Sunday, April 26, 2020

വാടക വീടുകൾ

വാടക വീടുകൾ
ചെറുകഥ. ഉറൂബ്
ആസ്വാദനം : azeez ks

മനുഷ്യ മനസ്സ് സാഹചര്യമനുസരിച്ചു മാറുന്നു, ജീവിത പതംഗം കാറ്റിനനുസരിച്ച് ചലിക്കുന്നു, അധികാര മോഹത്തെ സേവനത്തിന്റെ അവസരമായി പരിചയപ്പെടുത്തുന്നു.

വാടകകുടിശിക കൊടുക്കുവാൻ ഇല്ലാതിരുന്നതിന്റെ പേരിൽ മുതലാളി സാഹിത്യകാരനെ ഇറക്കിവിട്ടു.
താൻ ഒരു സാധു മനുഷ്യൻ. ആർക്കും ഒരുപദ്രവവും ഉണ്ടാക്കുന്നില്ല. എന്നിട്ടും ആ തന്തക്കഴുതയും മകനും തന്നെ ഇറക്കിവിട്ടു. ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല. സാഹിത്യ കാരനല്ലേ എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും,  വല്ലപ്പോഴും എന്തെങ്കിലും എഴുതും,  മിക്ക സമയവും ഉറക്കമാണ്.

ഇതിനുമുമ്പ് താമസിച്ചിരുന്ന ബ്രോക്കർ നഗരത്തിലെ തേവിടിശ്ശികളെ മുറിയിൽ കൊണ്ടുവന്നു. താൻ അതുപോലെയല്ല അതിൽ ആ തന്തക്കഴുതയ്ക്ക് പരാതിയില്ല. എങ്ങിനെയും വാടക കിട്ടണം. താൻ അവിടെ താമസിച്ചതിനു ശേഷമാണ് ആ മുറിയുടെ ചീത്തപ്പേര് മാറിയത്. എന്നിട്ടും ആ തന്തയും മകനും എന്നെ ഇറക്കിവിട്ടു. തന്തയേക്കാൾ അസത്താണ് മകൻ. വസൂരിക്കല ദുശ്ശകുനം. ഭാര്യ ഉപേക്ഷിച്ചുപോയി; നൂറു പെണ്ണ് ഉപേക്ഷിക്കും,  അത്രയ്ക്ക് നിസ്തേജത്വമുണ്ട് . ഒരു ചേര പോലും കൂടെ പാർക്കില്ല.

ശങ്കരാ എന്നു വിളിക്കുമ്പോൾ അച്ചോ എന്നുള്ള വിളി. ഗർദ്ദഭ സ്വരം.
അയാൾക്ക് വാടക കിട്ടിയാൽ മതി സമൂഹത്തിന്റെ ദുസ്ഥിയെക്കുറിച്ചു ചിന്തിക്കേണ്ട. സാഹിത്യകാരനായ തനിക്ക് പക്ഷെ സമൂഹത്തിന്റെ ദുസ്ഥിതിയെക്കുറിച്ചു ചിന്തിക്കാതിരിക്കുവാനാവുമോ.

അയൽക്കാരെ ഓർത്തിട്ടാണ് മുറി ഒഴിയുവാൻ മനസ്സില്ല എന്നു പറയാതിരുന്നതാണ്. സർ,  പെട്ടിയും ബെഡും പിടിച്ചുവയ്ക്കുന്നില്ല പോലും. മൂന്നു മാസത്തെ രൊക്കം ക്യാഷ് എന്ന് ആ തന്ത എഴുതിയ pronote വായിച്ചു മനസ്സിലാക്കി തന്നെയാണ് ഞാൻ ഒപ്പിട്ട് കൊടുത്തിരിക്കുന്നത്. ഞാൻ അറിയാത്തവനല്ല. വഴക്കിടാൻ പോയില്ല. വഴക്കിട്ടാൽ ഒരു സാഹിത്യകാരനായ തന്നെക്കുറിച്ചു ആളുകൾ എന്തുപറയും,  വാടക കൊടുക്കാതെ ബഹളം  ഉണ്ടാക്കുന്നുവെന്ന് പറയും.

ഒടുവിൽ നല്ല ഒരു മുറികിട്ടി. താൻ എവിടെ കിടക്കുമെന്നെങ്കിലും ആ  തന്ത ഓർത്തോ?  ഇത് കിട്ടിയില്ലെങ്കിൽ പീടിക കോലായിൽ കിടക്കേണ്ടി വന്നേനെ.

 മുറി മാത്രമല്ല നല്ല ഉടമസ്ഥ.  ആ തന്തയെപ്പോലെയല്ല, എന്തൊരു മര്യാദയുള്ള  പെരുമാറ്റം. ഉടമസ്ഥ വന്നു തന്റെ മുറി വൃത്തിയാക്കിത്തരുന്നു. നല്ല സ്ത്രീ. പ്രസന്നത,  പ്രസരിപ്പ്, കാര്യപ്രാപ്തി അങ്ങിനെ ഒരു സ്ത്രീയുടെ എല്ലാ ഗുണങ്ങളുമുണ്ട്. എന്നാൽ കുഴഞ്ഞാട്ടമില്ലതാനും.
എന്നെയും കൊണ്ട് കോണിപ്പടി കയറിയപ്പോൾ ഞാൻ അവരെ ഒന്നു ശ്രദ്ധിച്ചു. എത്ര മനോജ്ഞമായ കണ്ണുകൾ. സുഗന്ധിയായിരിക്കുന്നു,  ചെമ്പകപ്പൂവിന്റെ മണം.
തനിക്ക് ഭക്ഷണം നൽകാമെന്ന് പറയുന്നു. ഞാൻ ഹോട്ടലിൽ പോയി ഉണ്ണുന്നത് അവർക്കിഷ്ടമല്ല.

