ൪ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കൊല്ലവും അത് വ൪ദ്ധിപ്പിച്ചാലേ കടം വാങ്ങുവാന്‍ കഴിയൂ. 2010 നു ശേഷം കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാ൪ക്കാണ്. അവ൪ പാസ്സാക്കിയാലേ കടം വാങ്ങുവാന്‍ കഴിയൂ.ഒബായുടെ ഈ സ്വപ്നപദ്ധതിയായ ഒബാമകെയറിനെ തക൪ത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കുവാന്‍ റിപ്പബിക്കന്മാ൪ ഈ അവസരം ഉപയോഗിച്ചു. സാധാരണ നിലയില്‍ ഒബാമ ആ പദ്ധതി ഉപേക്ഷിക്കേണ്ടതാണ്. ഭരണം തകരാതിരിക്കുവാന്‍. പക്ഷേ പാവങ്ങളുടെ ഈ ആരോഗ്യപദ്ധതിയില്‍ നിന്നും പിന്തിരിയുവാന്‍ ഇപ്രാവശ്യം ഒബാമയും ഡെമോക്രാറ്റുകളും കൂട്ടാക്കിയില്ല. റിപ്പബ്ലിക്കന്മാ൪ വഴങ്ങിയതുമില്ല. ഫലമോ അമേരിക്കന്‍ ഗവണ്മെണ്ടിന് കൂടുതല്‍ കടം വാങ്ങുവാന്‍ കഴിയാതായി.

കാശില്ലാതായാല്‍ എന്ത് ഭരണകൂടം? രണ്ടു ദിവസത്തിനുള്ളില്‍ ഗവണ്മെണ്ട് നിശ്ചലമായി. പത്തുലക്ഷം ആളുകള്‍ വീട്ടിലിരിക്കുന്നു. പെന്‍ഷന്‍ മുടങ്ങും. പൊതുസൌകര്യങ്ങളൊക്കെ തകരും. ഈ നില അധികനാള്‍ തുടരില്ല. റിപ്പബ്ലിക്കന്‍ അനുമതി നല്‍കും പക്ഷേ അമേരിക്കയുടെ യഥാ൪ത്ഥ സ്ഥിതി എന്താണെന്ന് ലോകത്തിന് ബോദ്ധ്യമായി. 17 വ൪ഷമായി ആദ്യമായി സാമ്പത്തിക അതിയന്തിരാവസ്ഥ നിലനില്‍ക്കുകയാണ്. ഇത് മാറിയാലും പഴയതുപോലെ ഒരു ദീ‍ഘകാല സാമ്പത്തിക പ്ലാനിംഗ് അമേരിക്കക്കു സാദ്ധ്യമല്ലാതായി വരും.