ഞാൻ സാഹിത്യകാരനാണെന്ന് അവർ അറിഞ്ഞിരിക്കുന്നു. വാടകയ്ക്കും ധൃതിയില്ലത്രേ. പാവം പങ്കജം, എത്ര നല്ല ഉടമസ്ഥ.

ഒമ്പത് മാസം ആ ചേരയുടെ കൂടെ കഴിഞ്ഞു, ഭാര്യയായി. ആ ശങ്കരന്റെ കൂടെ.  എല്ലാത്തിന്റെയും അടിമയാണയാൾ. ഒന്ന് സിനിമയ്ക്ക് പോകുന്നതിനു പോലും അമ്മയുടെ സമ്മതം വേണം.
സാഹിത്യകാരൻ പങ്കജത്തിന് വേണ്ടി വേദനിച്ചു.

ഇപ്പോൾ സ്വതന്ത്രയായി കഴിയുന്നു. പക്ഷെ, ഇപ്പോൾ ശങ്കരൻ ഒത്തുതീർപ്പിന് ചെറിയമ്മയെ വിട്ടിരിക്കുകയാണ് . അയാൾക്ക് എന്നോട് സ്നേഹമുണ്ടോ എന്നറിയുവാൻ ഞാൻ ഒരു ഉപാധി വച്ചു. അയാളുടെ പേരിലുള്ള പത്ത് കടമുറികളും എന്റെ പേരിൽ എഴുതിത്തരണം. എനിക്ക് ആവശ്യമുണ്ടായിട്ടല്ല, കേട്ടോ, അയാളുടെ സ്നേഹം ഒന്ന് പരീക്ഷിക്കുവാനാണ്. അയാൾ ചെറിയമ്മയെ വിട്ടു, പാതി അവകാശം എഴുതിത്തരാമെന്നറിയിച്ചു. ഞാൻ സമ്മതിക്കുവാൻ പോകുന്നില്ല. അയാളുടെ മുതലാണെങ്കിലും എന്നോട് സ്നേഹമില്ലാത്തതുകൊണ്ടല്ലേ എന്റെ പേരിൽ എഴുതിത്തരാത്തത്. സാഹിത്യകാരൻ പങ്കജത്തിന്റെ ദുഃഖമോർത്ത് വിഷമിച്ചു.

 ഒടുവിൽ അയാൾ വഴിക്കുവന്നു. പത്തു മുറിയും എന്റെ പേരിലാക്കിത്തന്നു.

പിന്നീട് സാഹിത്യകാരൻ ഒരാഴ്ച പങ്കജത്തെ കണ്ടില്ല.

താൻ ഇവിടെയും വാടക കൊടുക്കുവാനുണ്ട്, അത് പ്രശ്നമില്ല. സാഹിത്യത്തെ സ്നേഹിക്കുന്ന ഒരു ഉടമസ്ഥയുള്ളപ്പോൾ പ്രശ്‌നമല്ല.

ഒരു ദിവസം മുറിയിൽ കാൽപ്പെരുമാറ്റം കേട്ടു. ആ ശങ്കരൻ. അയാൾക്ക് ഇവിടെ കാര്യമെന്ത്? 
"വാടക ", അയാൾ ചോദിച്ചു.
സംശയിച്ചു നിന്ന സാഹിത്യകാരനെ നോക്കി അയാളുടെ ഭാര്യ പങ്കജം പറഞ്ഞു "വാടക അദ്ദേഹത്തിന്റെ അടുത്ത് കൊടുത്താൽ മതി".

 സാഹിത്യകാരൻ എഴുത്തുപെട്ടിയും ബെഡും പുറത്തെടുത്തു വച്ചു. മുമ്പ് ആ തന്തക്കഴുത പെട്ടിയും ബെഡും പുറത്തുവച്ചു മുറിയിൽ നിന്നും എന്നെ പുറത്താക്കിയത് അയാൾ ഓർത്തു. ഞാൻ പെട്ടിയുമായി ഇറങ്ങാൻ നേരത്ത് പങ്കജം ചിരിച്ചുകൊണ്ട് പറഞ്ഞു :
"ആ പെട്ടിയും ബെഡും അവിടെ വച്ചോളു.  വാടക തീർത്തിട്ട് കൊണ്ടുപോയാൽ മതി".
ജീവിതപതംഗമേ, നേ കാറ്റിനനുസരിച്ച് ചലിക്കുന്നു എന്ന കവിതയോർത്തു,  കയ്യുംവീശി സ്വതന്ത്രനായി അയാൾ പെരുവഴിയിലൂടെ നടന്നു.